Current Date

Search
Close this search box.
Search
Close this search box.

അറബ് വസന്തവും നവമുസ്‌ലിം മാധ്യമ വെല്ലുവിളികളും

arab-spring.jpg

അറബ് ഇസ്‌ലാമിക ലോകത്ത് വളരെ ശക്തിയോടെ ആഞ്ഞടിച്ച വസന്തം സാമൂഹ്യ ഘടനയുടെ മുന്‍ഗണനാ ക്രമത്തെ സംബന്ധിച്ച പൊതുജന സങ്കല്‍പത്തെയും മാധ്യമ-രാഷ്ട്രീയ ശക്തികളെക്കുറിച്ച മാനദണ്ഡത്തെയും തിരുത്തിയെഴുതി. ഇതിന്റെ സ്വാഭാവിക ഫലം മാത്രമായിരുന്നു പ്രസ്തുത രാഷ്ട്രങ്ങളില്‍ നടന്നതും, സംഭവിച്ചു കൊണ്ടേയിരിക്കുന്നതുമായ ഭരണമാറ്റങ്ങള്‍. നിലവിലുണ്ടായിരുന്ന രാഷ്ട്രസംവിധാനത്തെയും ഭരണാധികാരികളെയും താഴെ ഇറക്കി പുതു ഭരണക്രമങ്ങളും ഘടനകളും സ്ഥാപിക്കപ്പെട്ടതോടൊപ്പം കൂടുതല്‍ മാറ്റങ്ങളെ ഉള്‍ക്കൊള്ളാവുന്ന വിധത്തില്‍ അന്തരീക്ഷം ഇപ്പോഴും തുറന്ന് കിടക്കുകയാണ്. അറബ് വിപ്ലവത്തിലും വിപ്ലവാനന്തരവും ശക്തമായി പ്രയോഗിക്കപ്പെട്ട മൂര്‍ച്ചയേറിയ ആയുധം യാഥാര്‍ത്ഥത്തില്‍ മീഡിയയും അവയുടെ നിരന്തരമായ കവറേജും ആയിരുന്നു.

 

