Current Date

Search
Close this search box.
Search
Close this search box.

ഇറാന്‍ ആണവചര്‍ച്ച നീട്ടിയതിന്റെ ലാഭനഷ്ടങ്ങള്‍

ഇറാന്റെ ആണവ താല്‍പര്യങ്ങളെ സംബന്ധിച്ച ചര്‍ച്ചക്കുള്ള ‘ഡെഡ്‌ലൈന്‍’ കഴിഞ്ഞ ദിവസം വിയന്നയില്‍ അവസാനിച്ചത് ഏഴു മാസത്തിന് ശേഷമുള്ള മറ്റൊരു ‘ഡെഡ്‌ലൈന്‍്’ അനുവദിച്ചു കൊണ്ടായിരുന്നു. ഒരു പക്ഷേ മൂന്നാമത്തെയും നാലാമത്തെയുമെല്ലാം ഡെഡ്‌ലൈനുകള്‍ ഇനി ഉണ്ടായേക്കാം. കഴിഞ്ഞ പത്തുവര്‍ഷത്തോളമായി നടക്കുന്ന മുഖം രക്ഷിക്കാനുള്ള നടപടികളില്‍ കവിഞ്ഞ മറ്റൊന്നും അതിലില്ല. നിശ്ചയിച്ച സമയത്തിനുള്ളില്‍ ആവശ്യപ്പെട്ട / ആഗ്രഹിച്ച വിട്ടുവീഴ്ചകള്‍ക്ക് ഇരു കക്ഷികളും തയ്യാറാവാത്തിനാല്‍ ഒരു അന്തിമ കരാറിലെത്തുന്നതില്‍ പരാജയപ്പെട്ടു.

ലാഭ നഷ്ടങ്ങളുടെ കോണിലൂടെ ഈ പരാജയത്തെ വിലയിരുത്തുമ്പോള്‍ ഇരു കൂട്ടര്‍ക്കും നഷ്ടമോ ലാഭമോ ഇല്ലെന്ന് കാണാം. കാരണം നീട്ടിക്കിട്ടിയ ഏഴുമാസം കൂടി കാര്യങ്ങള്‍ പഴയ അവസ്ഥയില്‍ തുടരും. അതുകൊണ്ട് ഇറാന് ചില നേട്ടങ്ങളുണ്ടാക്കാന്‍ സാധിച്ചേക്കാം. ഒരു കൂടി വിശദമായിപറഞ്ഞാല്‍ യൂറേനിയം സമ്പുഷ്ടീകരണം യാതൊരു കുറവുമില്ലാതെ തുടരും. സമ്പുഷ്ടീകരിച്ച യുറേനിയത്തിന്റെ ശേഖരം ഇറാനില്‍ സുരക്ഷിതമായ സ്ഥാനത്ത് നിലകൊള്ളുകയും ചെയ്യും. തീര്‍ച്ചയായും അതിലേക്ക് പുതുതായി കൂട്ടിചേര്‍ക്കുകയും ചെയ്യും. അറാക് ഘനജല ആണവ നിലയത്തിന്റെ പ്രവര്‍ത്തനങ്ങളും തുടരും.

ഇറാനുണ്ടാകുന്ന നഷ്ടം അതിന് മേല്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന സാമ്പത്തി ഉപരോധം തുടരുന്നതാണ്. അത് കാര്യമായി ബാധിച്ചിരിക്കുന്നത് പെട്രോളിയം മേഖലയെയാണ്. ഏകദേശം 13 വര്‍ഷമായി തുടരുന്ന ഉപരോധം ഇറാന്റെ സാമ്പത്തിക നിലയെ തളര്‍ത്തിയിട്ടുണ്ട്. അത് ഇറാന്റെ പുരോഗതിയെ കാര്യമായി ബാധിക്കുകയും ഇറാന്‍ ജനതയുടെ പ്രയാസത്തെ ഇരട്ടിപ്പിക്കുകയും ചെയ്യുന്നു.

കഴിഞ്ഞ മൂന്ന് വര്‍ഷത്തോളമായി 100 ഡോളറിന് താഴെ പോകാത്ത പെട്രോളിയം വില ബാരലിന് 80 ഡോളറിന് താഴെയെത്തിയിരിക്കുന്ന ഈ അവസ്ഥയില്‍ ഉപരോധം ഏഴു മാസം കൂടി തുടര്‍ന്നാല്‍ ഇറാന്റെ സാമ്പത്തിക പ്രതിസന്ധി കൂടുതല്‍ പ്രയാസകരവും സങ്കീര്‍ണവുമായി മാറും. ഇറാന്റെ സാമ്പത്തിക ബജറ്റിന് വലിയ ഭാരമായിരിക്കും അതുണ്ടാക്കുക. വരുമാനത്തില്‍ വരുന്ന കുറവിനൊപ്പം സിറിയയിലും ലബനാനിലും ഭാഗികമായി ഇറാഖിലും സഖ്യകക്ഷികളുടെ യുദ്ധത്തിന് വേണ്ടി പണം നിരന്തരം ഒഴുക്കേണ്ടി വരുന്നതും സാമ്പത്തിക വരള്‍ച്ചക്ക് കാരണമാകും.

വിയന്നയില്‍ നടന്ന ചര്‍ച്ച കൊണ്ട് ശ്രദ്ധേയമായ ഇളവ് ഇറാന് ലഭിച്ചിരിക്കുന്നുവെന്നത് ശരിയാണ്. അമേരിക്കന്‍ ബാങ്കുകളിലുള്ള മരവിപ്പിക്കപ്പെട്ടിരിക്കുന്ന സമ്പത്തില്‍ നിന്ന് ഓരോ മാസവും 700 ദശലക്ഷം ഡോളര്‍ അനുവദിക്കുമെന്നുള്ളതാണത്. എന്നാല്‍ ഇറാന്റെ ആവശ്യങ്ങളുമായി തട്ടിച്ചു നോക്കുമ്പോള്‍ ഇതത്ര വലിയ സംഖ്യയൊന്നുമല്ല എന്നതാണ് കാര്യം.

