Current Date

Search
Close this search box.
Search
Close this search box.

ഇറാഖില്‍ മറ്റൊരു കൊടുങ്കാറ്റ് ആഞ്ഞടിക്കാന്‍ പോകുന്നു

ഇറാഖി ജനതയുടെ രോഷാഗ്നിയെ തണുപ്പിക്കാന്‍ വേണ്ടി വികസന-പരിഷ്‌കരണ പ്രവര്‍ത്തനങ്ങളുടെ ഒരു വലിയ പട്ടിക അടുത്തകാലത്തായി ഇറാഖിന്റെ ശിയാ പ്രധാനമന്ത്രി ഹൈദര്‍ അല്‍അബാദി അവതരിപ്പിച്ചിരുന്നു. ഇതിന് മുമ്പ് 2012-ല്‍ സുന്നി ജനവിഭാഗങ്ങളുടെ വമ്പിച്ച പ്രതിഷേധം ഇറാഖിലുടനീളം പൊട്ടിപുറപ്പെട്ടിരുന്നെങ്കിലും, അബാദിയുടെ മുന്‍ഗാമിയും, ഇപ്പോഴത്തെ വൈസ് പ്രസിഡന്റുമായ നൂരി മാലികി അവയെ അതിക്രൂരമായി അടിച്ചമര്‍ത്തി. സമാധാനപരമായി പ്രതിഷേധ പ്രകടനം നടത്തിയവരെ കൊന്നുതള്ളിയ വിഭാഗീയ വിഷം തീണ്ടിയ മാലികിയുടെ നടപടി, ഇറാഖിലെ സുന്നി ഭൂരിപക്ഷ പ്രവിശ്യകളില്‍ വിപ്ലവാഹ്വാനം മുഴങ്ങുന്നതിലേക്കാണ് നയിച്ചത്. ഇത് പിന്നീട് ഇസ്‌ലാമിക് സ്റ്റേറ്റ് എന്ന് വിളിക്കപ്പെടുന്ന ദാഇഷിന് സര്‍വ്വായുധസജ്ജരായി ഇറാഖിലേക്ക് പുനഃപ്രവേശനത്തിലുള്ള വാതിലുകള്‍ തുറന്ന് കൊടുത്തു. ഇറാഖിലെ ശിയാക്കളുടെ വമ്പിച്ച പിന്തുണയുള്ള ഈ പ്രതിഷേധങ്ങള്‍ക്ക് ഇതിനകം സര്‍ക്കാറിന്റെ ശ്രദ്ധ പിടിച്ചു പറ്റാന്‍ കഴിഞ്ഞിട്ടുണ്ട്. മൂന്ന് ആഴ്ച്ച മുമ്പ് പ്രഖ്യാപിച്ച നവീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഒരുപാട് അധിക സര്‍ക്കാര്‍ പദവികള്‍ റദ്ദു ചെയ്യപ്പെട്ടു. അതില്‍ നൂരി മാലികിയുടെ പങ്കാളിത്തവ്യവസ്ഥ പ്രകാരമുള്ള വൈസ് പ്രസിഡന്റ് സ്ഥാനവും ഉള്‍പ്പെടും. ഉദ്യോഗസ്ഥരുടെയും മന്ത്രിമാരുടെയും അഴിമതിക്ക് കൂച്ചുവിലങ്ങിടുമെന്ന് അബാദി വാഗ്ദാനം ചെയ്തു.

