Current Date

Search
Close this search box.
Search
Close this search box.

ഇസ്രായേലിന്റെ ‘അമേരിക്കന്‍ പ്രസിഡന്റ്’

obama-romny.jpg

ആഗോള രാഷ്ട്രീയം ഉറ്റുനോക്കുന്ന നിര്‍ണായക സംഭവമാണ് അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ്. കേവലം ഒരു രാഷ്ട്രത്തിന്റെ പ്രസിഡന്റ് എന്നതിലുപരിയായി, അമേരിക്കയെന്ന അച്ചുതണ്ടിനെ കേന്ദ്രീകരിച്ചും, അതിനെ നിരാകരിച്ചും ചലിച്ച് കൊണ്ടിരിക്കുന്ന രാഷ്ട്രങ്ങളുടെ ഭാവിയെ സ്വാധീനിക്കാനുള്ള ശേഷി അതിനുണ്ട്. ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ബറാക് ഒബാമ, റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി മീറ്റ് റോംനി എന്നിവരില്‍ നിന്ന് അമേരിക്കയെ നയിക്കാന്‍ പുതിയതോ, പഴയതോ ആയ ഒരു പ്രസിഡന്റ് ഏതാനും ദിനങ്ങള്‍ക്കകം തെരഞ്ഞെടുക്കപ്പെടുന്നതാണ്.

പ്രസിഡന്റിനെ തെരഞ്ഞെടുക്കാനുള്ള പൂര്‍ണ സ്വാതന്ത്ര്യം അമേരിക്കന്‍ ജനതക്കുണ്ട്. അതോടൊപ്പം തന്നെ തങ്ങള്‍ തെരഞ്ഞെടുത്ത പ്രസിഡന്റിന്റെ ഉത്തരവാദിത്തം അവര്‍ക്ക് തന്നെയാണ്. തങ്ങള്‍ക്ക് അല്‍പമെങ്കിലും യോജിച്ച നേതൃത്വത്തെ അടയാളപ്പെടുത്താന്‍ സ്ഥാനാര്‍ത്ഥികള്‍ തമ്മില്‍ നടത്തിയ സംവാദം ഏറെക്കുറെ സഹായകമാണെന്നാണ് വിലയിരുത്തല്‍.

സംവാദങ്ങളില്‍ നിലവിലെ പ്രസിഡന്റ് ഒബാമ മികച്ചു നിന്നെന്ന് പറയപ്പെടുന്നു. വൈദേശിക രാഷ്ട്രീയ നയങ്ങളുടെ പേരില്‍ -പ്രത്യേകിച്ച് റഷ്യയും ചൈനയുമായുള്ള ബന്ധത്തിന്റെ കാര്യത്തില്‍- ഒബാമയെ നിശിതമായി വിമര്‍ശിക്കുന്ന മീറ്റ് റോംനി ഉന്നയിക്കുന്ന വാദങ്ങളും പരിഹാരങ്ങളും പ്രത്യേകം പ്രസ്താവ്യമാണ്.
അന്താരാഷ്ട്ര തലത്തില്‍ അമേരിക്കക്ക് ഉണ്ടായിരുന്ന മുന്‍കൈ നഷ്ടപ്പെടുത്തുന്നതിനാണ് ഒബാമയുടെ ചെയ്തികള്‍ വഴിവെച്ചതെന്നും അത് വീണ്ടെടുക്കാന്‍ ബുഷിന്റെ രാഷ്ട്രീയ നയം ആവര്‍ത്തിക്കുകയാണ് പരിഹാരമെന്നും റോംനി സൂചിപ്പിക്കുന്നു. ഇരുപത്തൊന്നാം നൂറ്റാണ്ട് അമേരിക്കയുടേതാക്കി മാറ്റാനുള്ള പദ്ധതികളാണ് തന്റെ കയ്യിലുള്ളതെന്ന് അവകാശപ്പെടുന്ന റോംനി സൈനികവും, സാമ്പത്തികവുമായ മുന്നേറ്റമാണ് അതിന്റെ മാര്‍ഗമെന്നും വിശദീകരിക്കുന്നു.

