Current Date

Search
Close this search box.
Search
Close this search box.

ആവിഷ്‌കാര സ്വാതന്ത്ര്യം അരാജകത്വമല്ല

twitter.jpg

പശ്ചാത്യര്‍ സ്വാതന്ത്ര്യത്തെ ചൂഷണം ചെയ്തു വികലമാക്കുന്നതു പോലെ പശ്ചാത്യന്‍ ചിന്താഗതികളില്‍ വളര്‍ന്നവരും സ്വാതന്ത്ര്യത്തെ കുറിച്ച് വികലമായ കാഴ്ചപ്പാടാണ് വെച്ചുപുലര്‍ത്തുന്നത്. ചിന്താസ്വാതന്ത്ര്യം എന്നത് കൊണ്ട് ചിലര്‍ അര്‍ഥമാക്കുന്നത് തങ്ങളുടെ ആദര്‍ശത്തെ പരസ്യമായി തള്ളിപ്പറയലും വിമര്‍ശിക്കലുമാണ്. ഇപ്രകാരം ജനിച്ചുവളര്‍ന്ന ആദര്‍ശത്തെ തള്ളിപ്പറയാത്ത ഉന്നതവിദ്യാഭ്യാസം നേടുന്ന വിദ്യാര്‍ഥി, അധ്യാപകന്‍, സാഹിത്യകാരന്‍ എന്നിവരെല്ലാം സ്വാതന്ത്ര്യത്തെ ഉള്‍ക്കൊള്ളാത്ത പിന്തിരിപ്പന്മാരാണ്. മതാധ്യാപനങ്ങളോ രാഷ്ട്രത്തിന്റെ നിയമങ്ങളോ സാമൂഹിക മര്യാദകളോ പാലിക്കാതെ ദേഹേഛകള്‍ക്കനുസൃതമായ ജീവിതം നയിക്കലാണ് ചിലരുടെ വീക്ഷണത്തിലുള്ള വ്യക്തിസ്വാതന്ത്ര്യം. തന്റെ രാഷ്ട്രീയപ്രതിയോഗികളെ അവഹേളിക്കലും അവര്‍ക്കെതിരെ വഞ്ചന, അഴിമതി, ഗൂഢാലോചന തുടങ്ങിയ ആരോപണങ്ങളുന്നയിക്കലുമാണ് ചിലരുടെ വീക്ഷണത്തിലുള്ള ആവിഷ്‌കാര സ്വാതന്ത്ര്യം. യഥാര്‍ഥത്തില്‍ സ്വാതന്ത്ര്യത്തെ കുറിച്ച അബദ്ധധാരണകളാണ് ഇതെല്ലാം. രാഷ്ട്രീയ നൈതിക ധാര്‍മിക രംഗങ്ങളില്‍ ഇന്ന് നാം കാണുന്ന അപചയങ്ങള്‍ക്കും അരാജകത്വത്തിനും പ്രധാന കാരണം ഇതാണ്.

1928-ല്‍ വിയന്നയില്‍ വെച്ച് ലഹരിവിരുദ്ധ സമ്മേളനം സംഘടിപ്പിച്ചു. ലോക രാഷ്ട്രങ്ങളിലെ രാഷ്ട്രീയ പ്രമുഖര്‍, ഡോക്ടര്‍മാര്‍, ശാസ്ത്രജ്ഞന്മാര്‍, മതപണ്ഡിതന്മാര്‍ തുടങ്ങിയവരെല്ലാം അതില്‍ പങ്കെടുത്തു. മദ്യപാനിക്ക് മാതൃപരമായ ശിക്ഷ നല്‍കാന്‍ ഭരണകൂടത്തോട് ആവശ്യപ്പെടണം എന്ന പ്രമേയം അവിടെ അംഗീകരിക്കപ്പെട്ടു. എന്നാല്‍ ഇഷ്ടാനുസാരം ജീവിക്കാനുള്ള മനുഷ്യന്റെ സ്വാതന്ത്ര്യത്തിന് എതിരാണെന്ന് പറഞ്ഞുകൊണ്ട് ഈ പ്രമേയം തള്ളപ്പെടുകയുണ്ടായി. ഒരു വ്യക്തിയുടെയും സ്വാതന്ത്ര്യം മറ്റുള്ളവരുടെ സുരക്ഷക്ക് ഭീഷണി ആകരുത്. എന്നാല്‍ മദ്യപാനി എപ്പോഴും മറ്റുളളവരുടെ സുരക്ഷക്ക് ഭീഷണിയാകുന്നു. അവനെ അതില്‍ നിന്നു തടയുകയും മാതൃകപരവുമായി ശിക്ഷിക്കുകയും ചെയ്യുക എന്നതാണ് യഥാര്‍ഥ സ്വാതന്ത്ര്യം നടപ്പിലാക്കല്‍.

