Current Date

Search
Close this search box.
Search
Close this search box.

ഈജിപ്തിലെ സലഫി രാഷ്ട്രീയം

2013 ജൂലായ് പതിമൂന്നിന് വ്യാപകമായ പ്രതിഷേധങ്ങളെ തുടര്‍ന്ന് ഈജിപ്തിന്റെ ചരിത്രത്തിലെ ആദ്യത്തെ തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റായ മുഹമ്മദ് മുര്‍സിയെ പുറത്താക്കുകയാണെന്ന് പട്ടാള ജനറല്‍ അബ്ദുല്‍ ഫത്താഹ് സീസി പ്രഖ്യാപിക്കുമ്പോള്‍ അദ്ദേഹത്തെ പിന്തുണക്കുന്ന ലിബറലിസ്റ്റുകളുടെ നിരയില്‍ വ്യത്യസ്തനായ ഒരാള്‍ ഇരിക്കുന്നുണ്ടായിരുന്നു. ഈജിപ്തിലെ കടുത്ത യാഥാസ്ഥിക സലഫി കക്ഷിയായ നൂര്‍പാര്‍ട്ടിയുടെ ചെയര്‍മാന്‍ യൂനുസ് മകിയൂന്‍ ആയിരുന്നു അത്.
ദശകങ്ങളായി ഈജിപ്തിന്റെ രാഷ്ട്രീയ വ്യവഹാരത്തില്‍ നിന്നും മാറി നിന്ന ഒരു വിഭാഗമായിരുന്ന നൂര്‍ പാര്‍ട്ടി രാഷ്ട്രീയരംഗത്തേക്ക് കടക്കുന്നതും അപ്രതീക്ഷിത വിജയം നേടുന്നതും 2011 വിപ്ലവത്തെ തുടര്‍ന്നായിരുന്നു. തുടക്കത്തില്‍ മുസ്‌ലിം ബ്രദര്‍ഹുഡുമായി അവര്‍ സഹകരിച്ചു. എന്നാല്‍, ഇസ്‌ലാമിക ആഭിമുഖ്യമുള്ള ഒരു ഭരണഘടന തയ്യാറാക്കിയതിനു പിന്നാലെ പ്രയാസത്തില്‍ ഉഴറുകയായിരുന്ന സഖ്യത്തില്‍ നിന്നും സലഫി കക്ഷി പിന്മാറാന്‍ തുടങ്ങി. ജൂലായ് 3ന് സൈനിക അട്ടിമറിക്കു ശേഷം പട്ടാളത്തെ പിന്തുണക്കുന്ന ഏക ഇസ്‌ലാമിക കക്ഷിയായി നൂര്‍ പാര്‍ട്ടി സൂത്രത്തില്‍ സ്ഥാനം പിടിക്കുകയും ചെയ്തു.

മുസ്‌ലിം ബ്രദര്‍ഹുഡില്‍ നിന്നുള്ള അകല്‍ച്ച
2011 വിപ്ലവത്തിന്റെ പശ്ചാതലത്തില്‍ സലഫി ആഹ്വാനത്തെ തുടര്‍ന്ന് രൂപീകൃതമായ നൂര്‍ പാര്‍ട്ടി മുബാറക് ഭരണാനന്തരം നടന്ന തെരഞ്ഞെടുപ്പുകളില്‍ തന്നെ വിജയം നേടി. 2012ല്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മുര്‍സിയെ പിന്തുണച്ച അവര്‍ ആ വര്‍ഷം നവമ്പറില്‍ നടന്ന വിവാദമായ ഭരണഘടന രൂപീകരണത്തിനു ശേഷം മുസ്‌ലിം ബ്രദര്‍ഹുഡില്‍ നിന്നും അകലുകയായിരുന്നു.