അറബ് നവജാഗരണത്തിലെ സംഭവവികാസങ്ങളെ സത്യസന്ധമായ രീതിയില്‍ തല്‍സമയം തന്നെ ലോകത്തിന്റെ നാനാഭാഗത്ത് എത്തിക്കുന്നത് മുഖേന പ്രസ്തുത വിപ്ലവത്തിന്റെ പ്രായോജകരും ഉത്തരവാദികളുമാവുകയാണ് അവ ചെയ്തത്. ഒടുവിലത്തെ അറബ് വിപ്ലവത്തിന്റെ ദൃശ്യങ്ങളും വാര്‍ത്തകളും പ്രസ്തുത മീഡിയകള്‍ക്ക് വിലക്കപ്പെട്ടിരുന്നുവെങ്കില്‍ ഒരു പക്ഷെ അവയുടെ ഫലം തന്നെ മാറിയേനെ. സ്വേഛാധിപതികളായ ഭരണാധികാരികളെ കടപുഴക്കാനും അടിച്ചമര്‍ത്തപ്പെട്ടവരെ സഹായിക്കാനും ലോകത്തിന്റെ മനസാക്ഷി ഒരിക്കലും തയ്യാറാകുമായിരുന്നുമില്ല.
ഇസ്‌ലാമിക പ്രബോധനമേഖലയില്‍ മാധ്യമങ്ങള്‍ക്കുള്ള നിര്‍ണായകപങ്ക് വ്യക്തമാക്കാന്‍ ഈ സംഭവം തന്നെയാണ് നാം ഉദാഹരിക്കുന്നത്. മീഡിയകള്‍ ഒരിക്കലും കേവലം രാഷ്ട്രീയ പ്രബോധന പരിശ്രമങ്ങള്‍ മാത്രമല്ല നിര്‍വ്വഹിക്കുന്നത്. മറിച്ച് സമൂഹത്തിന്റെ പരിവര്‍ത്തനോന്മുഖമായ പദ്ധതികള്‍ക്കും അടിച്ചമര്‍ത്തപ്പെട്ടവരെ സഹായിക്കാനും പിന്തുണക്കാനും ഉപയോഗിക്കപ്പെടേണ്ടതുണ്ട്. അറബ് ഇസ്‌ലാമിക ലോകങ്ങളിലെ ആധുനിക ഇസ്‌ലാമിക പ്രസ്ഥാനങ്ങളുടെ അജണ്ടയില്‍ മാധ്യമങ്ങള്‍ക്ക് ഒരു സ്ഥാനവുമുണ്ടായിരുന്നില്ല എന്നതാണ് വസ്തുത. ഒരു പുതിയ ജീവിത രീതി രൂപപ്പെടുത്തുന്നതില്‍ മീഡിയക്കുള്ള പ്രാധാന്യത്തെക്കുറിച്ചോ, സാധ്യതയെക്കുറിച്ചോ അവര്‍ക്ക് യാതൊരു അവബോധവും ഉണ്ടായിരുന്നില്ല. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ പത്രപ്രവര്‍ത്തനം രംഗപ്രവേശം ചെയ്തപ്പോള്‍ അവക്കുള്ള മതപരമായ സാധ്യതയെക്കുറിച്ച് ആരും ചിന്തിച്ചില്ല. അത് കൊണ്ട് തന്നെ അക്കാലത്തുണ്ടായിരുന്ന ഒരു ഇസ്‌ലാമിക പത്രപ്രവര്‍ത്തന ശ്രമത്തെ അറബ് പത്രലോകത്ത് നി്ന്നും കണ്ടെത്തുക പ്രയാസകരമാണ്. മറ്റ് രാഷ്ട്രീയ ബൗദ്ധിക മുന്നേറ്റങ്ങള്‍ അവയെ ക്രിയാത്മകമായി ഉപയോഗപ്പെടുത്തുകയും, പ്രസ്തുത മേഖലയില്‍ സജീവമായി ഇടപെടുകയും ചെയ്ത കാലമായിരുന്നു ഇതെന്ന് പ്രത്യേകം പ്രസ്താവ്യമാണ്.
ശൈഖ് ജമാലുദ്ധീന്‍ അഫ്ഗാനിയും ശിഷ്യന്‍ മുഹമ്മദ് അബ്ദുവും കൂടി പ്രസിദ്ധീകരിച്ച ഉര്‍വതുല്‍ വുസ്ഖായാണ് ഇതിന്ന്പവാദം. നാട്കടത്തപ്പെട്ട നാളുകളില്‍ അവര്‍ ഫ്രാന്‍സില്‍ നി്ന്നുമാണ് അവ പുറത്തിറക്കിയത്. അള്‍ജീരിയ, മൊറോക്കോ, ഈജിപ്ത് തുനീഷ്യ തുടങ്ങിയ അറബ് ആഫ്രിക്കന്‍ പ്രദേശങ്ങളില്‍ അതിന് ശകതമായ വേരോട്ടമാണ് ലഭിച്ചത്. എന്നാല്‍ പോലും ഒരു പ്രൊഫഷണല്‍ മീഡിയയായി ഗണിക്കാവുന്ന വിധത്തിലായിരുന്നില്ല അതിന്റെ കെട്ടും മട്ടും. മറിച്ച് സമൂഹത്തിന്റെ ഇഛാശക്തി ഉണര്‍ത്തുകയും ചിന്തകളെ ഉദ്ധീപിപ്പിക്കുകയും ചെയ്ത ഒരു ധൈഷണിക പ്രസിദ്ധീകരണമായിരുന്നു അത്. സയ്യിദ് റശീദ് രിദായുടെ അല്‍ മനാര്‍ അല്ലാതെ പ്രസക്തമാമ മറ്റ് തുടര്‍ച്ചകളൊന്നും അതിന് അവകാശപ്പെടാനുണ്ടായിരുന്നില്ല. അതും ഒരു പത്രപ്രവര്‍ത്തനം എന്നതിലുപരിയായി ബൗദ്ധിക ചലനം മാത്രമായിരുന്നു.
