Current Date

Search
Close this search box.
Search
Close this search box.

ഇസ്‌ലാമിക് സ്‌റ്റേറ്റ് ആരെയാണ് അസ്വസ്ഥപ്പെടുത്തുന്നത?

മിഡിലീസ്റ്റില്‍ എല്ലാവരും ‘ഇസ്‌ലാമിക് സ്‌റ്റേറ്റ്’ എന്ന ‘പരീക്ഷണത്തിന്റെ’ അസ്വസ്ഥയിലാണ് കഴിയുന്നത്. എന്നാല്‍ കാര്യങ്ങള്‍ ആപേക്ഷികമാണെന്ന് കാണാം. അതുണ്ടാക്കുന്ന അപകടത്തില്‍ നിന്ന് സുരക്ഷിതരാണ് തങ്ങളെന്ന് കരുതുന്നവരുണ്ട്. അതുപോലെ അവരുടെ ടാര്‍ജറ്റ് ലിസ്റ്റില്‍ മുകളില്‍ തങ്ങളാണെന്ന് വിശ്വസിക്കുന്നവരുമുണ്ട്. അതിനാല്‍ അമേരിക്കന്‍ ആക്രമണത്തിനായി അവര്‍ ധൃതികൂട്ടുകയും രാപ്പകല്‍ അതിനായി പ്രാര്‍ഥിക്കുകയും ചെയ്യുന്നു.

വ്യത്യസ്തവും വൈവിധ്യവുമായ അഭിപ്രായങ്ങളാണ് നിലനില്‍ക്കുന്നത്. സഊദിക്കും ജോര്‍ദാനുമാണ് ഏറ്റവുമധികം ഉത്കണ്ഠയും ഭയവുമുള്ളതെന്ന് വിശ്വസിക്കുന്നവരുണ്ട്. അതിന് നിരവധി കാരണങ്ങളുമുണ്ട്. ഹിജാസിലെ വിശുദ്ധ പ്രദേശങ്ങളുടെ വീണ്ടെടുപ്പിന് ‘ഖലീഫ’ അബൂബകര്‍ ബഗ്ദാദി ഉറ്റുനോക്കുന്നുണ്ടെന്നതാണ് അതിന് പ്രധാന കാരണം. അതോടൊപ്പം തന്നെ അദ്ദേഹത്തിന്റെ സ്റ്റേറ്റിനും ആശയത്തിനും സഊദി യുവാക്കള്‍ക്കിടയില്‍ സ്വാധീനവും ലഭിക്കുന്നുണ്ട്. ‘ഇസ്‌ലാമിക് സ്റ്റേറ്റിന്റെ റഡാര്‍ ജോര്‍ദാന് നേരെ തിരിച്ചിരിക്കുന്നതായി കരുതുന്നതിനും കാരണമുണ്ട്. കാരണം ഏറ്റവും ദുര്‍ബലമായ കണ്ണിയാണത്. അതിലെ ജനങ്ങളില്‍ ഒരു വിഭാഗം അമേരിക്കന്‍ സഖ്യത്തില്‍ ചേരുന്നതിനെ അംഗീകരിക്കാത്തവരാണ്. അതേസമയം ജനങ്ങളിലെ മറുവിഭാഗം രാജ്യത്തെ ദാരിദ്ര്യവും കുഴപ്പങ്ങളും അയല്‍ക്കാരായ ഇസ്രയേലിന്റെ കടന്നു കയറ്റവും ഉണ്ടാക്കിയ നിരാശയാല്‍ ബാഗ്ദാദിയോട് അനുഭാവം പുലര്‍ത്തുന്നവരുമാണ്.