2013 ജനുവരിയില്‍, തങ്ങള്‍ക്ക് ബ്രദര്‍ഹുഡുമായി ആദര്‍ശപരമായ വിയോജിപ്പുകളുണ്ടെന്ന പ്രസ്താവനയുമായി യൂനുസ് മകിയൂണ്‍ വാര്‍ത്താ സമ്മേളനം നടത്തിയപ്പോഴാണ് നൂര്‍ പാര്‍ട്ടിയും ബ്രദര്‍ഹുഡും തമ്മിലെ പിളര്‍പ്പിന് ആക്കം കൂടിയത്. മുര്‍സിയുടെ ഉപദേശകനും നൂര്‍ പാര്‍ട്ടിയുടെ ഉന്നത നേതാവുമായിരുന്ന ഒരാള്‍ മുര്‍സി അധികാരം കുത്തകയാക്കുന്നുവെന്നും മറ്റുള്ളവരെ അവഗണിക്കുന്നുവെന്നും ആരോപിച്ചു കൊണ്ട് രംഗത്തുവരികയുണ്ടായി. അതേയവസരത്തില്‍ തന്നെ മുര്‍സിയെ പുറത്താക്കുന്നതിനായി രൂപീകൃതമായ നാഷണല്‍ സാല്‍വേഷന്‍ ഫ്രണ്ടുമായി താന്‍ കൂടിക്കാഴ്ച നടത്തിയെന്ന് യൂനുസ് മകിയൂന്‍ വെളിപ്പെടുത്തുകയും ചെയ്തു. ഈജിപ്തിനെ പിടിമുറുക്കികൊണ്ടിരുന്ന രാഷ്ട്രീയ പ്രതിസന്ധി അവസാനിപ്പിക്കുന്നതിന് സംയുക്തമായ ചില ആവശ്യങ്ങള്‍ നാഷണല്‍ സാല്‍വേഷന്‍ ഫ്രണ്ടും നൂര്‍ പാര്‍ട്ടിയും ചേര്‍ന്ന് പ്രഖ്യാപിച്ചു.

വളര്‍ന്നുകൊണ്ടിരുന്ന മുര്‍സിയുടെ വിമര്‍ശകര്‍ക്കൊപ്പം നൂര്‍ പാര്‍ട്ടിയും സ്ഥാനം പിടിച്ചപ്പോള്‍ അവരെ ഉള്‍കൊള്ളുന്നതിന് ആവും വിധമൊക്കെ മുര്‍സിയും ബ്രദര്‍ഹുഡും ശ്രമിച്ചുകൊണ്ടിരുന്നു. തീവ്രവിഭാഗമായ സലഫികളുമായി കൈകോര്‍ക്കുന്നത് പ്രതിഷേധങ്ങള്‍ക്ക് മുന്നോടിയായി പിന്തുണ ശേഖരിക്കാനുള്ള നീക്കമാണെന്ന് വിലയിരുത്തപ്പെട്ടു. അതുകൊണ്ടു തന്നെ ബ്രദര്‍ഹുഡിന്റെ മൃദു ലിബറല്‍ കൂട്ടാളികള്‍ ബ്രദര്‍ഹുഡിനെ കൈവെടിയുന്ന അവസ്ഥയുമുണ്ടായി.

