Current Date

Search
Close this search box.
Search
Close this search box.

ആരാണ് ഇറാഖിലുള്ളത് : രക്ഷകരോ അധിനിവേശകരോ?

ഇറാഖ് സൈന്യവും സഖ്യകക്ഷികളും തിക്‌രീത് പട്ടണത്തിന്റെ ഭാഗങ്ങളിലേക്ക് പ്രവേശിച്ചു കഴിഞ്ഞു. പട്ടണം ഐസിസില്‍ നിന്നും തിരിച്ചു പിടിക്കാനുള്ള ആക്രമണം തുടര്‍ന്നു കൊണ്ടിരിക്കുകയാണ്.  തിക്‌രീത് തിരിച്ചുപിടിക്കുക എന്നത് തന്ത്രപ്രധാനമായി പ്രാധാന്യം അര്‍ഹിക്കുന്നതിനോടൊപ്പം തന്നെ അതിന് രാഷ്ട്രീയമായ മാനങ്ങള്‍ കൂടിയുണ്ട്. വിധി പരീക്ഷണങ്ങളുടെയും ഭാവി യുദ്ധങ്ങളുടെയും അരങ്ങായി തിക്‌രീത് മാറും. യുദ്ധത്തിന്റെ മുന്നോട്ടുള്ള ഗതിയും അതിന്റെ അവസാനവും ഇറാഖിലും മറ്റു ഭാഗങ്ങളിലും ഒരുപാട് സങ്കീര്‍ണതകള്‍ സൃഷ്ടിക്കും. പ്രത്യേകിച്ച് മൗസില്‍ തിരിച്ചുപിടിക്കുന്നതിന് വേണ്ടിയുള്ള പോരാട്ടം.

തീക്‌രീതിന് വേണ്ടിയുള്ള പോരാട്ടത്തിന് കനത്ത വില നല്‍കേണ്ടി വരും. പ്രത്യേകിച്ച് 2003-ലെ അമേരിക്കന്‍ അധിനിവേശ കാലത്ത് അതിനെതിരെ സധൈര്യം പോരാടുകയും കഠിനമായ പ്രയാസങ്ങള്‍ അനുഭവിക്കുകയും ചെയ്ത അവിടുത്തെ തദ്ദേശിവാസികള്‍ നല്‍കേണ്ടി വരുന്ന വില കനത്തതായിരിക്കും. മുന്‍കാല നേതാവ് സദ്ദാം ഹുസൈനുമായുള്ള അവരുടെ ബന്ധം ശ്രദ്ധേയമാണ്.

ഐസിസ് പോരാളികളുടെ പദ്ധതി ഇനി കാണാനിരിക്കുന്നതേയുള്ളു. അഥവാ അവരെ പിന്തുണക്കുന്നവര്‍ക്ക് വേണ്ടി പോരാടാന്‍ അവര്‍ എത്രമാത്രം ഒരുങ്ങികഴിഞ്ഞു എന്നത്. പക്ഷെ ഐസിസ് പോരാളികള്‍ കീഴടങ്ങുമോ എന്ന കാര്യത്തില്‍ സംശയുണ്ട്. ഇറാഖ് സൈന്യത്തിന്റെ സൈനിക നീക്കത്തിന്റെ ഫലം തദ്ദേശവാസികളായ സുന്നി ജനതയുടെ പ്രതികരണത്തെയും ആശ്രയിക്കുന്നുണ്ട്. ഐസിസിനോളം തന്നെ ഇറാഖ് സൈന്യത്തിന്റെ കൂടെയുള്ള ശിയാ സായുധ സംഘങ്ങളെയും അവര്‍ ഭയപ്പെടുന്നുണ്ട്.

ഐസിസില്‍ നിന്നും പുതുതായി മോചിപ്പിക്കപ്പെട്ട തിക്‌രീതിന് സമീപമുള്ള സുന്നി അധീന പ്രദേശങ്ങളിലെ വീടുകള്‍ അഗ്നിക്കിരയാക്കപ്പെട്ടതിന്റെ റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നു കഴിഞ്ഞു. ഐസിസില്‍ നിന്നും അടുത്ത കാലത്ത് തിരിച്ചുപിടിച്ച പ്രദേശങ്ങളിലെ ആളുകളെ കൊന്നുതള്ളുന്നതിനും, പീഢിപ്പിക്കുന്നതിനും, വീടുകളും മസ്ജിദുകളും തര്‍ക്കുന്നതിനും എതിരെ ഇറാഖ് നേതൃത്വത്തിലെ ചിലര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

മേഖലയില്‍ വിഭാഗീയ സംഘട്ടനങ്ങള്‍ ഇളക്കിവിടുന്ന ഇറാനെ ഇറാഖിലും പുറത്തുമുള്ള സുന്നി നേതൃത്വം പഴിപറഞ്ഞുകൊണ്ടിരിക്കുമ്പോഴും, ഐസിസിനെതിരെയുള്ള പോരാട്ടത്തില്‍ ‘ഉറ്റ സുഹൃത്തുക്കളായ’ ഇറാന്റെ സഹായം തേടിയതില്‍ മാപ്പുപറയാന്‍ ഇറാഖ് സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ഇറാന്റെ റെവല്യൂഷനറി ഗാര്‍ഡിന്റെ തലവന്‍ ഖാസിം സുലൈമാനി പോരാട്ടം നിരീക്ഷിച്ചു കൊണ്ട് ഇറാഖില്‍ തന്നെയുണ്ട്. ഇത് സ്ഥിതിഗതികളെ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. ഇത് ഐസിസിനെതിരെയുള്ള പോരാട്ടത്തെ അട്ടിമറിക്കുമെന്ന ഭീഷണി നിലനില്‍ക്കുന്നുണ്ട്. ഇതേ ആശങ്ക അമേരിക്കന്‍ സൈനിക ചീഫ് ജനറല്‍ മാര്‍ട്ടിന്‍ ഡെംപ്‌സിയും പങ്കുവെച്ചിരുന്നു. രാജ്യത്തെ വിഭാഗീയ ഭിന്നതകള്‍ പരിഹരിക്കാന്‍ ഇറാഖ് സര്‍ക്കാര്‍ പരാജയപ്പെടുകയാണെങ്കില്‍, ഐസിസിനെതിരെ പോരാടുന്ന അന്താരാഷ്ട്ര സഖ്യത്തിന് അതൊരു ഭീഷണിയായി തീരുമെന്നായിരുന്നു ഡെംപ്‌സിയുടെ മുന്നറിയിപ്പ്.

അവലംബം: അല്‍ജസീറ
മൊഴിമാറ്റം : ഇര്‍ഷാദ് കാളാച്ചാല്‍

Related Articles