അന്തിമ ഉടമ്പടിയിലെത്തിയാല്‍ ഒറ്റയടിക്ക് ഉപരാധം എടുത്തു കളയാന്‍ തയ്യാറല്ല, ഉപരോധം നീക്കുന്നത് ഘട്ടംഘട്ടമായിട്ടായിരിക്കും. ചര്‍ച്ചയില്‍ ഇറാനെ പ്രതിനിധീകരിക്കുന്നവര്‍ ഇത് അംഗീകരിച്ചില്ലെന്നുമാണ് വിയന്നയിലെ ചര്‍ച്ചയുടെ ഇടനാഴിയില്‍ നിന്ന് ചോര്‍ന്നു കിട്ടിയ വിവരം. അടച്ചിട്ട മുറിയില്‍ ഏഴുദിവസത്തോളം നീണ്ടു നിന്ന ചര്‍ച്ചയുടെ കൂടുതല്‍ വിശദാംശങ്ങള്‍ വരും നാളുകളില്‍ പുറത്തുവരും. വിയോജിപ്പുകള്‍ സാങ്കേതിക കാര്യങ്ങളില്‍ മാത്രമല്ലെന്ന് നമുക്ക് കിട്ടിയിട്ടുള്ള ചുരുങ്ങിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വളരെ വ്യക്തമാണ്. രാഷ്ട്രീയ നയതന്ത്ര കാര്യങ്ങളെ ചുറ്റിപറ്റി മാത്രമാണത്. സിറിയ ഇറാഖ് വിഷയങ്ങളും ഇസ്രയേലിനോടുള്ള ഇറാന്റെ സമീപനവും ഹിസ്ബുല്ലക്കും ഫലസ്തീനിലെ പോരാട്ട ഗ്രൂപ്പുകളായ ഹമാസിനും അല്‍-ജിഹാദുല്‍ ഇസ്‌ലാമിക്കും നല്‍കുന്ന പിന്തുണയുമെല്ലാം അതുമായി ബന്ധപ്പെട്ട രാഷ്ട്രീയ കാര്യങ്ങളാണ്.

ചുരുക്കത്തില്‍ പാശ്ചാത്യ നാടുകളുടെ പിന്തുണയോടെ അമേരിക്കന്‍ ഭരണകൂടം ഇറാനുമായി ചര്‍ച്ച തുടരാന്‍ താല്‍പര്യപ്പെടുന്നു. പ്രദേശത്തെ അവഗണിക്കാനാവാത്ത ഒരു ശക്തിയായി ഇറാനെ അംഗീകരിക്കുകയും ചെയ്യുന്നു. ചര്‍ച്ചയില്‍ വളരെയേറെ പുരോഗതിയുണ്ടായിട്ടുണ്ടെന്നാണ് വ്യക്തമാകുന്നത്. വിയോജിപ്പുകളിലെ അന്തരം കുറഞ്ഞിരിക്കുന്നുവെന്നും, അന്തിമായ ഒരുടമ്പടിയില്‍ എത്തുമെന്നുമുള്ള ശുഭ പ്രതീക്ഷയാണ് ചര്‍ച്ചകള്‍ അവസാനിച്ച ശേഷം ഇറാന്‍ പ്രസിഡന്റ് റൂഹാനി പങ്കുവെച്ചിരിക്കുന്നത്.

തങ്ങള്‍ക്ക് നന്നായി വശമുള്ള തന്ത്രങ്ങളും കൗശലങ്ങളുമെല്ലാം കഴിഞ്ഞ പത്തുവര്‍ഷമായി ഇറാന്‍ പയറ്റുന്നുണ്ട്. അമേരിക്കന്‍ സൈനിക ഭീഷണി അവരെ ഭയപ്പെടുത്തുന്നില്ല. അടുത്ത ഏഴ് മാസത്തെ കാലയളവില്‍ ഈ രീതിക്ക് മാറ്റം വരുമെന്ന് കരുതേണ്ടതില്ല. മുപ്പത് വര്‍ഷത്തെ അമേരിക്കന്‍- പാശ്ചാത്യ സാമ്പത്തിക ഉപരോധത്തിന് മുന്നില്‍ അവര്‍ക്ക് പിടിച്ചു നില്‍ക്കാന്‍ അവര്‍ക്ക് സാധിച്ചെങ്കില്‍, ഏതാനും മാസങ്ങള്‍ കൂടി പിടിച്ചു നില്‍ക്കുക അത്ര പ്രയാസമൊന്നുമല്ല.

ചര്‍ച്ചകള്‍ ഇറാനിനെയും പടിഞ്ഞാറിനെയും കൂടുതല്‍ അടുപ്പിച്ചിട്ടുണ്ട്. നേരത്തെയുള്ള സഖ്യങ്ങളായ റഷ്യയെയും ചൈനയെയും ഒഴിവാക്കാതെ തന്നയിത് സാധിച്ചു. എന്നാല്‍ ഈ രാഷ്ട്രീയ നയതന്ത്ര നീക്കത്തില്‍ അറബികളുടെ നിലപാടെന്താണെന്നതാണ് ഉയര്‍ന്നു വരുന്ന ചോദ്യം.

മൊഴിമാറ്റം : നസീഫ്‌

Related Articles