Current Date

Search
Close this search box.
Search
Close this search box.

ഈജിപ്തിലെ സൈനിക ഭരണം ഫലസ്തീനികളുടെ മേല്‍ ദുരന്തമഴയാകുമ്പോള്‍

ഈജിപ്തില്‍ നടന്ന പട്ടാള അട്ടിമറിയിലും അതിനെ തുടര്‍ന്നുണ്ടായ അനവധി കൂട്ടക്കൊലകളും ജനാധിപത്യധ്വംസനങ്ങളും മാനുഷിക മൂല്യങ്ങളുടെ തകര്‍ച്ചയിലെല്ലാം ഈജിപ്ത് അതിന്റെ ചരിത്രത്തിന്റെ ഇരുണ്ട ദിനങ്ങളിലേക്ക് തരിച്ചുനടക്കുന്നു എന്നതിന്റെ സൂചനകളാണ്.  വഞ്ചനയുടെയും അന്താരാഷ്ട്ര നിയമ ലംഘനത്തിന്റെയും ഉദാഹരണങ്ങളാണ് കാണാന്‍ കഴിയുന്നത്. പട്ടാള ഭരണത്തിന്റെ ദുരന്തങ്ങള്‍ വാര്‍ത്താ മാധ്യമങ്ങളില്‍ ഉയര്‍ന്ന് കാണുമ്പോള്‍ അത്ര പ്രാധാന്യം നേടാത്ത മറ്റൊരു ദുരന്തം കൂടിയുണ്ട്. അത് ഫലസ്തീന്‍ ജനതയുടെ ദുരന്തത്തിന്റെയും പീഢനങ്ങളുടെയും കഥയാണ്. മുര്‍സിയുടെ ഭരണകാലത്ത് പുരോഗതിയിലേക്കും പരിഹാരങ്ങളിലേക്കും ഉയര്‍ന്നുവന്നിരുന്ന ഫലസ്തീന്‍ പ്രശ്‌നം വീണ്ടും തകര്‍ച്ചയുടെ ആഴങ്ങളിലേക്ക് ആപതിച്ചുകൊണ്ടിരിക്കുകയാണ്.

പ്രാഥമിക മനുഷ്യാവകാശങ്ങള്‍ പോലും നിഷേധിക്കപ്പെട്ട് പാരതന്ത്ര്യത്തിന്റെ ചങ്ങലകളില്‍ തളച്ചിടപ്പെട്ട ഒരു ജനത ആശ്വാസത്തിന്റെ പുതിയ വെളിച്ചത്തിലേക്ക് നടന്നടുക്കാന്‍ തുടങ്ങിയപ്പോഴാണ് പട്ടാള അട്ടിമറി ദുരന്തമായി അവരുടെ മേല്‍ ആഞ്ഞുപതിച്ചത്. അവരുടെ പ്രശ്‌നങ്ങളില്‍ നയതന്ത്ര തലത്തില്‍ പരിഹാരം നിര്‍ദ്ദേശിച്ച് വരികയായിരുന്നു ജനാധിപത്യത്തിലൂടെ അധികാരത്തിലെത്തിയ മുഹമ്മദ് മുര്‍സി. പട്ടാളം അധികാരത്തില്‍ തുടരുന്ന ഓരോ നിമിഷവും ഫലസ്തീന്‍ ജനതയുടെ പ്രശ്‌നങ്ങള്‍ സങ്കീര്‍ണമായി വരികയാണ് ചെയ്യുന്നത്. സൈനിക തലവനായ അബ്ദുല്‍ ഫത്താഹ് സീസി സയണിസ്‌റ്‌റുകള്‍ക്കനുകൂലമായ നിലപാടുകളാണ് സ്വീകരിച്ചുവരുന്നത്. ഈജിപ്തിന്റെ ഭാവി പ്രസിഡന്റ് പദം സ്വപ്‌നം കാണുന്ന സീസിക്ക് ഇസ്‌റാഈലിനെ തൃപ്തിപ്പെടുത്തേണ്ടത് ആവശ്യമാണ്. കാരണം പശ്ചാത്യലോകത്ത് ഇമേജ് വര്‍ദ്ധിപ്പിക്കാന്‍ അദ്ദേഹത്തിന് സയണിസ്റ്റുകളുടെ സഹായം ആവശ്യമാണ്. ആഗോള മീഡിയ രംഗം നിയന്ത്രിക്കുന്നത് സയണിസ്റ്റുകളാണല്ലോ. അതിന് വേണ്ടി ഇസ്രായേലിനെ തൃപ്തിപ്പെടുത്തുകയാണ് അദ്ദേഹം ചെയ്യുന്നത്.

