Current Date

Search
Close this search box.
Search
Close this search box.

ഇത് അറബ് വസന്തത്തിന്റെ അന്ത്യമല്ല

ഈജിപ്തില്‍ ഹുസ്‌നി മുബാറകും കൂട്ടാളികളും കുറ്റവിമുക്തരായത് പലരിലും ഉണ്ടാക്കിയിട്ടുള്ള ഞെട്ടലിനെയും നിരാശയെയും കുറിച്ചാണ് ഞാന്‍ പറയുന്നത്. തുനീഷ്യന്‍ തെരെഞ്ഞെടുപ്പില്‍ പ്രതിവിപ്ലവ കക്ഷി വിജയവും, അലി അബ്ദുല്ല സാലിഹ് യമനില്‍ പ്രധാന കളിക്കാരനായി രംഗത്ത് വന്നിരിക്കുന്നതും, ലിബിയയിലെ ആഭ്യന്തര പോരാട്ടവും സമാനമായ വികാരമാണ് അവരിലുണ്ടാക്കുന്നത്. നാല് വര്‍ഷം പിന്നിട്ടിട്ടും സിറിയന്‍ വിപ്ലവത്തിന് അസദിനെ താഴെയിറക്കാന്‍ കഴിയാത്തതും രംഗത്തെ ആകെ വികൃതമാക്കി കൊണ്ട് ദാഇശിന്റെ രംഗ പ്രവേശവും ആ ഗണത്തില്‍ പെടുന്ന കാര്യങ്ങളാണ്.

സഖ്യകക്ഷികളോടുള്ള ഐക്യദാര്‍ഢ്യത്തിന്റെ പേരിലോ അല്ലെങ്കില്‍ സ്വയപ്രതിരോധത്തിനായിട്ടോ ഇവ രണ്ടും കൂടി ഒത്തുചേര്‍ന്നിട്ടോ അറബ് വസന്തത്തെ പരാജയപ്പെടുത്താനും നശിപ്പിക്കാനും കൂട്ടംകൂടിയവരെ കുറിച്ചും പറയുന്നു. തങ്ങളുടെ ഖജനാവുകളും ഭണ്ഡാരങ്ങളും അതിനായി തുറന്ന് വെക്കുകയും മാധ്യമ സംവിധാനങ്ങളെ ഉപയോഗപ്പെടുത്തുകയും ചെയ്ത അവര്‍ വസന്തത്തിന്റെ അന്തരീക്ഷത്തെ വിഷലിപ്തമാക്കുകയും ചരിത്രത്തിനെതിരെ യുദ്ധപ്രഖ്യാപനം നടത്തുകയും ചെയ്തു.

ഈ കരണം മറിച്ചിലുകളും പരാജയങ്ങളും നിരവധി മനസ്സുകളില്‍ നിരാശ പടര്‍ത്തി. ചിലര്‍ അറബ് വസന്തത്തിന്റെ മരണം പ്രഖ്യാപിച്ച്, അതിന്റെ ഏടുകള്‍ ചുരുട്ടി വെക്കുക വരെ ചെയ്തു. പലരും അതിന്‍ മേല്‍ ആക്ഷേപവാക്കുകള്‍ ചൊരിയുകയും അതിന്റെ മുഖത്ത് ചെളിവാരിയെറിയുകയും ചെയ്തു. അറബികളെ നശിപ്പിച്ച ശിശിരമായിരുന്നു അതെന്ന തരത്തില്‍ അതിനെ ആക്ഷേപിക്കുകയും പരിഹസിക്കുകയും ചെയ്തു.

