Current Date

Search
Close this search box.
Search
Close this search box.

ഈജിപ്തിലെ സിറിയന്‍ അഭയാര്‍ത്ഥികള്‍

syrian-refugees.jpg

സിറിയയില്‍ ഭരണകൂട വിരുദ്ധ വിപ്ലവം പ്രാരംഭം കൊണ്ടത് മുതല്‍ തുര്‍ക്കി, ലബനാന്‍, ജോര്‍ദാന്‍, ഈജിപ്ത് തുടങ്ങിയ രാഷ്ട്രങ്ങളിലായി മൂന്ന് ലക്ഷത്തി മുപ്പതിനായിരത്തോളം പേര്‍ അഭയാര്‍ത്ഥികളെത്തിയിട്ടുണ്ട്. അടുത്തവര്‍ഷത്തോടെ അത് ഏഴ് ലക്ഷത്തോളമെത്തുമെന്നാണ് നിഗമനം. കൂടാതെ രക്തസാക്ഷികളുടെ എണ്ണവും അധികരിച്ച് കൊണ്ടേയിരിക്കുകയാണ്. ദിനേനെ ശരാശരി ഇരുന്നൂറോളം പേര്‍ സിറിയയില്‍ കൊല്ലപ്പെട്ട് കൊണ്ടിരിക്കുന്നുവെന്നാണ് കണക്ക്.

യുദ്ധ വിമാനങ്ങളും, കൂറ്റന്‍ ടാങ്കുകളും നിരന്തരം തീതുപ്പുമ്പോഴും, ഘോരമായ യുദ്ധത്തില്‍ വീടുകള്‍ തകരുമ്പോഴും  സ്വന്തം നാട് ഉപേക്ഷിച്ച് പോകാന്‍ വിസമ്മതിക്കുന്ന കുടുംബങ്ങള്‍ അവിടെയുണ്ട്. തന്റെ സന്താനങ്ങളെയും കൂട്ടി, സിറിയ വിട്ട് പോകാന്‍ ഒരുക്കമല്ല എന്ന നിലപാടായിരുന്ന ടെലഫോണ്‍ സംഭാഷണം നടത്തിയ ദര്‍അയില്‍ നിന്നുള്ള ഒരു സേവനപ്രവര്‍ത്തക വ്യക്തമാക്കിയത്. ഭരണകൂടം ആഗ്രഹിക്കുന്നത് ഞങ്ങള്‍ ഇവിടം വിട്ട് പോകണമെന്നാണ്. അപ്രകാരം ചെയ്താല്‍ അവരെ സഹായിക്കുന്നതിന് തുല്യമാണ് അത്. അവര്‍ പറയുന്നത് ഇപ്രകാരമാണ് ‘ ഞങ്ങളിവിടെ സിറിയയില്‍, അതിന്റെ ആകാശത്ത് പുതിയ ഒരു തലമുറയെ ഒരുക്കുകയാണ്. ഞങ്ങളെവിടേക്ക് പോയാലും സിറിയയുടെ മണ്ണിനെയും, ആകാശത്തെയും കൂടെ എടുക്കാന്‍ കഴിയില്ലല്ലോ.’

പേര് വെളിപ്പെടുത്താന്‍ തയ്യാറാവാത്ത മറ്റൊരു സ്ത്രീ തന്റെ അനുഭവം വിവരിക്കുന്നത് ഇപ്രകാരമാണ്. അവര്‍ ഹിംസില്‍ താമസിച്ചിരുന്ന വീട് ഭരണകൂടത്തിന്റെ ആക്രമണത്തെതുടര്‍ന്ന് തകരുകയുണ്ടായി. അതേതുടര്‍ന്ന് അവര്‍ തന്റെ നാല് മക്കളോടൊപ്പം ദസമ്കസിലുള്ള ബന്ധുവീട്ടിലേക്ക് താമസം മാറ്റി. സൈന്യം അവിടെയും കലാപമുണ്ടാക്കിയതോടെ ആ വീടും നഷ്ടപ്പെട്ടു. തന്റെ മക്കളെയും കൂട്ടി പഴയ വീട് നില്‍ക്കുന്നിടത്തേക്ക് തന്നെ മടങ്ങി, അവിടെ ടെന്റ് കെട്ടുകയല്ലാതെ മറ്റ് മാര്‍ഗങ്ങളൊന്നുമുണ്ടായിരുന്നില്ല അവര്‍ക്ക്.