മുമ്പ് പറഞ്ഞ അഭിപ്രായങ്ങളോടും അത് പറയുന്നവരോടും നമുക്ക് വിയോജിപ്പില്ല. എന്നാല്‍ പ്രദേശത്ത് അമേരിക്ക നടത്തുന്ന സൈനിക ഇടപെടലില്‍ ഏറ്റവും അധികം അസ്വസ്ഥപ്പെടുന്നത് ഇറാഖും സിറിയയുമാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. അവസാനത്തില്‍ അവ രണ്ടിനും പ്രഹരം നല്‍കുന്നതും ഈ പ്രോജക്ടിന്റെ ഭാഗമാണ്. അമേരിക്കയുടെയും അവരുടെ അറബ് സഖ്യങ്ങളുടെയും മുന്‍ഗണനാ പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് ഈ രണ്ട് രാഷ്ട്രങ്ങളുമുള്ളത്.

ഇസ്‌ലാമിക് സ്റ്റേറ്റോ ജബ്ഹത്തുന്നുസ്‌റയോ നടത്തിയേക്കാവുന്ന ആക്രമണത്തില്‍ നിന്ന് സിറിയക്കാരുടെയും അമേരിക്കക്കാരുടെയും ജീവന്‍ രക്ഷിക്കാന്‍ ആവശ്യപ്പെട്ടു കൊണ്ട് സിറിയന്‍ പാര്‍ലമെന്റ് സ്പീക്കര്‍ സയ്യിദ് മുഹമ്മദ് ജിഹാദ് ലഹാം അമേരിക്കന്‍ സെനറ്റ് അധ്യക്ഷന് അയച്ച കത്ത് അവരുടെ ഉത്കണ്ഠയുടെ വ്യാപ്തിയാണ് വ്യക്തമാക്കുന്നത്. ഒരുതരം നയതന്ത്ര തലകുത്തി മറിച്ചില്‍ കൂടിയാണിത്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് സിറിയന്‍ പ്രസിഡന്റിന്റെ കൂടിയാലോചക ഡോ. ശഅ്ബാന്‍ ബുഥൈന കടുത്ത താക്കീതിന്റെ സ്വരമാണ് അമേരിക്കക്കെതിരെ ഉപയോഗിച്ചത്. തങ്ങളുടെ അനുമതിയില്ലാതെ സിറിയന്‍ മണ്ണില്‍ ഇസ്‌ലാമിക് സ്‌റ്റേറ്റിനെതിരെ ആക്രമണം നടത്താന്‍ വ്യോമ അതിര്‍ത്തി ലംഘിക്കുന്നതിനെതിരെയാണവര്‍ മുന്നറിയിപ്പ് നല്‍കിയത്. സിറിയന്‍ വിദേശ കാര്യമന്ത്രി വലീദ് മുഅല്ലിമും ഇക്കാര്യം സൂചിപ്പിച്ചിരുന്നു. സിറിയയുടെ പരമാധികാരം മാനിക്കാതെ അമേരിക്ക ഏകപക്ഷീയമായി നടത്തുന് ആക്രമണങ്ങളെ ചെറുക്കുമെന്ന് അദ്ദേഹവും പറഞ്ഞു.

തീവ്രനിലപാടില്‍ നിന്ന് വാഷിങ്ടണുമായി സഹകരിക്കുന്നതിനെ കുറിച്ച് ആവര്‍ത്തി പറയുന്ന ഒരു മൃദുസമീപനത്തിലേക്ക് സിറിയയെ എത്തിച്ചത് എന്താണ്? എന്നാല്‍ അമേരിക്ക അവര്‍ക്ക് മുമ്പില്‍ തങ്ങളുടെ വാതിലുകള്‍ കൊട്ടിയടക്കുകയാണ് ചെയ്ത്. സിറിയന്‍ ഭരണകൂടവുമായി ഒരു സഹകരണവുമില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയും വിദേശകാര്യ സെക്രട്ടറിയും തുറന്ന് പറഞ്ഞു. നിലവില്‍ അമേരിക്ക ഒരുക്കുന്ന സൈനിക തന്ത്രങ്ങള്‍ സിറിയന്‍ ഭരണകൂടം മനസ്സിലാക്കിയിരിക്കാനുള്ള സാധ്യത നാം തള്ളിക്കളയേണ്ടതില്ല. സിറിയക്കകത്തുള്ള ‘ഇസ്‌ലാമിക് സ്റ്റേറ്റ്’ പോരാളികളെ നേരിടാനും അതില്‍ അമേരിക്കക്ക് പദ്ധതിയുണ്ട്. സിറിയന്‍ വിമതരിലെ ‘മിതവാദികള്‍’ക്ക് ആധുനിക ആയുധങ്ങള്‍ നല്‍കല്‍ അതിന്റെ ഭാഗമാണ്. സിറിയന്‍ വ്യോമസേനയുടെ ശേഷിയെ നിഷ്ഫലമാക്കാന്‍ ശേഷിയുള്ള വിമാനവേധ മിസൈലുകളും അക്കൂട്ടത്തുലുണ്ട്. വ്യോമാക്രമണം ശക്തിപ്പെടുമ്പോള്‍ ഇസ്‌ലാമിക് സ്‌റ്റേറ്റ് ഉപേക്ഷിച്ച് പോകുന്ന പ്രദേശത്തിന്റെ ആധിപത്യം ഏറ്റെടുക്കുന്നതിനുള്ള ‘എവേക്കനിങ് ഫോഴ്‌സ്’ ആയി അവരെ മാറ്റുകയും ചെയ്‌തേക്കും.

