Current Date

Search
Close this search box.
Search
Close this search box.

ഇസ്‌ലാമിക് സ്റ്റേറ്റിന് ഹറാമായത് അമേരിക്ക ചെയ്താല്‍ ഹലാല്‍!

സിറിയന്‍ മണ്ണില്‍ ‘ഇസ്‌ലാമിക് സ്റ്റേറ്റി’ന്റെയും ‘ജബ്ഹത്തുന്നുസ്‌റ’യുടെയും താവളങ്ങള്‍ക്ക് നേരെ ആക്രമണം നടത്താന്‍ അമേരിക്കന്‍ യുദ്ധ വിമാനങ്ങള്‍ക്കും ടോമഹോക് മിസൈലുകള്‍ക്കും സിറിയന്‍ ഭരണകൂടത്തിന്റെ അനുവാദം ആവശ്യമില്ല. കാരണം പ്രദേശം അടക്കി വാഴുന്ന ശക്തിയായി അമേരിക്ക മാറിയിരിക്കുന്നു. അതുകൊണ്ട് ഒരു അറബ് രാഷ്ട്രത്തിന്റെയും മണ്ണിലും വിണ്ണിലുമുള്ള പരമാധികാരം അവര്‍ വെകവെച്ചു കൊടുക്കില്ല. പരമാധികാരം അവര്‍ക്ക് മാത്രമാണ്. സുന്നികളായാലും ശിയാക്കളായാലും അവര്‍ക്ക് വൈറ്റ്ഹൗസിലുള്ളവര്‍ക്ക് ബൈഅത്ത് ചെയ്യുക മാത്രമാണ് മറ്റുള്ളവര്‍ക്ക് മുന്നിലുള്ള വഴി.

അറബ്- ഇസ്‌ലാമിക രാഷ്ട്രങ്ങളുടെ ആവരണത്തോടെ നടത്തുന്ന അമേരിക്കയുടെ ഈ ആക്രമണത്തിന് ഏറെ സവിശേഷതകളുണ്ട്. ശിയാക്കളും സുന്നികളും അതിലുണ്ട്. ആദര്‍ശപരവും വിഭാഗീയവും രാഷ്ട്രീയവുമായ വ്യത്യാസങ്ങളെല്ലാം അതില്‍ ഉരുകിയൊലിച്ചിരിക്കുന്നു. അത്തരം വേര്‍തിരിവുകളൊന്നുമില്ലാതെ അമേരിക്കന്‍ സൈനികരെയും നയത്തെയും സേവിക്കുകയാണവര്‍. പ്രദേശത്തിന്റെ ചരിത്രത്തില്‍ ഇത്തരത്തിലൊന്ന് മുമ്പുണ്ടായിട്ടില്ല. ഈ കടന്നു കയറ്റത്തിനെതിരെ, അതിന്റെ അനന്തര ഫലത്തെ കുറിച്ച് മുന്നറിയിപ്പ് നല്‍കികൊണ്ടുള്ള എതിര്‍പ്പിന്റെ ശബ്ദം പോലും ഉയര്‍ന്നിട്ടില്ല.

