Current Date

Search
Close this search box.
Search
Close this search box.

ഇന്ത്യയിലെ ഭീകരാക്രമണങ്ങള്‍ക്ക് പിന്നിലെ രാഷ്ട്രീയ അജണ്ടകള്‍

കഴിഞ്ഞ രണ്ടു ദശകങ്ങളായി നമ്മുടെ രാജ്യത്ത് അരങ്ങേറുന്ന ഭീകരപ്രവര്‍ത്തനങ്ങള്‍ മതത്തന്റെ അടിസ്ഥാനത്തില്‍ ജനങ്ങള്‍ വിഭജിക്കപ്പെടാന്‍ കാരണമായിട്ടുണ്ട്. ബാബരി തകര്‍ച്ചക്കു ശേഷം മുംബൈയില്‍ 92-93 കാലയളവില്‍ അരങ്ങേറിയ അക്രമങ്ങള്‍, അവിടുന്നങ്ങോട്ട് 2002 ല്‍ ഗുജറാത്തില്‍ നടന്നത്, കസബും കൂട്ടരും 2008 ല്‍ സംഘടിപ്പിച്ചത് അങ്ങനെ ഒട്ടേറെ കലാപങ്ങള്‍ക്ക് നാം സാക്ഷ്യം വഹിച്ചു. ഒരുപാട് പേരുടെ ജീവനപഹരിച്ചു കൊണ്ട് നടക്കുന്ന ആക്രമണങ്ങള്‍ രാജ്യത്ത് നിര്‍ബാധം തുടരുകയാണ്. സങ്കത് മോചന്‍ ക്ഷേത്രത്തില്‍ നിന്നാരംഭിച്ച്  മാലേഗാവ്, അജ്മീര്‍, മക്കാ മസ്ജിദ് എന്നിങ്ങനെ തുടര്‍ന്നു പോവുകയാണ് രാജ്യത്തെ വിറപ്പിച്ച ഇത്തരം ആക്രമണങ്ങള്‍. രസകരമായ മറ്റൊരു വസ്തുത ഈ ആക്രമണങ്ങളുടെ അന്വേഷണളെക്കുറിച്ചുള്ളതാണ്. എല്ലാ ഉദ്യോഗസ്ഥരും ആരോപണവിധേയര്‍. ഭീകരപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകുന്നവരുടെ സ്വത്വം എന്നും ഒന്നു തന്നെയാകുന്നു എന്നതാണ് ഇതിലെ മറ്റൊരു കാര്യം. അന്നു മുതല്‍ ഇന്നു വരെ  വായാടികളായ രാഷ്ട്രീയനേതാക്കളും ഭീകരപ്രവര്‍ത്തനങ്ങളുടെ കാര്യത്തില്‍ ചര്‍ച്ച നടത്തുന്നവരുമെല്ലാം തന്നെ ഒരു പ്രത്യേക വിഭാഗത്തെ ഉന്നം വച്ചുകൊണ്ടാണ് സംസാരങ്ങള്‍ നടത്താറ്. കഴിഞ്ഞ ജൂലൈ 8-ന് ബോധ്ഗയ ക്ഷേത്രത്തിലുണ്ടായ സ്‌ഫോടനം അടുത്തിടെ ഉണ്ടായ സംഭവമാണ്. ഭാഗ്യവശാല്‍ രണ്ടു സന്യാസിമാര്‍ക്ക് ചില പരിക്കുകള്‍ ഉണ്ട് എന്നതൊഴിച്ചാല്‍ അതികമാര്‍ക്കും പരിക്കു പറ്റിയിട്ടില്ല. സ്‌ഫോടനം നടന്നയുടനെ മ്യാന്‍മറിലെ റോഹിങ്ക്യ മുസ്‌ലിംകള്‍ക്കെതിരില്‍ നടന്ന കലാപത്തിനു പകരം വീട്ടിക്കൊണ്ട് ഇന്ത്യന്‍ മുജാഹിദീന്‍ നടത്തിയതാണ് അത് എന്ന പ്രസ്താവന വന്നു. ഇതിപ്പോള്‍ ഒരു സ്ഥിരം പരിപാടിയായിരിക്കുകയാണ്. ആക്രമണം നടന്നയുടനെ ഏകെങ്കിലും മുസ്‌ലിം പേരുകളില്‍ ആരോപിക്കുക, അവരുടെ പാക്കിസ്ഥാന്‍ ബന്ധം ചികഞ്ഞെടുക്കുക. അവസാനം സത്യം വെളിയില്‍ വരുമ്പോള്‍ അസിമാനന്ദയെപ്പോലുള്ളവരാണ് ഇത്തരം ആക്രമണങ്ങില്‍ എന്ന അവസ്ഥയുണ്ടാവുക.