എന്നാല്‍, ഈ നേട്ടങ്ങളുടെ ഗുണഫലങ്ങള്‍ എത്രകാലം നീണ്ടു നില്‍ക്കുമെന്ന കാര്യത്തില്‍ സംശയത്തിനിട നല്‍കുന്ന അസ്വസ്ഥപെടുത്തുന്ന ചില സംഭവങ്ങള്‍ ഈയിടെ അരങ്ങേറുകയുണ്ടായി. തങ്ങള്‍ നടത്തിയ അഴിമതി തുറന്ന് കാണിക്കപ്പെടുമോ, പദവികള്‍ നഷ്ടപ്പെടുമോ എന്ന ഭയം കാരണം ഭീഷണികള്‍ മുഴക്കുന്ന ഉദ്യോഗസ്ഥര്‍ തന്നെയാണ് പ്രധാന പ്രശ്‌നം. രാജ്യത്തിന്റെ പ്രധാനമന്ത്രി പദവി കൈയ്യാളിയിരുന്ന സമയത്ത് നടന്ന കെടുകാര്യസ്ഥതയുടെയും, അഴിമതിയുടെയും പേരില്‍ തന്നെ വിചാരണ ചെയ്യാന്‍ ഏതെങ്കിലും വിധത്തിലുള്ള ശ്രമം നടന്നാല്‍, അത് രാഷ്ട്രീയ കൊലപാതകമടക്കമുള്ള കൊടും കുറ്റകൃത്യങ്ങളില്‍ ഉദ്യോഗസ്ഥര്‍ക്കുള്ള പങ്കിനെ വെളിച്ചത് കൊണ്ടുവരുമെന്ന് അടുത്ത കാലത്ത് മാലികി പ്രസ്താവനയിറക്കിയിരുന്നു. ഈ ഭീഷണികളെയും കുറ്റകൃത്യങ്ങളെയും കുറിച്ച് മാലികിക്ക് അറിയാമെന്നതിനും, മാലികി എല്ലാം അറിഞ്ഞ് കൊണ്ട് നിശബ്ദത പാലിക്കുകയായിരുന്നെന്നുമുള്ളതിന് തെളിവായി കാണുന്നതിന് പകരം, മാലികിയേക്കാള്‍ താരതമ്യേന കുറഞ്ഞ അഴിമതിക്കാരായ ഇറാഖിലെ രാഷ്ട്രീയ വര്‍ഗം അദ്ദേഹത്തിന്റെ ഭീഷണികളെ ഗൗരവത്തിലാണെടുത്തിരിക്കുന്നത്.

