Current Date

Search
Close this search box.
Search
Close this search box.

ആഫ്രിക്കയിലെ ഇസ്രായേല്‍ മുതലകള്‍

അറബികളുടെയും മുസ്‌ലിംകളുടെയും പൂന്തോട്ടമായിരുന്ന ആഫ്രിക്കന്‍ വന്‍കരയുടെ കറുത്ത നാളുകള്‍ അവസാനിച്ചിരിക്കുന്നുവെന്ന് മേനിനടിക്കുകയാണ് ഇസ്രായേല്‍ ഇന്ന്. ഇസ്രായേലിന് മുന്നില്‍ തങ്ങളുടെ കവാടങ്ങള്‍ കൊട്ടിയടക്കുകയും അവരുടെ കച്ചവട കമ്പനികള്‍ക്ക് അവസരം നിഷേധിക്കുകയും ചെയ്ത രാഷ്ട്രങ്ങളെല്ലാം നയംമാറ്റിയിരിക്കുന്നു.

ഇപ്പോള്‍ ആഫ്രിക്കയില്‍ അറബികള്‍ക്കോ മുസ്‌ലിംകള്‍ക്കോ വലിയ സ്വാധീനമൊന്നുമില്ല. പഴയ എല്ലാ നിബന്ധനകളില്‍ നിന്നും, കരാറുകളില്‍ നിന്നും അവരിപ്പോള്‍ സ്വതന്ത്രമായിരിക്കുന്നു. ജൂതരാഷ്ട്രവുമായി നയതന്ത്ര ബന്ധം സ്ഥാപിക്കാനും, ഇസ്രായേല്‍ മുതലാളിമാരുടെ ഇന്‍വെസ്റ്റ്‌മെന്റ് സ്വീകരിക്കാനുള്ള അവകാശവും, ശേഷിയും അവര്‍ക്കിപ്പോഴുണ്ട്. ഇസ്രായേലിന്റെ ബുദ്ധിയും സയണിസ്റ്റ് താല്‍പര്യവുമുള്ള, അവരുടെ രാഷ്ട്രീയ നയങ്ങളെ സേവിക്കുന്ന, കൃത്യമായ ആസൂത്രണത്തോടെ പ്രവര്‍ത്തിക്കുന്ന വിവിധ രാഷ്ട്രങ്ങളുടെ വന്‍കിട കുത്തക കമ്പനികള്‍ക്ക് ഇനി അവിടെ യഥേഷ്ടം വിഹരിക്കാവുന്നതാണ്. ആഫ്രിക്കന്‍ സമൂഹത്തിന്റെ സുരക്ഷാപരവും, സൈനികവും, സാമ്പത്തികവും, സാംസ്‌കാരികവുമായ തലങ്ങളില്‍ ചിദ്രതയും, അരക്ഷിതാവസ്ഥയും സൃഷ്ടിക്കാനാവശ്യമായ എല്ലാ നടപടികളും അവര്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നു.

ഇസ്രായേല്‍ ഇപ്പോള്‍ അഭിമാനം നടിക്കുന്നത് യാഥാര്‍ത്ഥ്യത്തിന്റെ പേരിലാണെന്നതില്‍ സംശയമില്ല. സയണിസ്റ്റ് വൃത്തം ആഫ്രിക്കയില്‍ കാലുറപ്പിച്ച് തുടങ്ങിയിരിക്കുന്നു. ഏകദേശം എല്ലാ ആഫ്രിക്കന്‍ രാഷ്ട്രങ്ങളുടെയും തലസ്ഥാന നഗരിയില്‍ ഇസ്രായേലിന് എംബസികളും അംബാസഡര്‍മാരുമുണ്ട്. ഇസ്രായേലിന്റെയും ആഫ്രിക്കയുടെയും വിമാനക്കമ്പനികള്‍ തെല്‍അവീവിലേക്കും, അവിടെ നിന്ന് തിരിച്ച് ആഫ്രിക്കയിലേക്കും സര്‍വീസുകള്‍ നടത്തുന്നുണ്ട്.

