Current Date

Search
Close this search box.
Search
Close this search box.

ഈജിപ്തില്‍ സംഭവിക്കുന്നത് എന്ത്?

morsi.jpg

തങ്ങള്‍ പുറപ്പെടുവിച്ച ഇടക്കാല ഭരണഘടനാ പ്രഖ്യാപനം രാഷ്ട്രത്തിന്റെ സുസ്ഥിരതക്കും, അധികാരവികേന്ദ്രീകരണത്തിനും വേണ്ടിയാണെന്ന് ഇന്നലെ (വെള്ളിയാഴ്ച) പ്രസിഡന്റ് ഡോ. മുഹമ്മദ് മുര്‍സി വിശദീകരിക്കുകയുണ്ടായി. പക്ഷെ ഈജിപ്തിലെ പട്ടണങ്ങളിലും തെരുവുകളില്‍ നാം ദര്‍ശിച്ച പ്രതികരണം അതിന് തീര്‍ത്തും വിരുദ്ധമായിരുന്നു എന്നതാണ് സത്യം.

ഈജിപ്ഷ്യന്‍ വിപ്ലം ഭയങ്കരമായ ഭീഷണി നേരിട്ടുകൊണ്ടിരിക്കുകയാണ്. ഐക്യപ്പെട്ടിരുന്ന ഈജിപ്ഷ്യന്‍ ജനത ഭിന്നിച്ചിരിക്കുന്നു. സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് സ്വതന്ത്രമാവാന്‍ അനിവാര്യമായും ഉണ്ടാവേണ്ടിയിരുന്ന സുസ്ഥിരതക്ക് പോറലേറ്റുകൊണ്ടിരിക്കുന്നു.

പരസ്പരം പോരടിക്കുന്ന ഇരുവിഭാഗങ്ങളായി ഈജിപ്ത് ചേരിതിരിഞ്ഞിരിക്കുന്നു. ഒന്നാമത്തെ ഇഖ്‌വാനും സലഫികളും ഉള്‍പെടുന്ന ഇസ്‌ലാമിസ്റ്റ് ചേരിയാണ്. ലിബറിസ്റ്റുകളും, ഇടതുപക്ഷവും പ്രതിനിധീകരിക്കുന്ന മതേതരചേരിയാണ് രണ്ടാമത്തേത്. അവരുടെ കൂടെ പഴയ സ്വേഛാധിപതിയുടെ അനുയായികള്‍ മറക്ക് പിന്നില്‍ നിന്ന് കളിക്കുന്നുമുണ്ട്.

ഈ ഭയാനകമായ ചേരിതിരിവ് പ്രകടനങ്ങളിലും വ്യക്തമാണ്. ഒരുവശത്ത് കൈറോയിലും മറ്റ് പട്ടണങ്ങളിലും പുതിയ ഭരണഘടനക്കെതിരെ നടന്ന പ്രതിഷേധ പ്രകടനങ്ങളും, പ്രതിപക്ഷത്തിന്റെ നേതൃത്വത്തില്‍ സ്വാതന്ത്ര്യചത്വരത്തില്‍ നടന്ന പ്രകടനവും    നടന്നപ്പോള്‍, മറുവശത്ത് പ്രസിഡന്റ് അനുകൂലികള്‍ തീരുമാനങ്ങളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നേരെ അദ്ദേഹത്തിന്റെ വസതിയിലേക്കാണ് ചെന്നത്. മുന്‍കാലത്ത് വിപ്ലവാനുകൂലികളും, സ്വേഛാധിപതിയുടെ സഹായികളും തമ്മിലായിരുന്നു സംഘട്ടനങ്ങളുണ്ടായിരുന്നത്. എന്നാല്‍ ഇപ്പോള്‍ വിപ്ലവകാരികള്‍ പരസ്പരം പോരടിക്കുന്ന സാഹചര്യം സംജാതമായിരിക്കുന്നു. ദുരന്തം ആഴം വ്യക്തമാവുന്നത് ഇവിടെയാണ്.