കൊലപാതകത്തിന്റെയും ആക്രമണത്തിന്റെയും വിഷയത്തില്‍, ബസ്‌റയില്‍ നടത്താനിരുന്ന പ്രതിഷേധ പ്രകടനങ്ങള്‍, ഇറാന്റെ പിന്തുണയുള്ള ശിയാ സായുധ സംഘങ്ങളില്‍ നിന്നും സംഘാടകര്‍ക്ക് ഭീഷണി നേരിട്ടതിനെ തുടര്‍ന്ന് റദ്ദാക്കിയിരുന്നു. പ്രതിഷേധ പ്രകടനങ്ങളെ സായുധമായി നേരിടുമെന്നായിരുന്നു ഭീഷണി. പ്രതിഷേധങ്ങളെ ഇല്ലാതാക്കാന്‍ സായുധ ഭീകരസംഘങ്ങളെ ഉപയോഗിക്കുന്നത് ശിയാ ജനസാമാന്യം ഒറ്റപ്പെടുത്തപ്പെടുന്നതിന് ഇടയാക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ഈ ശിയാ ജനസാമാന്യത്തെ ആശ്രയിച്ച് കഴിയുന്ന ശിയ അധികാരവൃത്തങ്ങള്‍ക്കാവട്ടെ ഇത്തരം ഭീകരസായുധ മിലീഷ്യകളുമായി വളരെ അടുത്തതും വ്യക്തവുമായ ബന്ധമാണുള്ളത്. സായുധ സംഘത്തിന്റെ കേവല ഭീഷണി കൊണ്ട് ഒരുപാട് പ്രതിഷേധ പ്രകടനങ്ങള്‍ തടസ്സപ്പെടുത്താന്‍ കഴിയും. കാരണം ഈ സായുധ ഭീകരമിലീഷ്യകള്‍ക്ക് ഇറാഖിലെ ജനതയോട് എന്തൊക്കെ ചെയ്യാന്‍ കഴിയുമെന്നതിന് പ്രകടനക്കാര്‍ നേര്‍സാക്ഷികളാണ്. എല്ലാറ്റിനുമുപരി, അനിയന്ത്രിതമായി കൊലചെയ്യപ്പെടുന്ന ഇറാഖിലെ സുന്നികള്‍, തകര്‍ന്നടിഞ്ഞ അവരുടെ ജീവിതം, വാസസ്ഥലം, ഉപജീവനമാര്‍ഗങ്ങള്‍ എന്നിവ സാധാരണക്കാരായ ശിയാക്കള്‍ക്ക് പരിചിതമായ കാഴ്ച്ചകളായിരിക്കും. ഭരണകൂട മാധ്യമങ്ങളേക്കാള്‍ മറ്റു വാര്‍ത്താ സ്രോതസ്സുകള്‍ തേടുന്ന സാധാരണക്കാരായ ശിയാക്കള്‍, തങ്ങളുടെ രാഷ്ട്രീയ പ്രമാണിവര്‍ഗത്തിന്റെ അധാര്‍മിക രാഷ്ട്രീയത്തിന്റെ ഫലമായി രാജ്യത്ത് അരങ്ങേറി കൊണ്ടിരിക്കുന്ന വിഭാഗീയ ചേരിതിരുവുകളില്‍ കടുത്ത അമര്‍ഷവും വേദനയുമുള്ളവരാണ്. അതിലുപരി, അവര്‍ക്ക് നേരെ ഉണ്ടാകാന്‍ ഇടയുള്ള ആക്രമണങ്ങളിലേക്കുള്ള സൂചനയും ഇതിനോടകം വന്നു കഴിഞ്ഞു. ബാബില്‍ പ്രവിശ്യയില്‍ ശിയാക്കള്‍ നടത്തിയ പ്രതിഷേധ പ്രകടനം ബലംപ്രയോഗിച്ച് പിരിച്ചുവിടുന്നതിനിടെ ഏഴ് ആളുകളെ സര്‍ക്കാര്‍ സൈന്യം മാരകമായി മുറിവേല്‍പ്പിച്ചിരുന്നു.