എല്ലാ കാര്യത്തിലും ഇഷ്ടാനുസാരം തോന്നിയതുപോലെ താന്‍ ജീവിക്കും എന്ന് വാദിക്കാന്‍ ആര്‍ക്കും കഴിയില്ല. കാരണം രാഷ്ട്രത്തിലെ എല്ലാ പൗരന്മാര്‍ക്കും ഇതുപോലെ അവകാശങ്ങളും സ്വാതന്ത്രങ്ങളുമുണ്ട്. അവ സംരക്ഷിക്കാന്‍ കഴിയുന്നില്ലെങ്കില്‍ നിയമവ്യവസ്ഥയുടെ ചൈതന്യം ചോര്‍ന്നുപോകും. മനുഷ്യന്‍ മൃഗതുല്യമായ ജീവിതം നയിക്കുക എന്നതായിരിക്കും അതിന്റെ പരിണിത ഫലം. ഒരാള്‍ക്ക് മറ്റൊരാളുടെ സമ്പത്ത് അപഹരിക്കാനോ ഇഷ്ടാനുസാരം ചിലവഴിക്കാനോ ഒരു നിയമവ്യവസ്ഥയും സ്വാതന്ത്ര്യം നല്‍കുന്നില്ല. തെരുവിലൂടെ നഗ്‌നനായി സഞ്ചരിക്കാന്‍ അനുവാദം നല്‍കുന്നില്ല, വഴിയിലൂടെ ട്രാഫിക് നിയമങ്ങള്‍ പാലിക്കാതെ സഞ്ചരിക്കാന്‍ അനുവദിക്കുന്നില്ല. ഇതിലെല്ലാം ഓരോ പൗരനും രാഷ്ട്രത്തിന്റെ നിയമസംഹിതകള്‍ പാലിക്കാന്‍ നാം നിര്‍ബന്ധിതരാണ്. ഇല്ലെങ്കില്‍ നാം ശിക്ഷിക്കപ്പെടും. രാഷ്ട്രത്തിന്റെ നിയമവ്യവസ്ഥകള്‍ ബലപ്രയോഗത്തിലൂടെ മാറ്റം വരുത്താന്‍ ആഹ്വാനം ചെയ്യുന്നതിനെ ഏതെങ്കിലും ഭരണകൂടം ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്രെ പിരിധിയില്‍ ഉള്‍പ്പെടുത്താറൂണ്ടോ? പ്രസിഡന്റിനെ ചീത്തപറയുന്നതും ഇതിന്റെ പരിധിയില്‍ വരികയില്ലല്ലോ. പൊതുവഴിയില്‍ ഇരുന്നു മാര്‍ഗതടസ്സം ഉണ്ടാക്കുന്നതിനെ വ്യക്തിസ്വാതന്ത്ര്യത്തിന്റെ പരിധിയില്‍ പെടുത്തുമോ? അതിനാല്‍ തന്നെ സ്വാതന്ത്ര്യത്തിനും അരാജകത്വത്തിത്തിനും ഇടയില്‍ ചില അതിര്‍വരമ്പുകള്‍ നാം പാലിക്കേണ്ടതുണ്ട്. നിന്റെ അവകാശം ഉപയോഗിക്കാനുള്ള സ്വാതന്ത്ര്യം മറ്റുള്ളവരുടെ അവകാശത്തിന് ഹാനികരമാകരുത്. കാരണം മറ്റുള്ളവരുടെ അവകാശം നീ അപഹരിക്കുന്നത് അരാചകത്വമാണ്. എല്ലാവരുടെയും സ്വാതന്ത്ര്യം സംരക്ഷിക്കാന്‍ വേണ്ടിയാണ് നിയമങ്ങളും വ്യവസ്ഥകളും രൂപപ്പെടുത്തിയിട്ടുള്ളത്.