സൈനിക ചെലവുകള്‍ വര്‍ധിപ്പിക്കുക വഴിയാണ് മേല്‍പറഞ്ഞ നേട്ടങ്ങള്‍ പൂര്‍ത്തീകരിക്കുകയെന്ന് റോംനി വ്യക്തമാക്കുന്നു. മുപ്പത് ബില്യണ്‍ ഡോളര്‍ സൈനികാഭിവൃദ്ധിക്കായി ചെലവഴിക്കുകയും, ഒരു ലക്ഷത്തോളം സൈനികരെ നിയമിക്കുകയും ചെയ്യണമെന്നതാണ് അദ്ദേഹത്തിന്റെ കണ്ടെത്തല്‍. ഇറാനുമായി ബന്ധപ്പെട്ട വിഷയത്തിലെ തന്റെ നിലപാട് റോംനി വ്യക്തമാക്കുന്നത് ഇപ്രകാരമാണ് ‘ഒബാമ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടാല്‍ ഇറാന്‍ ആണവായുധ പരീക്ഷണം പൂര്‍ത്തീകരിക്കും. മീറ്റ് റോംനിയെ നിങ്ങള്‍ തെരഞ്ഞെടുത്താല്‍ അത് നടക്കില്ല’. മാത്രമല്ല, ഇറാന് മേല്‍ അന്താരാഷ്ട്ര സമൂഹത്തിന്റെ ഒത്താശയോടെയോ, അവരുടെ അഭാവത്തില്‍ ഒറ്റക്ക് തന്നെയോ കൂടുതല്‍ സാമ്പത്തിക ഉപരോധങ്ങള്‍ നടപ്പാക്കുമെന്നും റോംനി പ്രഖ്യാപിച്ച് കഴിഞ്ഞു.

ചുരുക്കത്തില്‍ താന്‍ പ്രസിഡന്റായാല്‍ ബുഷ് ഭരണത്തിന്റെ മൂന്നാം പതിപ്പായിരിക്കുമെന്ന വ്യക്തമായ സൂചനയാണ് അമേരിക്കന്‍ ജനതക്ക് മീറ്റ് റോംനി നല്‍കുന്നത്. റോംനിയുടെ തീരുമാനങ്ങള്‍ ഇത്ര കടുത്തതാവുന്നതിന് കാരണവുമുണ്ട്. ബുഷ് ഭരണകാലത്ത് പ്രവര്‍ത്തിച്ചിരുന്ന വ്യക്തികളാണ്് അദ്ദേഹത്തിന്റെ വൈദേശിക രാഷ്ട്രീയ വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്നത്.

അമേരിക്കന്‍ ജനതയെ സംബന്ധിച്ചിടത്തോളം മീറ്റ് റോംനി തന്റെ സംവാദത്തില്‍ വാതോരാതെ സംസാരിച്ച ഈ വിഷയങ്ങള്‍ പ്രസക്തമേയല്ല. തലകത്തുമ്പോള്‍ മലകത്തുന്നതിനെക്കുറിച്ച് ആരും വേവലാതിപ്പെടില്ലല്ലോ. കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടയില്‍ തങ്ങളെ വരിഞ്ഞ് മുറുക്കിയ സാമ്പത്തിക പ്രതിസന്ധി, ക്രമാതീതമായി വര്‍ധിച്ച തൊഴിലില്ലായ്മ, ഗണ്യമായി പെരുകിക്കൊണ്ടിരിക്കുന്ന കടം, പുതിയ സാമ്പത്തിക വര്‍ഷത്തിലെ ബജറ്റിനെകുറിച്ച് അമേരിക്കന്‍ കോണ്‍ഗ്രസ്സിനകത്ത് തന്നെയുള്ള വിവാദങ്ങള്‍ തുടങ്ങിയ നൂറകണക്കിന് പ്രശ്‌നങ്ങള്‍ കൊണ്ട് കഷ്ടപ്പെടുകയാണ് അവര്‍. എന്നാല്‍ ഇവയെല്ലാം തീര്‍ത്തും അവഗണിക്കുന്ന നിലപാടാണ് റോംനി തന്റെ സംവാദത്തിലുടനീളം സ്വീകരിച്ചിരിക്കുന്നത്.

