Current Date

Search
Close this search box.
Search
Close this search box.

അറബ് രാഷ്ട്രീയത്തിലെ ‘എര്‍ദോഗാന്‍ ജ്വരം’

turkish-people.jpg

അറബ് വസന്തത്തിന്റെ ഫലമെന്നോണം ഈജിപ്ത്, ടുണീഷ്യ, ലിബിയ, മൊറോക്കോ തുടങ്ങിയ രാഷ്ട്രങ്ങളുടെ ഭരണകേന്ദ്രങ്ങളില്‍ ഇസ്‌ലാമിക മുന്നേറ്റം പ്രകടമായിരിക്കുന്നു. ഒട്ടുംവൈകാതെത്തന്നെ അള്‍ജീരിയയിലും പ്രതീക്ഷിക്കാവുന്നതാണ്. ദൈവികദീനില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് പ്രവര്‍ത്തിക്കുന്ന പാര്‍ട്ടികളാണ് അവിടെയും രംഗത്തുള്ളത്. അറബ് ലോകം അനുഭവിക്കുന്ന പ്രതിസന്ധികള്‍ക്കുള്ള മാതൃകാ പരിഹാരമായാണ് ഇവിടെ ഇസ്‌ലാമികമൂല്യങ്ങള്‍ സമര്‍പ്പിക്കപ്പെട്ടിരിക്കുന്നത്. ഈ പ്രസ്ഥാനങ്ങളെ തുര്‍ക്കിയില്‍ വിജയകരമായി പ്രവര്‍ത്തിച്ച എര്‍ദോഗാന്റെ ജസ്റ്റിസ് ആന്റ് ഡെവലൊപ്‌മെന്റ് പാര്‍്ട്ടിയുടെ മാതൃക കടമെടുത്തിരിക്കുന്നുവെന്നത് സുവ്യക്തമാണ്. അവയില്‍ ചിലത് അതിന്റെ നാമം പൂര്‍ണമായും അനുകരിച്ചു. തുര്‍ക്കിയില്‍ എര്‍ദോഗാന്‍ കൈവരിച്ച വിജയവും നേട്ടവും ആവര്‍ത്തിക്കുമെന്ന് സമൂഹത്തെ സന്തോഷവാര്‍ത്ത അറിയിക്കുന്നതിന് വേണ്ടിയായിരുന്നു അത്. അവരുടെ നീതിയോടും, വികസനത്തോടുമുള്ള വീക്ഷണങ്ങള്‍ എര്‍ദോഗാന്‍ അവയെ കൈകാര്യം ചെയ്തതിനോട് യോജിക്കുമോ എന്നതാണ് നമ്മുടെ വിഷയം. അതല്ല ഉര്‍ദുഗാന്‍ മുന്നില്‍ വെച്ച ആശയങ്ങളെയോ, വാചകങ്ങളെയോ അന്ധമായി അനുകരിക്കുന്നതില്‍ അവ പരിമിതമാവുമോ എന്നും നാം കാത്തിരുന്ന് കാണേണ്ടിയിരിക്കുന്നു.