മുര്‍സിയെ അധികാര ഭ്രഷ്ടനാക്കി ഭരണം കയ്യടക്കിയതിന് ശേഷം ഈജിപ്തില്‍ ഫലസ്തീനികളെ വേട്ടയാടാന്‍ തുടങ്ങി. എയര്‍പോര്‍ട്ടില്‍ അവരെ തടഞ്ഞുവെച്ചു. വിസയുണ്ടായിട്ടും ഈജിപ്തിലെ ഒറ്റ എയര്‍പോര്‍ട്ടിലും അവരെ സ്വീകരിച്ചില്ല. പുറം ലോകത്തേക്കുള്ള ഗസ്സ നിവാസികളുടെ ഏക മാര്‍ഗമായ റഫാ അതിര്‍ത്തി അടച്ചുപൂട്ടി. ലബനാനിലെ ‘മുസ്തഖ്ബല്‍ ‘ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തതനുസരിച്ച് നാല്‍പത് ദിവസത്തിനുള്ളില്‍ 805 തുരങ്കങ്ങള്‍ ഈജിപ്ത് സൈന്യം തകര്‍ത്തു. ഈ തുരങ്കങ്ങള്‍ വഴിയായിരുന്നു ഗസ്സ നിവാസികള്‍ അവരുടെ ജീവിത വിഭവങ്ങള്‍ കൊണ്ടുവന്നിരുന്നത്. അതു പോലെ ഗസ്സയിലേക്കുള്ള ധാരാളം ഇന്ധന പൈപ്പ്‌ലൈനുകള്‍ അവര്‍ തകര്‍ത്തു. ഇതിനെല്ലാം പുറമെ ഫലസ്തീന്‍ ജനതക്കെതിരെ മാധ്യമങ്ങളില്‍ കള്ളപ്രചാരണങ്ങള്‍ നടത്തി. രാഷ്ട്രീയ ദുഷ്ടലാക്കോടെയുള്ള മാധ്യമ ആക്രമണമായിരുന്നു അതും. സീനായില്‍ നടന്ന സംഘട്ടനങ്ങളുടെ ഉത്തരവാദിത്തം അവരുടെ മേല്‍ ചുമത്തി. റഫ അതിര്‍ത്തിയിലും ഗസ്സയുടെ ആകാശത്തും ഈജിപ്ഷ്യന്‍ ഹെലികോപ്ടറുകള്‍ വട്ടമിട്ട് പറക്കുകയും ഗസ്സാ അതിര്‍ത്തിയില്‍ ഈജിപ്ഷ്യന്‍ സൈന്യത്തെ വിന്വസിക്കുകയും ചെയ്തു. ഇതിന് സമാനമായ അനവധി നടപടികള്‍ ഹുസ്‌നി മുബാറക്കിന്റെ കാലത്തും ഫലസ്തീനികള്‍ക്ക് നേരിടേണ്ടിവന്നിട്ടുണ്ട്. ഇത്തരം പ്രവര്‍ത്തനങ്ങളില്‍ നിന്ന് ആശ്വാസം കിട്ടിയത് മുര്‍സിയുടെ ഭരണകാലത്തായിരുന്നു. ഈ കാലത്ത് ഈജിപ്തിനും ഫലസ്തീനിനുമിടയിലുള്ള ബന്ധം ഊഷ്മളമാവുകയും ഫലസ്തീന്‍ പ്രശ്‌നത്തിന് പരിഹാരം കാണാന്‍ വേണ്ടിയുള്ള അനവധി ചര്‍ച്ചകള്‍ക്ക് ഈജിപ്ത് അവസരമൊരുക്കുകയും അതിഥ്യമരുളുകയും ചെയ്തു. അവസാനം 2012-ല്‍ സയണിസ്റ്റ് അതിക്രമങ്ങള്‍ക്കെതിരെ ഫലസ്തീന്റെ പക്ഷത്ത് നിന്നു. റഫാ അതിര്‍ത്തി തുറന്നുകൊടുത്തു. അപ്രകാരം ഫലസ്തീന്‍ ജനതക്ക് അനുഗുണമായ നിരവധി നടപടികള്‍ മുര്‍സിയുടെ ഭാഗത്ത് നിന്നുണ്ടായി. എന്നാല്‍ വളരെ പെട്ടന്നാണ് എല്ലാ പ്രതീക്ഷകളെയും തകര്‍ത്തുകൊണ്ട് പട്ടാള അട്ടിമറി അരങ്ങേറിയത്. സത്യത്തില്‍ പട്ടാള അട്ടിമറിയുടെ പശ്ചാത്തലമെന്തായിരുന്നു. അതിന്റെ പിന്നിലെ ഗൂഢാലോചനകളില്‍ ആരൊക്കെയാണ് പങ്കാളിയായത്? ഈജിപ്തിലെ സംഭവ വികാസങ്ങളും രാഷ്ട്രീയ മാറ്റങ്ങളും വിലയിരുത്തിയാല്‍ ഒരു കാര്യം വളരെ വ്യക്തമാണ്. ഇത് ഈജിപ്തിന്റെ ഉള്ളില്‍ മാത്രം അരങ്ങേറിയ ഗൂഢാലോചനയുടെ ഫലമല്ല. ഇതില്‍ അമേരിക്കയും യൂറോപ്യന്‍ ശക്തികളും സയണിസ്റ്റുകളും അവരുടെ പ്രത്യേക താല്‍പര്യസംരക്ഷണത്തിനു വേണ്ടി നന്നായി കളിച്ചിട്ടുണ്ട്. ഇസ്‌ലാമിക ലോകത്ത് ഉയര്‍ന്നുവരുന്ന പുതിയ ഉണര്‍വിനെ അടിച്ചമര്‍ത്തുകയും സമൂഹത്തിന്റെ കെട്ടുറപ്പിനെ തകര്‍ക്കുകയും രാഷ്ട്രീയ-സാമ്പത്തിക -നയതന്ത്ര തലത്തില്‍ ദൃശ്യമായിക്കൊണ്ടിരിക്കുന്ന പുതിയ പുലരികളെ തമസ്‌കരിക്കുകയും ചെയ്യുക എന്ന വിശാലമായ ലക്ഷ്യങ്ങള്‍ ഇതിനു പിന്നിലുണ്ട്. രാഷ്ട്രീയ- സാമ്പത്തിക രംഗത്ത് അടഞ്ഞുകിടക്കുന്ന ചില മൂടികള്‍ എടുത്തുമാറ്റിയാല്‍ ചില വിസ്‌ഫോടനങ്ങള്‍ നടക്കുമെന്ന് വന്‍ ശക്തിരാഷ്ട്രങ്ങള്‍ക്കറിയാം. അത് സാമ്രാജ്യത്വ ശക്തികള്‍ക്കും പ്രത്യേകിച്ച് ഇസ്‌റാഈലിനും അത്ര സുഖകരമായിരിക്കില്ല. മുര്‍സി മുന്നോട്ട് വെച്ച ‘മശ്‌റൂഉന്നഹ്ദ’ ഒരു ഉദാഹരണമാണ്.