അറബ് വസന്തത്തിന് തിരിച്ചടികളും പരാജയങ്ങളുമുണ്ടായിട്ടുണ്ടെന്ന കാര്യം ഞാന്‍ നിഷേധിക്കുന്നില്ല. നമ്മുടെ കണ്‍മുന്നില്‍ പ്രതിവിപ്ലവത്തിനുണ്ടായിട്ടുള്ള വിജയങ്ങളെ അവഗണിക്കാനും നിര്‍വാഹമില്ല. എന്നാല്‍ ഇതൊന്നും അറബ് വസന്തത്തിന്റെ അന്ത്യത്തെ കുറിക്കുന്നില്ലെന്ന് ഞാന്‍ ശക്തിയായി വാദിക്കും. വര്‍ത്തമാനകാലത്തിന്റെ അപഗ്രഥനവും ചരിത്രത്തിന്റെ പാഠവും അതാണ്. കഴിഞ്ഞ കാര്യങ്ങളെ വിലയിരുത്തിയാല്‍ നമുക്ക് പഠിക്കാനുള്ള പാഠങ്ങള്‍ അതിലുണ്ട്. നമ്മുടെ വീഴ്ച്ചകളും ദൗര്‍ബല്യങ്ങളും അത് കാണിച്ചു തരുന്നു. അതൊരിക്കലും നമ്മുടെ ജനതയുടെ മോഹങ്ങളുടെയോ സ്വപ്‌നങ്ങളുടെയോ മരണവാര്‍ത്തയല്ല.

രണ്ടാഴ്ച്ച മുമ്പ് രണ്ട് പ്രമുഖ ഇന്തോനേഷ്യന്‍ ഗവേഷകര്‍ കെയ്‌റോയില്‍ വന്നിരുന്നു. ജകാര്‍ത്തയിലെ ഡിഫന്‍സ് യൂണിവേഴ്‌സിറ്റിയിലെ പ്രഫസര്‍ ഡോ. സാലിം സഈദായിരുന്നു അവരില്‍ ഒരാള്‍. ജനുവരി 25 വിപ്ലവത്തിന് ശേഷം ഈജിപ്തിലുണ്ടായ മാറ്റങ്ങളെ കുറിച്ച് പഠിക്കുകയായിരുന്നു അവരുടെ സന്ദര്‍ശനോദ്ദേശ്യം. മുര്‍സിയെ പുറത്താക്കിയതും പിന്നീട് 2013 ജൂലൈ മൂന്നിന് തികച്ചും വ്യത്യസ്തമായ ഒരു ഭരണത്തിലേക്കുള്ള മാറ്റവും അവരുടെ വിഷയത്തിന്റെ ഭാഗമായിരുന്നു. കാരണം സൈന്യവും രാഷ്ട്രീയ നേതൃത്വവും തമ്മിലുള്ള ബന്ധത്തെ കുറിച്ച് സ്‌പെഷ്യലൈസ് ചെയ്ത അദ്ദേഹം ഈജിപ്ഷ്യന്‍ അനുഭവങ്ങളെ കുറിച്ച് ഒരു പുസ്തകം തയ്യാറാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് വന്നിരുന്നത്. ഈജിപ്തിലെ നിരവധി ബുദ്ധിജീവികളുമായി അദ്ദേഹം കൂടിക്കാഴ്ച്ച നടത്തി. സംഭവിച്ച കാര്യങ്ങളെയും അതിനെ അപഗ്രഥിച്ചും കൊണ്ടുള്ള ചോദ്യങ്ങളുടെ പട്ടിക എല്ലാവരുടെയും മുന്നില്‍ അദ്ദേഹം ഉന്നയിച്ചു.

2011 ജനുവരി വിപ്ലവത്തിന് ശേഷമുള്ള ഈജിപ്ഷ്യന്‍ അനുഭവത്തിലെ അടിസ്ഥാന ദൗര്‍ബല്യം എന്തായിരുന്നു എന്ന് അവരുടെ അന്വേഷണ ഫലത്തിന്റെ ചുരുക്കത്തിലുണ്ട്. രാഷ്ട്രീയ രംഗത്തും ട്രേഡ് യൂണിയനുകളിലുമുള്ള സിവില്‍ സമൂഹത്തിന്റെ ബലഹീനതയിലാണതില്‍ മറഞ്ഞു കിടക്കുന്നത്. രാഷ്ട്രീയ രംഗത്തെ വലിയൊരു ശൂന്യതക്കത് കാരണമായി. ആ ശൂന്യത നികത്താന്‍ കഴിയുന്ന ഏക ശക്തി അവിടെ സൈന്യം മാത്രമായിരുന്നു.

