Current Date

Search
Close this search box.
Search
Close this search box.

അവര്‍ ഒട്ടകങ്ങളെ അപ്പാടെ വിഴുങ്ങുന്നു

eagle.jpg

വിദ്യാഭ്യാസം തൊഴില്‍ എന്നീ മേഖലകളില്‍ സംവരണം ലഭിക്കുന്ന വിഭാഗങ്ങള്‍ നാട്ടിലുണ്ട്. പക്ഷെ പോലീസ് കേസുകളില്‍ സംവരണം ലഭിക്കുന്ന ഒരു വിഭാഗമേ നാട്ടിലുള്ളൂ. അടുത്ത കാലത്തായി അത് കൂടി വരികയും ചെയ്യുന്നു. സ്ത്രീത്വത്തെ ആക്ഷേപിക്കുക എന്നത് ബോധപൂര്‍വമായ സംഗതിയാണ്. ഇവിടെ അധ്യാപകന്‍ അത്തരം നിലപാടുള്ള വ്യക്തിയല്ല. ഒരു വിഷയം പറഞ്ഞപ്പോള്‍ ഉണ്ടായ വിശദീകരണം എന്നത് മാത്രമാണിവിടെ സംഭവിച്ചതും. സ്ത്രീത്വത്തെ ആക്ഷേപിച്ചതിന്റെ പേരില്‍ കേസെടുക്കാന്‍ അതിനേക്കാള്‍ മോശമായ പല പ്രയോഗവും ഇന്നും യൂട്യൂബുകളില്‍ സജീവമാണ്. അത്തരം വാക്കുകള്‍ക്കു നേരെ ആരും ഇന്നേവരെ ഒരു നിയമ നടപടിയും സ്വീകരിച്ചു കണ്ടില്ല. അതിനുള്ള കാരണം പറഞ്ഞയാളിന്റെ മതവും ജോലി സ്ഥലവും എന്നതാകും. ഇസ്‌ലാമിലെ വസ്ത്രധാരണ രീതിയെ കുറിച്ച് പറയുന്നിടത്തു വന്നു പോയ ഒരു വാക്കു ഏറ്റു പിടിച്ചു അധികാരം ഉണ്ടെന്ന പേരില്‍ കാണിക്കുന്ന ഈ കൂത്ത് തീര്‍ത്തും അപലപനീയമാണ്.

സ്ത്രീകളെ ശാരീരികമായി തന്നെ ആക്ഷേപിക്കുന്ന വാര്‍ത്ത കേരളത്തിന്റെ വടക്കു നിന്നും നാം കേട്ട് കൊണ്ടിരിക്കുന്നു. അവിടെ സ്ത്രീകള്‍ക്ക് വൈകുന്നേരം പുറത്തിറങ്ങാന്‍ പോലും കഴിയുന്നില്ല. ഒരു കേസും അവിടെ രജിസ്റ്റര്‍ ചെയ്തതായി നമുക്കറിയില്ല.  തൃപ്പൂണിത്തറ വിഷയത്തില്‍ ഇത്ര പെട്ടെന്ന് സര്‍ക്കാര്‍ പ്രതികരിച്ചില്ല. പക്ഷെ ഇവിടെ മാത്രം പെട്ടെന്ന് പ്രതികരിച്ചു. അതിന്റെ രാഷ്ട്രീയമാണ് ചര്‍ച്ചയാകേണ്ടതും.

തെറ്റ് ചെയ്താല്‍ ശിക്ഷിക്കപ്പെടുക എന്നത് ആവശ്യമായ കാര്യമാണ്. അതിനു മതവും ജാതിയും തടസ്സമാകരുത്. ഒരേ തെറ്റ് തന്നെ പലരും ചെയ്യുമ്പോള്‍ പല രീതിയില്‍ കാണുക എന്നത് നല്ല പ്രവണതയല്ല. അതും ഒരു മതേതര പാര്‍ട്ടി കേരളം ഭരിക്കുമ്പോള്‍. മുസഫര്‍ നഗര്‍ കലാപകാരികളെ നല്ലവരാക്കാന്‍ യു പി സര്‍ക്കാര്‍ പല നടപടികളും സ്വീകരിച്ചു എന്ന് കേള്‍ക്കുന്നു. യോഗി സര്‍ക്കാരില്‍ നിന്നും നാം അത് പ്രതീക്ഷിക്കുന്നു. അതെ സമയം പിണറായി സര്‍ക്കാര്‍ ഒരു മതേതര സര്‍ക്കാര്‍ എന്ന് നാം മനസ്സിലാക്കുന്നു. സര്‍ക്കാരിന് മതമില്ല എന്നതാണ് ഇന്ത്യന്‍ മതേതരത്വം കൊണ്ട് വിവക്ഷ. അതെ സമയം കേരള സര്‍ക്കാരിന് ചില വിഷയങ്ങളില്‍ മതവും ജാതിയുമുണ്ടോ എന്ന് ജനം സംശയിച്ചാല്‍ നമുക്ക് എതിര് പറയാന്‍ കഴിയില്ല.