2013-ലുടനീളവും അതിന് ശേഷവും സുന്നി പ്രതിഷേധകരെ കൊന്നുതള്ളുന്നത് ഇറാഖിലെ വിഭാഗീയ സര്‍ക്കാര്‍ നിര്‍ബാധം തുടര്‍ന്നു. അതേസമയം, തങ്ങളുടെ കൂട്ടത്തില്‍പെട്ട ശിയാ ആശയക്കാരുടെ മേല്‍ കൂടിയ അളവില്‍ സൈനികബലപ്രയോഗം നടത്തുന്നത് തങ്ങളുടെ അധികാര സ്ഥാനങ്ങള്‍ നഷ്ടപ്പെടാന്‍ ഇടയാക്കുമെന്ന് അധികാര വര്‍ഗത്തിന് നന്നായി അറിയാം. കഴിഞ്ഞ 12 വര്‍ഷക്കാലം ഇറാഖിലെ സാധാരണ ജനങ്ങളുടെ ചെലവില്‍ തിന്നുമുടിച്ചാണ് അവര്‍ ഇന്ന് കാണുന്ന രൂപത്തില്‍ തടിച്ച് കൊഴുത്തതും, അതിസമ്പന്നമാരായി മാറിയതും. സുന്നി ആശയക്കാരായ പ്രതിഷേധകരെ ഐസിസ് അനുഭാവികളായും, അംഗങ്ങളായും ചിത്രീകരിക്കാന്‍ അവര്‍ക്ക് എളുപ്പം സാധിക്കും. പക്ഷെ, ഭരണകൂടത്തിനെതിരെ പ്രതിഷേധിക്കുന്ന ശിയാ ആശയക്കാരെ കുറിച്ച് ഭരണകൂടം എന്താണ് പറയുക? ഭരണകൂടത്തിനെതിരെ പ്രതിഷേധിക്കുന്ന ശിയാക്കളെല്ലാം തന്നെ വേഷപ്രച്ഛന്നരായ ഐസിസ് തീവ്രവാദികളാണെന്ന് പറയുന്നതും,  അത് ജനങ്ങളെ വിശ്വസിപ്പിക്കുന്നതും അല്‍പ്പം ബുദ്ധിമുട്ടുള്ള കാര്യമാണ്. അങ്ങനെയാണ്, ശിയാക്കളില്‍ നിന്നും കൂടുതല്‍ ഭരണകൂട വിരുദ്ധ പ്രതിഷേധങ്ങള്‍ ഉണ്ടാവാതിരിക്കാന്‍, പ്രതിഷേധ പ്രകടനങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്ന ബുദ്ധികേന്ദ്രങ്ങളെ വധിക്കാന്‍ മിലീഷ്യകളും, ഉദ്യോഗസ്ഥരും ചേര്‍ന്ന് തീരുമാനമെടുക്കുന്നത്. കഴിഞ്ഞ ഒറ്റ ദിവസത്തില്‍ നാല് പ്രതിഷേധ പ്രകടന സംഘാടകരാണ് ഇറാഖിലെ മൂന്ന് പ്രവിശ്യകളിലായി കൊലചെയ്യപ്പെട്ടത്. ബാഗ്ദാദിലെ തന്റെ വീടിന് പുറത്ത് വെച്ചാണ് ഖാലിദ് അല്‍ഉകൈലി വെടിയേറ്റ് വീണത്. അതുപോലെ നസിരിയാ പട്ടണത്തില്‍ താമസിക്കുന്ന മുസ്സല്ലം അറുക്കബി, വലീദ് അതാഈ എന്നിവരും കൊല്ലപ്പെട്ടു. കാറില്‍ സ്ഥാപിച്ചിരുന്ന സ്‌ഫോടക വസ്തുക്കള്‍ പൊട്ടിത്തെറിച്ചാണ് ബസ്‌റയില്‍ വെച്ച് ശൈഖ് സബാഹ് അല്‍കര്‍മൂഷി കൊല്ലപ്പെട്ടത്. വ്യത്യസ്ത രീതിയിലാണ് ഇവരെല്ലാം കൊല്ലപ്പെട്ടതെങ്കിലും, സുന്നി പ്രതിഷേധകരെ പോലെ തന്നെ, ശിയാക്കളില്‍ നിന്നുള്ള ഭരണകൂട വിരുദ്ധ പ്രതിഷേധകരും അവരെ സംബന്ധിച്ചിടത്തോളം വെച്ചുപൊറുപ്പിക്കാന്‍ പാടില്ലാത്തവരാണ്.

