Current Date

Search
Close this search box.
Search
Close this search box.

ഈജിപ്തിന്റെ ചിത്രം വികലമായിക്കിയത് അല്‍-ജസീറ ചാനലോ?

അല്‍ ജസീറ ചാനലിനോട്, പ്രത്യേകിച്ചും അതിന്റെ അറബി വിഭാഗത്തോട് ഞങ്ങള്‍ക്ക് വിയോജിപ്പുകളുണ്ടായിട്ടുണ്ട് ഇപ്പോഴും വിയോജിക്കുന്നുമുണ്ട്. സിറിയ, ലിബിയ, യമന്‍ തുടങ്ങിയ വിഷയങ്ങളില്‍ അവര്‍ വ്യതിചലിച്ചിട്ടുണ്ട് എന്നതാണ് കാരണം. എന്നാല്‍ കെട്ടിചമച്ച കേസുകളുടെ പേരില്‍ ഈജിപ്ത് ഭരണകൂടം അറസ്റ്റ് ചെയ്ത അവരുടെ മാധ്യമ പ്രവര്‍ത്തകരോടൊപ്പമാണ് ഞങ്ങള്‍ നിലകൊള്ളുന്നത്. ഈജിപ്ത് വിപ്ലവത്തിന്റെ മൂന്നാം വാര്‍ഷികം നടക്കുമ്പോള്‍ തഹ്‌രീര്‍ സ്‌ക്വയറിന്റെ ഒഴിഞ്ഞ ഭാഗങ്ങള്‍ ഫോട്ടോ എടുത്തതും അവരുടെ മേലുള്ള കുറ്റങ്ങളിലൊന്നായിരുന്നു. പ്രതീക്ഷിച്ചതിലും വളരെ കുറച്ച് ആളുകള്‍ മാത്രമേ അവിടെ പങ്കെടുത്തുള്ളൂ എന്ന് സൂചിപ്പിക്കുന്നതായിരുന്നു അവ.

അല്‍-ജസീറയുടെ ഉടമസ്ഥരായ ഖത്തര്‍ ഇഖ്‌വാനുല്‍ മുസ്‌ലിമൂനെ പിന്തുണക്കുന്നുണ്ടെന്ന് നമുക്കെല്ലാം സുവ്യക്തമായ കാര്യമാണ്. പ്രസിഡന്റിനെ പുറത്താക്കുകയും ഇഖ്‌വാന്‍ നേതാക്കളെ ജയിലിലടക്കുകയും ചെയ്ത അട്ടിമറി ഭരണകൂടത്തോടുള്ള അവരുടെ വിയോജിപ്പും പ്രസിദ്ധമാണ്. എന്നാല്‍ അതിന്റെ പേരില്‍ വിപ്ലവ ഈജിപ്തില്‍ അല്‍-ജസീറ ടീമിനെ കയ്യേറ്റം ചെയ്ത് അവരുടെ കാമറകള്‍ കണ്ടുകെട്ടി അറസ്റ്റ് ചെയ്തത് ഒരിക്കലും ന്യായീകരിക്കാനാവില്ല. മൂന്ന് വര്‍ഷം മുമ്പ് ഈജിപ്ഷ്യന്‍ വിപ്ലവം പൊട്ടിപുറപ്പെട്ടത് സ്വാതന്ത്ര്യത്തിന് വേണ്ടിയായിരുന്നു. മാധ്യമങ്ങളുടെ സ്വാതന്ത്ര്യത്തിന് അതില്‍ സവിശേഷ സ്ഥാനമുണ്ടായിരുന്നു. അടിയന്തിരാവസ്ഥയും കരിനിയമങ്ങളും റദ്ദാക്കി നീതിയും ജനാധിപത്യവും സ്ഥാപിക്കുന്നതിന് വേണ്ടിയായിരുന്നു വിപ്ലവം. എന്നാല്‍ വിപ്ലവകാരികള്‍ നേടിയെടുത്ത എല്ലാ നേട്ടങ്ങളില്‍ നിന്നും പിന്നോട്ടടിക്കുന്നതാണ് നാമിന്ന് കണ്ടു കൊണ്ടിരിക്കുന്നത്.