ഇസ്രായേല്‍ ഉല്‍പന്നങ്ങള്‍ കൊണ്ട് നിബിഢമാണ് ആഫ്രിക്കാന്‍ തെരുവുകളും മാര്‍ക്കറ്റുകളും. ഇലക്ട്രോണിക്, വൈദ്യ, ഭക്ഷ്യ ഉല്‍പന്നങ്ങള്‍ വിവിധങ്ങളായ ഇനത്തില്‍ ധാരാളമായി ഇറക്കുമതി ചെയ്തിരിക്കുന്നു. അതേസമയം തന്നെ ഇസ്രായേല്‍ രാഷ്ട്രീയ വിചക്ഷണര്‍ ആഫ്രിക്കന്‍ രാഷ്ട്രങ്ങളില്‍ ഓടി നടന്ന് തങ്ങളുടെ വിവിധ പദ്ധതികള്‍ നടപ്പാക്കുകയും ചെയ്യുന്നു. അവര്‍ സമ്മേളനങ്ങളും, സെമിനാറുകളും സംഘടിപ്പിക്കുകയും വിവിധ മേഖലകളില്‍ പരിശീലന ക്യാമ്പുകള്‍ നടത്തുകയും ചെയ്യുന്നു. ആഫ്രിക്കന്‍ പൗരന്മാരില്‍ കഴിവുള്ളവരെ കണ്ടെത്തുകയും ഇസ്രായേല്‍ കമ്പനികളില്‍ ജോലിക്ക് നിര്‍ത്തുകയും ചെയ്യുന്നു. വ്യാജപേരുകളില്‍ നടത്തപ്പെട്ടുക്കൊണ്ടിരിക്കുന്ന പ്രസ്തുത കമ്പനികള്‍ ഇസ്രായേലികളുടേതാണെന്ന് തൊഴിലാളികള്‍ പോലും അറിയുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. എന്നാല്‍ അവയൊക്കെയും പൊതുവായി ഇസ്രായേലിന്റെ താല്‍പര്യങ്ങളെ സേവിക്കുകയും, അവരുടെ അജണ്ട നടപ്പിലാക്കാന്‍ പരിശ്രമിക്കുകയും ചെയ്യുന്നു. ദാരിദ്ര്യവും തൊഴിലില്ലായ്മയും രോഗവും കൊണ്ട് കഷ്ടപ്പെടുന്ന ആഫ്രിക്കന്‍ സമൂഹത്തിന്റെ ദുര്‍ബലാവസ്ഥയെ ചൂഷണം ചെയ്യുകയാണ് ഇസ്രായേല്‍. ഇസ്രായേലിന്റെ എല്ലാ ഓഫറുകളും ആഫ്രിക്കന്‍ ജനത ഇരുകരങ്ങളും നീട്ടി സ്വീകരിക്കുകയും, വളരെ കുറഞ്ഞ നിരക്കില്‍, വേതനത്തില്‍ അവരുടെ കഴിവും ശേഷിയും ഇസ്രായേല്‍ മുതലെടുക്കുകയും ചെയ്യുന്നു.

ആഫ്രിക്കന്‍ രാഷ്ട്രങ്ങളില്‍ ഇസ്രായേലികളുടെ എണ്ണം പ്രതിദിനം വര്‍ദ്ധിച്ച് കൊണ്ടേയിരിക്കുകയാണ്. അവയുടെ തലസ്ഥാന നഗരികളിലൊക്കെ ഹീബ്രു ഭാഷ പരിചിതമായിക്കൊണ്ടിരിക്കുന്നു. എന്നല്ല, ഇക്കാര്യത്തെക്കുറിച്ച് ബോധ്യമുള്ളവര്‍ ഇസ്രായേലികളെ അകറ്റാനും, അവരെ നാട്ടില്‍ നിന്ന് പുറത്താക്കാനും വേണ്ടി ശബ്ദമുയര്‍ത്തി തുടങ്ങിയിരിക്കുന്നു. പക്ഷെ, ഇസ്രായേല്‍ അറബ് മുസ്‌ലിം ജനതയുടെ മുഖത്ത് നോക്കി നിറഞ്ഞ് ചിരിക്കുകയാണ്. ഒരു കാലത്ത് തങ്ങള്‍ക്ക് നിഷിദ്ധമാക്കപ്പെട്ട വന്‍കരയില്‍ ആധിപത്യം സ്ഥാപിച്ച് കൊണ്ടിരിക്കുന്നുവെന്നതിന്റെ നിര്‍വൃതിയിലാണ് അവര്‍. അവര്‍ക്കവിടെ ഭൂമിയും, സ്ഥാപനങ്ങളുമുണ്ട്. അവരവിടെ നിര്‍മിക്കുകയും, നിക്ഷേപിക്കുകയും ചെയ്യുന്നു. അവരില്‍ തങ്ങളുടെ ഉല്‍പന്നങ്ങള്‍ വില്‍ക്കുകയും, അവരില്‍ നിന്ന് വാങ്ങുകയും ചെയ്യുന്നു. അവിടം സന്ദര്‍ശിക്കുകയും ആര്‍മാദിക്കുകയും ചെയ്യുന്നു. അവിടെനിന്ന് ആണവായുധത്തിനും, സൈനികസജ്ജീകരണത്തിനുമാവശ്യമായ സര്‍വതും അവര്‍ ശേഖരിക്കുന്നു.