സ്വാതന്ത്ര്യത്തിന്റെയും അരാജകത്വത്തിന്റെയും അതിര്‍വരമ്പുകള്‍ ലളിതമായ ഒരുപമയിലൂടെ പ്രവാചകന്‍(സ) മനോഹരമായി ചിത്രീകരിച്ചിട്ടുണ്ട്. ഒരു സംഘം ആളുകള്‍ കപ്പലിന്റെ മുകളിലും താഴെയുമായി സഞ്ചരിക്കുന്നു. താഴെ തട്ടിലുള്ളവര്‍ക്ക് വെള്ളം ലഭിക്കണമെങ്കില്‍ മുകളിലെ തട്ടിലേക്ക് പോകണം. അപ്പോള്‍ താഴെ തട്ടിലുള്ള ചിലര്‍ പറഞ്ഞു. എന്തുകൊണ് കപ്പലിന്റെ അടിഭാഗത്ത് ദ്വാരമുണ്ടാക്കിയാല്‍ ആരെയും ആശ്രയിക്കാതെ നമുക്ക് അതില്‍ നിന്നും വെള്ളം എടുത്തുകൂടേ! പ്രവാചകന്‍ വിശദീകരിക്കുന്നു. അവരുദ്ദേശിക്കുന്നതുപോലെ ദ്വാരമുണ്ടാക്കാന്‍ അവരെ വിടുകയാണെങ്കില്‍ മുഴുവനാളുകളും മുങ്ങിമരിക്കും. മറിച്ച് അവരെ അതില്‍ നിന്നും തടയുകയാണെങ്കില്‍ മുഴുവനാളുകളും രക്ഷപ്പെടും. (ബുഖാരി) ഇഷ്ടാനുസാരം തങ്ങളുടെ സ്വാതന്ത്രെ്യം ഉപയോഗിക്കുന്നവരെ ചില നിയന്ത്രണങ്ങള്‍ വെച്ചു തടഞ്ഞില്ലെങ്കില്‍ മനുഷ്യരൊന്നടങ്കം നാശത്തിലകപ്പെടും. വീടുപോലെയുള്ള സ്വകാര്യ ഇടങ്ങളില്‍ വെച്ച് മനുഷ്യര്‍ രഹസ്യമായി ചെയ്യുന്ന മദ്യപാനവും ചൂതാട്ടവുമൊന്നും നിയമങ്ങളുപയോഗിച്ച് തടയുകയില്ല. അത്തരത്തിലുള്ള വ്യക്തിസ്വാതന്ത്ര്യത്തില്‍ ആരും കൈകടത്തുകയില്ല. എന്നാല്‍ ക്ലബ്ബുകളില്‍ വെച്ചുള്ള പരസ്യമായ ചൂതാട്ടങ്ങല്‍ നിയമമുപയോഗിച്ച് നിയന്ത്രിക്കുകയും നിരോധിക്കുകയും ചെയ്തു. മനുഷ്യര്‍ വളരെ രഹസ്യമായി ഏര്‍പ്പെടുന്ന തിന്മകളുടെ അവസ്ഥയും ഇതുതന്നെയാണ്. ഇസ്‌ലാമിക ശരീഅത്തിലും വളരെ രഹസ്യമായി ചെയ്യുന്ന ശിക്ഷകള്‍ പരലോകത്തേക്ക് വിടുകയാണ് ചെയ്യുന്നത്. എന്നാല്‍ സമൂഹമധ്യത്തില്‍ പരസ്യമായി തിന്മകള്‍ നടമാടുകയാണെങ്കില്‍ അതിന് ശിക്ഷ ലഭിക്കുകയും ചെയ്യും. മനുഷ്യന്റെ സമ്പത്തിന്റെ മേലുളള അതിക്രമം പോലെ തന്നെയാണ് ആദര്‍ശ വിശ്വാസത്തിനു മേലുള്ള കയ്യേറ്റങ്ങള്‍. ശരീഅത്തിന്റെ നിയമങ്ങള്‍ പാലിച്ചുകൊണ്ട് നമ്മുടെ സംസ്‌കാരവും മതസംഹിതയും സംരക്ഷിക്കേണ്ട ബാധ്യത നമുക്കുണ്ട്.

മൊഴിമാറ്റം: അബ്ദുല്‍ബാരി കടിയങ്ങാട്‌

Related Articles