ഇത്തരം പദ്ധതികള്‍ വിജയിച്ച് കഴിഞ്ഞാല്‍ അത് പശ്ചിമേഷ്യയില്‍ വന്‍ മാറ്റത്തിന് കാരണമാകും. ഇത് ചില അറബ് രാഷ്ട്രങ്ങളുടെ താല്‍പര്യത്തിനും എതിരാണ്. അത് കൊണ്ട് തന്നെ പട്ടാള അട്ടിമറിയെ അവര്‍ അനുകൂലിച്ചതും സാമ്പത്തിക സഹായം വാഗ്ദാനം ചെയ്തതും. അത് കൊണ്ട് തന്നെ പട്ടാള ഭരണകൂടം നിലനില്‍ക്കേണ്ടത് ഇവരുടെയെല്ലാം ആവശ്യമാണ്. മേഖലയിലെ ഇസ്രായേല്‍ താല്‍പര്യത്തിനും അതാവശ്യമാണ്. അതേ സമയം സൈനിക ഭരണകൂടത്തിന് അധികാരം നിലനിര്‍ത്താന്‍ ഇസ്രായേലിന്റെ സുരക്ഷയും നിലനില്‍പും ആവശ്യമാണ്. അത് കൊണ്ട് ചില രാഷ്ട്രീയ നടപടികള്‍ സ്വീകരിക്കാന്‍ അവര്‍ തയ്യാറാകും.
1.രാഷ്ട്രീയ സമ്മര്‍ദ്ധം ഉണ്ടായാലും ഗസ്സയിലെ ഫലസ്തീന്‍ ഗവണ്‍മെന്റിനെ തകര്‍ക്കുകയും സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തുകയും ചെയ്യുക. 2. മഹ്മൂദ് അബ്ബാസ് ഗവണ്‍മെന്റിനെ പിന്തുണക്കുക, ദേശീയ – അന്തര്‍ദേശീയ രംഗങ്ങളില്‍ അദ്ദേഹത്തിന്റെ നിലപാടുകളെ പിന്തുണക്കു. 3. ഉപരോധം പൂര്‍വാധികം ശക്തമാക്കുകയും യാത്രക്കാരെ തടയുകയും ഭക്ഷ്യ പദാര്‍ഥങ്ങളും ഇന്ധനവും എത്തുന്നത് നിരോധിക്കുകയും ചെയ്യുക. 4. ഈജിപ്തില്‍ നടക്കുന്ന എല്ലാ പ്രശ്‌നങ്ങളുടെയും ഉത്തരവാദിത്തം ഹമാസിന്റെ മേല്‍ ആരോപിക്കുക. മാധ്യമങ്ങളുപയോഗിച്ച് ഹമാസിനെതിരെ ജനകീയ വികാരം ആളിക്കത്തിക്കുക. 5. ഗസ്സക്ക് നേരെയുള്ള സയണിസ്റ്റ് അതിക്രമങ്ങളെ മൂടിവെക്കുകയും രാഷ്ട്രീയമായി അവരെ പിന്തുണക്കുകയും അവരെ ന്യായീകരിക്കുകയും ചെയ്യുക. ഇത്തരം പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്.