ഇസ്രായേല്‍ യുദ്ധക്കപ്പലുകളും ബോട്ടുകളും ആഫ്രിക്കന്‍ തുറമുഖങ്ങളില്‍ നങ്കൂരമിട്ടുകൊണ്ടിരിക്കുന്നു. അവിടെ നിന്ന് ഇന്ധനം ശേഖരിക്കുകയും നിറക്കുകയും ദിവസങ്ങളോളം അവിടെ താമസിക്കുകയും ചെയ്യുന്നു. അവയില്‍ വന്ന ഇസ്രായേല്‍ വിദഗ്ദന്മാര്‍ അവിടത്തെ പൗരന്മാരുമായി കൂടിക്കലരുകയും, അവരില്‍ തന്ത്രപൂര്‍വം പഠനം നടത്തുകയും ചെയ്യുന്നു. അതോടൊപ്പം തന്നെ തങ്ങളുടെ മേത്തരം ആയുധങ്ങള്‍ കൊണ്ട് മാര്‍ക്കറ്റ് നിറക്കുകയും ചെയ്യുന്നു. ചില ആഫ്രിക്കന്‍ രാഷ്ട്രങ്ങളിലെ മുഖ്യ ആയുധം തന്നെ ഇസ്രായേലികളുടേതായിരിക്കുന്നു. അവര്‍ക്കാവശ്യമുള്ളത് ഇസ്രായേല്‍ നല്‍കുകയും, അവ പരിശീലിപ്പിക്കുകയും ചെയ്യുന്നു. ആഭ്യന്തരയുദ്ധത്തിനും, കലഹത്തിനും വേണ്ട നിര്‍ദ്ദേശങ്ങള്‍ കൃത്യവും രഹസ്യവുമായി നല്‍കുകയും ചെയ്യുന്നു.
ഇസ്രായേല്‍ ആഫ്രിക്കയില്‍ ലക്ഷ്യം വെക്കുന്ന നേട്ടങ്ങള്‍ പലതാണ്. അറബ്-മുസ്‌ലിംകളുടെ അവിടത്തെ ആധിപത്യം തകര്‍ക്കാനും, അവിടത്തെ പഴയ സഖ്യങ്ങളെ ശിഥിലമാക്കാനും, അറബികളുടെ താല്‍പര്യങ്ങള്‍ക്ക് വിഘാതം സൃഷ്ടിക്കാനും മാത്രമല്ല. മറിച്ച് അവിടത്തെ വജ്രവും, മാര്‍ബിളും കരസ്ഥമാക്കലും, യുറേനിയം, പ്ലൂട്ടോണിയം, റേഡിയം തുടങ്ങിയവയുടെ ഖനി കൈവശപ്പെടുത്തലും, ആണവബോംബിന് ആവശ്യമായ പല പദാര്‍ത്ഥങ്ങളും ശേഖരിക്കലും അവരുടെ ലക്ഷ്യമാണ്.

ഇസ്രായേലികള്‍ക്ക് നേരെയുള്ള ബഹിഷ്‌കരണം പൊളിഞ്ഞതോടെ അതുവരെ നിര്‍ജീവമായിരുന്ന ആഫ്രിക്കന്‍ യഹൂദികളും കൂടുതല്‍ സജീവമായി. ഇസ്രായേലിന്റെ പദ്ധതികള്‍ക്ക് അവര്‍ സര്‍വ പിന്തുണയും നല്‍കി. അവര്‍ക്ക് നിധികളിലേക്കും ഖനിജങ്ങളിലേക്കും വഴികാണിച്ചും, ആയിരക്കണക്കിന് ആഫ്രിക്കന്‍ യഹൂദികളെ ഇസ്രായേലിലേക്ക് കടത്തുന്നത് ആസൂത്രണം ചെയ്തും അവര്‍ തങ്ങളുടെ ദൗത്യം ഭംഗിയായി നിര്‍വഹിച്ചു. കൂടാതെ തങ്ങളുടെ നാട്ടിലെ രഹസ്യാന്വേഷണ -ചാര പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു. എല്ലായിടത്തും അന്വേഷിക്കാനും, എല്ലാ ദുര്‍ഘട മേഖലകളിലും എത്തിച്ചേരാനും, സയണിസ്റ്റ് വൃത്തങ്ങളെ സഹായിക്കുന്ന വിവരങ്ങള്‍ എത്തിച്ചു കൊടുക്കാനും അവര്‍ രംഗത്തിറങ്ങി.