സിറിയയിലെ വിമതപക്ഷവും ബശാറുല്‍ അസദിന്റെ സംഘവും തമ്മിലുള്ള സംഘര്‍ഷത്തെ വിഭാഗീയതയായി വിശേഷിപ്പിക്കുകയും സിറിയയുമായി ബന്ധങ്ങള്‍ അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിക്കുമെന്ന് സുന്നി പണ്ഡിതന്‍മാരോടൊപ്പം വേദി പങ്കിട്ടുകൊണ്ടു മുര്‍സി സംസാരിച്ചു. ഇതു നൂര്‍ പാര്‍ട്ടിയെ പ്രീണിപ്പിക്കാനായി മുര്‍സി നടത്തിയ ശ്രമങ്ങളിലൊന്നിന്റെ പ്രത്യക്ഷ ഉദാഹരണമാണ്. പ്രഖ്യാപനം പിന്നിട്ട് ഏതാനും നാള്‍ പിന്നിട്ടപ്പോള്‍ കൈറോക്ക് പുറത്തുള്ള ഒരു ഗ്രാമത്തില്‍ വെച്ച് നാലു ശിയാക്കളെ സുന്നികളെന്ന് സംശയിക്കപ്പെടുന്ന ഒരു സംഘം വെട്ടിക്കൊന്നു. ഈ സംഭവം പ്രതിപക്ഷത്തിനിടയില്‍ മുര്‍സിക്കെതിരായ വികാരം വളര്‍ത്തുന്നതിനിടയാക്കി. ഈജിപ്തിലെ തെരുവുകളിലുടനീളം പതിക്കപ്പെട്ട ശീഈ വിരുദ്ധ പോസ്റ്ററുകളിലെല്ലാം തന്നെ നൂര്‍ പാര്‍ട്ടിയുടെ ഔദ്യോഗിക ചിഹ്നം തിളങ്ങി നിന്നിരുന്നു. എന്നാല്‍ മുര്‍സിയുടെ പ്രസ്താവന നൂര്‍ പാര്‍ട്ടിയെ അനുനയിപ്പിക്കുന്നതില്‍ പരാജയപ്പെട്ടു. വിഭാഗീയമായ സംഘര്‍ഷങ്ങള്‍ക്കും അക്രമങ്ങള്‍ക്കും ഉത്തരവാദികള്‍ മുര്‍സി സര്‍ക്കാരാണെന്നായിരുന്നു നൂര്‍ പാര്‍ട്ടിയുടെ ആക്ഷേപം.

മുര്‍സി വിരുദ്ധ സമരങ്ങളിലെ നിലപാട്
മുര്‍സി വിരുദ്ധ സമരങ്ങള്‍ ശ്കതിയാര്‍ജ്ജിച്ച ജൂണില്‍ ഗവണ്‍മെന്റിനെ അനുകൂലിക്കുന്നവരിലും പ്രതികൂലിക്കുന്നവരിലും ചേരാതെ നിന്ന ഏക സലഫി കക്ഷിയായിരുന്നു നൂര്‍ പാര്‍ട്ടി. എന്നാല്‍, മുര്‍സി വിരുദ്ധ പ്രതിഷേധക്കാരുടെ ന്യായമായ പരാതികളെ തങ്ങള്‍ അനുഭാവത്തോടെയാണ് കാണുന്നതെന്നും, തെരുവിലിറങ്ങാന്‍ അവരെ പ്രചോദിപ്പിക്കുന്നതിലെ അവരുടെ ചേതോവികാരം മനസിലാക്കുന്നുവെന്നും അവര്‍ വ്യക്തമാക്കി.

പ്രതിഷേധം ശക്തിപ്പെടുകയും, അധികാരം ഒഴിയാന്‍ മുര്‍സിക്കു 48 മണിക്കൂര്‍ സമയം നല്‍കിക്കൊണ്ടു സൈന്യം അന്ത്യശാസനം പുറപ്പെടുവിച്ചപ്പോള്‍ നൂര്‍പാര്‍ട്ടി തങ്ങളുടെ നിഷ്പക്ഷ നിലപാടു ഉപേക്ഷിച്ചു പുറത്താക്കലിനെ പിന്തുണച്ചുകൊണ്ടു ഏറെ സജീവമായ പങ്കുവഹിച്ചു. ഭരണഘടന മരവിപ്പിച്ച്, തന്റേതായ ഒരു മാര്‍ഗരേഖ തയ്യാറാക്കി ജൂലായ് 3ന് മുര്‍സിയെ അധികാരത്തില്‍ നിന്നും പുറത്താക്കുന്നുവെന്ന് പ്രഖ്യാപിക്കുമ്പോള്‍ സൈന്യത്തെ പിന്തുണച്ച ഏക ഇസ്‌ലാമിക കക്ഷിയായിരുന്നു നൂര്‍ പാര്‍ട്ടി. (തുടരും)

വിവ : മുഹമ്മദ് അനീസ്

സലഫികളുടെ ആത്മഹത്യാപരമായ ഒത്തുതീര്‍പ്പുകള്‍

Related Articles