തന്റെ വികസന പരിഷ്‌കരണ പ്രവര്‍ത്തനങ്ങളെ കാര്യക്ഷമമായി മുന്നോട്ട് കൊണ്ടുപോകാന്‍ അബാദിക്ക് മതനേതൃത്വത്തിന്റെ പിന്തുണയും ആവശ്യമായി വന്നിരുന്നു. ശിയാക്കള്‍ക്കെതിരെ ശിയാക്കള്‍ തന്നെ തിരിയുന്ന അവസ്ഥയിലേക്ക് നയിച്ചേക്കാവുന്ന ഒരു ആഭ്യന്തര യുദ്ധം ഒഴിവാക്കാന്‍ വേണ്ടി, ശിയാക്കളുടെ ഉന്നത മതമേലധികാരിയായ, പേര്‍ഷ്യന്‍ നജഫ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ആയത്തുല്ല അലി അല്‍സിസ്താനിക്ക് അബാദിയുടെ പരിഷ്‌കരണ പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം തന്നെ വ്യക്തിപരമായി അംഗീകാരത്തിന്റെ ഒപ്പ് ചാര്‍ത്തേണ്ടി വന്നു. ഇതൊരു അസ്വസ്ഥപ്പെടുത്തുന്ന സംഭവവികാസമാണ്. കാരണം, മുമ്പ് സിസ്താനി നല്‍കിയ ഫത്‌വ തന്നെയാണ് സായുധ ഭീകരമിലീഷ്യകളുടെ രൂപീകരണത്തിന് മതപരമായ പ്രേരകശക്തിയായി വര്‍ത്തിച്ചത് എന്ന കാര്യം എല്ലാവരും ഓര്‍ക്കുന്നത് നല്ലതാണ്. ഇറാഖിലേത് പോലെയുള്ള ഒരു അസ്ഥിരമായ രാഷ്ടീയ വ്യവസ്ഥയില്‍, ഒരു മുതിര്‍ന്ന മതവ്യക്തിത്വം നിരന്തരമായി ഇടപെടുന്നതും, രാഷ്ട്രീയത്തെ നിയന്ത്രിക്കുന്നതും വളരെയധികം അപകടകരമാണ്. പ്രത്യേകിച്ച്, അബാദിയുടെ പരിഷ്‌കരണങ്ങള്‍ സര്‍ക്കാറിലെ സുന്നി പ്രാതിനിധ്യം വളരെയധികം കുറക്കുന്നതിലേക്ക് നയിച്ച ഈ സവിശേഷ സന്ദര്‍ഭത്തില്‍. കൂടാതെ, മുതിര്‍ന്ന ആയത്തുല്ല എന്ന പദവിയില്‍ നിന്നും തന്നെ താഴെയിറക്കാന്‍ ഇറാനിലെ പുരോഹിതവൃന്ദം ശ്രമിക്കുന്നതിനെ കുറിച്ച് സിസ്താനിക്ക് അറിയാമെന്നും, അതുകൊണ്ടാണ് അദ്ദേഹം ഇത്തരം നീക്കങ്ങള്‍ നടത്തുന്നതെന്നും ആരോപണമുയര്‍ന്നിരുന്നു. അഴിമതിക്കും, ആക്രമണത്തിനും എതിരെ ശക്തമായ മതവിധികള്‍ പുറപ്പെടുവിക്കാന്‍ അനേകം അവസരങ്ങള്‍ സിസ്താനിക്ക് ഉണ്ടായിരുന്നു. പക്ഷെ അവസരത്തിനൊത്ത് അയഞ്ഞ മട്ടിലുള്ള അപലപനങ്ങല്‍ ഒഴിച്ച് ഒന്നും തന്നെ അദ്ദേഹം ഇതുവരെ ചെയ്തിട്ടില്ല.

