Current Date

Search
Close this search box.
Search
Close this search box.

ഈജിപ്തില്‍ യുദ്ധം നയിക്കുന്നതാര്?

കഴിഞ്ഞ നവംബര്‍ ഇരുപത്തിയൊന്നിനാണ്് ഈജിപ്ഷ്യന്‍ പ്രസിഡന്റ് മുഹമ്മദ് മുര്‍സി പുതിയ ഭരണഘടനാ പ്രഖ്യാപനം നടത്തിയത്. ഭരണഘടനാപരമായും, നിയമപരമായും പ്രസിഡന്റിനുള്ള അധികാരവും, പ്രസിഡന്റിന്റെ തീരുമാനം റദ്ദാക്കാനുള്ള അനര്‍ഹതയും വ്യക്തമാക്കുന്നതായിരുന്നു അത്. കൂടിയാലോചനാ സമിതിയെയും, ഭരണഘടനാ നിര്‍മാണ സഭയെയും റദ്ദാക്കാനുള്ള ജുഡീഷ്യറി തീരുമാനം പ്രതീക്ഷിച്ചിരിക്കുന്ന വേളയില്‍ പ്രസിഡന്റ് സ്വീകരിച്ച മുന്‍കരുതലായിരുന്നു അത്. ഈജിപ്തിന്റെ ഔദ്യോഗിക സ്ഥാപനങ്ങളുടെ -വിശിഷ്യാ പാര്‍ലിമെന്റ് പ്രതിനനിധീകരിക്കുന്ന നിയമനിര്‍മാണസഭയുടെ- പുനര്‍നിര്‍മാണമായിരുന്നു അദ്ദേഹം ഇതു കൊണ്ട് ഉദ്ദേശിച്ചിരുന്നത്. പാര്‍ലിമെന്റ് രൂപപ്പെടുന്നതോടെ പ്രസിഡന്റ് തന്റെ രാഷ്ട്രീയവും, സാമ്പത്തികവുമായ പരിഷ്‌കരണങ്ങളില്‍ നിന്ന് മാറിനില്‍ക്കുകയും, അതിന് വേണ്ടി തെരഞ്ഞെടുക്കപ്പെട്ട മെമ്പര്‍മാര്‍ക്ക് പ്രസ്തുത ചുമതലയേല്‍പിക്കുകയും ചെയ്യാമെന്നതായിരുന്നു അദ്ദേഹത്തിന്റെ കണക്ക്കൂട്ടല്‍. നിയമനിര്‍മാണസഭയുടെ അഭാവത്തില്‍ രാഷ്ട്രത്തില്‍ ഭയങ്കരമായ ഭരണഘടനാവിടവ് അനുഭവപ്പെടുമെന്നത് കൊണ്ടായിരുന്നു ഇത്തരമൊരു താല്‍ക്കാലിക നയം സ്വീകരിക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത്.

ഇസ്‌ലാമിസ്റ്റുകള്‍ക്കെതിരെ നിലകൊള്ളുന്ന രാഷ്ട്രീയ വിഭാഗങ്ങള്‍ വളരെ ശക്തമായ വിധത്തിലാണ് പ്രസ്തുത ഭരണഘടനയെ നിരസിച്ചത്. എന്നല്ല, അതുവരെ ശത്രുക്കളായിരുന്നവര്‍ വരെ പുതിയ ഭരണഘടനക്കെതിരെ ഒന്നിച്ച് അണിനിരന്നു. എല്ലാമാര്‍ഗേണയും പ്രസ്തുത പ്രഖ്യാപനത്തെ പ്രതിരോധിക്കേണ്ടതുണ്ടെന്ന് തീര്‍ച്ചയാക്കി. ഭരണഘടനാനിര്‍മാണ സഭയെയും, കൂടിയാലോചനാ സമിതിയെയും നിരോധിക്കാനുള്ള ചിലരുടെ താല്‍പര്യത്തിന് വഴിയൊരുക്കുന്ന സമീപനമായിരുന്നു അത്. കൂടാതെ, കഴിഞ്ഞ ആഗസ്റ്റ് പന്ത്രണ്ടിന് സൈനികസഭയുടെ ഭരണഘടനയെ ക്യാന്‍സല്‍ ചെയ്തതായി പ്രസിഡന്റ് മുര്‍സി നടത്തിയ പ്രഖ്യാപനം റദ്ദാക്കാനുള്ള ശ്രമവും അതിനിടയില്‍ നടന്നു. ഇക്കാര്യത്തില്‍ ശത്രുക്കള്‍ പരസ്പരം ഐക്യപ്പെട്ടു. ഉദാരവാദികളും കമ്യൂണിസ്റ്റുകളും മതേതരവാദികളും തോളോട് തോള്‍ ചേര്‍ന്നു നിന്നു. കൂടെ, മുന്‍ഭരണകൂടത്തിന്റെ ശിങ്കിടികളും, അവിഹിതമായി ധാരാളം സ്വത്ത് സമ്പാദിച്ച മുതലാളിമാരും. പ്രതീക്ഷിക്കപ്പെടുന്ന ഇസ്‌ലാമിക പദ്ധതിക്ക് മുന്നില്‍ മതില്‍കെട്ടുന്നതിനായി എല്ലാവരും ഒന്നിച്ച് നിന്നു.  