മാത്രമല്ല ധൈഷണിക പത്രപ്രവര്‍ത്തന രീതിയോടുള്ള ഈ അനുഭാവം ആധുനിക മീഡിയകളോട് സ്വീകരിച്ച സമീപനത്തിലും പ്രകടമായി. അത് കൊണ്ട് മിക്ക ഇസ്‌ലാമിക മാധ്യമ സംരംഭങ്ങളും ധൈഷണിക മണ്ഡലത്തില്‍ പരിമിതമായി. എത്രത്തോളമെന്നാല്‍ ഒരു പത്രമാണ് പ്രസിദ്ധീകരിപ്പെടുന്നതെങ്കില്‍ പോലും ചിന്തക്കും ധിഷണക്കും പ്രാമുഖ്യം നല്‍കിയ ലേഖനങ്ങളും കോളങ്ങളും പുറത്ത് വന്നു. ചുരുക്കത്തില്‍ മുസ്‌ലിം ധൈഷണിക മേഖല കേവലം ലേഖനങ്ങളും കുറിപ്പുകളുമായി വിലയിരുത്തപ്പെട്ടു. മീഡിയകളുടെളും, പ്രത്യേകിച്ച് പത്രങ്ങളുടെയും റി്‌പ്പോര്‍ട്ട്, നിരൂപണം, സംവാദം, കല തുടങ്ങിയ വിവിധങ്ങളായ സാധ്യതകള്‍ തിരസ്‌കരിക്കപ്പെട്ടു. കഴിഞ്ഞ നൂറ്റാണ്ടിലാണ് ഇസ്‌ലാമിസ്റ്റുകള്‍ പത്രപ്രവര്‍ത്തനത്തിന്റെ സാധ്യതകള്‍ തിരിച്ചറിഞ്ഞ് തുടങ്ങിയത്. ഈജിപ്ഷ്യന്‍ ജനത വളരെ സംശയത്തോടെ ആയിരുന്നു പത്രപ്രവര്‍ത്തകരെ നോക്കിക്കണ്ടിരുന്നത്. മാസോണിസത്തിന്റെയും മറ്റു നിഗൂഢ പ്രസ്ഥാനങ്ങളുടെയും വക്താക്കളായിട്ടായിരുന്നു അവരെ കണ്ടിരുന്നത.്
ഒടുവില്‍ ഇസ്‌ലാമിസ്റ്റുകള്‍ അവയെ തിരിച്ചറിയുകയും ഉപയോഗപ്പെടുത്തുകയും ചെയ്തതോടെ വമ്പിച്ച നേട്ടമാണ് കൈവരിച്ചത്. ഈജിപ്ഷ്യന്‍ മുസ്‌ലിം പത്രപ്രവര്‍ത്തകരെ നിരീക്ഷിച്ചാല്‍ അവര്‍ മുപ്പതിനും നാല്‍പതിനും ഇടയില്‍ പ്രായമുള്ളവരാണെന്ന് കാണാന്‍ സാധിക്കും. ഇതിനേക്കാള്‍ പ്രായമുള്ളവരെ അവര്‍ക്കിടയില്‍ കാണുക ദുഷ്‌കരമാണ്. അതായത് അവരെല്ലാം പുതിയ തലമുറയില്‍പെട്ടവരാണെന്ന് ചുരുക്കം. സമീപകാലം വരെ ഇസ്‌ലാമിസ്റ്റുകള്‍ ഇത്തരം നിര്‍ണായക മേഖലകളില്‍ ഇടപെട്ടിട്ടില്ലായിരുന്നുവെന്നതിന് ഇത് തന്നെ മതിയായ തെളിവാണല്ലോ.
ചരിത്രപരമായും സ്വത്വപരമായുമുള്ള കാരണങ്ങള്‍ ഇവക്ക് പിന്നിലുണ്ടായിരുന്നുവെന്നതില്‍ നമുക്ക് സംശയമൊന്നുമില്ല. സമൂഹത്തോട് നേരിട്ട് സംവദിക്കുന്ന ഇസ്‌ലാമിക പാരമ്പര്യ രീതി തന്നെ അതില്‍ മുഖ്യമായുള്ളത്. മറക്ക് പിന്നിലിരുന്ന് അദൃശ്യമായ വിധത്തില്‍ ജനങ്ങളോട് സംവദിക്കുന്ന രീതി അതിന് പരിചിതമായിരുന്നില്ല. ഇസ്‌ലാമിസ്റ്റുകളുടെ അടുത്ത് സ്വീകാര്യമായിരുന്നത് പാരമ്പര്യ സംവിധാനങ്ങളായ മസ്ജിദ്, പ്രഭാഷണം, അധ്യാപനം തുടങ്ങിയ പരിമിതമായ മാര്‍ഗങ്ങളായിരുന്നു. ഇത്തരത്തിലുള്ള സംവിധാനങ്ങളെ അവലംബിച്ചവര്‍ ആധുനിക ബദല്‍ പരിശോധിക്കുന്നതില്‍ പരാജയപ്പെട്ടു. മറ്റൊരു വസ്തുത ഇതേ കാരണം കൊണ്ടാണ് ഇടതുപക്ഷ രാഷ്ട്രീയ മുന്നേറ്റങ്ങളെല്ലാം ഇത്തരത്തിലുള്ള ആധുനിക മാധ്യമങ്ങളെ അവലംബിക്കാന്‍ തുടങ്ങിയത്. കാരണം ജനങ്ങളുമായി ബന്ധം പുലര്‍ത്താന്‍ പള്ളികളോ മറ്റ് മത പാഠശാലകളോ അവര്‍ക്കുണ്ടായിരുന്നില്ലല്ലോ.