പുതിയ പ്രഖ്യാപനത്തില്‍ ധാരാളം അനുകൂല ഘടകങ്ങളുണ്ടെന്നത് വിസ്മരിക്കാനാവില്ല. തെളിവില്ലാത്തതിന്റെ പേരില്‍ വെറുതെ വിട്ട മുന്‍സ്വേഛാധിപത്യത്തിന്റെ സഹായികളെ വിചാരണ ചെയ്യണമെന്ന ജനങ്ങളുടെ ആവശ്യത്തെ അത് പരിഗണിച്ചിരിക്കുന്നു. വിശിഷ്യാ പ്രക്ഷോഭകാരികള്‍ക്കെതിരെ നിറയൊഴിക്കാന്‍ ഉത്തരവിട്ട ആഭ്യന്തര മന്ത്രാലയത്തിലുണ്ടായിരുന്ന നാല് വലിയ ഓഫീസര്‍മാരുടെ വിചാരണ. അതിന്റെ ഫലമായി ആയിരത്തോളം പേര്‍ കൊല്ലപ്പെടുകയുണ്ടായി. അതിനാല്‍ മുന്‍ഭരണകാലത്തുണ്ടായിരുന്ന അറ്റോര്‍ണി ജനറലിനെ മുര്‍സി നീക്കം ചെയ്യുന്നതായി പ്രഖ്യാപിച്ചിരിക്കുന്നു. നേരത്തെ കുറ്റം ചെയ്തവരെ വെറുതെ വിടാനുള്ള വിധിക്ക് പിന്നില്‍ കളിച്ചത് ഇയാളായിരുന്നു. മുര്‍സിയുടെ ഈ നടപടി ജനങ്ങളുടെ ആവശ്യമായിരുന്നുവെന്ന് ചുരുക്കം. കൂടാതെ മുബാറകിനെയും, കൂട്ടാളികളെയും പുനര്‍വിചാരണ നടത്തുമെന്നും പറയപ്പെടുന്നു.

എന്നാല്‍ നിയമനിര്‍മാണത്തിന്റെയും, വിധികര്‍തൃത്വം, പ്രയോഗവല്‍ക്കരണം തുടങ്ങിയ എല്ലാ അധികാരങ്ങളും പ്രസിഡന്റിന് നല്‍കുന്ന തീരുമാനം അംഗീകരിക്കാനാവില്ലെന്നാണ് പ്രതിപക്ഷത്തിന്റെ അഭിപ്രായം. പ്രസിഡന്റിന്റെ ഏതു തീരുമാനങ്ങളെയും വിമര്‍ശനങ്ങളില്‍ നിന്നും, ആക്ഷേപങ്ങളില്‍ നിന്നും തടയാനുള്ള ഈ ശ്രമം ആധുനിക ഈജിപ്ഷ്യന്‍ ചരിത്രത്തിന് അപരിചിതമാണെന്നും അവര്‍ പറയുന്നു.

ഈ വിഷയങ്ങളില്‍ കൂടുതലായി ചര്‍ച്ച ചെയ്യാന്‍ ആര്‍ക്കും സാധിക്കില്ല. മറിച്ച് നമുക്ക് ചര്‍ച്ച ചെയ്യാവുന്ന കാര്യം ഈ പ്രഖ്യാപിത ഭരണഘടന ഇടക്കാലമാണെന്നതാണ്. പുതിയ ഭരണഘടന എഴുതി പൂര്‍ത്തിയാവുന്നതോടെ ഈ തീരുമാനങ്ങള്‍ ദുര്‍ബലപ്പെടുന്നതാണ്.

ഇടക്കാല ഭരണഘടന, സ്ഥിരമാക്കപ്പെടുമോ എന്നതാണ് പ്രതിപക്ഷത്തിന്റെ ശങ്ക. തന്നിഷ്ടം കൊണ്ട് ഭരിക്കുന്നയാളാണ് ഡോ. മുര്‍സിയെന്ന് മുഹമ്മദ് ബറാദഗി തിരിച്ചടിച്ചത് അതിനാലാണ്.