സ്ഥാനാര്‍ത്ഥികളുടെ സംവാദത്തില്‍ നിന്ന് അമേരിക്കയൊഴികെയുള്ള, ആഗോള സമൂഹത്തിന് ലഭിക്കുന്ന ചില സന്ദേശങ്ങളുണ്ട്. സ്ഥാനാര്‍ത്ഥികള്‍ ഇരുവരും എല്ലാ വിഷയങ്ങളിലും വിയോജിച്ച് പ്രകടിച്ചപ്പോള്‍ തന്നെ, ഐക്യകണ്‌ഠേനെ യോജിച്ച ഒരു കാര്യമുണ്ട്. ഇസ്രായേലിനോടുള്ള കൂറിന്റെ കാര്യത്തിലാണത്. അതായത് അമേരിക്കയുടെ രാഷ്ട്രീയത്തില്‍ ഇസ്രായേല്‍ വിധേയത്വമൊഴികെ മറ്റെല്ലാം മാറിയിരിക്കുന്നു. അക്കാര്യത്തില്‍ പരസ്പരം മല്‍സരിക്കുകയാണ് ഇരു സ്ഥാനാര്‍ത്ഥികളും.

തെരഞ്ഞെടുപ്പ് ചൂട് പിടിച്ചതോടെ ഇസ്രായേലിന്റെ സുരക്ഷക്കായി പുതിയ നിയമം നടപ്പാക്കി കാലം നോക്കി കൃഷി നടത്തിയിരിക്കുകയാണ് പ്രസിഡന്റ്് ബറാക് ഒബാമ. ശത്രുക്കളുടെ റോക്കറ്റ് ആക്രമണങ്ങളെ പ്രതിരോധിക്കുന്ന ഇസ്രായേലിന്റെ ‘ഇരുമ്പ് മേല്‍ക്കൂര’യെന്ന പദ്ധതിക്ക് എഴുപത് മില്യണ്‍ ഡോളര്‍ മാറ്റിവെച്ചുകഴിഞ്ഞു അദ്ദേഹം. മാത്രമല്ല, ഇസ്രായേല്‍ പ്രതിരോധ മന്ത്രിയടക്കം ഒട്ടേറെ ഉന്നത വ്യക്തിത്വങ്ങളെ സ്വീകരിച്ചാനയിച്ച്, അവരുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു അദ്ദേഹം.
 
ഇക്കാര്യത്തില്‍ റോംനി, ഒബാമക്ക് ഒരുപടി മുന്നിലാണ്. തെരഞ്ഞെടുപ്പില്‍ വിജയിക്കുന്ന പക്ഷം താന്‍ പ്രഥമമായി സന്ദര്‍ശിക്കുന്ന തലസ്ഥാന നഗരി തെല്‍അബീബായിരിക്കുമെന്നാണ് അദ്ദേഹത്തിന്റെ ആദ്യപ്രഖ്യാപനം. എന്നല്ല ഏറ്റവും ഒടുവില്‍ ഇസ്രായേല്‍ സന്ദര്‍ശിച്ച അദ്ദേഹം ജൂതന്മാരുടെ സംസ്‌കാരം ഫലസ്തീനികളേക്കാള്‍ ഉന്നതമാണെന്ന് വെടിപൊട്ടിക്കുകയും ചെയ്തു. ഖുദ്‌സിനെ ഇസ്രായേലിന്റെ തലസ്ഥാനമാക്കി മാറ്റാന്‍ സഹകരിക്കുമെന്നും, ഇറാനെതിരായ യുദ്ധത്തില്‍ ഇസ്രായേലിന്റെ കൂടെ നില്‍ക്കുമെന്നും അയാള്‍ കരാര്‍ ചെയ്തു കഴിഞ്ഞു.