ജോര്‍ദാന് പുറമെ നാല് ഗള്‍ഫ് രാഷ്ട്രങ്ങള്‍ പരസ്യമായി തന്നെ ഈ അമേരിക്കന്‍ ആക്രമണത്തില്‍ പങ്കാളികളാവുന്നുണ്ട്. തങ്ങളുടെ വ്യോമ പാതയും ഖജനാവും തുറന്ന് അതിനായി തുറന്ന് കൊടുക്കുക മാത്രമല്ല അവര്‍ ചെയ്തത്. ഇസ്‌ലാമിക് സ്റ്റേറ്റിന്റെ ആസ്ഥാനങ്ങളില്‍ ആക്രമണം നടത്താന്‍ തങ്ങളുടെ വിമാനങ്ങളെ അയച്ചും അവരതില്‍ പങ്കാളികളായി. ഈ ആക്രമണത്തില്‍ നിരപരാധികളായ സിറിയന്‍ പൗരന്‍മാര്‍ കൊല്ലപ്പെടുമ്പോള്‍, സ്വാഭാവികമായും അക്കൂട്ടത്തില്‍ സ്ത്രീകളും കുട്ടികളുമുണ്ടാവും. അങ്ങനെ സംഭവിക്കുമ്പോള്‍ സിറിയന്‍ മണ്ണിലുള്ള പോരാട്ട ഗ്രൂപ്പുകള്‍ ഞങ്ങളെ തകര്‍ത്തു കൊള്ളൂ എന്ന് പറഞ്ഞ് അമേരിക്കന്‍ വിമാനങ്ങളെ സ്വാഗതം ചെയ്യുമെന്ന് നാം വിശ്വസിക്കരുത്. ഈ സംഘങ്ങള്‍ക്ക് പ്രത്യേക ആസ്ഥാനങ്ങളോ താവളങ്ങളോ മന്ത്രാലയങ്ങളോ ബാങ്കുകളോ, അതിന്റെ തലവന്‍മാരുടെ കൊട്ടാരങ്ങളെ ഇല്ലെന്ന് നാം പ്രത്യേകം ഓര്‍ക്കണം. വൈക്കോല്‍ കൂനക്കിടയില്‍ കിടക്കുന്ന മൊട്ടുസൂചി പോലെ ജനങ്ങളോട് ഇഴകി ചേര്‍ന്നാണ് അവരുടെ പോരാളികളും നേതാക്കന്‍മാരും കഴിയുന്നത്.

തങ്ങള്‍ ആരുടെ കൈകളാല്‍ കൊല്ലപ്പെടുമെന്നറിയാത്ത കടുത്ത ആശങ്കയിലാണ് സിറിയന്‍ ജനതയിപ്പോള്‍. സിറിയന്‍ സൈന്യത്തിന്റെ രാസായുധങ്ങളാണോ, സായുധ പ്രതിപക്ഷത്തിന്റെ കരങ്ങളാണോ, അമേരിക്കന്‍ വിമാനങ്ങളില്‍ നിന്ന് വര്‍ഷിക്കുന്ന ബോംബുകളോ ടോമഹോക് മിസൈലുകളാണോ, അല്ലെങ്കില്‍ അമേരിക്കന്‍ നിര്‍മിത ഗള്‍ഫ് വിമാനങ്ങളില്‍ നിന്നുള്ള ബോംബുകളാണോ തങ്ങളുടെ ജീവനെടുക്കുകയെന്ന് അറിയാത്ത അവസ്ഥയിലാണവര്‍.

നിരപരാധികളായ സിറിയന്‍ പൗരന്മാരെ – അവര്‍ പ്രതിപക്ഷത്താവട്ടെ ഭരണപക്ഷത്താവട്ടെ – വധിക്കാന്‍ എല്ലാവരും തോളോടു തോള്‍  ചേര്‍ന്ന് കൈകൊര്‍ത്തിരിക്കുന്നു. അറബികളും മുസ്‌ലിംകളും ആയി എന്നല്ലാത്ത മറ്റൊരു തെറ്റും അവര്‍ ചെയ്തിട്ടില്ല. ഒരു യുദ്ധപരിശീലന കളരിയും അത്യാധുനിക ആയുധങ്ങളുടെ പരീക്ഷണ കേന്ദ്രവുമായി സിറിയ മാറിയിരിക്കുന്നു. പെന്റഗണ്‍ അതിന്റെ ആയുധ ശേഖരത്തില്‍ നിന്ന് ഇതുവരെ ഉപയോഗിച്ചിട്ടില്ലാത്ത എഫ് -22 പോലുള്ള വിമാനങ്ങളാണ് സിറിയയിലേക്ക് അയച്ചിരിക്കുന്നത്. അതിന്റെ ശേഷിയും കൃത്യതയും ഉറപ്പു വരുത്താനുള്ള പരീക്ഷണം കൂടിയാണിത്.