തങ്ങള്‍ ഉപയോഗിച്ച് കൊണ്ടിരിക്കുന്ന സംവിധാനങ്ങള്‍ക്ക് മുന്നില്‍ പ്രതിസന്ധികള്‍ രൂപപ്പെട്ടപ്പോള്‍ മാത്രമാണ് ഇസ്‌ലാമിസ്റ്റുകള്‍ ബദലിനെക്കുറിച്ച് ആലോചിച്ച് തുടങ്ങിയത്. തങ്ങളുടെ മതപരമായ പ്രഭാഷണ പരിപാടികള്‍ക്ക് ഔദ്യോഗിക ഭാഗത്ത് നിന്ന് (ഭരണകൂടം) പരിമിതികളും നിബന്ധനകളും ചുമത്തപ്പെട്ടപ്പോള്‍ അവര്‍ അതിന് നിര്‍ബന്ധിതരാവുകയാണുണ്ടായത്.
ടെക്‌നോളജി മേഖലയിലുണ്ടായ വിസ്മയകരമായ പുരോഗതിയും തദനസൃതമായി ഇന്റര്‍നെറ്റ്, ചാനല്‍ തുടങ്ങി വിവര വിനിമയ മേഖലയിലുണ്ടായ വിപ്ലവകരമായ മാറ്റവും ഇസ്‌ലാമിസ്റ്റുകള്‍ക്കിടയില്‍ മാധ്യമപരമായ നവജാഗരണം സൃഷ്ടിക്കാന്‍ കാരണമായി. ഇന്റര്‍നെറ്റിന്റെ കണ്ട്പിടിത്തം വിവരസാങ്കേതിക മേഖലയിലെ ചരിത്രപരമായ ഒരു കണ്ടുപിടിത്തം തന്നെയായിരുന്നു. പ്രസാധനം,വിതരണം, വിപണനം തുടങ്ങിയ എല്ലാ പ്രയാസകരമായ കാര്യങ്ങളും ഇത് മുഖേന പരിഹരിക്കപ്പെട്ടു. എന്ന് മാത്രമല്ല ഒരു മാധ്യമ സ്ഥാപനം തുടങ്ങാന്‍ അനിവാര്യമായ ബില്‍ഡിംഗ്, ഓഫീസ്, തൊഴിലാളികള്‍ അത് പോലുള്ള മറ്റ് ഭീമമായ ചെലവുകളില്‍ നിന്നും ഒഴിവാക്കപ്പെട്ടു. ഇന്റര്‍നെറ്റ് മുഖേന ലഭിച്ച മറ്റൊരു പ്രധാന നേട്ടം ഭരണകൂടത്തിന്റെയും മറ്റ് ഔദ്യോഗിക സ്ഥാപനങ്ങളുടെയും പിടിയില്‍ നിന്നും നിബന്ധനകളില്‍ നിന്നും ഒരളവോളം ഒഴിഞ്ഞ് മാറാന്‍ സാധിച്ചുവെന്നത് തന്നെയാണ്. ഒരു കാര്യം തീരുമാനിച്ചാല്‍ ഉടനടി തയ്യാറാക്കി ലോകത്തിന്റെ നാനാ ഭാഗത്തും എത്തിക്കാന്‍ സാധിക്കുന്ന വേഗമാണ് അതിനുള്ളത്. ഇവ ഉപയോഗപ്പെടുത്തുന്നവരാവട്ടെ അവസാനമായി മാത്രം അതിലേക്ക് കടന്ന് വന്ന ഇസ്‌ലാമിസ്റ്റുകളാണ്. അവരതില്‍ പ്രാവീണ്യം നേടുകയും വിജയിക്കുകയും ചെയ്തു. അവരുടെ സാന്നിദ്ധ്യം നവമാധ്യമ ലോകത്ത് പ്രാധാന്യമേറിയതും കരുത്തുറ്റതുമായി. ഈ സാന്നിദ്ധ്യത്തിന് രാഷ്ട്രീയവും പ്രാദേശികവുമായ കാരണങ്ങളുണ്ടായിരുന്നു. ഇസ്‌ലാമിസ്റ്റുകള്‍ ആധുനിക വിവര സാങ്കേതിക മേഖലയിലേക്ക് കാലെടുത്തുവെക്കുമ്പോഴേക്കും അറബ് പാരമ്പര്യ ചാനലുകളും സൈറ്റുകളും ഭരണകൂടങ്ങളുടെയും രാഷ്ട്രീയ വ്യവസ്ഥകളുടെയും താല്‍പര്യത്തിനനുസരിച്ച് സംവിധാനിക്കപ്പെട്ടിരുന്നു. പ്രമുഖമായ സ്വതന്ത്ര പത്രങ്ങള്‍ പോലും രാഷ്ട്രീയ ധൈഷണിക പ്രസ്ഥാനങ്ങളുടെ (ലിബറിസം, ഇടത് മതേതരചിന്ത) പിടിയിലായിരുന്നു. അത് കൊണ്ട് തന്നെ പിന്നീട് വന്നവര്‍ തങ്ങള്‍ തേടിനടന്നത് തന്നെയാണ് ഇന്റര്‍നെറ്റില്‍ കണ്ടെത്തിയത്.