2010 ജനുവരിയില്‍ വിപ്ലവം തുടങ്ങിയത് മുതല്‍ ഈജിപ്തിലെ ജുഡീഷ്യറി കൗണ്‍സില്‍ തീര്‍ത്തും അപകടകരമായ തീരുമാനങ്ങളാണ് സ്വീകരിച്ച് വന്നത്. വിപ്ലവം തുടങ്ങിയത് മുതല്‍ സജീവമായി (ജാഗ്രതയോടെ) പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുന്ന ഏക വകുപ്പും അത് തന്നെയാണ്. മുന്‍സ്വേഛാധിപത്യ ഭരണകൂടത്തില്‍ അവിഹിതം പറ്റിയവരാരും പുതിയ ഇലക്ഷനില്‍ മത്സരിക്കാന്‍ പാടില്ലെന്ന് പാര്‍ലിമെന്റ് പ്രഖ്യാപിച്ചത് റദ്ദാക്കിയത് ഈ ജുഡീഷ്യറി കൗണ്‍സില്‍ ആയിരുന്നു. മുബാറകിന്റെ ആളുകള്‍ക്ക് വീണ്ടും അധികാരം ലഭിക്കുന്നതിന് വേണ്ടിയാണ് അവര്‍ അപ്രകാരം ചെയ്തത്. പ്രതിനിധിസഭയിലേക്ക് മുന്‍സ്വേഛാധിപതിയുടെ രാഷ്ട്രീയപാര്‍ട്ടിയുടെ നേതൃത്വത്തില്‍ നിന്നുള്ളവര്‍ മത്സരിക്കരുതെന്ന നിയമവും അവര്‍ റദ്ദാക്കി. പ്രക്ഷോഭകരെ വധിച്ചതില്‍ പങ്കാളികളെന്ന് ആരോപിക്കപ്പെട്ടവരെ നിരപരാധികളായി പ്രഖ്യാപിക്കാനും അവര്‍ മടി കാണിച്ചില്ല.