നിതീഷ് കുമാര്‍ എന്‍.ഡി.എ യില്‍ നിന്നും പുറത്തു പോകുകയും മോഡി ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി നേതൃത്വം ഏറ്റെടുക്കുകയും ചെയ്ത പശ്ചാത്തലത്തില്‍ ബോധ്ഗയ സ്‌ഫോടനവുമായി ബന്ധപ്പെട്ട്  ചില സംശയങ്ങള്‍ ഭാക്കി നില്‍ക്കുന്നു. ബീഹാറിലെ ബി ജെ പി പ്രവര്‍ത്തകരോട് സംസാരിക്കുമ്പോള്‍ നിതീഷിനെ ഒരു പാഠം പഠിപ്പിക്കുമെന്ന് മോഡി പറഞ്ഞിരുന്നു.  ബി ജെ പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി മോഡിയാകാനാണ് സാധ്യതയെന്ന കാര്യം എല്ലാവര്‍ക്കുമറിയാം. കുറെക്കാലം ബി ജെ പിക്കു വേണ്ടി അന്വേഷണ ഏജന്‍സികള്‍ ഉപയോഗിച്ചിരുന്ന പേര് ‘സിമി’ ആയിരുന്നതു പോലെ ഇപ്പോള്‍ അവര്‍ ഇന്ത്യന്‍ മുജാഹിദീന്‍ എന്ന പേര് ഉപയോഗിക്കുന്നു. സിമി നിരോധിക്കപ്പെടുകയും ചെയ്തു. എന്നാല്‍ നിരോധനം ചോദ്യം ചെയ്തു വന്ന ഹരജിയില്‍ ജസ്റ്റിസ് ലത മിത്തല്‍ ട്രിബ്യൂണല്‍ നിരോധനത്തിന് പ്രത്യേകിച്ച് കാരണങ്ങളൊന്നും തന്നെയില്ല എന്നു കണ്ടെത്തി. കസബിനെപ്പോലുള്ളവരെ നിയന്ത്രിക്കുന്നു എന്നു പറയുന്ന അല്‍ഖാഇദ എന്ന സംഘം യഥാര്‍ഥത്തില്‍ അഫ്ഗാനിസ്ഥാനിലെ റഷ്യന്‍ അധിനിവേശത്തിനെതിരെ അമേരിക്കയുടെ സൃഷ്ടിയാണല്ലോ. ‘എല്ലാ മുസ്‌ലിംകളും തീവ്രവാദികളല്ല, എന്നാല്‍ തീവ്രവാദികളെല്ലാം മുസ്‌ലിംകളാണ്’ എന്ന സങ്കല്‍പത്തിലേക്ക് രാജ്യത്തെ കൊണ്ടെത്തിക്കുന്നതില്‍ അമേരിക്കയില്‍ 9/11 നു ശേഷം ഇസ്‌ലാമിക തീവ്രവാദത്തിന്റെ പേരില്‍ ഉണ്ടായ അല്‍ ഖാഇദ ഇംപാക്ട് നമ്മുടെ അന്വേഷണ ഏജന്‍സികളെ സ്വാധീനിച്ചത് കാരണമായിട്ടുണ്ട്.

എല്ലാ സ്‌ഫോടനങ്ങളും അന്വേഷിക്കുമ്പോഴും നമ്മുടെ അന്വേഷണ ഏജന്‍സികളെ നയിക്കുന്ന കാഴ്ചപ്പാട് ഇതാണ്. നടേ പരാമര്‍ശിച്ച ഒരുപാട് സ്‌ഫോടനങ്ങളില്‍ ഇത്തരം കാഴ്ചപ്പാടോടെ അന്വേഷണം നടത്തിയ സംഘം വളരെയധികം നിരപരാധികളായ മുസ്‌ലിംകളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. അത് തീര്‍ച്ചയായും നമ്മുടെ രാജ്യത്തിന് മൊത്തത്തില്‍ തകര്‍ച്ച സമ്മാനിച്ചിട്ടുണ്ട്. ഇത് ഇപ്പോഴും തുടര്‍ന്നു കൊണ്ടിരിക്കുന്ന വ്യാജ ഏറ്റുമുട്ടലുകള്‍ പോലുള്ളവക്ക് കാരണമായിട്ടുണ്ട്. ബി ജെ പിയുടെ ഗുജറാത്തില്‍ ഇശ്‌റത്ത് ജഹാനെ പോലുള്ളവര്‍ വധിക്കപ്പെട്ടത് നാം കണ്ടു. പാക്കിസ്താന്‍ അടിസ്ഥാനമാക്കിയുളള തീവ്രവാദികള്‍ മോഡിയെ വധിക്കാന്‍ ഗുജറാത്തില്‍ വന്നു എന്നതാണ് ആരോപണം. വളരെ വൈകിയാണെങ്കിലും ചില ഉദ്യോഗസ്ഥര്‍ അവരുടെ ജോലി ഭംഗിയായി നിര്‍വഹിച്ചപ്പോള്‍ മോഡിയോട് കൂറു പുലര്‍ത്തിയ പോലീസുകാര്‍ക്ക് ജയിലിലേക്ക് പോകേണ്ടി വന്നു എന്നു നാം കണ്ടു.

