Current Date

Search
Close this search box.
Search
Close this search box.

ഇറാന്റെ ആണവഭീഷണി അവസാനിച്ചുവോ?

iran.jpg

ഇറാന്റെ ഭീഷണികളെക്കുറിച്ച് ഈയടുത്ത് കാലത്ത് ആരെങ്കിലും കേട്ടിട്ടുണ്ടോ എന്നറിയില്ല. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ലോകത്തൊന്നടങ്കം ചര്‍ച്ച അതിനെക്കുറിച്ചായിരുന്നുവല്ലോ. ലോകം അതിന്റെ പേരില്‍ ഇടക്കിടെ എഴുന്നേല്‍ക്കുകയും ഇരിക്കുകയും ചെയ്തു. രാഷ്ട്രീയ നിരീക്ഷകര്‍ ഇറാന്‍ യഥാര്‍ത്ഥ ഭീഷണിയാണെന്നും, അല്ലെന്നും അഭിപ്രായപ്പെട്ട് സംവാദങ്ങള്‍ നടത്തി. അതുമായി ബന്ധപ്പെട്ട് തന്നെ ചിലര്‍ ഭരണകൂടത്തോട് കൂറ് പ്രഖ്യാപിക്കുകയും, ചിലര്‍ ഭരണകൂടത്തില്‍ നിന്ന് പിന്തുണ പിന്‍വലിക്കുകയും ചെയ്തു. ഇവയെല്ലാം ഇളക്കിവിട്ട് അന്തരീക്ഷത്തില്‍ പൊടിപറത്തിയത് ബിന്‍യാമീന്‍ നെതന്യാഹുവായിരുന്നു.

അതത്ര വലിയ ഭീഷണിയായിരുന്നില്ല എന്നതാണ് വസ്തുത. നെതന്യാഹുവിനെ പിന്തുണക്കുന്ന പത്രപ്രവര്‍ത്തകരെല്ലാം പ്രസ്തുത ഭീഷണിയെ പര്‍വതീകരിച്ച് ലേഖനങ്ങളെഴുതി. ഇസ്രായേലിന്റെ ആരംഭം മുതല്‍ അഭിമുഖീകരിച്ചിട്ടുള്ള ഏറ്റവും വലിയ ഭീഷണികളിലൊന്നാണിതെന്ന് അവര്‍ ചിത്രീകരിച്ചു. ഇതിന്റെ പേരില്‍ അമേരിക്കയോടോ, മറ്റാരോട് തന്നെയോ കലഹിക്കേണ്ടതുണ്ടെങ്കില്‍ അപ്രകാരം ചെയ്യണമെന്നും, അവസരങ്ങളുടെ കവാടങ്ങള്‍ ഒന്നൊന്നായി അടഞ്ഞുകൊണ്ടിരിക്കുകയാണെന്നും അവര്‍ അച്ചുനിരത്തി. ഇത് തീരുമാനമെടുക്കേണ്ട സമയമാണ്, നിങ്ങള്‍ ഞങ്ങള്‍ക്ക് വേണ്ടി സംസാരിച്ച് കൊള്ളണമെന്നില്ല, കാരണം ഇത് ഞങ്ങളുടെ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയമാണ് എന്നൊക്കെയാണ് അവര്‍ എഴുതിപ്പിടിപ്പിച്ചത്.

പ്രസ്തുത ഭീഷണികളും, അതിനെക്കുറിച്ച ചൂടേറിയ വാഗ്വാദവും പൊടുന്നനെ അപ്രത്യക്ഷമായി എന്നതാണ് അല്‍ഭുതം. ഇറാന്റെ വിഷയത്തില്‍ യാതൊരു പ്രശ്‌നവുമില്ല എന്ന് എനിക്ക് അഭിപ്രായമില്ല. എന്നല്ല, ഗുരുതരമായ പ്രശ്‌നങ്ങളുണ്ട് എന്ന അഭിപ്രായവുമുണ്ട്. ഇറാന്‍ തങ്ങളുടെ ആണവസമ്പുഷ്ടീകരണ പദ്ധതിയുമായി മുന്നോട്ട് പോവുന്ന കാലത്തോളം അസ്വസ്ഥതക്കും, വേവലാതിക്കും നൂറുകൂട്ടം കാരണങ്ങളുണ്ട് എന്നത് തന്നെയാണ് സത്യം. അതിനെ നേരിടേണ്ട വിധത്തില്‍ നേരിടേണ്ടതുമുണ്ട്. എന്നാല്‍ അവസരങ്ങള്‍ തീര്‍ന്നുകൊണ്ടിരിക്കുന്നു, സമയം അവസാനിക്കാറായിരിക്കുന്നു, എല്ലാം പൊടുന്നനെ, വളരെ വേഗത്തില്‍ ചെയ്ത് തീര്‍ക്കേണ്ടതുണ്ട് എന്ന് തുടങ്ങിയ നിര്‍ദ്ദേശങ്ങളും, അത് മുഖേന സൃഷ്ടിക്കപ്പെടുന്ന അരക്ഷിതാവസ്ഥയും, അസ്ഥിരതയുമാണ് നാമിവിടെ സൂചിപ്പിക്കുന്നത്.

