Current Date

Search
Close this search box.
Search
Close this search box.

ഇറാന്‍ ആണവകരാര്‍ രഹസ്യധാരണകളെ ഉള്‍ക്കൊള്ളുന്നുവോ?

മധ്യപൗരസ്ത്യ നാടുകളുമായി ബന്ധപ്പെട്ട സുപ്രധാന വിഷയങ്ങളില്‍, പ്രത്യേകിച്ചും സിറിയയുടെ കാര്യത്തില്‍ എന്തെങ്കിലും രഹസ്യ നയതന്ത്ര ധാരണകളെ ഇറാന്‍ ആണവ കരാര്‍ ഉള്‍ക്കൊള്ളുന്നുണ്ടോ? അതിനുള്ള മറുപടിയാണ് ബ്രിട്ടീഷ് പാര്‍ലമെന്റിന് മുന്നില്‍ ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ഫിലിപ്പ് ഹേമന്‍ഡ് പറഞ്ഞു വെച്ച വാചകം. ‘അസദ് ഭരണകൂടത്തെ താഴെയിറക്കുന്നതില്‍ ഞങ്ങള്‍ക്ക് താല്‍പര്യമില്ല’ എന്ന് പറഞ്ഞ അദ്ദേഹം ഭരണ വ്യവസ്ഥ തകര്‍ന്നാല്‍ നാം പ്രതീക്ഷിക്കുന്ന ഫലങ്ങള്‍ നേടാനാവില്ലെന്നും ഭരണകൂടത്തിന്റെ അടിസ്ഥാന ഘടന നിലനിര്‍ത്തി മിതവാദി സംഘങ്ങളെ ഉള്‍ക്കൊള്ളിച്ച് രാഷ്ട്രീയ മാറ്റം നടത്തുകയാണ് അതിന് വേണ്ടതെന്നും കൂട്ടിചേര്‍ക്കുകയും ചെയ്തു. ലിബിയയിലെയും ഇറാഖിലെയും തെറ്റ് അവിടെ ആവര്‍ത്തിക്കാതിരിക്കല്‍ അനിവാര്യമാണെന്നും അദ്ദേഹം ആണയിട്ടു.

അമേരിക്കന്‍ ഭരണകൂടത്തിന്റെ ഭാഗത്തു നിന്നും പച്ചകൊടി ലഭിച്ച് അവരുടെ അംഗീകാരം ലഭിച്ചാലല്ലാതെ ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ഇങ്ങനെയൊരു പ്രസ്താവന നടത്തില്ല. ബ്രിട്ടനും യുനൈറ്റഡ് സ്റ്റേറ്റ്‌സിനും ഇടയിലെ നയതന്ത്ര ബന്ധത്തെ കുറിച്ച് ധാരണയുള്ളവര്‍ക്ക് കൂടുതല്‍ തലപുണ്ണാക്കാതെ തന്നെ മനസ്സിലാകുന്ന കാര്യമാണത്.

സിറിയന്‍ ഭരണകൂടത്തെ താഴെയിറക്കണമെന്ന് യഥാര്‍ത്ഥത്തില്‍ അമേരിക്കയും സഖ്യകക്ഷികളും ഉദ്ദേശിച്ചിരുന്നുവെങ്കില്‍ ഇറാനുമായി ആണവകരാര്‍ ഒപ്പുവെക്കാന്‍ അവര്‍ നിര്‍ബന്ധിതരാവില്ലായിരുന്നു. ഇറാന് മേലുള്ള ഉപരോധം ഒഴിവാക്കി ആണവരാഷ്ട്രമായി അതിനെ അംഗീകരിച്ച് നല്ലബന്ധം കാത്തുസൂക്ഷിക്കേണ്ട ആവശ്യവും ഉണ്ടായിരുന്നില്ല. ഇങ്ങനെയല്ലാതെ ഒരാള്‍ വിശ്വസിക്കുന്നുവെങ്കില്‍ അവന് അമേരിക്കയെയോ പടിഞ്ഞാറിനെയോ കുറിച്ച് അറിയില്ലെന്ന് പറയേണ്ടി വരും. പഴയതും പുതിയതുമായ അന്താരാഷ്ട്ര ബന്ധങ്ങളെ കുറിച്ചും അവന് ധാരയുണ്ടായിരിക്കില്ല.

അമേരിക്കയുടെ നയങ്ങളെന്നത് അവരുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ച് മാറുന്നതാണ്. അല്ലാതെ ഗോത്രങ്ങള്‍ക്കിടയിലെ വിരോധം പോലെയോ വ്യക്തികള്‍ക്കിടയിലെ പക പോലെയോ നിലനില്‍ക്കുന്ന ഒന്നല്ല അത്. കടുത്ത ഉപരോധം ഏര്‍പ്പെടുത്തിയും സൈനികമായി ആക്രമിക്കുമെന്ന ഭീഷണി ഉയര്‍ത്തിയും ഇറാനിലെ ഭരണമാറ്റത്തിന് അമേരിക്ക ശ്രമിച്ചിരുന്നു. എന്നാല്‍ ഇറാന്‍ തങ്ങളുടെ നിലപാടില്‍ ഉറച്ചു നിന്ന് സൈനിക ശേഷി വിപുലപ്പെടുത്തുകയും ആണവകാര്യത്തില്‍ വളരെ തന്ത്രപരമായി കളിക്കുകയും ചെയ്തു.

