Current Date

Search
Close this search box.
Search
Close this search box.

ഇവര്‍ക്ക് ആര്‍ഷ സംസ്‌കാരത്തിന്റെ പ്രാതിനിധ്യമോ?

‘ജ്ഞാനി ഈ സ്ഥൂല ശരീരത്തെ വെച്ചു സൂക്ഷിപ്പാന്‍ ഉദ്യമിക്കരുത്. അതിന്ന് ആഗ്രഹിക്ക പോലുമരുത്. അയാള്‍ കരുത്തനാകണം. ഈ പ്രപഞ്ചം വീണു തകര്‍ന്നാലും സത്യത്തെ അനുഗമിക്കണം. ഓരോരോ ഇഷ്ട പ്രസ്ഥാനങ്ങളെ പിന്തുടരുന്നവര്‍ക്ക് ഇതൊരിക്കലും സാധ്യമല്ല. ഇത് ഒരായുഷ്‌കാലത്തെ പണിയാണ്. പോരാ, ശതായുഷ്‌കാലങ്ങളിലെ പണിയാണ്.’ (സ്വാമി വിവേകാനന്ദന്‍. വിവേകാനന്ദ സാഹിത്യ സര്‍വസ്വം. 441/4) ഹിന്ദുമത പരിഷ്‌കര്‍ത്താവും പ്രചാരകനും ആദരണീയനുമായിരുന്ന വിവേകാനന്ദ സ്വാമികളുടെ ഈ പ്രഭാഷണ ശകലം കേട്ടപ്പോള്‍, സ്വാഭാവികമായും, അദ്ദേഹം പ്രചാരണം ചെയ്ത മൂല്യങ്ങളുടെ സംരക്ഷകരെന്നവകാശപ്പെട്ടു കൊണ്ട് ഭാരതത്തില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന ചിലരുടെ ഇതപര്യന്തമുള്ള പ്രവര്‍ത്തനങ്ങളാണ് സ്മൃതി പദത്തിലേക്കോടിയെത്തിയത്.