ഈയൊരു സാഹചര്യത്തില്‍ ഇന്തോനേഷ്യയിലെയും ഈജിപ്തിലെയും അനുഭവങ്ങള്‍ക്കിടയില്‍ വലിയ സാമ്യതകള്‍ നമുക്ക് കാണാം. സിവില്‍ ശക്തിയെ നിശ്ശേഷമാക്കിയ ജനറല്‍ സുഹാര്‍ത്തോയുടെ സ്വേഛാധിപത്യത്തില്‍ കുഴപ്പങ്ങള്‍ വ്യാപകമായി. ( 1967-ല്‍ അധികാരമേറ്റ അദ്ദേഹം മുപ്പതിലേറെ വര്‍ഷം തല്‍സ്ഥാനത്ത് തുടര്‍ന്നു, ഈജിപ്തില്‍ മുബാറകിന്റെ കാര്യത്തില്‍ സംഭവിച്ച പോലെ) തനിക്കെതിരെ ജനകീയ വിപ്ലവം അരങ്ങേറിയതിന് ശേഷം മാത്രമാണ് അദ്ദേഹം അധികാരം ഉപേക്ഷിക്കുന്നത്. എന്നാല്‍ അദ്ദേഹത്തിന്റെ ഭരണം സിവില്‍ സമൂഹത്തെ അങ്ങേയറ്റം ദുര്‍ബലമായ അവസ്ഥയില്‍ എത്തിച്ചിരുന്നു. ഇന്ന് ഈജിപ്ത് എത്തി നില്‍ക്കുന്നതിന് സമാനമായ അവസ്ഥയായിരുന്നു അത്.

കുറച്ച് കാലം ഇന്തോനേഷ്യ ആ ശൂന്യതയിലാണ് കഴിഞ്ഞത്. എന്നാല്‍ പകരക്കാരനായി വന്ന ബുര്‍ഹാനുദ്ദീന്‍ ഹബീബി (യൂണിവേഴ്‌സിറ്റി പ്രൊഫസറായിരുന്നു ഇദ്ദേഹം) ഇടക്കാല ഘട്ടം വളരെ സമര്‍ത്ഥമായി കൈകാര്യം ചെയ്ത് ഇന്തോനേഷ്യയെ ശരിയായ ജനാധിപത്യത്തിന്റെ പാതയില്‍ എത്തിച്ചു. അത് സിവില്‍ സമൂഹത്തെ ഉണര്‍ത്തുകയും രാഷ്ട്രീയ തകിടം മറിച്ചിലുകളില്‍ നിന്ന് രാജ്യത്തെ സംരക്ഷിച്ച് നിര്‍ത്തുകയും ചെയ്തു.

ഈജിപ്തിന്റെ രാഷ്ട്രീയ രംഗത്തെ ശൂന്യതയുടെ ആഴം വരാനിരിക്കുന്ന തെരെഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങളെ സംബന്ധിച്ച് ഈജിപ്തിലെ രാഷ്ട്രീയ പാര്‍ട്ടികളുമായി സംവദിച്ചതില്‍ നിന്നും വ്യക്തമായതായി പ്രൊഫസര്‍ സഈദ് വിവരിക്കുന്നുണ്ട്. ജനാധിപത്യത്തിന്റെ പുനപ്രതിഷ്ഠക്ക് കാര്യക്ഷമമായി വഴിയൊരുക്കി കൊണ്ട് മാത്രമേ അതിനെ തരണം ചെയ്യാനാവൂ. പ്രസ്തുത ഘട്ടങ്ങളില്‍ അതിന് വേണ്ടി സാധ്യമാകുന്നത്ര സംഭാവനകളല്‍പ്പിക്കാന്‍ തയ്യാറാവേണ്ടതുമുണ്ട്. പരാജയത്തിന്റെ പല പടികളും കടന്ന് അവയെ തരണം ചെയ്ത് മാത്രമേ അതില്‍ വിജയം നേടാന്‍ സാധിക്കുകയുള്ളൂ.

ഈജിപ്തിന്റെ അനുഭവം കൂടുതല്‍ വിശാലമായ തരത്തില്‍ ചര്‍ച്ച അര്‍ഹിക്കുന്ന ഒന്നാണെന്ന് എനിക്കറിയാം. എന്നാല്‍ നിലവിലെ കലുഷിതമായ സാഹചര്യം അതിന് അനുവദിക്കുന്നില്ല. സിവില്‍ സമൂഹത്തിന്റെ പക്വത കുറവിലേക്കാണത് സൂചന നല്‍കുന്നത്. ഇന്തോനേഷ്യന്‍ ഗവേഷകര്‍ സൂചിപ്പിച്ചിട്ടുള്ളത് വളരെ പ്രാധ്യമുള്ള കാര്യമാണ്. ഒരുപക്ഷേ തുനീഷ്യന്‍ വിപ്ലവത്തിന്റെ ഭാഗികമായ വിജയത്തെയും ഈജിപ്തിലുണ്ടായ ഭാഗികമായ പരാജയത്തെയും വേര്‍തിരിക്കുന്ന ഘടകവും അതായിരിക്കാം.

ഒരു ഭരണകൂടത്തെ താഴെയിറക്കി സമാനമായ മറ്റൊന്നിനെ അധികാരത്തില്‍ കൊണ്ടുവരുന്ന മുന്നേറ്റമെന്ന വിചാരണയില്‍ അറബ് വസന്തത്തെ വായിക്കുമ്പോള്‍ നമുക്ക് തെറ്റുപറ്റുന്നു. അധികാരത്തില്‍ കടിച്ചു തൂങ്ങിയിരിക്കുന്നവരുടെ സ്വഭാവത്തോടെ അതിനെ വിചാരണ ചെയ്യുമ്പോഴും നമുക്ക് തെറ്റുപറ്റുന്നു. അതുകൊണ്ട് ഞാന്‍ വാദിക്കുന്നു അറബ് വസന്തം യഥാര്‍ത്ഥത്തില്‍ ഈ ഉമ്മത്തിന്റെ ശരീരത്തിന് പുതുജീവന്‍ പകര്‍ന്നു നല്‍കിയിരിക്കുന്നു. രാഷ്ട്രീയവും സാമൂഹികവുമായ അക്രമങ്ങള്‍ക്കെതിരെ വിപ്ലവം നയിക്കാനുള്ള പ്രചോദനം ആളുകളില്‍ അതുണ്ടാക്കിയിട്ടുണ്ട്. ഈയൊരു വീക്ഷണത്തില്‍ ഏതാനും വര്‍ഷങ്ങള്‍ കൊണ്ട് സാധ്യമാകുമെന്ന് പ്രതീക്ഷിക്കാത്ത ഒരു വഴിത്തിരിവാണ് അതുണ്ടാക്കിയിരിക്കുന്നത്.

ഏതെങ്കിലും വിപ്ലവം വളരെ എളുപ്പത്തിലും വേഗത്തിലും ജനാധിപത്യത്തെ സ്ഥാപിച്ചതായി അറിയപ്പെടുന്ന ചരിത്രത്തില്‍ നമുക്ക് വായിക്കാനാവില്ല. അപ്രകാരം യഥാര്‍ത്ഥ വിപ്ലവത്തിനുണ്ടായിരുന്ന തീവ്രതയും മൂര്‍ച്ചയും പ്രതിവിപ്ലവത്തിനുണ്ടായിരിക്കുകയില്ലെന്നും ചരിത്രത്തിലെ അനുഭവങ്ങളുടെ വെളിച്ചത്തില്‍ നാം പറയുന്നില്ല. വിപ്ലവത്തേക്കാള്‍ അപകടകരവും അക്രമങ്ങള്‍ നിറഞ്ഞതും മോശപ്പെട്ടതുമായ തരത്തിലാണ് പ്രതിവിപ്ലവങ്ങള്‍ അരങ്ങേറിയിട്ടുള്ളതെന്ന് ചരിത്രം വ്യക്തമാക്കുന്നു. വര്‍ഷങ്ങള്‍ പണിയെടുത്തുണ്ടാക്കിയ നേട്ടങ്ങള്‍ നഷ്ടപ്പെടുമെന്ന ഭയം ഇരട്ടിയായിരിക്കുമെന്നത് സ്വാഭാവികമാണെന്ന് എല്ലാവര്‍ക്കുമറിയാം.