ഈ രാഷ്ട്രീയ സാമൂഹിക സംഭവവികാസങ്ങളെയെല്ലാം തന്നെ ഐസിസിനെതിരെ ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന യുദ്ധത്തില്‍ നിന്നും മാറ്റിനിര്‍ത്താന്‍ കഴിയില്ല. ഇറാഖി സര്‍ക്കാറിനും, രാഷ്ട്രീയ പ്രക്രിയക്കും അതിന്റെ നിയമസാധുത നഷ്ടപ്പെട്ടിട്ട് വളരെ കാലമായി. അധികാര സിംഹാസനത്തിന് വയറ് വീര്‍ത്ത ശവങ്ങള്‍ കൊണ്ട് ബലം നല്‍കി താങ്ങിനിര്‍ത്തിയവരുടെ പിന്തുണയും അതിന് നഷ്ടമായി കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ മെയ് മാസത്തില്‍, പശ്ചിമ ഇറാഖീ മരുഭൂമിയിലെ അന്‍ബാര്‍ പ്രവിശ്യയുടെ തലസ്ഥാനമായ റമാദി, ‘ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍’ ഐസിസിന്റെ കൈയ്യില്‍ നിന്നും തിരിച്ചു പിടിക്കുമെന്ന് അബാദി പ്രഖ്യാപിച്ചിരുന്നു. പ്രസ്തുത പ്രഖ്യാപനം നടത്തിയിട്ട് ഇന്നേക്ക് മാസങ്ങള്‍ കഴിഞ്ഞു. അമേരിക്കയടക്കമുള്ള ഒരു ഡസനോളം വന്‍ശക്തികളുടെ സഹായസഹകരണങ്ങള്‍ ഉണ്ടായിട്ട് പോലും, തന്നെ ഒരു ചുക്കും ചെയ്യാന്‍ സാധിക്കാത്ത ഇറാഖി ഭരണകൂടത്തെ നോക്കി ഐസിസിന്റെ സ്വയം പ്രഖ്യാപിത ഖലീഫ അബൂബക്കര്‍ ബാഗ്ദാദി ഇപ്പോള്‍ കളിയാക്കി ചിരിക്കുന്നുണ്ടാവും. ഇതിപ്പോള്‍ ആദ്യത്തെ തവണയൊന്നുമല്ല ഇറാഖി അധികൃതര്‍ വെറും കൈയ്യോടെ മടങ്ങുന്നത്. 72 മണിക്കൂറിനുള്ളില്‍ ഐസിസിന്റെ നിയന്ത്രണത്തില്‍ നിന്നും തിക്രീത്ത് മോചിപ്പിക്കുമെന്ന് അമിതശുഭാപ്തി വിശ്വാസത്തോടെ പ്രഖ്യാപിച്ചെങ്കിലും, തിക്രീത്തിന് മേലുള്ള ഐസിസിന്റെ പിടുത്തം ഒന്നയക്കുവാന്‍ ഇറാഖ് സൈന്യത്തിന് ഒന്നര മാസത്തിലധികം ഐസിസുമായി പോരാട്ടത്തിലേര്‍പ്പെടേണ്ടി വന്നു. എണ്ണത്തില്‍ നൂറോളം മാത്രം വരുന്ന ഐസിസ് പോരാളികളാണ് 30000-ത്തിലധികം വരുന്ന ഇറാഖി ശിയാ സായുധ സംഘങ്ങളുമായി ഏറ്റുമുട്ടിയത്.

പൊങ്ങച്ചം നിറഞ്ഞ വാഗ്ദാനങ്ങള്‍ക്ക് ശേഷവും ഐസിസ് എന്ന പ്രതിസന്ധിയെ നേരിടുന്നതില്‍ തുടര്‍ച്ചയായി സംഭവിക്കുന്ന പരാജയം, നിര്‍ബാധം തുടരുന്ന അഴിമതി, ഇപ്പോഴും നടന്നു കൊണ്ടിരിക്കുന്ന പ്രതിഷേധങ്ങള്‍ക്കിടയില്‍ വേഗത കുറയുന്ന അബാദിയുടെ പരിഷ്‌കരണ സംരഭങ്ങള്‍ എന്നിവ ഇറാഖിലെ രാഷ്ട്രീയ പ്രക്രിയയെ ആത്യന്തിക നാശത്തിന്റെ വക്കിലെത്തിച്ചിരിക്കുകയാണ്. ശിയാക്കളില്‍ നിന്നുള്ള പ്രതിഷേധങ്ങളെ മോശമായി കൈകാര്യം ചെയ്യാനും, അത് സംഘടിപ്പിക്കുന്നവരെ വധിക്കാനും തന്നെയാണ് സര്‍ക്കാറിന്റെ തീരുമാനമെങ്കില്‍, ഐസിസിനേക്കാള്‍ വലിയ പ്രശ്‌നത്തെയാവും വരും കാലങ്ങളില്‍ ഇറാഖീ ഭരണകൂടത്തിന് നേരിടേണ്ടി വരിക.

വിവ: ഇര്‍ഷാദ് കാളാച്ചാല്‍

Related Articles