ഈ വിശുദ്ധാശയങ്ങളുടെ അനുയായികള്‍ ഈ നാട്ടില്‍ സുരക്ഷിതരല്ലെന്ന്, കാടിളക്കി പ്രചാരണം നടത്തിയ ഇവരായിരുന്നു, യഥാര്‍ത്ഥത്തില്‍, ഹിന്ദുത്വത്തിനെതിരെ നടന്നതെന്ന് വിധിയെഴുതപ്പെട്ടിരുന്ന പല ഭീകരപ്രവര്‍ത്തനങ്ങളുടെയും കടിഞ്ഞാണ്‍ പിടിച്ചിരുന്നതെന്ന് തെളിഞ്ഞതോടെ, പലരും ജയിലിലായി, മറ്റു പലരും ഒളിവിലുമായി. ഒരാള്‍ക്ക് നൈമിഷികമായ ആത്മ ദര്‍ശനം ലഭിച്ചപ്പോള്‍, തത്ത പറയും പോലെ, അദ്ദേഹം സത്യം തുറന്നു പറഞ്ഞു. പക്ഷെ, ഈ ദര്‍ശനം അല്പായുസ്സുള്ളതാകയാല്‍, തുറന്നു പറഞ്ഞ സത്യമെല്ലാം തിരുത്തി പറയുവാന്‍ അദ്ദേഹത്തിന്ന് യാതൊരു വൈമനസ്യവുമുണ്ടായില്ല. ജനങ്ങളെ ആത്മീയതയിലേക്ക് നയിച്ചു കൊണ്ടിരുന്ന അദ്ദേഹം ഇപ്പോള്‍ ജയിലില്‍ കഴിയുകയാണ്. അന്വേഷണങ്ങള്‍ മുറുകിയപ്പോള്‍, മുമ്പ് ശത്രുക്കളുടെ കണക്കില്‍ എഴുതിവെച്ചിരുന്ന പല സ്‌ഫോടനങ്ങളുടെയും അമരക്കാര്‍ ഈ ‘സത്യ സംരക്ഷകരാ’ണെന്ന ഞെട്ടിക്കുന്ന യാഥാര്‍ത്ഥ്യം പുറത്തു വരാന്‍ തുടങ്ങുകയായിരുന്നു. സ്വാഭാവികമായും, ഇത് ജനങ്ങളെ ഞെട്ടിപ്പിച്ചു കളഞ്ഞു.
മുമ്പെ വീണ്ടും സ്‌ഫോടനത്തിനിരയായി. അന്വേഷണോദ്വോഗസ്ഥര്‍ സടകുടഞ്ഞെഴുനേറ്റു. അന്വേഷണം ‘മുറക്ക്’ തന്നെ നടന്നു. സാധാരണ പോലെ, ‘ഹര്‍കത്തുല്‍ മുജാഹിദീന്‍’, ഇന്ത്യന്‍ മുജാഹിദീന്‍’, ‘ലഷ്‌കറെ ത്വയ്യിബ’ തുടങ്ങിയ പേരുകള്‍ പുറത്തു വരാന്‍ തുടങ്ങി. ഇവരുടെ പ്രവര്‍ത്തകരെയും ഇവരെ അറിയുന്നവരെയുമെല്ലാം തെരഞ്ഞു പിടിച്ചു ചോദ്യം ചെയ്തു കൊണ്ടിരിക്കുകയാണ്. എല്ലാം, ‘ആര്‍ഷഭാരത സംരക്ഷക‘രുടെ ശത്രുക്കള്‍! പൂര്‍വ കാല ഊഹങ്ങളാണടിസ്ഥാനം. പക്ഷെ, അജ്മീറും, മലേഗാവിലും മറ്റും സ്‌ഫോടനം നടത്തിയവരുടെ നേരെ സംശയമുനകള്‍ നീളുന്നില്ല. അതിനാല്‍, അത് പോരാ, അവരിലേക്കു കൂടി അന്വേഷണം വ്യാപിപ്പിക്കണമെന്ന് ഒരു ദേശീയ നേതാവ് പറഞ്ഞു പോയി. അതോടെ, ‘ആര്‍ഷഭാരത സംരക്ഷകര്‍’ അയാള്‍ക്കെതിരെ രംഗത്തു വന്നു. ആര്‍. എസ്. എസ് വക്താവ് രവി ശങ്കര്‍ പ്രസാദ് വാര്‍ത്താ സമ്മേളനം വിളിച്ചു തന്നെ അയാളെ കശക്കി. ആര്‍. എസ്. എസ് ദേശഭക്തിയുള്ള സ്സംഘടനയാണെന്ന് പറായുന്നതില്‍ തനിക്കഭിമാനമുണ്ടെന്നും, അവര്‍ ബോമ്പുട്ടാക്കിയതിന്ന് തെളിവില്ലെന്നും അദ്ദേഹം തുറന്നടിച്ചു. അപ്പോള്‍, അജ് മീര്‍, മലേഗാവ്, സംത്സോധാ എക്‌സ്പ്രസ്സ് സ്‌ഫോടനങ്ങളെ കുറിച്ച് മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചു. ‘തെറ്റു ചെയ്തവരാരായാലും ശിക്ഷിക്കപ്പെടണ’മെന്നായിരുന്നു ഇയാളുടെ മറുപടി.