ചരിത്രത്തില്‍ ഒരു വിപ്ലവവും അതിനെ തുടര്‍ന്ന് ഒരു പ്രതിവിപ്ലവം ഉണ്ടായിട്ടല്ലാതെ അരങ്ങേറിയിട്ടില്ലെന്ന് എല്ലാവര്‍ക്കുമറിയാം. അതിന്റെ ശക്തിയില്‍ ഏറ്റവ്യത്യാസങ്ങളുണ്ടായിരുന്നെങ്കിലും ലക്ഷ്യം ഒന്നായിരുന്നു. ചില ഓര്‍മകള്‍ പുതുക്കുകയാണ് ഞാന്‍ ചെയ്യുന്നത്. ഫ്രഞ്ച് വിപ്ലവം പൊട്ടിപുറപ്പെട്ട് രണ്ടര പതിറ്റാണ്ടിന് ശേഷം ബോര്‍ബന്‍ കുടുംബം തന്നെ അധികാരത്തിലേക്ക് മടങ്ങിയെത്തി. മുസദ്ദിഖിന്റെ വിപ്ലവത്തിന് ശേഷം വീണ്ടും അധികാരത്തിലേക്ക് മടങ്ങാന്‍ ഇറാനിലെ ഷാക്ക് സാധിച്ചിട്ടുണ്ട്. വോട്ടെടുപ്പിലൂടെ അധികാരത്തിലെത്തിയ ചിലിയുടെ പ്രസിഡന്റ് സല്‍വാദോര്‍ അലന്‍ഡെയെ സ്ഥാനഭ്രഷ്ടനാക്കാന്‍ ജനറല്‍ അഗസ്‌റ്റോ പിനോഷെയുടെ നേതൃത്വത്തില്‍ നടന്ന പ്രതിവിപ്ലവത്തിന് സാധിച്ചിട്ടുണ്ട്.

അതിലുപരിയായി പ്രതിവിപ്ലവം ജയിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. അടിച്ചമര്‍ത്തിലിനുള്ള സംവിധാനങ്ങളും ശേഷിയും അവരുടെ കൈകളിലുണ്ടെന്നതാണ് അതിന് കാരണം. അതോടൊപ്പം സമൂഹത്തിലെ സജീവമായ ശക്തികളെ തമ്മിലടിപ്പിക്കാനുള്ള കഴിവും അവക്കുണ്ട്. അപ്രകാരം ഏറ്റുമുട്ടലുകള്‍ക്കായി വാരിക്കോരി ചെലവഴിക്കുന്നതിനും അധികാരം അവരെ സഹായിക്കുന്നു.

ജപ്പാന്‍ വംശജനായ അമേരിക്കന്‍ പ്രൊഫസര്‍ ഫ്രാന്‍സിസ് ഫുകുയാമയുടെ (The End of History and the Last Man എന്ന പുസ്തകത്തിന്റെ രചയിതാവ്) ഈയടുത്ത് പുറത്തിറങ്ങിയ പുസ്തകമായ Political Order and Political Decayയില്‍ അറബ് വസന്തത്തെ കുറിച്ചും അതെത്തി നില്‍ക്കുന്ന ദുഖകരമായ അവസ്ഥയെ കുറിച്ചും വിവരിക്കുന്നു. അതില്‍ പറയുന്നു: മിക്ക പാശ്ചാത്യരും (വിശിഷ്യാ അമേരിക്കക്കാര്‍, ഇസ്രയേലികള്‍ ഉള്‍പ്പടെയുള്ളവര്‍) അതിനെ കുറിച്ചുള്ള തങ്ങളുടെ ഭീതി പ്രകടിപ്പിച്ചിട്ടുണ്ട്. ആ വസന്തം ഉണ്ടാകുന്നതിന് മുമ്പത്തേതിനേക്കാള്‍ മെച്ചപ്പെട്ടതാണ് അറബ് ലോകത്തെ അവസ്ഥ. അറബ് വസന്തം ഇസ്‌ലാസ്റ്റ് സംഘങ്ങള്‍ കൊണ്ടുവന്നതാണെന്നും അത് അറബ് സമൂഹത്തിന്റെ പ്രശ്‌നങ്ങളെ അധികരിപ്പിച്ചെന്നും ചിലര്‍ പറയുന്നു. അങ്ങനെ പറയുന്നവര്‍ക്ക് ഫുകുയാമ മറുപടി നല്‍കുന്നതിങ്ങനെയാണ്: പ്രശ്‌നങ്ങളെ കുറിച്ച് സംസാരിക്കുകയും അറബ് വസന്തത്തെ കുറ്റപ്പെടുത്തുകയും ചെയ്യുന്നവര്‍ ‘യൂറോപ്യന്‍ വസന്തം’ വളരെ ദീര്‍ഘിച്ചതും സങ്കീര്‍ണവും പലപ്പോഴും കുഴപ്പങ്ങള്‍ നിറഞ്ഞതുമായിരുന്നുവെന്ന കാര്യം വിസ്മരിക്കുകയാണ് ചെയ്യുന്നത്. 1948-ലെ ജനങ്ങളുടെ വസന്തത്തിന് (ഫ്രഞ്ച് വിപ്ലവം) ശേഷം യൂറോപില്‍ ജനാധിപത്യം സ്ഥിരപ്പെടുന്നതിനും ശക്തിപ്പെടുന്നതിനും ഒരു നൂറ്റാണ്ട് തന്നെയെടുത്തിട്ടുണ്ട്.