 

അതേ സമയം, ചാനലിന്റെയും ടെലിവിഷന്റെയും വ്യാപനത്തോടെ ഇസ്‌ലാമിക പ്രവര്‍ത്തനം ക്രിയാത്മകമായി മുന്നേറി. ഇഖ്‌റഅ് എന്ന സൈറ്റാണ് ആദ്യമായി രംഗത്ത് വന്നത്. തുടര്‍ന്ന് അല്‍ മജ്ദും. പിന്നിട് ചാനലുകളുടെയും സൈറ്റുകളുടെയും പ്രളയമായിരുന്നു. ഇസ്‌ലാമിക മീഡിയാ സംരംഭങ്ങള്‍ അഭിമുഖീകരിക്കുന്ന മുഖ്യ പ്രതിസന്ധി അവയെല്ലാം കേവലം ദീനീ പ്രബോധന സംവിധാനമായി മാത്രം പരിഗണിക്കപ്പെടുന്നു എന്നുള്ളതാണ്. അവയോടൊപ്പം സാമൂഹിക രാഷ്ട്രീയ സാമ്പത്തിക വൃത്തങ്ങളിലേക്ക് കൂടി തങ്ങളുടെ സ്വാധീനം വിശാലമാക്കേണ്ടിയിരിക്കുന്നു. കലാ കായിക മേഖലയുള്‍പെടെയുള്ള വിവിധങ്ങളായ സംരംഭങ്ങള്‍ മുഖേന കൂടുതല്‍ പ്രേക്ഷകരെ ആകര്‍ഷിക്കാന്‍ സാധിച്ച ചാനലുകളുമുണ്ട്.
സമീപ കാലത്ത് അടിച്ചുവീശിയ അറബ് വസന്തം ഒരുവിധം പ്രതിസന്ധികളെ തരണം ചെയതുവെന്നതില്‍ സംശയമില്ല. ഇസ്‌ലാമിസ്റ്റുകള്‍ക്ക് മാധ്യമ രംഗത്ത് ഉത്തരവാദിത്തങ്ങള്‍ വര്‍ദ്ധിക്കുകയും ചെയ്തിട്ടുണ്ട്. ആധുനിക മാധ്യമസന്ദേശം ആകര്‍ഷകവും സുന്ദരവുമായ വിധത്തില്‍ നിര്‍വ്വഹിക്കാന്‍ സാധിക്കാത്ത പക്ഷം സമൂഹത്തോട് ചെയ്യുന്ന വലിയ അപരാധമായിരിക്കും അത്.

 

വിവ: അബ്ദുല്‍ വാസിഅ് ധര്‍മഗിരി

 

 

 

Related Articles