പിന്നീടങ്ങോട്ട്, അത്ഭുതങ്ങളുടെ ശൃംഖല തന്നെയാണ് ഭാരതീയന്നു കാണാനായത്. ഒരിക്കലും വെളിച്ചം കാണുകയില്ലെന്ന് വിശ്വസിക്കപ്പെട്ടിരുന്ന ഭീകര രഹസ്യങ്ങള്‍ ഒന്നൊന്നായി പുറത്തു വരാന്‍ തുടങ്ങി. ഏതെല്ലാം സ്‌ഫോടനങ്ങളുടെ പേരില്‍ മുസ്‌ലിം ചെറുപ്പക്കാര്‍ കൂട്ടിലടക്കപ്പെട്ടുവോ, ഏതെല്ലാം ക്രൂരഹത്യകളുടെ പേര്‍ പറഞ്ഞു പാവപ്പെട്ട ഭാരതീയരെ തെറ്റിദ്ധരിപ്പിച്ചുവോ, അവയുടെയെല്ലാം സൂത്രധാരകര്‍, ആര്‍ഷഭാരതത്തിന്റെ ഈ ‘സംരക്ഷകര്‍’ തന്നെയെന്നു കണ്ടു പിടിക്കപ്പെട്ടു. ഇപ്പോള്‍, ഒന്നൊന്നായി ജയിലിലടക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്. പക്ഷെ, അവരിപ്പോഴും തലയുയര്‍ത്തിപ്പിടിച്ചു കൊണ്ട്, തങ്ങളുടെ ‘സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍’ നടത്തിക്കൊണ്ടിരിക്കുന്നു. അവസാനം, ഇന്ത്യയുടെ ആഭ്യന്തര മന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡേ തന്നെ, ഇവരെ കുറിച്ച് കിട്ടിക്കൊണ്ടിരിക്കുന്ന ഭീകര റിപ്പോര്‍ട്ടുകളെ കുറിച്ചു സൂചിപ്പിച്ചു. അപ്പോഴെക്കും, എല്ലാം മറന്നു വീണ്ടും ഇവര്‍ രംഗത്തു വന്നിരിക്കുന്നു, ഇയാളെ മന്ത്രിയാകാന്‍ കൊള്ളുകയില്ലെന്നും പുറത്താക്കണമെന്നും പ്രധാന മന്ത്രിയും കോണ്‍ഗ്രസ്സ് പ്രസിഡന്റ്‌റും മാപ്പുപറയണമെന്നും ആവശ്യപ്പെട്ടു കൊണ്ട്.
ഇത് കേള്‍ക്കുമ്പോള്‍, ഭാരതീയ മനസാക്ഷി ചോദിച്ചുപോവുകയാണ്: എന്തിനാണീ വെപ്രാളം? അന്വേഷണം വ്യാപിപ്പിക്കട്ടെ. തെറ്റു ചെയ്തവര്‍ മാത്രമായിരിക്കുമല്ലോ ശിക്ഷിക്കപ്പെടുക!
പക്ഷെ, പ്രശ്‌നം അതല്ല. സ്വാമി വിവേകാനന്ദന്‍, ഇതിന്റെ പിന്നിലെ രഹസ്യം തുറന്നു കാണിച്ചിട്ടുണ്ട്: ‘ഓരോരോ ഇഷ്ട പ്രസ്ഥാനങ്ങളെ പിന്തുടരുന്നവര്‍ക്ക് ഇതൊരിക്കലും സാധ്യമല്ല‘.
സ്വാമി വിവേകാനന്ദനെ പോലുള്ള മഹാത്മാക്കള്‍, ആയുഷ്‌കാലം മുഴുവന്‍ ചെലവൊഴിച്ചു കെട്ടിപ്പടുത്തു സംരക്ഷിച്ചു പോന്ന ആര്‍ഷ സംസ്‌കാരത്തിന്റെ സംരക്ഷകരെന്നവകാശപ്പെട്ടു പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന ഇവരുടെ വാക്കുകളും പ്രവര്‍ത്തികളും ആത്മാര്‍ത്ഥമായി വിലയിരുത്തുന്നവര്‍ക്കൊരു സത്യം വെളിപ്പെടും: ആര്‍ഷസംസ്‌കാരത്തിന്നു വേണ്ടിയല്ല ഇവര്‍ പ്രവര്‍ത്തിക്കുന്നത്. സത്യത്തിന്നു വേണ്ടിയല്ല ഇവര്‍ നിലകൊള്ളുന്നത്. പ്രത്യുത, മറ്റെന്തോ ഗൂഢലക്ഷ്യങ്ങള്‍ക്ക് വേണ്ടിയാണ്.

Related Articles