അറബ് ലോകത്ത് ജനാധിപത്യ മൂല്യങ്ങള്‍ സ്ഥിരപ്പെടുന്നതിനും സമൂഹങ്ങള്‍ സ്വതന്ത്രമായ തെരെഞ്ഞെടുപ്പുകളുടെയും ഭൂരിപക്ഷാഭിപ്രായം മാനിക്കേണ്ടതിന്റെയും അധികാര മാറ്റത്തിന്റെ ആവശ്യകതയുടെയും പ്രാധാന്യം സമൂഹങ്ങള്‍ തിരിച്ചറിയുന്നതിനും ദീര്‍ഘകാലം അനിവാര്യമാണെന്നും ചിലപ്പോഴെല്ലാമത് പ്രശ്‌ന കലുഷിതമാകുമെന്നും ഗ്രന്ഥകാരന്‍ കൂട്ടിചേര്‍ക്കുന്നു. സ്വാതന്ത്ര്യം വകവെച്ചു നല്‍കുന്ന ഒരു സാംസ്‌കാരികാന്തരീക്ഷം സൃഷ്ടിക്കലും കാത്തുസൂക്ഷിക്കലും എളുപ്പമുള്ള പണിയല്ലെന്നുള്ളതാണതിന് കാരണം.

ഈ സന്ദര്‍ഭത്തില്‍ ശ്രദ്ധേയമായ മറ്റൊരു കാര്യം ഫ്രഞ്ച് പത്രമായ ‘ലെ മോണ്ടെ’യില്‍ അര്‍നോ ലൂബാ മാന്റിയാ സൂചിപ്പിക്കുന്നതാണ്. ലോകത്തുടനീളം ജനാധിപത്യത്തിന്റെ ഗതി പുരോഗമിക്കുകയാണ്. 1970-നും 2008-നും ഇടയില്‍ ലോകത്തെ വിപ്ലവങ്ങള്‍ നാലിരട്ടിയായി വര്‍ധിച്ചിട്ടുണ്ട്. 1974-ല്‍ കേവലം നാല്‍പത് രാഷ്ട്രങ്ങളില്‍ മാത്രമാണ് ജനാധിപത്യമുണ്ടായിരുന്നത്. എന്നാല്‍ ഇന്നത് 120 രാഷ്ട്രങ്ങളില്‍ എത്തിയിരിക്കുകയാണ്. അങ്ങനെയെല്ലാമാണെങ്കിലും ഇപ്പോഴത്തെ അവസ്ഥയെ സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റി പ്രൊഫസറും ജനാധിപ്ത്യ വിഷയങ്ങളില്‍ വിദഗ്ദനുമായ ലാറി ഡയമണ്ടിന്റെ വാക്കുകളില്‍ ‘ജനാധിപത്യത്തിന്റെ പിന്‍വാങ്ങല്‍’ കാലമായി വിശേഷിപ്പിക്കാവുന്നതാണ്.