എന്ത് കൊണ്ട് മറ്റ് രാഷ്ട്രങ്ങളിലേക്ക് അഭയം തേടുന്നില്ല എന്ന് അവരോട് ചോദിച്ചപ്പോള്‍, എന്തു സംഭവിച്ചാലും എന്റെ നാട് അത് തന്നെയാണ് എന്നായിരുന്നു മറുപടി. മറ്റൊരിടത്ത് ജീവിക്കാന്‍ എനിക്ക് കഴിയില്ല. ആക്രമണവും, അടിച്ചമര്‍ത്തലും ഞങ്ങള്‍ക്ക് ശീലമായിക്കഴിഞ്ഞിരിക്കുന്നു. തക്കംപാര്‍ത്തിരിക്കുന്ന ശത്രുക്കള്‍ക്ക് നാടിനെ വിട്ട് കൊടുക്കാന്‍ ഞങ്ങള്‍ തയ്യാറല്ല.’

തുര്‍ക്കിയില്‍ ഒരു ലക്ഷത്തോളം പേരും, ഈജിപ്തില്‍ നാല്‍പതിനായിരവും സിറിയന്‍ അഭയാര്‍ത്ഥികള്‍ വസിക്കുന്നുണ്ട്. ‘കഴിഞ്ഞ രണ്ട് മാസമായി എണ്ണമറ്റ അഭയാര്‍ത്ഥികള്‍ ഈജിപ്തിലേക്ക് വരുന്നുണ്ട്. വിപ്ലവം തുടങ്ങിയത് മുതല്‍ ഇത് വരെ എത്തിയവരുടെ രണ്ടിരട്ടിയോളമെത്തിയിരിക്കുന്നു അവരുടെ കണക്ക്.’ സാമൂഹിക പ്രവര്‍ത്തകനായ അഹ്മദ് ലാദിഖാനിയുടെ വാക്കുകളാണിവ. ആയിരത്തിമുന്നൂറോളം കുടുംബങ്ങള്‍ ഇവരിലുണ്ട്. ഓരോ കുടുംബത്തിലും ശരാശരി അഞ്ച് അംഗങ്ങളെങ്കിലുമുണ്ട്. അവരില്‍ തന്നെ ഭൂരിപക്ഷവും മുസ്‌ലിം സുന്നി വിഭാഗങ്ങളാണ്. സിറിയയിലെ ശീഈ കുടുംബങ്ങള്‍ ലബനാനിലേക്കും, ഇറാനിലേക്കും അഭയം തേടാനാണ് മുന്‍ഗണന നല്‍കുന്നത്.

ഈജിപ്തില്‍ അഭയം തേടാനുള്ള കാരണം.

പേര് വെളിപ്പെടുത്തരുതെന്ന് നിഷ്‌കര്‍ഷിച്ച ഒരു സിറിയന്‍ സാമൂഹിക പ്രവര്‍ത്തകന്‍ പറയുന്നത് ഇപ്രകാരമാണ് ‘രാഷ്ട്രീയവും നാഗരികവുമായ പ്രവര്‍ത്തനങ്ങള്‍ക്ക് യോജിച്ച, അതിന് അനുമതി നല്‍കുന്ന ഭരണകൂടമാണ് ഈജിപ്തിലുള്ളത്. മാത്രമല്ല, മറ്റ് രാഷ്ട്രങ്ങളില്‍ അഭയാര്‍ത്ഥികള്‍ വസിക്കുന്നത് താല്‍ക്കാലിക ടെന്റുകളിലാണ്. അവിടെയാവട്ടെ ദുരിതപൂര്‍ണമായ ജീവതമാണ് നയിക്കേണ്ടത്.’

ഈജിപ്ഷ്യന്‍ ഗവണ്‍മെന്റ് സിറിയന്‍ വിപ്ലവത്തെ പൂര്‍ണമായി പിന്തുണക്കുന്നവരില്‍ പെട്ടവരാണ്. ഈജിപ്ഷ്യന്‍ വിദ്യാര്‍ത്ഥികളോട് വര്‍ത്തിക്കുന്നത് പോലെ തന്നെ സിറിയന്‍ വിദ്യാര്‍ത്ഥികളെയും കണക്കാക്കണമെന്ന് പ്രസിഡന്റ് കല്‍പന പുറപ്പെടുവിച്ച് കഴിഞ്ഞു. കൂടാതെ, ഈജിപ്തില്‍ പ്രവേശിക്കുന്നതിന് സിറിയക്കാര്‍ക്ക് വിസ ആവശ്യമില്ല. അവര്‍ക്ക് മൂന്ന് മാസത്തോളം ഇപ്രകാരം ജീവിക്കാം. ശേഷം പാസ്‌പോര്‍ട്ട് ഓഫീസുമായി ബന്ധപ്പെട്ട് താമസരേഖകള്‍ നിയമപരമായി ശേഖരിക്കാനും അവര്‍ക്ക് സാധിക്കും.