അമേരിക്കന്‍ ഭരണകൂടം സിറിയന്‍ സായുധ പ്രതിപക്ഷത്തെ പിന്തുണച്ചത് ജനാധിപത്യത്തോടോ മനുഷ്യാവകാശങ്ങളോടോ ഉള്ള അവരുടെ പ്രേമം കൊണ്ടല്ല. സിറിയന്‍ ജനതയോടുള്ള കാരുണ്യത്തിന്റെ പേരിലുമല്ല അവരത് ചെയ്തത്. പത്ത് ലക്ഷം ഇറാഖികളെ കൊന്നൊടുക്കിയവര്‍ക്ക് മൂന്ന് ലക്ഷം സിറിയക്കാര്‍ കൊലചെയ്യപ്പെട്ടത് അത്രവലിയ സംഭവമല്ലല്ലോ. ആറ് ദശലക്ഷം ഫലസ്തീനികള്‍ ആട്ടിയോടക്കപ്പെട്ടപ്പോള്‍ അതിനെ ആശീര്‍വദിച്ചവര്‍ക്ക് അഞ്ച് ലക്ഷം സിറിയന്‍ അഭയാര്‍ഥികളുടെ കാര്യത്തില്‍ കരയാനാവില്ല. അമേരിക്ക അറബികളെയും അവരുടെ സമ്പത്തും മാധ്യമങ്ങളെയും സിറിയയില്‍ ഒരുമിച്ച് കൂട്ടിയത് ഇറാന് മേല്‍ സമ്മര്‍ദം സൃഷ്ടിക്കാനായിരുന്നു. ആണവകരാറിലെത്തിയതോടെ മുഖം തുടച്ച് വലിച്ചെറിയുന്ന ടിഷ്യൂ പേപ്പര്‍ പോലെ അറബ് സഖ്യങ്ങളെ കൈവെടിയുകയും ചെയ്തു.

ഭരണകൂട സംവിധാനങ്ങള്‍ നിലനിര്‍ത്തണമെന്നും ഇറാഖിലെയും ലിബിയയിലെയും തെറ്റുകള്‍ ആവര്‍ത്തിക്കരുതെന്നും പറയുന്നവരുടെ ഉദ്ദേശ്യം സിറിയന്‍ ഭരണകൂടത്തിന്റെ നിയമസാധുതക്കുള്ള വഴിയൊരുക്കലാണ്. അതിലൂടെ അവരുമായുള്ള ബന്ധം മെച്ചപ്പെടുത്താനുമാണ് ഉദ്ദേശിക്കുന്നത്. പേന കൊണ്ടുള്ള ഒരു വരയിലൂടെ ഇറാന്‍ ഭീകരരാഷ്ട്രമല്ലാതായത് പോലെയാണത്. ശേഷം പ്രദേശത്തെ മിക്ക വിഷയങ്ങളിലും സഹകരിക്കേണ്ട വന്‍ശക്തിയായി അവര്‍ മാറി.

പ്രദേശത്തിന്റെ ഭാവി സഖ്യങ്ങള്‍ പരിശോധിക്കുമ്പോള്‍ അവഗണിക്കാനാവാത്ത രണ്ട് സുപ്രധാന കാര്യങ്ങളുണ്ട്. സിറിയന്‍ വിഷയത്തിലുള്ള ഐക്യരാഷ്ട്രസഭയുടെ പ്രത്യേക ദൂതന്‍ സ്റ്റെഫാന്‍ ഡി മിസ്റ്റുറ തെഹ്‌റാനില്‍ എത്തിയതാണ് ഒന്നാമത്തെ കാര്യം. ഇറാന്‍ വിദേശകാര്യമന്ത്രി ജവാദ് ള്വരീഫും സഹമന്ത്രി ഹുസൈന്‍ അമീര്‍ അബ്ദുലിഹ്‌യാനുമായും അദ്ദേഹം കൂടിക്കാഴ്ച്ച നടത്തി സിറിയന്‍ പ്രതിസന്ധി ചര്‍ച്ച ചെയ്യുകയും ചെയ്തു. രാഷ്ട്രീയ പരിഹാരത്തിനാണ് ചര്‍ച്ചയില്‍ അദ്ദേഹം ഊന്നല്‍ നല്‍കിയത്. സിറിയന്‍ വിഷയത്തിലുള്ള ജനീവ സമ്മേളനത്തില്‍ ഇറാനെ ഹാജരാക്കുന്നതിനെ കുറിച്ച് സംസാരിച്ചതിനാലാണ് തന്റെ മുന്‍ഗാമി അഖ്ദര്‍ ഇബ്‌റാഹീമി പരാജയപ്പെട്ടതെന്ന സൂചനയും അദ്ദേഹം നല്‍കി.

