Current Date

Search
Close this search box.
Search
Close this search box.

ഇതാണ് ഞങ്ങള്‍ കാത്തിരുന്ന ഈജിപ്ത്

fvgyb.jpg

ഫലസ്തീന്‍ ചെറുത്ത് നില്‍പ് പോരാളികളുടെ കണ്ണുകളെ കുളിരണിയിപ്പിച്ച രണ്ട് കാഴ്ചകളുണ്ടായി കഴിഞ്ഞ രണ്ടാഴ്ചകളില്‍. ഹിസ്ബുല്ല അയച്ച പൈലറ്റില്ലാ വിമാനം ഇസ്രായേല്‍ അതിര്‍ത്തി ഭേദിച്ച് അവരുടെ ആണവനിലവങ്ങള്‍ക്ക് മേല്‍ വട്ടമിട്ട് പറക്കുകയുണ്ടായി. അല്‍ഖസ്സാമിന്റെ ‘ഫജ്ര്‍ -5’ റോക്കറ്റ് തെല്‍അവീവിലെത്തിയതിന്റെ അപകടമണി മുഴങ്ങിയതും, ലക്ഷക്കണക്കിന് ഇസ്രായേലികള്‍ അഭയം തേടി പരിഭ്രാന്തരായി നെട്ടോട്ടമോടിയതുമാണ് രണ്ടാമത്തെ സംഭവം. അമേരിക്കയും ഇറാഖും തമ്മില്‍ യുദ്ധമുണ്ടായപ്പോള്‍ അന്നത്തെ ഇറാഖ് പ്രസിഡന്റ് അയച്ച ഏതാനും റോക്കറ്റുകളാണ് ഇതിന് മുമ്പ് ഇസ്രായേലിന്റെ തലസ്ഥാന നഗരിയില്‍ പതിച്ചത്. അത് തന്നെ 1991-ലായിരുന്നു.

അറബ് രാഷ്ട്രങ്ങള്‍ കേവലം കാഴ്ച്ചക്കാരായി നില്‍ക്കെ, പൈലറ്റുള്ളതോ ഇല്ലാത്തതോ ആയ ഒരു വിമാനം പോലും നിര്‍മിക്കുന്നതില്‍ പരാജയപ്പെട്ടിരിക്കെയാണ് ഫലസ്തീന്‍ പോരാളികള്‍ നവചരിതം കുറിച്ചത്. ഇസ്രായേല്‍ പരിഹാസത്തോടെ കണ്ട, ഏതാനും സമാധാനക്കരാറുകളാണ് അറബ് രാഷ്ട്രങ്ങള്‍ ഫലസ്തീന്‍ പോരാട്ടങ്ങള്‍ക്ക് നല്‍കിയ ഏകസംഭാവന.

ഇസ്രായേലിന്റെ ലോഹസുരക്ഷാ കവചങ്ങളെ ഭേദിച്ച് തെല്‍അവീവിലെത്തിയ റോക്കറ്റുകള്‍ നെതന്യാഹുവിനെയാണ് നാണം കെടുത്തിയത്. അദ്ദേഹത്തിന്റെ വ്യാമോഹത്തെ തകര്‍ക്കുകയും, മൂക്ക് മണ്ണില്‍ തട്ടിക്കുകയും, തെരെഞ്ഞടുപ്പ് വിജയത്തിനുള്ള സാധ്യത കുറച്ച സംഭവമായിരുന്നു അത്. കൂടാതെ, ചെറുത്ത് നില്‍പ് പോരാളികളുടെ അപകടം ഇസ്രായേല്‍ പ്രതീക്ഷിച്ചതിനേക്കാള്‍ ഗുരുതരമാണെന്ന് ബോധ്യപ്പെടുത്താന്‍ പര്യാപ്തമാണ് അധിനിവിഷ്ട വെസ്റ്റ് ബാങ്കില്‍ പതിച്ച മറ്റ് നാല് റോക്കറ്റുകള്‍.

ഇസ്രായേല്‍ ജനതയുടെ രാജാവ് ഞാന്‍ തന്നെയാണ് എന്ന് അവരെ ബോധ്യപ്പെടുത്താന്‍ വേണ്ടിയാണ് നെതന്യാഹു അല്‍ഖസ്സാം നായകന്‍ അഹ്മദ് ജഅ്ബരിയെ വധിച്ചത്. എന്നാല്‍ പ്രസ്തുത നടപടി പ്രതികൂലമായാണ് ഭവിച്ചതെന്നത് മറ്റൊരു സത്യം. ഇപ്പോഴദ്ദേഹത്തിന്റെ രാഷ്ട്രീയ ഭാവി അവതാളത്തിലായിരിക്കുന്നു.

തെരഞ്ഞെടുപ്പില്‍ വിജയിക്കുന്നതിനായി പൗരന്മാരെ സന്ദര്‍ശിച്ച്, അവരുടെ കുഞ്ഞുങ്ങളെ താലോലിച്ച്, ഉമ്മ വെച്ച് പ്രചരണം നടത്തുന്ന സ്ഥാനാര്‍ത്ഥികളെയാണ് നമുക്ക് പരിചയമുള്ളത്. എന്നാല്‍ ബിന്‍യാമീന്‍ നെതന്യാഹു അങ്ങനെയല്ല. കുഞ്ഞുങ്ങലെ കൊന്നൊടുക്കി, അവരുടെ രക്തമൊഴുക്കി പ്രചരണം നടത്തുന്ന അക്രമിയാണ് അയാള്‍.

