Current Date

Search
Close this search box.
Search
Close this search box.

ഇറാന്‍ – സൗദി ശീതയുദ്ധത്തില്‍ ഫലം കൊയ്യുന്നതാര്?

മിഡിലീസ്റ്റ് ഒരു ശീതയുദ്ധത്തിനാണിപ്പോള്‍ സാക്ഷ്യം വഹിക്കുന്നത്. സൗദി – ഇറാന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ അത് അല്‍പാല്‍പമായി ചൂടുപിടിക്കുകയാണ്. അതിന്റെ മുന്നോടിയാണ് നയതന്ത്രബന്ധം വിച്ഛേദിച്ചതും വിമാന സര്‍വീസുകള്‍ നിര്‍ത്തിയതും. പ്രദേശത്തെ യുദ്ധങ്ങളില്‍ ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തിലത് പ്രതിഫലിക്കും. സിറിയയിലും യമനിലും മാത്രമല്ല, പ്രദേശത്തെ ഒന്നടങ്കം അത് ബാധിക്കും.

ഐഎസിനെതിരെയുള്ള യുദ്ധത്തിന് പ്രാദേശികതലത്തിലും അന്താരാഷ്ട്രതലത്തിലും കാര്യമായ പരിഗണന ലഭിച്ചിട്ട് ഏതാനും ആഴ്ച്ചകള്‍ മാത്രമേ ആയിട്ടുള്ളൂ. അപ്രകാരം സിറിയന്‍ ഭരണകൂടത്തിനും സായുധ പ്രതിപക്ഷത്തിനും ഇടയില്‍ രണ്ടാഴ്ച്ചക്കിടയില്‍ നടക്കുമെന്ന് കരുതിയിരുന്ന അനുരഞ്ജന ചര്‍ച്ചകളെ കുറിച്ച പ്രതീക്ഷകളും ആവിയായിരിക്കുകയാണ്. തെരെഞ്ഞെടുപ്പിനും പുതിയ ഭരണഘടന രൂപീകരിക്കുന്നതിനും മുന്നോടിയായി ദേശീയ ഐക്യസര്‍ക്കാര്‍ രൂപീകരിക്കാനും അതിന്റെ അധികാരങ്ങള്‍ നിര്‍ണയിക്കുന്നതിനും ചര്‍ച്ചകള്‍ നടത്താനാണ് ധാരണയായിരുന്നത്. രാഷ്ട്രീയ പരിഹാരം അതിന്റെ അന്തിമ ഘട്ടത്തിലായിരുന്നു എന്ന് വേണമെങ്കില്‍ പറയാവുന്ന അവസ്ഥയില്‍ നിന്നാണ് പഴയ അവസ്ഥയിലേക്ക് സിറിയന്‍ പ്രശ്‌നം മടക്കപ്പെട്ടിരിക്കുന്നത്.

ഇറാനെതിരെ നയതന്ത്രം ശക്തിപ്പെടുത്തുന്നതിനും സുന്നികളെ അണിനിരത്തുന്നതിനുമുള്ള ബോധപൂര്‍വമായ ശ്രമമാണ് സൗദി നടത്തുന്നത്. സിറിയയില്‍ റഷ്യയുമായുള്ള സഖ്യത്തിലൂടെയുണ്ടാക്കിയ നയതന്ത്ര നേട്ടങ്ങളും അതിനെ തുടര്‍ന്ന് പ്രദേശത്ത് അവരുണ്ടാക്കിയ മുന്നേറ്റവും നിലനിര്‍ത്തുന്നതിന് ഒരു വെടിനിര്‍ത്തലിന് സന്നദ്ധമാവുന്ന അവസ്ഥയിലാണ് ഇറാനുള്ളത്. യമനില്‍ തങ്ങളുടെ എതിരാളികളായ സൗദിയെ കരുക്കള്‍ നീക്കാനും ഗള്‍ഫ് നാടുകളിലെ ശിയാ ന്യൂനപക്ഷങ്ങളെ സമ്മര്‍ദവും വെല്ലുവിളിയുമായി മാറ്റാനും അവര്‍ക്ക് സാധിച്ചു. ആഭ്യന്തരമായി പ്രശ്‌നങ്ങള്‍ സൃഷ്ടിച്ച് ‘നിര്‍ണായക കൊടുങ്കാറ്റി’ല്‍ നിന്ന് ശ്രദ്ധ തിരിക്കുന്നതിനായിരിക്കാം അത്.