ഇസ്‌ലാമിക് സ്റ്റേറ്റിനെ തകര്‍ക്കാനും അതിന്റെ അപകടം ഇല്ലാതാക്കാനും സഹകരിക്കാനുള്ള സിറിയയുടെ സന്നദ്ധത അമേരിക്ക സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കേണ്ടതില്ല. അതിന്റെ മുഖ്യ കാരണം സഊദിയുടെ ‘വീറ്റോ’ തന്നെയാണ്. രണ്ടാമതായി അവരുടെ കാര്യത്തില്‍ അമേരിക്ക തീര്‍പ്പ് കല്‍പിച്ചിരിക്കുകയാണ്. യുക്രൈനില്‍ ഉണ്ടായ പരാജയത്തിന് പ്രതികാരമെന്നോണം റഷ്യ- ചൈന- ഇറാന്‍ കൂട്ടുകെട്ടിന് പ്രഹരമേല്‍പ്പിക്കേണ്ടതുണ്ട്.

സഊദി അമേരിക്കന്‍ നയതന്ത്ര ബന്ധം ഇപ്പോള്‍ കൂടുതല്‍ ഈഷ്മളമായിരിക്കുകയാണ്. ഇറാനും സിറിയയുമായി സഖ്യമുണ്ടാക്കുന്ന സൂചനകളുയര്‍ത്തി കൊണ്ടുള്ള അമേരിക്കന്‍ തന്ത്രം സഊദിയെ വളരെയധികം ഭയപ്പെടുത്തിയിരുന്നു. അമേരിക്കയോടുള്ള സമീപനത്തില്‍ അയവു വരുത്താന്‍ സഊദിയെ പ്രേരിപ്പിച്ച ഘടകവും അത് തന്നെ.

അമേരിക്കന്‍ സേന വീണ്ടും ഇറാഖിലേക്ക് തിരിക്കുകയാണ്. ഒരുപക്ഷേ അതിന്റെ ആദ്യ ശ്രമം ജനറല്‍ ഡിംസി സൂചിപ്പിച്ച പോലെ മൗസില്‍ വീണ്ടെടുക്കാനായിരിക്കും. തുര്‍ക്കി കരയുദ്ധത്തില്‍ പങ്കെടുക്കില്ലെന്ന് അവര്‍ വ്യക്തമാക്കി കഴിഞ്ഞു. ഇറാഖിലേക്ക് തങ്ങളുടെ സൈനികരെ അയക്കുന്നതിലെ സാധ്യതകള്‍ സഊദിയും തള്ളിയിരിക്കുന്നു. ‘സ്‌പെഷ്യല്‍ സേന’യെ അയക്കാന്നുള്ള സന്നദ്ധതയാണ് ജോര്‍ദാന്‍ അറിയിച്ചിരിക്കുന്നത്. ഈജിപ്ത് സൈന്യം തങ്ങളുടെ അതിര്‍ത്തിയുടെയും ജനതയുടെയും സംരക്ഷണത്തിനായിട്ടല്ലാതെ പോരാടുകയില്ലെന്ന് ഈജിപ്ത് വിദേശകാര്യമന്ത്രി വ്യക്തമാക്കി. ഇറാഖി സേനക്കും കുര്‍ദുകള്‍ക്കും പരിശീലനം നല്‍കുന്നതിന്റെ മറവില്‍ അമേരിക്കന്‍ ‘മറീനുകളെ’ ഇറക്കുക എന്ന സാധ്യത മാത്രമാണ് അവശേഷിക്കുന്നത്.