എര്‍ദോഗാന്റെ അനുയായികള്‍ മുസ്‌ലിംകളായിരുന്നു. പക്ഷെ അവരൊന്നും തങ്ങളുടെ പാര്‍ട്ടിയുടെ ഇസ്‌ലാമിസം വ്യക്തമാക്കിയില്ല. മനുഷ്യന്റെ ദൈനംദിന ജീവിതത്തിലേക്കും അവരുടെ സ്വപ്‌നത്തിലേക്കുമാണവര്‍ ശ്രദ്ധ കൊടുത്തത്. നീതി, അതോടൊപ്പം വികസനം എന്നിവ എല്ലാ അടിസ്ഥാനങ്ങളെയും മാറ്റി മറിക്കുന്നവയായിരുന്നു. ഭൂതകാലത്തില്‍ അഭിരമിക്കാതെ, അല്ലെങ്കില്‍ ഉമ്മത്തിന് ബാധിച്ച പ്രശ്‌നങ്ങള്‍ക്ക് പാശ്ചാത്യരെ പഴിക്കാതെ, ലിബറിസ്റ്റുകളും മതേതരവാദികളും സജീവമായി പണിയെടുക്കുന്ന തുര്‍ക്കിയില്‍ ആര്‍ജവത്തോടെ മുന്നേറാന്‍ എര്‍ദോഗാനും അനുയായികള്‍ക്കും സാധിച്ചു. പ്രധാനമന്ത്രിപദം ഏറ്റെടുത്തതിന് ശേഷമുള്ള അദ്ദേഹത്തിന്റെ പ്രഥമ പ്രഭാഷണം ശ്രവിച്ചാല്‍ അദ്ദേഹത്തിന്റെ പദ്ധതികള്‍ നിര്‍ഗളിക്കുന്നത് ഇസ്‌ലാമിക കാഴ്ച്ചപ്പാടില്‍ നിന്നാണെന്ന് സൂചിപ്പിക്കുന്ന ഒരു പദം പോലും കേള്‍ക്കാന്‍ കഴിയില്ല. കാരണം മതവും ജാതിയും പരിഗണിക്കാതെ എല്ലാ തുണീഷ്യന്‍ പൗരന്മാരുടെയും താല്‍പര്യത്തിനും രാഷ്ട്രത്തിന്റെ നാഗരിക പുരോഗതിക്കുമാണ് മുന്‍ഗണന നല്‍കുകയെന്നാണ് അദ്ദേഹം പ്രസ്താവിച്ചത്. തുര്‍ക്കി പ്രധാനമന്ത്രിയുടെ വസതിയിലേക്ക് പ്രവേശിക്കുമ്പോള്‍ കൂടെ ഇസ്ലാമിക സംസ്‌കാരം മുറുകെ പിടിച്ച് മുഖമക്കനയിട്ട ഭാര്യയുമുണ്ടായിരുന്നു. പക്ഷെ അദ്ദേഹമത് എല്ലാവര്‍ക്കും നിര്‍ബന്ധമാക്കിയില്ല. എല്ലാ യാത്രകളിലും ഭാര്യ അദ്ദേഹത്തെ അനുഗമിക്കുന്നു. ഒരിക്കല്‍ പോലും സ്ത്രീയെ കുറിച്ച ഇസ്‌ലാമിക സങ്കല്‍പത്തെകുറിച്ച് അദ്ദേഹം സംസാരിച്ചില്ല. കാരണം അദ്ദേഹം എല്ലാ തുര്‍ക്കിക്കാരുടെയും നേതാവാണ്. ഏതെങ്കിലും ഒരു വിഭാഗത്തിന്റെയോ, മതത്തിന്റെയോ ചട്ടക്കൂടില്‍ ഒതുങ്ങാന്‍ അദ്ദേഹത്തിനാവില്ല. അദ്ദേഹത്തിന് കീഴില്‍ അവര്‍ യൂറോപ്യന്‍ യൂണിയന്‍ അംഗത്വത്തിന് വേണ്ടി ശ്രമം നടത്തി. കാരണം അതില്‍ ചേരേണ്ടതിന്റെ പ്രാധാന്യത്തെകുറിച്ചും അത് മുഖേന ലഭിക്കുന്ന സാമ്പത്തികവും രാഷ്ട്രീയവുമായ ആനുകൂല്യങ്ങളെകുറിച്ചും അയാള്‍ക്ക് അവബോധമുണ്ടായിരുന്നു. പക്ഷെ അവരത് നിരസിച്ചു. കാരണം തുര്‍ക്കിയെ യൂറോപ്യന്‍ രാഷ്ട്രമായല്ല മറിച്ച് പൗരസ്ത്യന്‍ രാജ്യമായാണ് അവര്‍ ഗണിച്ചത്. അതിന്റെ പേരില്‍ അദ്ദേഹത്തിന്റെ അനുയായികള്‍ പാശ്ചാത്യര്‍ക്കെതിരെ ആരോപണങ്ങളുന്നയിച്ചില്ല. പാശ്ചാത്യര്‍, പൗരസ്ത്യരെന്ന പാരമ്പര്യ ദ്വന്തമുഖങ്ങളെ അവര്‍ അംഗീകരിച്ചില്ല. തുര്‍ക്കി സമൂഹത്തിന് കോട്ടങ്ങളുണ്ടാക്കുന്ന ശത്രുക്കള്‍ക്കെതിരെ സമൂഹത്തെ ഇളക്കിവിടുന്നതിന് പകരം അവരുടെ സഖ്യങ്ങളില്‍ ചേര്‍ന്ന് സഹകരിക്കാനാണ് ശ്രമിച്ചത്. ജസ്റ്റിസ് ആന്റ് ഡെവലൊപ്‌മെന്റ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ പാശ്ചാത്യരുമായി പുതിയൊരു നയം രൂപപ്പെടുത്തുകയാണ് തുര്‍ക്കി ചെയ്തത്. പടിഞ്ഞാറിന്റെ സംഭാവനകളും നേട്ടങ്ങളും അംഗീകരിക്കുകയും മാനുഷിക മൂല്യങ്ങള്‍ക്ക് വിലമതിക്കുകയും ചെയ്യുന്നത് ഇതില്‍ പെട്ടതാണ്. മുസ്‌ലിം രാഷ്ട്രമെന്നതിന്റെ പേരില്‍ പടിഞ്ഞാറ് ശത്രുത കാണിക്കുന്നുവെന്ന് അദ്ദേഹം ആരോപിച്ചില്ല. കാരണം പാശ്ചാത്യരോടുള്ള ബന്ധത്തില്‍ പ്രാപഞ്ചികമായ കാഴ്ച്ചപ്പാടാണ് അദ്ദേഹം വെച്ച് പുലര്‍ത്തുന്നത്. രാഷ്ട്രത്തിന്റെ കുടുസ്സായ അതിരുകള്‍ക്കപ്പുറം എല്ലാ മേഖലകളിലും മിശ്രപങ്കാളിത്തമുള്ള സമീപനമാണ് അത്. ടെക്‌നോളജിയില്‍ മുന്നിട്ട് നില്‍ക്കുന്ന പ്രസ്തുത വ്യവസ്ഥയില്‍ ചേരാനാണല്ലോ സംഭവലോകം ഒന്നടങ്കം മത്സരിക്കുന്നത്. മുസ്‌ലിമായ, സാമ്പത്തികത്തില്‍ ലിബറിസ്റ്റും രാഷ്ട്രീയത്തില്‍ ജനാധിപത്യവാദിയുമായ എര്‍ദോഗാന്‍ തുര്‍ക്കിയുടെ മുഖം മിനുക്കിയെടുക്കാന്‍ എല്ലാവരുമായും സന്ധി ചെയ്യും. കഴിഞ്ഞ വര്‍ഷം സ്വിറ്റ്‌സര്‍ലണ്ടില്‍ നടന്ന സംവാദത്തില്‍ നിന്നും ഇറങ്ങിപ്പോന്ന അദ്ദേഹം തികഞ്ഞ ഇസ്‌ലാമിസ്റ്റായിരുന്നു. ഗസ്സ ഉപരോധത്തെക്കുറിച്ച് മോശമായി സംസാരിച്ച ഇസ്രയേല്‍ പ്രസിഡന്റുമായി ചര്‍ച്ചക്ക് തയ്യാറല്ല എന്ന് ആര്‍ജവത്തോടെ പ്രഖ്യാപിച്ചു. അറബ് ലീഗ് നായകന്‍ അംറ് മൂസാ വിധേയത്വത്തോടെ തലകുനിച്ച് ഇരിക്കുന്ന സദസ്സില്‍ നിന്നായിരുന്നു അദ്ദേഹം ഇറങ്ങിപ്പോന്നതെന്ന് നാം മനസ്സിലാക്കണം. നീണ്ട് കിടക്കുന്ന താടിയോ, പ്രത്യേക വസ്ത്രമോ നെറ്റിയിലെ അടയാളമോ അല്ല തന്റെ ഇസ്‌ലാമിന്റെ അടയാളമായി അദ്ദേഹം സമര്‍പിച്ചത്. കാരണം ഇസ്‌ലാമുമായ അദ്ദേഹത്തിന്റെ ബന്ധം കേവലം ബാഹ്യമായ കാഴ്ചയില്‍ ഒതുങ്ങുന്നതായിരുന്നില്ല. മറിച്ച് അത് ദീനിന്റെ അടിസ്ഥാനങ്ങളിലും പെരുമാറ്റത്തിലുമായിരുന്നു. ഗസ്സയിലും സോമാലിയയിലും മറ്റ് എല്ലാ ദുര്‍ബലരാഷ്ട്രങ്ങളുമായി മാനുഷികമായ പെരുമാറ്റം കാത്തു സൂക്ഷിക്കാനും, അതനുസരിച്ച് സോമാലിയക്ക് സാമ്പത്തിക സഹായം നല്കിയ ഇസ്‌ലാമിക ഭരണാധികാരിയാവാനും അദ്ദേഹത്തിന് സാധിച്ചു. എന്നല്ല അദ്ദേഹം തന്നെയും ഭാര്യയോടൊന്നിച്ച് പ്രസ്തുത രാഷ്ട്രങ്ങള്‍ സന്ദര്‍ശിക്കാനും അദ്ദേഹം തയ്യാറായി. സ്വര്‍ണക്കളറുള്ള കാറുകളുടെയും വിമാനങ്ങളുടെയും പേരില്‍ അറബ് ഇസ്‌ലാമിക ലോകത്തെ ഭരണാധികാരികള്‍ മേനിനടിക്കുന്ന സന്ദര്‍ഭത്തിലാണിതെന്ന് നാം മനസ്സിലാക്കേണ്ടതുണ്ട്.