ഒരിക്കലും സ്ത്രീ സമൂഹത്തെ അപമാനിക്കണം എന്നതായിരുന്നില്ല പ്രാസംഗികന്റെ വിഷയം. പുതിയ വസ്ത്ര ധാരണ രീതികള്‍ ഇസ്ലാമാറിന് എത്രമാത്രം എതിരാണ് എന്നതിലായിരുന്നു അദ്ദേഹം ശ്രദ്ധയൂന്നിയത്. അത് പറയുമ്പോള്‍ ചില ആനുകാലിക അനുഭവങ്ങള്‍ പറയുക എന്നത് മാത്രമാണ് അദ്ദേഹം ഉദ്ദേശിച്ചത്. തനിക്കു പരിചയമുള്ള കോളേജ് തലങ്ങളില്‍ നടക്കുന്ന വിഷയം പറഞ്ഞു എന്നത് ഒരു സാധാരണ കാര്യം  മാത്രം.

 ജാഹിലിയ്യത്തു ഒന്നിനെയും തള്ളിപ്പറയില്ല. പക്ഷെ എല്ലാം സ്വന്തമാക്കും. എഴുപതുകളില്‍ നിന്നും തൊണ്ണൂറുകളില്‍ എത്തിയപ്പോള്‍ കേരള സ്ത്രീ വസ്ത്രത്തില്‍ മാന്യമായി ഇടം പിടിച്ച ഒന്നായിരുന്നു ചുരിദാര്‍. അതിനെ ജാഹിലിയ്യത്തു ഏറ്റെടുത്തു. ഇപ്പോള്‍ ചുരിദാര്‍ ധരിച്ചാലും സ്ത്രീ ശരീരം പുറത്തേക്കു കാണാം എന്ന നിലയില്‍ എത്തിയിട്ടുണ്ട്. പിന്നെ വന്ന പര്‍ദ്ദക്കും ആ ഗതി തന്നെ വന്നു. ദേഹം മുഴുവന്‍ മറയുന്ന വസ്ത്രം എന്ന പരിഗണനയില്‍ നിന്നും മാറി ദേഹത്തിന്റെ ഉയര്‍ച്ച താഴ്ചകള്‍ പുറത്തു കാണിക്കുക എന്നതായി അത് മാറി ക്കഴിഞ്ഞു.  തലമറക്കുക എന്നത് പോലെ നിര്ബന്ധമാണ് മാറ് മറക്കുക എന്നതും. മാറ് മറയാതെയാണ് ഇന്ന് പല തലമറക്കലും നടക്കുന്നത്. അപ്പോള്‍ സംഭവിക്കുന്നതിനെ ഒരു ഉദാഹരണം വഴി പ്രാസംഗികന്‍ എടുത്തു പറഞ്ഞു. അതും മുസ്‌ലിം സ്ത്രീകളെ മാത്രമാണ് അദ്ദേഹം എടുത്തു പറഞ്ഞതും. ഇതില്‍ എവിടെയാണ് സ്ത്രീ വിരുദ്ധത എന്ന് എത്ര ചിന്തിച്ചിട്ടും മനസ്സിലാവുന്നില്ല. ഫാറൂഖ് കോളേജ് ജൗഹര്‍ സ്ത്രീ എന്ന് വന്നാല്‍ ചിലര്‍ക്ക് പെട്ടെന്ന് മനസ്സിലാവും എന്നതാണ് കാര്യം.

പ്രസംഗം ഒരു കലയാണ്. ചിലപ്പോള്‍ അത് കൊലക്കും കാരണമാകും. ശശികലയുടെയും ഗോപാലകൃഷ്ണന്‍ അവര്‍കളുടെയും പ്രസംഗം നാം ഒരു പാട് കേട്ടതാണ്. ഒരു സമുദായത്തെ മൊത്തം പ്രതിസ്ഥാനത്തു നിര്‍ത്തുന്ന വാക്കുകള്‍ അവരില്‍ നിന്നും നിര്‍ത്താതെ പുറത്തേക്കു വരുന്നു. ഈ മുഖ്യനും പോലീസും സര്‍ക്കാരും അതില്‍ പലതും കേട്ടില്ല. യേശു അന്ന് പുരോഹിതരെ കുറിച്ച് പറഞ്ഞത് ഇന്ന് നാം സര്‍ക്കാരിനെ കുറിച്ച് പറയണം ‘ അവര്‍ ഒട്ടകങ്ങളെ അപ്പാടെ വിഴുങ്ങുന്നു കൊതുകുകളെ അരിച്ചെടുക്കുന്നു’

 

 

Related Articles