മുബാറകിന്റെ ഭരണകാലത്ത് ഈജിപ്തിന്റെ സുരക്ഷാവകുപ്പായിരുന്ന ജുഡീഷ്യറി കൗണ്‍സിലിലെ അംഗങ്ങളെ നിശ്ചയിച്ചിരുന്നത്. അതിന് വേണ്ട യോഗ്യത വിവരിക്കുന്ന ഖണ്ഡികയില്‍ പറയുന്നത് മതപരമായ പ്രവര്‍ത്തനമുള്ളവരോ, അവരോട് ബന്ധമുള്ളവരോ ആയവര്‍ക്ക് അത് പറ്റില്ല എന്നായിരുന്നു. മുബാറകിന്റെ കാലത്തെ ജഡ്ജിമാരുടെ മക്കളേയോ, സൈനിക ഓഫീസര്‍മാരുടെ അനന്തരവന്മാരെയോ ആണ് അവരതിന് തെരഞ്ഞെടുക്കുക. അതിനാല്‍ തന്നെ മുബാറകിനോട് കൂറുള്ള ജുഡീഷ്യറി കൗണ്‍സിലാണ് രാഷ്ട്രത്തിലുള്ളത്. അപ്രകാരം തന്നെയാണ് സൈന്യത്തിലും, പോലീസിലും എന്നല്ല, പത്രപ്രവര്‍ത്തകരില്‍പോലും നിയമനം നടത്തിയിരുന്നതും.   തല്‍ഫലമായി ജഡ്ജുമാര്‍ക്കും, സൈന്യത്തിനും, മറ്റ് ഭരണവകുപ്പുകള്‍ക്കുമിടയില്‍ അവിശുദ്ധ ബന്ധം രൂപപ്പെട്ടു. അരാജകത്വം തഴച്ച് വളരുകയും അതിന്റെ വാഹകര്‍ ശക്തി പ്രാപിക്കുകയും ചെയ്തു. അക്രമനിയമങ്ങള്‍ ആവിഷ്‌കരിച്ച് സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ സംരക്ഷിക്കുകയും സേവിക്കുകയും ചെയ്തു. പ്രസ്തുത നിയമങ്ങളെ വിമര്‍ശിക്കാന്‍ പാടില്ലെന്ന് വിധിച്ചു. മുബാറക് താഴെവീണ ഉടനെ തന്നെ അദ്ദേഹത്തിന്റെ മറ്റ് സംവിധാനങ്ങളെ സംരക്ഷിക്കാന്‍ കോട്ടകെട്ടി. ശേഷം സര്‍വവിധ സന്നാഹങ്ങളുമായി ഈജിപ്ഷ്യന്‍ രാഷ്ട്രീയ ഗോഥയിലേക്ക് ഇറങ്ങിത്തിരിച്ചു. പുതിയ പ്രസിഡന്റ് ഒരു തീരുമാനമെടുത്താല്‍ അതിനെ തള്ളിപ്പറഞ്ഞ് തെരുവിലിറങ്ങി. പണിമുടക്കുമെന്ന് ഭീഷണിപ്പെടുത്തി. ഭീഷണി പലതവണ പ്രാവര്‍ത്തികമാക്കി. എന്നല്ല ഭരണഘടനാ പരമോന്നത കോടതി പ്രസിഡന്റിനെ തല്‍സ്ഥാനത്ത് നിന്ന് നീക്കുമെന്ന് വരെ -നിയമപരമായി അവര്‍ക്ക് അതിനുള്ള അവകാശമില്ലെങ്കില്‍ പോലും- വാര്‍ത്തകള്‍ ചോര്‍ന്നു. തുര്‍ക്കിയില്‍ നജ്മുദ്ദീന്‍ അര്‍ബകാനെ കൈകാര്യം ചെയ്തത് പോലെ, ഈജിപ്തില്‍ മുഹമ്മദ് മുര്‍സിയെ സ്ഥാനഭ്രഷ്ടനാക്കാനാണ് അവരുദ്ദേശിക്കുന്നത്. അതിന് വേണ്ടി നോമ്പ് നോറ്റ് കാത്തിരിക്കുകയാണ് അവര്‍.

ശേഷമുള്ള ദൗത്യം നിര്‍വഹിച്ചത് മാധ്യമങ്ങളാണ്. വളരെ അപകടകരമായ പങ്കാണ് അവര്‍ക്ക് ഇക്കാര്യത്തിലുള്ളത്. മുന്‍ഭരണകൂടത്തിന്റെ അനുകൂലികള്‍ നിയന്ത്രിക്കുന്ന ഏതാനും പത്രങ്ങളും ചാനലുകളുമാണ് അവര്‍ക്ക് നേതൃത്വം നല്‍കുന്നത്. പൊതുജനങ്ങളുടെ രക്തത്തുള്ളികളില്‍ അവര്‍ക്ക് സാമ്പത്തിക നേട്ടങ്ങളുണ്ട്. ദേശീയ ബാങ്കുകളില്‍ നിന്നും യാതൊരുവിധ നിബന്ധനയുമില്ലാതെ കൈവശപ്പെടുത്തിയ വായ്പയുപയോഗിച്ചാണ് തങ്ങളുടെ സാമ്പത്തിക സാമ്രാജ്യം അവര്‍ പണിതുയര്‍ത്തിയിരിക്കുന്നത്. പ്രതിവിപ്ലവത്തിന് നേതൃത്വം നല്‍കുന്നത് അവരാണ്. പ്രസിഡന്റ് പുറപ്പെടുവിക്കുന്ന ഓരോ തീരുമാനത്തിനെതിരെയും അവര്‍ പൊതുജനങ്ങളെ സംഘടിപ്പിക്കുന്നു. വ്യാജാരോപണങ്ങളും നുണകളും പ്രചരിപ്പിക്കുന്നു. യാഥാര്‍ത്ഥ്യങ്ങളെ തലകീഴായി അവതരിപ്പിക്കുന്നു. മുന്‍ഭരണകൂടത്തിന്റെ പരിശുദ്ധിയെ വാഴ്ത്തി, നിലവിലുള്ള പ്രസിഡന്റിന്റെ പോരായ്മകള്‍ നിരത്തി കലാപത്തിന് എരിവേറ്റുന്നു.