മോഡിയുടെയും ബാല്‍ താക്കറെയുടെയും ‘ ദേശദ്രോഹി ‘ തുടങ്ങിയ പ്രയോഗങ്ങളെ അവഗണിച്ച് മലേഗാവ് സ്‌ഫോടനത്തിലെ പ്രതികളെ വെളിച്ചത്തു കൊണ്ടു വരാന്‍ പരിശ്രമിച്ച ഹേമന്ദ് കര്‍ക്കരെയെപ്പോലെയുള്ളവര്‍ ഇത്തരം ഒരു വികാരം ഉദ്യോഗസ്ഥരില്‍ ഉണ്ടാക്കിയെടുക്കാന്‍ കാരണക്കാരനായിട്ടുണ്ട്. ബോധ്ഗയ സംഭവത്തില്‍ മ്യാന്‍മര്‍ കലാപവുമായി അതിനെ ബന്ധിപ്പിക്കാന്‍ അതിലൂടെ ജനങ്ങള്‍ക്കിടയില്‍ ഭിന്നത സൃഷ്ടിക്കാന്‍ ശക്തമായ ശ്രമം നടക്കുന്നുണ്ട്. ബി ജെ പി യിതര പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങള്‍ പ്രത്യേകിച്ചും നിതീഷ് കുമാര്‍ അത് ശ്രദ്ധിക്കണമെന്ന കോണ്‍ഗ്രസ് വാക്താവ് ദിഗ് വിജയ് സിംഗിന്റെ പ്രസ്താവന അതിലേക്ക് വിരല്‍ ചൂണ്ടുന്നു. ഇവിടെ ബി ജെ പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി തീര്‍ച്ചയായും മോഡിയാകും. സ്വാഭാവികമായും അവരില്‍ നിന്നും കൂടുതല്‍ പാര്‍ട്ടികള്‍ അകന്നുകൊണ്ടിരിക്കുകയാണ്. തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റ് നേടാന്‍ ഏറ്റവും എളുപ്പമാര്‍ഗ്ഗം ജനങ്ങളെ വര്‍ഗീയമായി വിഭജിക്കുകയും വികാരം ആളിക്കത്തിക്കുകയുമാണെന്നവര്‍ക്കറിയാം. അതിനുള്ള എളുപ്പ വഴി സ്‌ഫോടനങ്ങള്‍ സംഘടിപ്പിക്കലും. എന്തു കൊണ്ട് ഇത്തരം ആക്രമണങ്ങള്‍ നടക്കുമ്പോള്‍ അതിന്റെ അന്വേഷണം പൂര്‍ത്തിയാകുന്നതു വരെ നമുക്ക് കാത്തിരുന്നു കൂടാ. നമ്മുടെ മാധ്യമങ്ങള്‍ ആരെ സഹായിക്കാനാണ് നേരത്തെ തന്നെ ചില പേരുകള്‍ പ്രഖ്യാപിക്കുന്നത്. വിനോദ് മിശ്രി എന്നയാളുടെ ഐ ഡി കാര്‍ഡും ബാഗും സംഭവ സ്ഥലത്തു നിന്നും കണ്ടെടുക്കുകയുണ്ടായി. അതിലുള്ള വസ്ത്രങ്ങള്‍ ബുദ്ധ സന്യാസിയുടെതും എന്നാല്‍ കത്ത് ഉര്‍ദുവില്‍ എഴുതപ്പെട്ടതുമാണ്. ഇവിടെ മാലേഗാവ് ആവര്‍ത്തിക്കപ്പെടുന്നോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. അന്നും ആര്‍ എസ്സ് എസ്സുകാര്‍ വെപ്പുതാടി വച്ചാണല്ലോ അക്രമണം നടത്തിയത്. ഇന്ത്യയില്‍ ഹിന്ദു ദേശീയ വാദവുമായി നടക്കുന്ന സംഘടനകളൊക്കെയും തന്നെ ഇത്തരം ആക്രമണങ്ങളുടെ മുന്‍ നിരയിലുള്ളതായി കാണാം. സ്വാമി അസിമാനന്ദ, സ്വാമി ദയാനന്ദ, പ്രഗ്യാ സിംഗ് താക്കൂര്‍ തുടങ്ങിയവര്‍ ഉദാഹരണം. എല്ലാ തീവ്രവാദികളും മുസ്‌ലിംകളാണ് എന്ന സങ്കല്‍പ്പം ഇവര്‍ക്ക് സംരക്ഷണം നല്‍കുക മാത്രമല്ല, അന്വേഷണം വഴിതെറ്റിപ്പോകാന്‍ കാരണമാകുകയും ചെയ്യുന്നു. യഥാര്‍ഥത്തില്‍ പഴുതടച്ച അന്വേഷണാമാണ് നാം ആഗ്രഹിക്കുന്നത്. അങ്ങനെ യഥാര്‍ഥ കുറ്റവാളി ശിക്ഷിക്കപ്പെടണം.

വിവ : അത്തീഖുറഹ്മാന്‍

Related Articles