ആണവ ഉടമ്പടിയിലൂടെ ഇറാന്‍ കൈവരിക്കുന്ന നേട്ടങ്ങള്‍ ഇല്ലാതാക്കാനുള്ള തന്ത്രപരമായ നീക്കങ്ങളാണ് സൗദിയുടെ ഭാഗത്തു നിന്നും ഉണ്ടാവുന്നത്. ആണവ ഉടമ്പടിയിലൂടെ ഇറാന് മേലുണ്ടായിരുന്ന ഉപരോധം എടുത്തുമാറ്റപ്പെടുകയും ‘ഭീകരര്‍’ എന്നതിന് പകരം ‘അംഗീകൃത’ ശക്തിയായി അന്താരാഷ്ട്ര സമൂഹത്തിലേക്ക് അവര്‍ മടങ്ങി വരികയും ചെയ്യും. പുതുവര്‍ഷം പകുതിയാകുന്നതോടെയുള്ള ഇറാന്റെ ഈ മടക്കം അന്താരാഷ്ട്ര ക്രൂഡ് ഓയില്‍ മാര്‍ക്കറ്റിലേക്കുള്ള മടക്കം കൂടിയാണ്. മരവിപ്പിക്കപ്പെട്ടു കിടന്നിരുന്ന കോടിക്കണക്കിന് ഡോളറുകള്‍ വീണ്ടെടുക്കപ്പെടുകയും റഷ്യയില്‍ നിന്നും ചൈനയില്‍ നിന്നും അത്യാധുനിക ആയുധങ്ങള്‍ അവര്‍ വാങ്ങിക്കുകയും ചെയ്യും.

പ്രസ്തുത നീക്കങ്ങളില്‍ പ്രധാനമായ ഒന്നാണ് കഴിഞ്ഞ ശനിയാഴ്ച്ച സൗദി നടപ്പാക്കിയ ബാഖിര്‍ അന്നിംറിന്റെ വധശിക്ഷ. അതിനോടുള്ള പ്രതികരണമായി സൗദി എംബസിക്കും കോണ്‍സുലേറ്റിനും നേരെയുണ്ടായ ആക്രമണം പ്രസ്തുത തന്ത്രം വിജയിച്ചു എന്നാണ് വ്യക്തമാക്കുന്നത്. ഇറാന്‍ ആ കെണിയില്‍ അകപ്പെടുകയായിരുന്നു. എന്നാല്‍ തങ്ങളുടെ താല്‍പര്യങ്ങള്‍ക്കായി വിഭാഗീയതയുടെ കാര്‍ഡ് ഇറക്കി കളിക്കുന്നതില്‍ ഇറാന്‍ നിരപരാധിയല്ലെന്നും നാം മനസ്സിലാക്കണം.

ഇറാനെ പ്രകോപിപ്പിക്കുക എന്ന സൗദിയുടെ തന്ത്രം വിജയിച്ചിരിക്കുന്നു. എരിഞ്ഞു കൊണ്ടിരുന്ന വിഭാഗീയതയുടെ അഗ്നിയിലേക്ക് അത് കൂടുതല്‍ എണ്ണ ചൊരിയുകയും ചെയ്തു. എന്നാല്‍ ഇറാനെതിരെ സുന്നി ഭരണകൂടങ്ങളെയെല്ലാം അണിനിരത്തുന്നതില്‍ അവര്‍ക്ക് വിജയിക്കാനായില്ല. ഒരാഴ്ച്ച മുമ്പ് മാത്രം സൗദിയുമായി നയതന്ത്ര സഹകരണ സമിതിയുണ്ടാക്കിയ തുര്‍ക്കി അവരുടെ എംബസി അടക്കുകയോ തെഹ്‌റാനില്‍ നിന്ന് അംബാസഡറെ തിരിച്ചു വിളിക്കുകയോ ചെയ്തിട്ടില്ല. ആ വിവാദത്തില്‍ നിന്ന് അകന്ന് നിന്ന അവര്‍ ആ ദിശയില്‍ നിന്ന് മുഖം തിരിച്ചിരിക്കുകയാണ്. സൗദിക്കും ഇറാനുമിടയില്‍ മധ്യസ്ഥത ശ്രമം നടത്താനുള്ള സന്നദ്ധതയാണ് തുര്‍ക്കി പ്രകടിപ്പിച്ചിട്ടുള്ളത്. ഇറാനുമായി ബന്ധം വിച്ഛേദിക്കാന്‍ തയ്യാറാവാത്ത മറ്റൊരു രാഷ്ട്രമാണ് ജി.സി.സിയിലെ സ്ഥാപക അംഗമായ കുവൈത്ത്. തെഹ്‌റാനിലെ തങ്ങളുടെ അംബാസഡറെ വിളിച്ചു വരുത്തി കൂടിയാലോചന നടത്തുന്നതില്‍ അവര്‍ ഒതുക്കി. ബഹ്‌റൈന്‍ ചെയ്ത പോലെ ഇറാന്‍ അംബാസഡറെ പറഞ്ഞുവിടുകയോ എംബസി അടച്ചു പൂട്ടുകയോ അവര്‍ ചെയ്തില്ല. യു.എ.ഇ ചെയ്ത പോലെ നയതന്ത്ര ബന്ധം വെട്ടിചുരുക്കാനും അവര്‍ തയ്യാറായില്ല.