ഗസ്സാ നിവാസികള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ മൂടിവെക്കുകയും അവര്‍ അനുഭവിക്കുന്ന അവകാശധ്വംസനങ്ങള്‍ക്കെതിരെ മൗനം പാലിക്കുകയും അതേ സമയം ഗുരുതരമായ ആരോപണങ്ങള്‍ അവര്‍ക്കെതിരെ ഉന്നയിക്കുകയും ചെയ്യുന്ന പട്ടാള ഭരണകൂടത്തിന്റെ നിലപാട് ഈ അടുത്ത കാലത്ത് ശക്തിപ്പെട്ടുവരികയാണ്. തങ്ങള്‍ക്കെതിരെ ഉന്നയിക്കപ്പെട്ട ആരോപണങ്ങളെ ശക്തമായി നിരാകരിച്ചുകൊണ്ട് ഹമാസ് പത്രസമ്മേളനം വിളിക്കുകയുണ്ടായി. അല്‍ജസീറ ചാനല്‍ അത് തല്‍സമയം പ്രക്ഷേപണം ചെയ്യുകയും ചെയ്തിരുന്നു.

ഫലസ്തീന്‍ ജനത ഇന്ന വളരെ ദാരുണമായ അവസ്ഥയിലൂടെയാണ് മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നത്. സിറിയന്‍ ആഭ്യന്തര കലാപം ശക്തിപ്പെട്ടതിനെ തുടര്‍ന്ന് അവിടെ അഭയാര്‍ഥികളായി കഴിയുന്ന ഫലസ്തീനികള്‍ വീണ്ടും പീഢനങ്ങളിലേക്ക് വലിച്ചെറിയപ്പെടുകയാണ്. ഇസ്രായേല്‍ ആട്ടിയോടിച്ച ഫലസ്തീനികളില്‍ ഒരു വിഭാഗം അഭയം തേടിയിരുന്നത് സിറിയയിലായിരുന്നു. ഇപ്പോള്‍ അവിടെയും അവര്‍ക്ക് രക്ഷയില്ലാതായിരിക്കുന്നു. അവസാന വാനത്തിനപ്പുറം ഇനി പക്ഷികളെങ്ങോട്ട പറക്കുവാനെന്ന ഗൗരവതരമായ ചോദ്യം ലോകത്തിനു മുമ്പില്‍ ഇപ്പോഴും മുഴങ്ങിക്കൊണ്ടിരിക്കുകയാണ്.

Related Articles