ഇസ്രായേലിന്റെ ആഫ്രിക്കന്‍ വന്‍കരയിലുള്ള വിജയത്തിന്റെ പിതാവ് വിദേശകാര്യമന്ത്രി ലിബര്‍മാന്‍ ആണെന്നത് തീര്‍ത്തും അത്ഭുതകരമാണ്. തന്റെ അബദ്ധജഢിലമായ വൈദേശിക രാഷ്ട്രീയനയത്തിലൂടെ ഇസ്രായേലിന്റെ സര്‍വ ബന്ധങ്ങളും നശിപ്പിച്ചവനാണ് അദ്ദേഹമെന്ന ആരോപണം നിലനില്‍ക്കെയാണിത്. പക്ഷെ അദ്ദേഹം ആഫ്രിക്കയില്‍ വിജയിച്ചിരിക്കുന്നു. ഏകദേശം എല്ലാ ആഫ്രിക്കന്‍ രാഷ്ട്രങ്ങളുടെയും തലസ്ഥാന നഗരികള്‍ പത്തോളം വരുന്ന വിദഗ്ദരുടെ കൂടെ സന്ദര്‍ശിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിരിക്കുന്നു. ആഫ്രിക്കന്‍ നദികളില്‍ ഊളിയിട്ട് അറബ് സ്വപ്‌നങ്ങളെ വിഴുങ്ങാന്‍ ഇസ്രായേല്‍ മുതലകളെ സഹായിച്ചത് അദ്ദേഹത്തിന്റെ ഈ യാത്രകള്‍ തന്നെയായിരുന്നു.

എന്തുകൊണ്ട് നമുക്ക് ആഫ്രിക്കന്‍ വന്‍കര നഷ്ടപ്പെട്ടുവെന്നത് നാം നിര്‍ബന്ധമായും ആത്മപരിശോധന നടത്തേണ്ട കാര്യമാണ്. നമ്മുടെ പഴയ ഭദ്രമായ കോട്ട ഇസ്രായേല്‍ തകര്‍ത്തതിന്റെയും നമ്മുടെ ചരിത്രപരമായ സഖ്യം പൊളിച്ചതിന്റെയും ഉത്തരവാദിത്തം ആര്‍ക്കാണ്. എവിടെയാണ് പോരായ്മ ഒളിഞ്ഞിരിക്കുന്നത്. ധാരാളം പേരുള്ള ആഫ്രിക്കന്‍ മുസ്‌ലിംകളിലാണോ? ഇസ്രായേലിന്റെ കടന്ന് കയറ്റത്തില്‍ നിന്നും രാഷ്ട്രത്തെ സംരക്ഷിക്കുകയെന്ന ബാധ്യത അവര്‍ നിറവേറ്റിയോ? അതല്ല അവര്‍ ഭൗതിക നേട്ടങ്ങള്‍ക്കും താല്‍പര്യങ്ങള്‍ക്കും മുന്‍ഗണന നല്‍കി മൂല്യങ്ങളെയും അടിസ്ഥാനങ്ങളെയും വലിച്ചെറിഞ്ഞുവോ? അറബ്-മുസ്‌ലിം ലോകം നല്‍കുന്നവയേക്കാള്‍ ഉത്തമമായത് ഇസ്രായേലിന്റെ ഔദാര്യമാണെന്ന് അവര്‍ വിലയിരുത്തിയോ?

അറബ്-മുസ്‌ലിം ഭരണകൂടങ്ങള്‍ ആഫ്രിക്കക്ക് നേരെയുള്ള ബാധ്യത വിസ്മരിച്ചതാണോ കാരണം? ദീനീപരമായി അവര്‍ നമ്മളോട് ചേര്‍ന്നിരിക്കെ തന്നെ നാമവരെ അവഗണിക്കുകയും, ഏകരായി ഉപേക്ഷിക്കുകയും ചെയ്തുവോ? അതിന്റെ ഫലമാണോ ഇസ്രായേല്‍ അവരെ കൊള്ളയടിച്ചതും, അവിടത്തെ സുസ്ഥിരത താറുമാറാക്കിയതും? എന്നല്ല മിക്ക അറബ് രാഷ്ട്രങ്ങളും ഇസ്രായേലുമായി ബന്ധം സ്ഥാപിക്കുന്നതായി ആഫ്രിക്കന്‍ ഭരണകൂടങ്ങള്‍ കാണുന്നു. പിന്നെ എന്ത് കൊണ്ട് അവര്‍ക്കുമായിക്കൂടാ? അതോടൊപ്പം തന്നെ തങ്ങളഭിമുഖീകരിക്കുന്ന ദാരിദ്ര്യത്തിനും പട്ടിണിക്കുമുള്ള ഉചിതരമായ പരിഹാരവും ഇസ്രായേല്‍ തന്നെയല്ലെ അവര്‍ ചിന്തിക്കുകയും ചെയ്യുന്നു.

വിവ. അബ്ദുല്‍ വാസിഅ് ധര്‍മഗിരി

Related Articles