അറബ് ഗള്‍ഫ് ലോകത്തു നിന്നുണ്ടാ നിരാശാജനകമായ പ്രതികരണം രണ്ട് കാല്‍വെപ്പുകള്‍ കൂടി നടത്താന്‍ സൗദിയെ പ്രേരിപ്പിച്ചിരിക്കുകയാണ്. ശനിയാഴ്ച്ച റിയാദില്‍ ജി.സി.സി. പ്രധാനമന്ത്രിമാരുടെ അടിയന്തിര യോഗം വിളിച്ചു ചേര്‍ക്കാന്‍ നല്‍കിയിരുന്ന നിര്‍ദേശമാണ് അതിലൊന്ന്. ഇറാനെതിരെ അറബ് ഗള്‍ഫ് ശക്തികളെ ഒരുമിച്ചു ചേര്‍ക്കുന്നതിന് അറബ് ലീഗ് ആസ്ഥാനമായ കെയ്‌റോയില്‍ അതിന്റെ യോഗം ചേരാനും സൗദി നിര്‍ദേശം വെച്ചിട്ടുണ്ട്.

വിഭാഗീയമായ ഈ സംഘടിപ്പിക്കലിന്റെ നേട്ടം കൊയ്യുന്നത് സൗദിയുടെയും ഇറാന്റെയും പക്ഷത്തെ തീവ്രചിന്താഗതിക്കാരാണ്. അതുണ്ടാക്കുന്ന അപകടത്തെ കുറിച്ച് നല്ല ബോധ്യമുള്ള ബുദ്ധിമാന്‍മാരും മിതനിലപാടുകാരുമാണ് പരാജയപ്പെടുന്നത്. അതുണ്ടാക്കുന്ന ദുരന്തത്തെ വിലയിരുത്തിയവരാണവര്‍. വിഭാഗീയതയുടെ പേരില്‍ പ്രതികാരത്തിന് പ്രേരിപ്പിച്ചു കൊണ്ടുള്ള പ്രവര്‍ത്തനങ്ങളെ കുറിച്ച് ഇറാന്‍, സൗദി വാര്‍ത്താ മാധ്യമങ്ങളില്‍ നിരീക്ഷിക്കുന്നവര്‍ക്ക് ബോധ്യപ്പെടുന്ന കാര്യമാണ്.

സിറിയന്‍ പ്രശ്‌നത്തിന് രാഷ്ട്രീയ പരിഹാരം കണ്ടെത്താനുള്ള ശ്രമം ഏറ്റവും പിന്നിലേക്ക് തള്ളപ്പെട്ടിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷത്തിന്റെ പകുതി മുതല്‍ അതിന് വേണ്ടി നടത്തിയ ശ്രമങ്ങള്‍ കാറ്റില്‍ പറന്നിരിക്കുന്നു. സൗദി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിറിയന്‍ പ്രതിപക്ഷത്തെയും അതിന്റെ തീരുമാനങ്ങളെയും നിര്‍ണയിക്കുന്ന പ്രധാന ശക്തി സൗദിയാണ്. സൗദിയുടെ നിര്‍ദേശമനുസരിച്ച് അവര്‍ തങ്ങളുടെ നിലപാടുകള്‍ ഒന്നുകൂടി കടുപ്പിക്കും. അതോടൊപ്പം അവര്‍ക്ക് അത്യാധുനിക ആയുധങ്ങളും സൗദി വാഗ്ദാനം ചെയ്യും.

പ്രദേശത്തെ വിഭാഗീയതയുടെ ഈ ശീതയുദ്ധം ഐഎസിനും അല്‍ഖാഇദക്കും കൂടുതല്‍ കരുത്ത് പകരുകയാണ് ചെയ്യുക. സുന്നികള്‍ക്കൊപ്പം നിലകൊള്ളാനുള്ള പ്രേരണകള്‍ ഐഎസിന് ലഭിക്കുന്ന ഇറാഖിലും സിറിയയിലുമുള്ള സുന്നികളുടെ പിന്തുണ വര്‍ധിപ്പിക്കുകയും ചെയ്യും. ഇസ്‌ലാമിക ലോകത്തു നിന്നും ആളുകള്‍ അതിലേക്ക് ഒഴുകുന്നതിനും അത് കാരണമായി മാറും.

സുന്നികള്‍ക്കും ശിയാക്കള്‍ക്കുമിടയിലെ ഒരു വിഭാഗീയ യുദ്ധത്തിന്റെ വക്കിലാണ് പ്രദേശമിപ്പോള്‍ ജീവിക്കുന്നത്. അങ്ങനെയൊരു യുദ്ധത്തിന് തിരികൊളുത്തപ്പെട്ടാല്‍ ഭരണകൂടങ്ങളെയത് തൂത്തെറിയുകയും അതിരുകള്‍ മാറ്റിവരക്കപ്പെടുകയും ചെയ്യും. വിപ്ലവങ്ങളില്‍ നിന്നും വിഭജനത്തില്‍ നിന്നും സംരക്ഷിക്കപ്പെട്ടതെന്ന് നാം കരുതിയിരുന്ന രാഷ്ട്രങ്ങള്‍ വിഭജിക്കപ്പെടുകയും ചെയ്യും.

മൊഴിമാറ്റം: നസീഫ്

Related Articles