ഇറാന്റെ അപകടത്തിന്റെ തോതിനെക്കുറിച്ച് എനിക്ക് കൃത്യമായി അറിവില്ല. പക്ഷെ, അതിനെക്കുറിച്ച് പരസ്യമായി അന്വേഷിക്കാന്‍ ഭരണകൂടത്തിലെ ഉത്തരവാദപ്പെട്ടവര്‍ക്ക് തന്റേടമില്ല എന്ന് എനിക്കറിയാം. ഇറാനോ ഇസ്രായേലോ നേതൃത്വം നല്‍കാനിരിക്കുന്ന ലോകക്രമത്തിന്റെ മാറ്റത്തെക്കുറിച്ച തര്‍ക്കങ്ങള്‍ നിരര്‍ത്ഥകമായിരിക്കുന്നു. പകരം ഇസ്രായേല്‍-ഫലസ്തീന്‍ എന്ന പ്രാദേശികതലത്തിലേക്ക് തര്‍ക്കങ്ങളും കലഹങ്ങളും വഴിമാറിയിരിക്കുന്നു. നാം ഇറാനികളോടല്ല ഫലസ്തീനികളോടാണ് യുദ്ധം ചെയ്യുന്നത്. വ്യോമമാര്‍ഗേണ കടന്ന് വരുന്ന നൂതന ആയുധങ്ങളോ, അദൃശ്യമായ റോക്കറ്റുകളുടെ പ്രവാഹത്തെയോ അല്ല, മതിലിനപ്പുറമുള്ള, ഒരു ദരിദ്ര കൊച്ചുരാഷ്ട്രത്തിന്റെ തുരുമ്പിയ ആയുധങ്ങളേയാണ് നാം നേരിടുന്നത്. എല്ലാം വളരെ വ്യക്തമാണ്. നമുക്കും ഫലസ്തീനികള്‍ക്കുമിടയിലെ അസന്തുലിതമായ പോരാട്ടത്തില്‍ നമുക്കിപ്പോള്‍ ആവശ്യമുള്ളത് വിജയത്തിന്റെ നിര്‍വചനം മാറ്റുകയെന്നതാണ്. അങ്ങനെ നാമത് മാറ്റുകയും, ഒടുവില്‍ വിജയിച്ചുവെന്ന് വിലയിരുത്തുകയും, കുടിയേറ്റത്തിനുള്ള പദ്ധതികള്‍ സമര്‍പ്പിക്കുകയും, ലോകത്തെ വെറുപ്പിക്കുകയും ചെയ്യുന്നു.
എങ്ങനെയാണ് ഇതൊക്കെ സംഭവിച്ചത്? ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വഷളത്തരമായിരുന്ന പ്രസ്തുത ഭീഷണികള്‍ എവിടെയാണ് മറഞ്ഞത്?
അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ ഒബാമ വിജയിക്കുകയും, നെതന്യാഹു പിന്തുണച്ച മീറ്റ് റോംനി പരാജയപ്പെടുകയും ചെയ്തപ്പോഴാണ് പ്രസ്തുത ഭീഷണികള്‍ കുഴിച്ച്മൂടപ്പെട്ടത്. നെതന്യാഹുവിന്റെ കാര്യത്തില്‍ ഒബാമ ഇനിയും കൂടുതല്‍ ജാഗ്രത കാണിക്കേണ്ടതുണ്ടെന്നാണ് എന്റെ അഭിപ്രായം. കാരണം ‘ശക്തി’ യാണ് അയാളുടെ ഭാഷ. എന്നല്ല, മറ്റൊരു ഭാഷയും അദ്ദേഹത്തിന് അറിഞ്ഞുകൂടാ. ഇസ്രായേലില്‍ വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ ശക്തി ഉപയോഗിച്ച് കളിതുടങ്ങുകയാണ് അയാള്‍ ചെയ്തത്.
ഫലസ്തീനികള്‍ക്ക് നേരെയുള്ള യുദ്ധകാഹളം മുഴക്കിയെന്നത് തന്നെ മതി അദ്ദേഹത്തെ സ്വന്തം സ്ഥാനത്ത് രണ്ടാമൂഴത്തിലും അവരോധിക്കാന്‍ ന്യായമായി. അപ്രകാരം ചെയ്താല്‍ അദ്ദേഹമെന്നല്ല, മാഡം സിപ്പി ലിവ്‌നിയും, ഈ എഴുതുന്ന ഞാനും ആ സ്ഥാനം കരസ്ഥമാക്കിയേക്കാം.
നമ്മുടെ രാഷ്ട്രീയനേതൃത്വത്തിന്റെയും, മാധ്യമങ്ങളുടെയും കാര്യമാണ് എന്നെ അല്‍ഭുതപ്പെടുത്തുന്നത്. നാം ഭയപ്പെടേണ്ടതുണ്ടെന്ന് നെതന്യാഹു പ്രസ്താവനയിറക്കിയാല്‍ നമ്മുടെ ഞരമ്പുകള്‍ വലിയുകയും, രോമകൂപങ്ങള്‍ എടുത്ത് പിടിക്കുകയും ചെയ്യും. നാം ശാന്തരാവേണ്ടതുണ്ട് എന്ന് യജമാനന്‍ നെതന്യാഹു അരുളിയാല്‍ നാം എല്ലാം നിര്‍ത്തി തലകുനിച്ച് നില്‍ക്കും. ഇസ്രായേലില്‍ ഭരണകൂടത്തിന് പൊതുബോധത്തിന് മേല്‍ നിരുപാധിക അധികാരമാണുള്ളത്.
(തെല്‍അവീവ് യൂനിവേഴ്‌സിറ്റിയിലെ പ്രൊഫസറാണ് ലേഖകന്‍ )

വിവ : അബ്ദുല്‍ വാസിഅ് ധര്‍മഗിരി

Related Articles