കേവലം രണ്ട് ശതമാനം യഹൂദികള്‍ മാത്രമാണ് അമേരിക്കയില്‍ ഉള്ളത് എന്നിരിക്കെ എന്ത് കൊണ്ട് ഈ ജൂതപ്രീണനം എന്നത് സുപ്രധാന ചോദ്യമാണ്. ഇതിന്റെ പിന്നിലെ കാരണം രാഷ്ട്രീയ നിരീക്ഷകരെ സംബന്ധിച്ചിടത്തോളം അത്ര രഹസ്യമല്ല. ‘ഇസ്രായേല്‍ ലോബിയും, അമേരിക്കന്‍ വിദേശ രാഷ്ട്രീയവും’ എന്ന ഇതിനകം പ്രശസ്തമായിക്കഴിഞ്ഞ ഗ്രന്ഥം (ഹാര്‍വാര്‍ഡ് സര്‍വകലാശാലയിലെയും, ചിക്കാഗോ സര്‍വകലാശാലയിലെയും രണ്ട് പ്രൊഫസര്‍മാര്‍ ചേര്‍ന്ന് രചിച്ചത്) അവ വ്യക്തമാക്കാന്‍ പര്യാപ്തമാണ്. അമേരിക്കന്‍ ഭരണകൂടത്തിലും, കോണ്‍ഗ്രിസ്സിലും മാത്രമല്ല, അമേരിക്കന്‍ പൊതു അഭിപ്രായം രൂപീകരിക്കുന്നതില്‍ വരെ ജൂത ലോബി നിര്‍ണായക പങ്ക് വഹിക്കുന്നുവെന്ന് ഗ്രന്ഥം സൂചിപ്പിക്കുന്നു. AIPAC, WINEP, ADL, CUFI, ZAO, IPF, JINSA, MEF തുടങ്ങിയ സംഘടനകളെല്ലാം ഇത്തരത്തില്‍ ഇസ്രായേലിന് വേണ്ടി നേരിട്ടോ, പരോക്ഷമായോ പ്രവര്‍ത്തിക്കുന്നവയാണ്. മാത്രമല്ല, ഇസ്രായേലിനെ പിന്തുണക്കുന്നവര്‍ക്കാവശ്യമായ ഫണ്ട് നല്‍കുന്ന മറ്റ് പല സംഘടനകളും, പുറമെ സജീവമായി പ്രവര്‍ത്തിക്കുന്ന വ്യക്തികളും അവിടെയുണ്ട്.  

ഇസ്രായേലിന്റെ നെറികെട്ട രാഷ്ട്രീയത്തെ അമേരിക്ക പിന്തുണക്കുന്നുവെന്ന് മാത്രമല്ല, ഈ ലോബി കൊണ്ടുള്ള നേട്ടം. മറിച്ച് സങ്കല്‍പിക്കാനാവാത്ത സാമ്പത്തിക സഹായം ഇസ്രയേലിന് ലഭിക്കാന്‍ ഇവര്‍ കാരണമാവുന്നു. 2005-ല്‍ മാത്രം അമേരിക്ക ഇസ്രായേലിന് നല്‍കിയ (തിരിച്ച് നല്‍കേണ്ടാത്ത) കടം 150 ബില്യണ്‍ ഡോളറാണ്.
വര്‍ഷാവര്‍ഷം ഓരോ ഇസ്രായേല്‍ പൗരനും 500 ഡോളര്‍ വീതം യു എസ് സഹായം പറ്റിക്കൊണ്ടിരിക്കുന്നുവെന്നത് മറ്റൊരു കണക്ക്. ഇസ്രായേലിനെ വിമര്‍ശിക്കുന്ന അന്താരാഷ്ട രക്ഷാ സമിതിയുടെ 32 തീരുമാനങ്ങള്‍ 1982-ന് ശേഷം അമേരിക്ക റദ്ദാക്കിയതും ഈ അവിഹിത ബന്ധത്തിന്റെ ഭാഗമാണ്. അന്താരാഷ്ട്ര രക്ഷാസമിതിയുടെ ചരിത്രത്തിലെ ആകെ സംഭവിച്ച മറ്റ് വീറ്റോകളെക്കാള്‍ കൂടുതലാണ് ഇത്.