ഈജിപ്തിലെ ഇരുമ്പഴികള്‍ക്ക് പിന്നില്‍ കഴിയുന്ന അല്‍-ജസീറ മാധ്യമ പ്രവര്‍ത്തകര്‍ക്കിടയില്‍ അന്താരാഷ്ട്ര പുരസ്‌കാരങ്ങള്‍ നേടിയവരുണ്ട്. ജീവന്‍ പോലും പണയപ്പെടുത്തി യാഥാര്‍ത്ഥ്യം പുറത്തു കൊണ്ടുവരാന്‍ നടത്തിയ ശ്രമങ്ങള്‍ക്കുള്ള അംഗീകാരമായിരുന്നു അത്. അവര്‍ ഇഖ്‌വാന്റെ ആളുകളാകാന്‍ ഒരു സാധ്യതയുമില്ല. അല്ലെങ്കില്‍ തങ്ങളുടെ ബുദ്ധി പണയപ്പെടുത്തിയവരോ കെട്ടിച്ചമച്ച റിപോര്‍ട്ടുകള്‍ തയ്യാറാക്കിയവരോ ആയിരുന്നില്ല അവര്‍. അല്ലെങ്കിലും മുര്‍സി അനുകൂലികളും പ്രതിപക്ഷവിഭാഗങ്ങളും നേരിടുന്ന അടിച്ചമര്‍ത്തല്‍ കാമ്പയിനുകള്‍ റിപോര്‍ട്ട് ചെയ്യാന്‍ ഒരു കെട്ടിചമക്കലിന്റെയും ആവശ്യമില്ല. കണ്ണുകള്‍ക്ക് വളരെ വ്യക്തമായിട്ടുള്ള കാര്യമാണത്. വിപ്ലവത്തിന്റെ മൂന്നാം വാര്‍ഷികത്തോടനുബന്ധിച്ച് തഹ്‌രീര്‍ സ്‌ക്വയറിലും മറ്റ് മൈതാനങ്ങളിലും അമ്പത് പേരാണ് സുരക്ഷ വിഭാഗത്തിന്റെ വെടിയേറ്റ് കൊല്ലപ്പെട്ടിരിക്കുന്നത് എന്നത് അതിന്റെ ചെറിയ അടയാളം മാത്രം.

സുരക്ഷാ സൈന്യത്തിന്റെ പീഡനത്തിനും അറസ്റ്റിനും വിധേയമാകാന്‍ ഔദ്യോഗികമോ പാതി ഔദ്യോഗികമോ ആയ ചാനലുകള്‍ക്ക് വേണ്ടിയല്ലാതെ ക്യാമറ വഹിച്ചു നടക്കുക എന്നത് തന്നെ മതിയായ കാരണമാണ്. ജനങ്ങളെ സംരക്ഷിക്കലും സുരക്ഷ ഉറപ്പാക്കലും നിയമങ്ങള്‍ നടപ്പാക്കലും ബാധ്യതയായിട്ടുള്ള സുരക്ഷാ സൈന്യത്തിന്റെ ഭാഗത്തു നിന്നാണ് ഇതുണ്ടാകുന്നത്. ഈജിപ്തില്‍ വിപ്ലവത്തിന്റെ മൂന്നാം വാര്‍ഷികത്തില്‍ വിദേശ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ 25 കയ്യേറ്റങ്ങളും അറസ്റ്റുകളും ഉണ്ടായിട്ടുണ്ടെന്നാണ് Committee to Protect Journalists ന്റെ റിപോര്‍ട്ട് വെളിപ്പെടുത്തുന്നത്. ചികിത്സക്കായി നിരവധി ജേര്‍ണലിസ്റ്റുകളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുകയും ചെയ്തിട്ടുണ്ട്.

അല്‍-ജസീറയുടെ ഇരുപത് മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെയാണ് കുറ്റം ആരോപിക്കപ്പെട്ടിരിക്കുന്നത്. അതില്‍ ബ്രിട്ടീഷുകാരും ആസ്‌ത്രേലിയക്കാരും ഹോളണ്ടുകാരുമുണ്ട്. വാര്‍ത്തകള്‍ കെട്ടിച്ചമച്ചു, ഈജിപ്തിന്റെ ചിത്രം പുറം ലോകത്ത് മോശമായി കാണിച്ചു എന്നിങ്ങനെയുള്ള ആരോപണങ്ങളാണ് അവരുടെ മേലുള്ളത്. എന്നാല്‍ വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ച് അറസ്റ്റ് ചെയ്തവരാണ് പുറം ലോകത്ത് ഈജിപ്തിനെ മോശമായി ചിത്രീകരിക്കുന്നത്. അവരെ ഇരുമ്പഴികള്‍ക്ക് പിന്നില്‍ തള്ളിയവരാണ് ഉന്നതമായ ഈജിപ്തിന്റെ ചരിത്രത്തെ പിന്നോട്ട് നയിക്കുന്നത്.