ഈ ഓപറേഷനിലെ ഗള്‍ഫ് വിമാനങ്ങളുടെ പങ്കാളിത്തം പ്രതീകാത്മകം മാത്രമാണ്. മുഖ്യമായ ദൗത്യം നിര്‍വഹിക്കുന്നത് അമേരിക്കന്‍ വിമാനങ്ങള്‍ തന്നെയാണ്. എന്നാല്‍ ഗള്‍ഫ് വിമാനങ്ങളുടെ പങ്കാളിത്തം ഏറെ അപകടകരം തന്നെയാണ്. കാരണം അമേരിക്കയുടെ അക്രണത്തിന് ഒരു നിയമപരിരക്ഷ നല്‍കുകയാണവര്‍ ചെയ്യുന്നത്. അതിലൂടെ ഇസ്‌ലാമിക് സ്റ്റേറ്റിന്റെ രക്തം അറബികള്‍ക്കിടയില്‍ തന്നെ വീതം വെച്ചു കൊടുക്കുകയാണ്. അമേരിക്ക നടത്തിയതും നടത്താനിരിക്കുന്നതുമായ കുറ്റകൃത്യങ്ങള്‍ക്ക് ഇതിലൂടെ ക്ലീന്‍ചിറ്റും ലഭിക്കും.

യുദ്ധം തുടങ്ങിയത് എന്നാണെന്ന് നമുക്കറിയാം. എന്നാല്‍ എന്ന് അത് അവസാനിക്കുമെന്നോ എങ്ങനെ അവസാനിക്കുമെന്നോ നമുക്കറിയില്ല. അതില്‍ ആര് ജയിക്കും? ആര് പരാജയപ്പെടും? അമേരിക്കയുടെ മുന്‍ യുദ്ധങ്ങളെ വിലയിരുത്തുമ്പോള്‍ മനസ്സിലാക്കാന്‍ കഴിയുക ഇതന്റെ നഷ്ടം പ്രദേശത്തിന് മാത്രമായിരിക്കുമെന്നതാണ്. അമേരിക്കക്ക് ഇതുകൊണ്ട് യാതൊരു അപകടവുമുണ്ടാവില്ല. കാരണം അവര്‍ ആകാശത്ത് നിന്നാണ് യുദ്ധം ചെയ്യുന്നത്. മണ്ണിലിറങ്ങി യുദ്ധം ചെയ്യുന്നവര്‍ ഏത് പക്ഷത്തായാലും അറബികള്‍ മാത്രമാണ്. അവര്‍ക്കാണ് അപകട സാധ്യതയുള്ളതും.

അമേരിക്കന്‍ വ്യോമാക്രമണം വലിയ മാറ്റങ്ങളായിരിക്കും പ്രദേശത്ത് ഉണ്ടാക്കുക. മൂന്ന് വ്യത്യസ്ത ഗ്രൂപ്പുകളായി നിലകൊള്ളുന്ന ഇസ്‌ലാമിക് സ്റ്റേറ്റും ജബ്ഹത്തുന്നുസ്‌റയും അഹ്‌റാറുശാമും ആദര്‍ശവ്യത്യാസങ്ങള്‍ മറന്ന് ഒറ്റകെട്ടായാല്‍ അതില്‍ ഒട്ടും ആശ്ചര്യപ്പെടേണ്ടതില്ല. അതിലൂടെ ശക്തിയും സ്വാധീനവുമുള്ള ഒരു സംഘമായിട്ടാണത് മാറുക. അവര്‍ക്കെതിരെയുള്ള യുദ്ധത്തില്‍ പ്രത്യക്ഷമായോ പരോക്ഷമായോ പങ്കാളികളായ അറബ് രാഷ്ട്രങ്ങള്‍ക്കെതിരെ അവര്‍ പ്രതികാരം ചെയ്യാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.