അമേരിക്കന്‍ ജനതയെ മുന്നില്‍ നിര്‍ത്തി, തങ്ങളുടെ സ്വാര്‍ത്ഥ താല്‍പര്യങ്ങളും, നെറികെട്ട രാഷ്ട്രീയ നയങ്ങളും പിന്തുണക്കുന്ന ഒരു നേതൃത്വത്തെ ഇസ്രയേല്‍ തെരഞ്ഞടുക്കുന്ന സംവിധാനമാണ് അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ്. ഈയര്‍ത്ഥത്തില്‍ നിലവിലുള്ള ഇസ്രായേല്‍ ഭരണകൂടത്തിനും, ഇസ്രായേല്‍ എന്ന അതിര്‍ത്തിയില്ലാ രാഷ്ട്രത്തിന് തന്നെയും മുതല്‍കൂട്ടാവുക മീറ്റ് റോംനി തെരഞ്ഞെടുക്കപ്പെട്ടാലാണ്. അകത്ത് കത്തിയും പുറത്ത് ഭക്തിയും പ്രകടിപ്പിക്കുന്ന കപടനയമാണ് ഒബാമയുടേതെന്ന ആരോപണം ഇസ്രായേല്‍ വൃത്തങ്ങളില്‍ നിന്ന് ഉയര്‍ന്ന് വരുന്ന സാഹചര്യത്തില്‍ പ്രത്യേകിച്ചും.

ഇസ്രായേല്‍ ലോബിയുടെ സ്വാധീനത്തിന് വശംവദരായി അമേരിക്കന്‍ ജനത റോംനിയെ തെരഞ്ഞെടുക്കുന്നുവെങ്കില്‍ അദ്ദേഹത്തിന്റെ തീവ്ര വിദേശ രാഷ്ട്രീയ നയത്തില്‍ അവര്‍ തൃപ്തരാണ് എന്നര്‍ത്ഥം. ലോകത്തെ മറ്റ് രാഷ്ട്രങ്ങളുമായി സഹകരണ നിലപാട് സ്വീകരിക്കാന്‍ തങ്ങളാഗ്രഹിക്കുന്നില്ല, മറിച്ച് ലോകത്താകമാനം തങ്ങള്‍ക്ക് ശത്രുക്കളെ സൃഷ്ടിച്ച ബുഷ് ഭരണമാണ് തങ്ങള്‍ക്ക് വേണ്ടതെന്നും അവര്‍ പ്രഖ്യാപിക്കുന്നു. യുദ്ധവും കലഹവും നിറഞ്ഞ, അസ്ഥിരമായ അന്തരീക്ഷമായിരിക്കും അത് കൊണ്ട് വരിക. അഫ്ഗാനില്‍ നിന്നും, ഇറാഖില്‍ നിന്നും തങ്ങളുടെ മക്കളുടെ (അമേരിക്കന്‍ സൈനികര്‍) മൃതദേഹങ്ങള്‍ വഹിച്ച് സൈനിക വിമാനങ്ങള്‍ പറന്ന് വന്നത് പോലെ ഇറാനില്‍ നിന്നും ഫലസ്തീനില്‍ നിന്നും അമേരിക്കന്‍ ജനതക്ക് പ്രതീക്ഷിക്കാം.
 

Related Articles