ഈജിപ്തിലെ അഭയാര്‍ത്ഥികളുടെ അവസ്ഥ

‘ജോര്‍ദാനിലും, ലബനാനിലും, തുര്‍ക്കിയിലുമുള്ള സിറിയന്‍ അഭയാര്‍ത്ഥികളുടെ ജീവിതത്തെക്കാള്‍ ഭേദമാണ് ഈജിപ്തിലെ അവസ്ഥ. എല്ലാ കുടുംബത്തിനും മാസാന്തം 400 ഡോളര്‍ ഈജിപ്ഷ്യന്‍ ഗവണ്‍മെന്റ് നല്‍കുന്നുണ്ട്. ഓരോ കുഞ്ഞിനും 100 പൗണ്ട് എന്നതാണ് കണക്ക്.

കൂടാതെ ദീനീ അടിത്തറയില്‍ പ്രവര്‍ത്തിക്കുന്ന ധാരാളം സേവന സന്നദ്ധ സംഘടനകളുടെ സാന്നിദ്ധ്യവും ഈജിപ്തിലുണ്ട്. അവര്‍ അഭയാര്‍ത്ഥികള്‍ക്ക് വീടൊരുക്കി നല്‍കുകയും, ചിലര്‍ക്ക് ഉദ്യോഗം വരെ സമ്പാദിച്ച് കൊടുക്കുകയും ചെയ്യുന്നുണ്ട്.
സിറിയക്കാരിയായ ഉമ്മു സുഹൈര്‍ പറയുന്നത് ഇപ്രകാരമാണ് ‘മറ്റുള്ളവരുടെ മുന്നില്‍ ചെന്ന് കൈനീട്ടാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. അത് കൊണ്ട് ഞാന്‍ ജോലി അന്വേഷിക്കുകയാണ് ഇപ്പോള്‍.’

സിറിയന്‍ പ്രതിപക്ഷത്തിന്റെ ഒരു ഔദ്യോഗിക വക്താവ് വിശദീകരിക്കുന്നത് ഇപ്രകാരമാണ് ‘ഈജിപ്തില്‍ സിറിയക്കാര്‍ക്ക് ക്ഷേമ ജീവിതമാണുള്ളത്. എന്നാല്‍ ജോര്‍ദാനില്‍ അവര്‍ ജീവിക്കുന്നത് കന്നുകാലികളുടെ ആലക്ക് സമാനമായ സ്ഥലങ്ങളിലാണ്. ഇറാഖില്‍ ഇരുഭാഗത്ത് നിന്നും പ്രഹരമാണ് ലഭിക്കുന്നത്. ലബനാനില്‍ അവര്‍ പീഢിപ്പിക്കപ്പെടുന്നു. കുറച്ചെങ്കിലും ഭേദം തുര്‍ക്കിയില്‍ തന്നെയാണ്. അറബ് രാഷ്ട്രങ്ങളില്‍ നിന്നും ഞങ്ങള്‍ക്ക് വേണ്ടത് രാഷ്ട്രീയ പിന്തുണയോ, സൈനിക ഇടപെടലോ, ഭീഷണിയോ അല്ല. മറിച്ച് അറബ് രാഷ്ട്രങ്ങള്‍ എന്ന ഒന്ന് ഉണ്ട് എന്ന് ജനങ്ങള്‍ക്ക് ബോധ്യപ്പെടുന്ന ഒരു തന്റേടമുള്ള നിലപാട് മാത്രമാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്.’

ഈജിപ്തുകാര്‍ തങ്ങളെ ആദരവോട് കൂടിയാണ് സ്വീകരിച്ചതെന്ന് ഒരു സിറിയന്‍ അഭിഭാഷക വ്യക്തമാക്കുന്നു. അവര്‍ക്ക് താമസിക്കാന്‍ വീടൊരുക്കുന്നതിനും മറ്റ് ആതിഥ്യ മര്യാദ കാണിക്കുന്നതിലും അവര്‍ മുന്‍പന്തിയിലുണ്ടായിരുന്നു.

വിവ : അബ്ദുല്‍ വാസിഅ് ധര്‍മഗിരി
 

Related Articles