പ്രദേശത്ത് അമേരിക്കയുടെ നേതൃത്വത്തില്‍ നടത്തിയിട്ടുള്ള പാശ്ചാത്യ അക്രമണങ്ങളെല്ലാം ബാക്കിവെച്ചത് എല്ലാത്തരത്തിലും തകര്‍ന്നടിഞ്ഞ രാഷ്ട്രങ്ങളെയാണ്. തികഞ്ഞ സൈനിക അരാജകത്വമാണ് പിന്നീടവിടങ്ങളില്‍ നടന്നത്. തീവ്രപോരാട്ട ഗ്രൂപ്പുകളുടെ സുരക്ഷിത കേന്ദ്രങ്ങളായി അവ മാറുകയും ചെയ്തു. ലിബിയ, ഇറാഖ്, സിറിയ തുടങ്ങിയവയെല്ലാം അതിന്റെ നല്ല ഉദാഹരണങ്ങളാണ്.

അല്‍-ഖാഇദയെ പരാജയപ്പെടുത്തിയ പോലെ ഇസ്‌ലാമിക് സ്‌റ്റേറ്റിനെയും പരാജയപ്പെടുത്തുമെന്നാണ് കഴിഞ്ഞ ആഴ്ച്ച അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ പ്രഖ്യാപിച്ചത്. യഥാര്‍ത്ഥത്തില്‍ പരാജയപ്പെടുത്തിയിരുന്നെങ്കില്‍ ഇന്നെന്തിനാണ് യുദ്ധവിമാനങ്ങളും മിസൈലുകളുമായി വീണ്ടും ഇറാഖിലേക്ക് തിരിക്കുന്നത്? ‘ഖുറാന്‍സാന്‍’ ഗ്രൂപ്പിനെതിരെ എന്തിനാണ് ആക്രമണം നടത്തുന്നത്? അല്‍-ഖാഇദയുടെ ശാഖയായ അവര്‍ പടിഞ്ഞാറിനെതിരെ ആക്രമണങ്ങള്‍ക്ക് കോപ്പു കൂട്ടുന്നുണ്ടെന്നാണല്ലോ അവര്‍ പറയുന്നത്.

ഇസ്‌ലാമിക് സ്റ്റേറ്റ് വലിയ അപകടം തന്നെയാണ് സൃഷ്ടിക്കുന്നത്. ഭൂരിഭാഗം മുസ്‌ലിംകളും അംഗീകരിക്കാത്ത രക്തരൂക്ഷിത ആശയങ്ങളാണ് അവര്‍ പിന്തുടരുന്നത്. എന്നാല്‍ ഇസ്‌ലാമിക് സ്റ്റേറ്റ് നടത്തുന്ന രക്തം ചിന്തല്‍ നിഷിദ്ധവും, അമേരിക്കന്‍ മിസൈലുകളും വിമാനങ്ങളും നടത്തുന്നത് അനുവദനീയവുമാണെന്നാണോ? ഭീകരതയെ പിഴുതെറിയാനുള്ള ഈ ഓപറേഷനെ സിറിയയും സ്വാഗതം ചെയ്തിരിക്കുകയാണ്. ഈ യുദ്ധത്തിലെ ഒന്നാമത്തെ ടാര്‍ജറ്റ് തങ്ങളാണെന്ന് അവര്‍ക്കറിയില്ലേ? ഭീകര സംഘടനകളെ തീര്‍പ്പാക്കിയ ശേഷമോ അതിന് മുമ്പോ അവരിലേക്ക് തിരിഞ്ഞേക്കാം. മുമ്പുണ്ടായ ദുരന്തങ്ങളേക്കാളും കടുത്ത ഒരു ദുരന്തമാണ് പ്രദേശത്തെ കാത്തിരിക്കുന്നത്. മുന്‍ ആക്രമണങ്ങളിലേ പോലെ ഓപറേഷന്‍ കഴിഞ്ഞ് അമേരിക്കകാര്‍ അവരുടെ പാട്ടിന് പോകും. അറബികള്‍ അവരുടെ രക്തം, സമ്പത്ത്, ഐക്യം തുടങ്ങിയ എല്ലാം കൊണ്ടും ഇതിന്റെ വിലയൊടുക്കേണ്ടിയും വരും.

വിവ : നസീഫ്‌

Related Articles