ജനാധിപത്യത്തിന്റെ പിന്‍വാങ്ങല്‍ അറബ് ലോകത്തിന്ന് കാണപ്പെടുന്ന പ്രതിഭാസങ്ങളിലൊന്നാണ്. എന്നാല്‍ ഇതൊക്കെ മാറ്റങ്ങള്‍ക്ക് വിധേയമാകുന്ന അവസ്ഥയാണ്. അറബ് വസന്തത്തിന്റെ ഉന്നതമായ ലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കുന്നതിന് തടസ്സമായി നില്‍ക്കുന്ന, മറികടക്കാന്‍ സാധിക്കാത്ത ചുവരുകളായി അതിനെ പരിഗണിക്കേണ്ടതില്ല. പൊതുജനം ബോധം വീണ്ടെടുക്കുകയും തെരെഞ്ഞെടുക്കപ്പെട്ട ഒരു സംഘം ചരിത്രപരമായ ദൗത്യം ഏറ്റെടുക്കുകയും ചെയ്യുമ്പോള്‍ അത് സാധ്യമാകുക തന്നെ ചെയ്യും.

പ്രതിവിപ്ലവത്തിന്റെ ആക്രമണം ശക്തവും വന്യവുമാണെന്ന് എനിക്കറിയാം. അതിന്റെ ഘടകങ്ങള്‍ക്ക് അനുഭവ സമ്പത്തും സാധ്യതകളും വിജയത്തിനും മുന്നേറുന്നതിനും അവസരം ഒരുക്കുന്ന പ്രാദേശികമായ പിന്തുണയുമുണ്ട്. ഈ വിപ്ലവത്തില്‍ മാധ്യങ്ങളുടെ പങ്ക് അവഗണിക്കാന്‍ നമുക്ക് സാധ്യമല്ല. പൊതുജനാഭിപ്രായം വക്രീകരിക്കുന്നതിലും ജനങ്ങളില്‍ ഭീതിയുണ്ടാക്കുന്നതിലും അത് വിജയിച്ചിട്ടുണ്ട്.

തുനീഷ്യയില്‍ വളരെ വ്യക്തമായി നാമത് ദര്‍ശിച്ചതാണ്. കാര്യങ്ങളെ വക്രീകരിക്കുന്നതിലും ഭീതിപ്പെടുത്തുന്നതിലും അവ വിജയിച്ചപ്പോള്‍ കഴിഞ്ഞ തെരെഞ്ഞെടുപ്പില്‍ ഭൂരിഭാഗം ജനങ്ങളും പ്രതിവിപ്ലവ ശക്തികള്‍ക്ക് വോട്ട് രേഖപ്പെടുത്തി. മുന്‍ സേച്ഛാധിപതികള്‍ക്കെതിരെ പോരാടിയവരും ജനങ്ങളുടെ സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനുമുള്ള അവകാശത്തിന് വേണ്ടി ഏറെ ത്യാഗം സഹിച്ചവരുമായവര്‍ അവഗണിക്കപ്പെട്ടു.

ഈ പറഞ്ഞതെല്ലാം ശരിയാണ്. എന്നാല്‍ ജനാധിപത്യത്തിലേക്കുള്ള മാറ്റം ദീര്‍ഘിച്ചതും പ്രയാകരവുമാണെന്നതാണ് അതിലേറെ വലിയ ശരി. അറബ് വസന്തം തീര്‍ത്തത് നേതാക്കളോ പാര്‍ട്ടികളോ അല്ല, മറിച്ച് ജനതയുടെ ഇച്ഛാശക്തിയാണ്. ജനതയുടെ ഇച്ഛാശക്തിയെ തകര്‍ക്കാനാവില്ലെന്ന് ചരിത്രം നമ്മെ പഠിപ്പിക്കുന്നു. ആ ഇച്ഛാശക്തിയെ വക്രീകരിക്കാനുള്ള ഏത് ശ്രമവും മ്ലേച്ഛവും നിലനില്‍പില്ലാത്തതുമാണ്.

മൊഴിമാറ്റം : നസീഫ്‌

Related Articles