തന്റെ പുതിയ തീരുമാനങ്ങള്‍ പ്രഖ്യാപിക്കാന്‍ ഈ സമയം തെരഞ്ഞെടുക്കാന്‍ മുര്‍സിക്ക് പ്രചോദനമായതെന്താണ് എന്ന് നമുക്കറിയില്ല. ഭരണത്തിലുണ്ടായി സൈനികവിഭാഗത്തെ നീക്കിയതും, മുബാറകിന്റെ ഭരണത്തിലുണ്ടായിരുന്ന നേതാക്കന്മാരെയും, സൈനിക മേധാവികളെയും പിരിച്ച് വിട്ടതും വമ്പിച്ച ജനകീയ പിന്തുണ ലഭിച്ച തീരുമാനങ്ങളായിരുന്നു. എന്നാല്‍ ഇത്തവണ കണക്കുകൂട്ടലുകള്‍ പിഴച്ചുവെന്ന് തോന്നുന്നു.

നിലവിലുള്ള പ്രതിസന്ധി വേഗത്തില്‍ പരിഹരിച്ചില്ലെങ്കില്‍ അപകടകരമായ പരിണിതി സൃഷ്ടിച്ചേക്കും. വിപ്ലവത്തിന്റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുകയും, അടിയന്തിരമായ ചര്‍ച്ചകള്‍ നടത്തുകയും ചെയ്യേണ്ടതുണ്ട് അദ്ദേഹം.

മുര്‍സിയുടെ തീരുമാനങ്ങള്‍ ജനാധിപത്യവിരുദ്ധമാണെങ്കില്‍, ഫ്രീഡം ആന്റ് ജസ്റ്റിസ് പാര്‍ട്ടിയുടെ ഓഫീസുകള്‍ കയ്യേറിയ നടപടിയും ജനാധിപത്യത്തിന് നിരക്കാത്തത് തന്നെയാണ്. അത്തരം സംഭവങ്ങളെയും പ്രതിപക്ഷം ശക്തമായി അപലപിക്കേണ്ടതുണ്ട്.

ഈ നിര്‍ണായ നിമിഷത്തില്‍ ഈജിപ്തിന് എല്ലാ വിദഗ്ദരെയും ബുദ്ധിജീവികളെയും ആവശ്യമുണ്ട്. രാഷ്ട്രത്തിന്റെ അഖണ്ഡതക്ക് നേരെ നടക്കുന്ന കയ്യേറ്റശ്രമങ്ങള്‍ മുളയിലേ നുള്ളിക്കളയാന്‍ സാധിക്കേണ്ടതുണ്ട്. വിപ്ലവത്തെ നശിപ്പിക്കാനും -അല്ലാഹു അതിന് അനുവദിക്കാതിരിക്കട്ടെ- പഴയ സ്വേഛാധിപത്യത്തിലേക്കും, അടിച്ചമര്‍ത്തലിലേക്കും തിരിഞ്ഞ് നടക്കാനുമുള്ള ശത്രുക്കളുടെ ശ്രമമാണിതെന്ന് തിരിച്ചറിയേണ്ടിരിക്കുന്നു. അമേരിക്കയും ഇസ്രായേലും ആഗ്രഹിക്കുന്നത് ഇതാണ്. വിപ്ലവങ്ങളുടെ മാതാവും അറബ് ജനാധിപത്യ ചലനത്തിന്റെ നായകരുമായ ഈജിപ്ഷ്യന്‍ വിപ്ലവത്തെ കുഴിച്ച് മൂടാനുള്ള ശ്രമമാണത്.

വിവ: അബ്ദുല്‍ വാസിഅ് ധര്‍മഗിരി
 

Related Articles