ഇത് അപകടകരമായ ഒരു വലയാണ്. അതിന്റെ കണ്ണികള്‍ ഈജിപ്തിന്റെ പുറത്തേക്ക് വരെ നീളുന്നു. പ്രസിഡന്റ് മുര്‍സിയെ താഴെയിറക്കാന്‍ ഭീകരമായ പദ്ധതികള്‍ നടപ്പിലാക്കപ്പെടുകയാണ്. മുന്‍പ്രസിഡന്റിന്റെ പത്‌നിയും, അനുകൂലികളും അതിന് വേണ്ട സാമ്പത്തിക സഹായങ്ങള്‍ ചെയ്യുന്നു. വിപ്ലവത്തിന് ശേഷം തങ്ങളുടെ അവിഹിത സമ്പാദ്യങ്ങളെല്ലാം തിരിച്ച് പിടിക്കപ്പെടുമെന്ന ഭീതിയിലാണ് അവരുള്ളത്. ഈ ആസൂത്രണത്തിന് ജമാല്‍ മുബാറക് ജയിലില്‍ നിന്ന് നേതൃത്വം നല്‍കുന്നു. സൈന്യത്തിലും, ജുഡീഷ്യറിയിലും, മറ്റ് വകുപ്പുകളിലുമുള്ള പൂര്‍വ്വഭരണകൂടാനുകൂലികള്‍ അദ്ദേഹത്തിന് വേണ്ട പിന്തുണ നല്‍കുന്നു. നിലവിലുള്ള പ്രസിഡന്റിനെതിരെ നടക്കുന്ന പ്രതിവിപ്ലവത്തിന് മാത്രം ഇവര്‍ അമ്പത് ബില്യണ്‍ ഈജിപ്ഷ്യന്‍ പൗണ്ട് ചെലവഴിച്ചു കഴിഞ്ഞെന്നാണ് അതുമായി ബന്ധപ്പെട്ട രഹസ്യമായ കണക്ക്. നവംബര്‍ 21-ന് പുതിയ ഭരണഘടന പ്രഖ്യാപിച്ചതിന് ശേഷമുള്ള ആഴ്ചയില്‍ മാത്രം ഈജിപ്ഷ്യന്‍ തെരുവുകളില്‍ 20 ബില്യണ്‍ പൗണ്ട് ഒഴുകുകയുണ്ടായി. പൊതുജനങ്ങളെ ഒരുമിച്ച് കൂട്ടുക, പ്രകടനം നടത്തുക, പണിമുടക്കുക, പൊതുമുതല്‍ നശിപ്പിക്കുക, ആക്രമണങ്ങള്‍ അഴിച്ച് വിടുക തുടങ്ങിയവക്ക് വേണ്ടിയായിരുന്നു അത്. മീഡിയാ കാമ്പയിന് വേണ്ടി വേറെയും. സൈനിക സഭക്ക് വേണ്ടി നിയമം ആവിഷ്‌കരിച്ചിരുന്ന നാഷണല്‍ സാല്‍വേഷന്‍ ഫ്രണ്ടിന്റെ ഒരു അംഗത്തിന്റെ അക്കൗണ്ടില്‍ അറബ് രാഷ്ട്രത്തില്‍ നിന്നും നിക്ഷേപിക്കപ്പെട്ട തുക രണ്ടരലക്ഷം ഡോളര്‍ ആയിരുന്നു! പരാജയപ്പെട്ട പ്രസിഡന്റ് സ്ഥാനാര്‍ത്ഥി അഹ്മദ് ശഫീഖിന് ഈ ഉദ്യമത്തില്‍ ചെറുതല്ലാത്ത പങ്കുണ്ട്. സയണിസ്റ്റുകളുമായി ബന്ധമുള്ള ഒരു സംഘത്തോടൊപ്പം അയാള്‍ യോഗം ചേര്‍ന്നത് ഒളികാമറ ഒപ്പിയെടുത്ത് പുറത്ത് വിട്ടത് നാം കണ്ടതാണല്ലോ.

വിവ: അബ്ദുല്‍ വാസിഅ് ധര്‍മഗിരി

Related Articles