ഗസ്സയിലെ സ്ഥിതിവിഗതികള്‍ പ്രവചനാതീതമാണ്. ഇസ്രായേല്‍ ടാങ്കുകള്‍ ഗസ്സക്ക് മേല്‍ അതിക്രമിച്ച് കടക്കാനും, അതിന് വിപരീതം സംഭവിക്കാനും സാധ്യതയുണ്ട്. മധ്യസ്ഥതക്കും, സമാധാന പുനസ്ഥാപനത്തിനുമായി അന്താരാഷ്ട്ര സമ്മര്‍ദ്ദമുണ്ടായേക്കാം. ഇസ്രായേലിന്റെ കടന്ന് കയറ്റം നെതന്യാഹുവിനെയും, സഖ്യകക്ഷി നേതാവ് ലിബര്‍മാനെയും സംബന്ധിച്ചേടത്തോളം തങ്ങള്‍ക്കേറ്റ അപമാനത്തിനുള്ള പ്രതികാരമാണ്.

കേവലം വാഗ്വാദമല്ലാതെ മറ്റൊരു യുദ്ധത്തിലും ഇതുവരെ പങ്കാളിയായിട്ടില്ലാത്ത നെതന്യാഹുവിന് പറ്റിയ ഏറ്റവും വലിയ അമളി അറബ്-ഇസ്‌ലാമിക ഭൂപടത്തില്‍ വന്ന മാറ്റങ്ങള്‍ അദ്ദേഹം വായിച്ചറിഞ്ഞിട്ടില്ല എന്നത് തന്നെയാണ്. ഈജിപ്ത് പഴയ ഈജിപ്ത് അല്ല. ഈജിപ്ത് പൂര്‍ണമായും മാറിയിരിക്കുന്നു. അറബ് ജനതയും വ്യത്യസ്തമല്ല. രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇസ്രായേല്‍ ചെയ്തിരുന്നത് ഇനി ചെയ്യാന്‍ കഴിഞ്ഞു കൊള്ളണമെന്നില്ല. അല്‍ഹംദുലില്ലാഹ്…

കൈറോയിലെ പള്ളിയിലെ ജുമുഅ ഖുതുബയില്‍ മുഹമ്മദ് മുര്‍സി പറഞ്ഞത് പൂര്‍ണമായും ശരിയാണ്. ‘ഇന്നലത്തെ ഈജിപ്തല്ല ഇന്നുള്ളത്. ഗസ്സയെ ഏകനായി പോരാടാന്‍ ഈജിപ്ത് അനുവദിക്കുകയില്ല. അതിന് മുന്നില്‍ കൈകെട്ടി നോക്കി നില്‍ക്കാന്‍ ഞങ്ങള്‍ തയ്യാറായേക്കില്ല.’

ഇസ്രായേലിന്റെ അംബാസഡറേയും, ഈജിപ്തിലുള്ള സകല ഇസ്രായേല്‍ നയതന്ത്രജ്ഞരെയും ആട്ടിയോടിച്ചിരിക്കുന്നു ഭരണകൂടം. മാത്രമല്ല, തങ്ങളുടെ ഇസ്രായേല്‍ അംബാസഡറെ തിരിച്ച് വിളിക്കുകയും ചെയ്തിരിക്കുന്നു അവര്‍. അയാളിനി മടങ്ങിപ്പോകുമെന്ന് നാം കരുതുന്നില്ല. ക്യാമ്പ് ഡേവിട് കരാര്‍ പ്രായോഗികമായി ദുര്‍ബലപ്പെടുത്തുകയെന്നതാണ് അടുത്ത പടി. മുര്‍സി ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റാണ്. അതിനാല്‍ ഖുദ്‌സ് അദ്ദേഹത്തിന് മുഖ്യം വിഷയം തന്നെയാണ്.

ചെറുത്ത് നില്‍പ് പോരാളികളെ ജൂതര്‍ കൊന്നൊടുക്കാന്‍ തുടങ്ങിയിട്ട് വര്‍ഷം നൂറ് കഴിഞ്ഞു. പക്ഷെ അവര്‍ പരാജയപ്പെടുകയാണുണ്ടായത്. ഫലസ്തീന്‍ ജനതക്ക് കീഴടങ്ങാത്ത വീര്യമുള്ളവരാണ്. അവര്‍ ഒരുപക്ഷെ സന്ധി സ്വീകരിച്ചെന്ന് വരും. താല്‍ക്കാലികമായി വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചേക്കും. പക്ഷെ, സമാധാനം ലഭ്യമായില്ലെങ്കില്‍ അവര്‍ അത് പുനരാരംഭിക്കുക തന്നെ ചെയ്യും.

വിവ: അബ്ദുല്‍ വാസിഅ് ധര്‍മഗിരി

 

Related Articles