പുറത്താക്കപ്പെട്ട ഈജിപ്ത് പ്രസിഡന്റ് മുര്‍സിയും നിരവധി വ്യാജ ആരോപണങ്ങള്‍ നേരിടുന്നുണ്ട്. എന്നാല്‍ ഇഖ്‌വാന്‍ പ്രവര്‍ത്തകരായ മുര്‍സിയോ അനുയായികളോ ഒരൊറ്റ മാധ്യമ പ്രവര്‍ത്തകനെയും അറസ്റ്റ് ചെയ്തിട്ടില്ല. മുര്‍സിയെ കുറിച്ച് വളരെ പരിഹാസ്യമായ വാര്‍ത്തകള്‍ ഈജിപ്ഷ്യന്‍ മാധ്യമങ്ങള്‍ പുറത്തു വിട്ടിട്ടുപോലും അദ്ദേഹമത് ചെയ്തിട്ടില്ല. മുര്‍സിയുടെ കുടുംബാംഗങ്ങളെ കുറിച്ചും ഭാര്യയെ കുറിച്ച് പോലും വ്യാജവാര്‍ത്തകള്‍ അവര്‍ മെനഞ്ഞിരുന്നു. ‘അല്‍-ബര്‍ണാമിജ്’ എന്ന പരിപാടിയുടെ അവതാരകനായ യൂസുഫ് പ്രശസ്തനായത് തന്നെ മുര്‍സിയെ ആക്ഷേപിച്ചും പരിഹസിച്ചുമാണ്. ഏറ്റവും മോശമായ വാക്കുകളും ആംഗ്യങ്ങളുമായിരുന്നു ഉപയോഗിച്ചിരുന്ന അയാള്‍ പോലും അതിന്റെ പേരില്‍ ഒറ്റ ദിവസം പോലും ജയിലില്‍ കിടക്കേണ്ടി വന്നിട്ടില്ല. പിന്നീട് എല്ലാ ഈജിപ്ഷ്യന്‍ ചാനലുകളും അയാളുടെ പരിപാടിക്ക് ഇടം നിഷേധിച്ചപ്പോള്‍, അത് സംപ്രേഷണം ചെയ്യാന്‍ ഒരു അറബ് ചാനലും തേടി ദുബൈയിലേക്ക് ചേക്കേറുകയാണ് യൂസുഫ് ചെയ്തത്.

ഈജിപ്തിന്റെ ചിത്രം മോശമാക്കി എന്ന ആരോപണത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്യാനും വിചാരണ ചെയ്യാനും ആര്‍ക്കാണ് അര്‍ഹതയുള്ളത്. വിപ്ലവത്തിന്റെ മൂല്യങ്ങളെയും രക്തസാക്ഷികളുടെ രക്തത്തെയും വലിച്ചെറിഞ്ഞ് ഈജിപ്ഷ്യന്‍ ജനതയെ വഴിതെറ്റിക്കുന്നവരാണവര്‍. നാടിനെ സ്വേച്ഛാധിപത്യത്തിലേക്കും അടിച്ചമര്‍ത്തലിലേക്കും ഫറോവന്‍ ഭരണത്തിലേക്കുമാണവര്‍ നയിക്കുന്നത്.

മുന്‍ സ്വേച്ഛാധിപതികളെ കുടിയൊഴിപ്പിച്ചപ്പോള്‍ ഈജിപ്ഷ്യന്‍ മാധ്യമങ്ങള്‍ ലോകതലത്തിലും അറബ് ലോകത്തുമുള്ള അവരുടെ സ്ഥാനം വീണ്ടെടുക്കുമെന്നായിരുന്നു നാം പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ നമ്മുടെ പ്രതീക്ഷകള്‍ പോലിഞ്ഞിരിക്കുകയാണ്. അഭിപ്രായ സ്വാതന്ത്ര്യം എടുത്തു കളഞ്ഞിരിക്കുന്നതിന്റെ ഏറ്റവും മോശമായ മാതൃകളായി മാറിയിരിക്കുന്നു മിക്ക മാധ്യമങ്ങളും. ഇപ്പോള്‍ നാടുഭരിക്കുന്ന സൈനിക സ്വേച്ഛാധിപത്യത്തെ ചെറുക്കുന്നതിലും അവയുടെ അവസ്ഥ ഭിന്നമല്ല. ഈജിപ്ഷ്യന്‍ ജയിലുകളില്‍ കിടക്കുന്ന ഞങ്ങളുടെ മാധ്യമ സുഹൃത്തുകളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നതില്‍ ഒരു നിമിഷം പോലും ഞങ്ങള്‍ ആശങ്കിക്കുന്നില്ല. അക്കൂട്ടത്തില്‍ മുന്‍പന്തിയിലുള്ളവര്‍ അല്‍-ജസീറയിലെ കൂട്ടുകാരാണ്. ഞങ്ങള്‍ എന്നെന്നും സ്വാതന്ത്ര്യങ്ങള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തുക തന്നെ ചെയ്യും.

വിവ : അഹ്മദ് നസീഫ്‌

Related Articles