കുര്‍ദ് സംരക്ഷണ പോരാളികളുടെ ഓഫീസര്‍ എ.എഫ്.പിയോട് നടത്തിയ വെളിപ്പെടുത്തലാണ് രണ്ടാമത്തെ കാര്യം. സിറിയന്‍ സൈന്യത്തിനും അമേരിക്കന്‍ നേതൃത്വത്തിലുള്ള സഖ്യത്തിനും ഇടയില്‍ സഹകരണമുണ്ടെന്നും അതിന് മധ്യവര്‍ത്തികളായി നിലകൊള്ളുന്നത് കുര്‍ദുകളാണെന്നുമാണ് കുര്‍ദ് ഓഫീസര്‍ പറഞ്ഞത്. ഏതാനും ദിവസങ്ങള്‍ മുമ്പ് സിറിയയുടെ വടക്ക് കിഴക്കന്‍ പ്രദേശമായ ഹസ്‌കയില്‍ ഐസിസിനെതിരെ ആക്രമണം നടത്തുന്ന അമേരിക്കന്‍ വിമാനങ്ങള്‍ക്കൊപ്പം സിറിയന്‍ വിമാനങ്ങള്‍ കാണപ്പെടുകയും ചെയ്തിട്ടുണ്ട്. ഇത്തരത്തിലൊരു സഹകരണത്തെ നിഷേധിച്ച് മിഡിലീസ്റ്റിലെ അമേരിക്കന്‍ സൈനിക വക്താവ് കുര്‍തിസ് കെലോഗ് രംഗത്ത് വന്നിരുന്നു. എന്നാല്‍ അദ്ദേഹവും അദ്ദേഹത്തിന്റെ നേതാക്കളും പറയുന്നത് കള്ളമാണെന്നാണ് ഭൂമിയില്‍ നടക്കുന്ന സംഭവവികാസങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നത്. ഇറാഖിലെ വിനാശകാരികളായ മാരകായുധങ്ങളെ കുറിച്ച അവരുടെ കളവ് നാം മറന്നിട്ടില്ല.

ഇറാന്‍ കേവലം ഒരു രാഷ്ട്രമല്ല. മറിച്ച് ഒരു പ്രസ്ഥാനമാണ്. ആ പ്രസ്ഥാനത്തെ ശക്തിപ്പെടുത്തുന്ന പ്രധാന ഘടകമാണ് സിറിയ. അതുകൊണ്ട് തന്നെ ഉപരോധത്തിന്റെ കുരുക്കില്‍ നിന്ന് ഇറാന്‍ മോചിതമാകുന്നതോടെ സിറിയയും അതില്‍ നിന്ന് പുറത്തു കടക്കുകയെന്നത് സ്വാഭാവികമാണ്. അറബ് സമ്മര്‍ദവും അമേരിക്കയുടെ ഭീഷണിയും വകവെക്കാതെ നാല് വര്‍ഷമായി യുദ്ധം ചെയ്യുന്ന ഭരണകൂടവും അതിന്റെ ഭരണാധികാരിയും സ്വാഭാവികമായും അതില്‍ നിന്ന് പുറത്തുകടക്കും.

മുന്‍ഗണനാ ക്രമത്തില്‍ മാറ്റം വരുത്തിയ പോലെ അമേരിക്ക സഖ്യങ്ങളെയും മാറ്റിയിരിക്കുന്നു. സിറിയന്‍ ഭരണകൂടത്തെ താഴെയിറക്കുക എന്നത് ഇപ്പോള്‍ അവരുടെ അജണ്ടയില്‍ മുന്നിലുള്ള കാര്യമല്ല. അതിന് ആഗ്രഹമില്ലാഞ്ഞിട്ടല്ല മറിച്ച് അതിന് സാധിക്കാത്തതു കൊണ്ടാണ്. അവരുടെ കാഴ്ച്ചപ്പാടില്‍ നിലവില്‍ ഏറ്റവും വലിയ ഭീഷണി ‘ഇസ്‌ലാമിക് സ്റ്റേറ്റാണ്’. ഇക്കാര്യത്തില്‍ കാര്യമായ പങ്ക് വഹിക്കാന്‍ സാധിക്കുക സിറിയന്‍ സൈന്യത്തിനാണെന്ന് അവര്‍ വിശ്വസിക്കുന്നു. അറബ് സഖ്യങ്ങളിലുള്ള പ്രതീക്ഷ നഷ്ടപ്പെട്ടതും അങ്കാറയില്‍ ഭരണകൂടത്തിന് മേലുള്ള ഉര്‍ദുഗാന്റെ പിടുത്തം ദുര്‍ബലമായതും അതിന് കാരണമാണ്.

മൊഴിമാറ്റം: നസീഫ്‌

Related Articles