Current Date

Search
Close this search box.
Search
Close this search box.

ഈജിപ്ത്: മാധ്യമങ്ങളുടെ ഞാണിന്‍മേല്‍ കളിയും ജനഹിതവും

egypt-media.jpg

ഇസ്‌ലാമിസ്റ്റുകളോടും പുതിയ ജനകീയ ഭരണത്തോടും ശത്രുത പുലര്‍ത്തുന്ന മാധ്യമത്തമ്പ്രാക്കന്മാരാണ് ഈജിപ്തിലെ വാര്‍ത്താ മാധ്യമരംഗം കയ്യടക്കിവെച്ചിരിക്കുന്നത്. ദൃശ്യമാധ്യമങ്ങളും വാര്‍ത്താ മാധ്യമങ്ങളുമെല്ലാം അവരുടെ കൈപിടിയിലാണുളളത്. അറുപത് വര്‍ഷക്കാലമായി അന്യായമായ നിയമങ്ങള്‍ നെയ്‌തെടുത്ത് രാഷ്ട്രത്തിന്റെ സമ്പത്ത് കട്ടുമുടിച്ചവര്‍ക്കെതിരെ ഈജിപ്തിലെ ജനകീയ ഭരണകൂടം  ഉടന്‍ നടപടി സ്വീകരിക്കുമെന്നതിനെ ഭയത്തോടെ കാത്തിരിക്കുന്നവരാണ് അവര്‍. മുബാറക്കിന്റെ എല്ലാവിധ ആനുകൂല്യങ്ങളും കൈപ്പറ്റിയ കൂലിയെഴുത്തുകാരും പ്രസാധകരുമാണ് ഇവരില്‍ ഭൂരിഭാഗവും.

അവിഹിതമായ മാര്‍ഗത്തിലൂടെ ലഭിച്ച പണം കൊണ്ടാണ് ഇവര്‍ എഴുത്തുകാരും സാഹിത്യകാരന്മാരും ചിന്തകന്മാരും സാംസ്‌കാരിക നായകന്മാരുമൊക്കെയായിത്തീര്‍ന്നത്. സത്യത്തിന്റെ പക്ഷത്ത് നെഞ്ചുറപ്പോടെ നിലകൊള്ളാത്ത മനസ്സാക്ഷി മരവിച്ച ഏകാധിപതികളുടെ ചട്ടുകങ്ങള്‍ മാത്രമാണ് ഇവര്‍. രാഷ്ട്രത്തിന്റെ അഭിവൃദ്ധിക്കും ജനങ്ങളുടെ നന്മക്കും വേണ്ടി നിലകൊള്ളാനുള്ള അസുലഭമായ അവസരം വന്നിട്ടും പ്രതിലോമകരമായ നിലപാടുകളുമായി മുന്നോട്ട് പോകുകയാണവര്‍. ഭരണഘടന ഹിതപരിശോധന പ്രഖ്യാപിച്ചതു മുതല്‍ എന്തെല്ലാം വ്യാജങ്ങളും ആരോപണങ്ങളുമാണ് ഇസ്‌ലാമിനും മുസ്‌ലിങ്ങള്‍ക്കുമെതിരെ അവര്‍ ഉന്നയിച്ചുകൊണ്ടേയിരിക്കുന്നത്. ഇനി മുതല്‍ രാഷ്ട്രത്തിന്റെ ഔദ്യോഗിക തസ്തികകളിലും ഉദ്യോഗത്തിലും ഇസ്‌ലാമിസ്റ്റുകളല്ലാത്തവര്‍ക്ക് പ്രവേശനമുണ്ടാവില്ല. വൈകാതെ തന്നെ സംഗീതവും നാടകങ്ങളുമെല്ലാം അവര്‍ നിരോധിക്കും തുടങ്ങിയ ഭ്രാന്തമായ ജല്‍പനങ്ങളുമായാണ് അവര്‍ സാധാരണക്കാരെയും ലോകജനതയെയും തെറ്റിദ്ധരിപ്പിച്ചുകൊണ്ടിരിക്കുന്നത്. കള്ളപ്പണം വെളുപ്പിക്കാനുള്ള വിവിധ മാര്‍ഗങ്ങള്‍ ആരാഞ്ഞുകൊണ്ടേയിരിക്കുകയാണവര്‍ ചെയ്യുന്നത്.
പ്രസിഡന്റിനും ഇഖവാനുല്‍ മുസ്‌ലിമൂനുമെതിരെയുള്ള തെറിയഭിഷേകങ്ങളും വ്യാജപ്രചരണങ്ങളുമടങ്ങുന്ന ജഡ്ജിമാരുടെ സമ്മേളനം നൈല്‍ ന്യൂസ് ചാനല്‍ നാല് മണിക്കൂര്‍ നേരമാണ് പ്രദര്‍ശിപ്പിച്ചത്. പക്ഷെ, ഖേദകരമെന്നു പറയട്ടെ, മുഹമ്മദ് മുര്‍സിയെയും വിപ്ലവ വ്യവസ്ഥയെയും ശക്തമായി പിന്തുണക്കുകയും ഇവരുടെ ആരോപണങ്ങളിലെ വൈരുദ്ധ്യങ്ങളും പൊള്ളത്തരങ്ങളും വിവരിക്കുന്ന ജഡ്ജിമാരുടെ സമ്മേളനം ഈ ഔദ്യോഗിക ചാനല്‍ നാല് മിനുട്ടുപോലും പ്രദര്‍ശിപ്പിക്കുകയുണ്ടായില്ല.
എന്നാല്‍ ലിബറല്‍ മതേതരവാദികളിലും കമ്യൂണിസ്റ്റുകളിലും നാസിറുകളിലും പെട്ട ഈ ചാനലും ഇതുപോലുള്ള മറ്റു ചാനലുകളും ഏകാധിപത്യ ഭരണം നടത്തുകയും രാഷ്ട്രത്തിന്റെ ഖജനാവ് കൊള്ളയടിക്കുകയും ചെയ്ത പ്രസിഡന്റിനും ഭരണകൂടത്തിനുമെതിരെയോ അവരുടെ ജനവിരുദ്ധമായ നിലപാടുകളെ വിമര്‍ശിക്കാനോ നിരൂപണം ചെയ്യാനോ എതിരഭിപ്രായങ്ങളെ ജനങ്ങളിലെത്തിക്കാനോ തങ്ങളുടെ പേജുകളും സംവിധാനങ്ങളുമപയോഗിച്ചിരുന്നില്ല എന്നതാണ് വസ്തുത. മാത്രമല്ല, മുര്‍സിയുടെ നവ പരിഷ്‌കാരങ്ങളെയോ ജനസമ്പര്‍ക്ക പരിപാടികളെയോ ജനങ്ങളിലെത്തിക്കാനും പിന്തുണക്കാനും ഇവര്‍ തയ്യാറല്ല എന്നതുമാണ് യാഥാര്‍ഥ്യം.