ആരായിരിക്കും അവസാനത്തില്‍ ഇരകളാക്കപ്പെടുകയെന്നറിയാത്ത വലിയൊരു ദുരന്തത്തിലായിരിക്കും തീര്‍ച്ചയായും ഇത് ചെന്നെത്തുക. അത് അമേരിക്കക്കാരായിരിക്കുമോ, അല്ലെങ്കില്‍ ഇറാനികളോ സിറിയക്കാരോ സഊദികളോ ആയിരിക്കുമോ? അതുമല്ലെങ്കില്‍ മൂന്നാം ലോകമഹായുദ്ധത്തിലേക്ക് അത് പുരോഗമിക്കുമോ? അറബികളും അവരുടെ സമ്പത്തും ഭൂമിയും തന്നെയായിരിക്കും ഇതിന്റെ ഏറ്റവും വലിയ ഇരകളാക്കപ്പെടുക എന്ന് മുന്നനുഭവങ്ങള്‍ നമ്മെ പഠിപ്പിക്കുന്നു. ലക്ഷ്യങ്ങള്‍ നേടി പ്രദേശത്തെ തങ്ങളുടെ സാന്നിദ്ധ്യം വീണ്ടെടുത്ത് കഴിഞ്ഞാല്‍ മുമ്പ് ചെയ്ത പോലെ അമേരിക്ക അവര്‍ക്കെതിരെ തിരിയും. ഇറാഖ് പ്രസിഡന്റ് സദ്ദാം ഹുസൈനെ പുറത്താക്കിയതിലൂടെ ആര്‍ക്കാണ് നഷ്ടം വന്നത്? ലിബിയയിലും സിറിയയിലും യമനിലും നടത്തിയ ഇടപെടലിന് ഇരയാക്കപ്പെട്ടത് ആരായിരുന്നു?

അബദ്ധ ഉടമ്പടികള്‍ക്കും സഖ്യങ്ങള്‍ക്കും തലവെച്ചു കൊടുക്കുകയെന്നത് അറബികള്‍ ശീലമാക്കിയ കാര്യമാണ്. അവരുടെ പുതിയ സഖ്യങ്ങളും ഇത്തരത്തില്‍ തന്നെയാവുമോ? അല്ലെങ്കില്‍ അമേരിക്കയുടെ വാഗ്ദാനങ്ങളിലും ഉടമ്പടിയിലും ഇത്തവണ മാറ്റമുണ്ടാകുമോ? ഇറാന്‍ വിപ്ലവത്തിന്റെ നായകന്‍ അലി ഖാംനഈ ഒരാഴ്ച്ച മുമ്പ് പറഞ്ഞത് തന്റെ രാഷ്ട്രം അമേരിക്കന്‍ സഖ്യത്തില്‍ ചേരുന്നതിനെ അംഗീകരിക്കുന്നില്ലെന്നാണ്. പ്രദേശത്ത് നടത്തുന്ന ഈ സൈനിക ഇടപെടലില്‍ ഒബാമ ഖേദിക്കേണ്ടി വരുമെന്ന് അദ്ദേഹം മുന്നറിയിപ്പും നല്‍കി. അമേരിക്ക മുമ്പ് നടത്തിയ സൈനിക നീക്കങ്ങളിലെന്ന പോലെ അറബികളും അവര്‍ക്കൊപ്പം ഖേദിക്കുമെന്ന് നമുക്കുറപ്പിക്കാം.

വിവ : നസീഫ്‌

Related Articles