ഞാന്‍ ഈ ലേഖനം എഴുതുമ്പോള്‍ നൈല്‍ കള്‍ച്ചറില്‍ ചാനലില്‍ ‘ ജനഹിതം’ എന്ന പ്രോഗ്രാം നടന്നുകൊണ്ടിരിക്കുകയാണ്. യുവ അവതാരകന്‍ ‘ഏകാധിപതി’യായ മുഹമ്മദ് മുര്‍സിയെക്കുറിച്ചും തദ്ദേശീയരുടെ രക്തത്തില്‍ നിന്നും ഭിന്നമായ നീലരക്തമുള്ള ഇഖ്‌വാനികളെ കുറിച്ചും വാചാലനായിക്കൊണ്ടിരിക്കുകയും നിലവിലുള്ള വ്യവസ്ഥയെ എത്രയും പെട്ടെന്ന് അവസാനിപ്പിക്കേണ്ടതിനെ കുറിച്ചു ജനങ്ങളോട് ആഹ്വാനം ചെയ്യുകയാണ് ചെയ്യുന്നത്. മാത്രമല്ല, ഈജിപ്തിലെ മുന്‍ പ്രസിഡന്റ് ജമാല്‍ അബ്ദുന്നാസിറിന്റെ കര്‍ഷക-അഗതി ക്ഷേമ പ്രവര്‍ത്തനങ്ങളെയും അവര്‍ക്ക് ഭൂമി പതിച്ചുനല്‍കി ആദരിച്ചതിനെ കുറിച്ചും നൂറ് നാവോടെ സംസാരിച്ചുകൊണ്ടിരിക്കുകയാണ്. എന്നാല്‍ എതിര്‍ ശബ്ദക്കാരെ ജമാല്‍ അബ്ദുന്നാസിര്‍ ജയിലിലടച്ച്  പോലീസ് നായ്ക്കളെക്കൊണ്ട് കടിപ്പിച്ചും ഷോക്കടിപ്പിച്ചും മൃഗീയമായ രീതിയില്‍ പീഢിപ്പിക്കുകയും കൊലപ്പെടുത്തുകയും ചെയ്തതിനെ കുറിച്ച് അദ്ദേഹം ഒരക്ഷരം ഉരിയാടുകയും ചെയ്യുന്നില്ല എന്നതാണ് കടുത്ത വിരോധാഭാസം. വിഷലിപ്തമായ ഇത്തരം ആശയങ്ങളും പ്രചാരണങ്ങളുമാണ് ഇവര്‍ ജനങ്ങളിലേക്കും മറ്റുവിദേശ മാധ്യമങ്ങളിലേക്കും പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്. യഥാര്‍ഥത്തില്‍ ഇതിനാണോ മാധ്യമ സ്വാതന്ത്ര്യം എന്നു പറയുന്നത്!.  
ഈജിപ്തിലെ 70ശതമാനം ജനങ്ങളും നിലവിലെ പ്രസിഡന്റ് മുഹമ്മദ് മുര്‍സിയെയും ഭരണകൂടത്തെയും ശക്തമായി പിന്തുണക്കുന്നവരും മുബാറക്ക് ഭരണകൂടത്തിന്റെ അവശിഷ്ടങ്ങളുടെ കുല്‍സിത ശ്രമങ്ങളെ ശക്തമായി പ്രതിരോധിക്കുന്നവരുമാണ്. എന്നാല്‍ മുബാറക്കിന്റെ ഏകാധിപത്യ ഭരണകൂടത്തിന്റെ കൂലിത്തൊഴിലാളികളായ ഭൂരിപക്ഷം വരുന്ന മാധ്യമങ്ങളുടെ ഞാണിന്‍മേല്‍ കളിയാണ് ഇപ്പോള്‍ ഈജിപ്തില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്നത്!
വിവ. അബ്ദുല്‍ ബാരി കടിയങ്ങാട്‌
 

Related Articles