ഇടപാടുകളില്‍ പൂര്‍ണ ഇസ്‌ലാമിസ്റ്റ്, സാമ്പത്തികത്തില്‍ സ്വതന്ത വീക്ഷണമുള്ളയാള്‍, രാഷ്ട്രീയത്തില്‍ ജനാധിപത്യവാദി ഇവയൊക്കെയാണ് എര്‍ദോഗാന്‍. അദ്ദേഹത്തിന്റെ പാര്‍ട്ടിയുടെ നാമം കടമെടുത്ത പ്രസ്ഥാനങ്ങള്‍ക്ക് ഈ വിവിധങ്ങളായ തലങ്ങള്‍ അറബ് ലോകത്ത് പ്രയോഗവല്‍ക്കരിക്കാന്‍ സാധിക്കുമോ എന്നത് പ്രസക്തമായ ചോദ്യമാണ്.
ഈ ചോദ്യത്തിന് ഉത്തരം ലഭിക്കാന്‍ സമയമായിട്ടില്ല. കാരണം ഈ പാര്‍ട്ടികളൊക്കെയും ഇപ്പോഴും പോര്‍ക്കളത്തില്‍ തന്നെയാണ്. ജസ്റ്റിസ് ആന്റ് ഡെവലൊപ്‌മെന്റ് പാര്‍ട്ടി ഈജിപ്ഷ്യന്‍ പാര്‍ലമെന്റില്‍ എത്തിയിട്ട് ആഴ്ചകളായിട്ടേ ഉള്ളു. അത് തന്നെയാണ് ടുണീഷ്യയുടെയും മൊറോക്കൊയുടെയും അവസ്ഥ. പക്ഷെ ഇസ്‌ലാമിസ്റ്റുകള്‍ക്കും ലിബറിസ്റ്റുകള്‍ക്കുമിടയില്‍ ഈജിപ്തില്‍ നടന്ന് കൊണ്ടിരിക്കുന്ന വാഗ്വാദങ്ങള്‍ അവര്‍ ഒരു തരത്തിലും പരസ്പരം യോജിക്കാന്‍ സാധ്യതയില്ല എന്നാണ് വെളിപ്പെടുത്തുന്നത്. കൂടാതെ പ്രക്ഷോഭത്തിന് നേതൃത്വം കൊടുത്ത ചില യുവാക്കളെ പാര്‍ലമെന്റ് പ്രാധിനിത്യത്തില്‍ നിന്നും അകറ്റിയതും അധികാര കേന്ദ്രീകരണത്തിനും കുത്തകവല്‍ക്കരണത്തിനും വഴിവെച്ചേക്കും. ജസ്റ്റിസ് ആന്റ് ഡെവലൊപ്‌മെന്റ് പാര്‍ട്ടി അറബ് രാഷ്ട്രത്തില്‍ നിന്നും പണം സ്വീകരിച്ചെന്ന മറ്റു ചിലരുടെ ആരോപണം ഭരണത്തിന് വേണ്ടിയുള്ള ക്രിയാത്മകവും സത്യസന്ധവുമായ മത്സരത്തിന് മുറിവേല്‍പിക്കുന്നതാണ്.
മൊറോക്കൊയില്‍ ജസ്റ്റിസ് ആന്റ് ഡെവലൊപ്‌മെന്റ് പാര്‍ട്ടി രൂപപ്പെടുത്തിയ ഭരണമുന്നണിയില്‍ ഒരു സ്ത്രീ മാത്രമാണുള്ളതെന്നത് ഗൗരവതരമായ വിഷയമാണ്. പാര്‍ലമെന്റില്‍ സ്ത്രീ പ്രാധിനിത്യം തീരെ കുറവാണെന്ന് ചുരുക്കം. തെരഞ്ഞെടുക്കപ്പെട്ടവരില്‍ സ്ത്രീകള്‍ കുറവാണെന്നത് തീര്‍ച്ചയായും അനീതി തന്നെയാണ്. സ്ത്രീകളുടെ അഭാവത്തില്‍ എന്ത് പുരോഗതിയാണ് നടപ്പാക്കുക?

മറ്റ് അറബ് രാഷ്ട്രങ്ങളുടെ പാത പിന്തുടര്‍ന്ന് തന്നെയാണ് ജാബുല്ലാഹ് അള്‍ജീരിയയിലെ തന്റെ പാര്‍ട്ടിക്കും ജസ്റ്റിസ് ആന്റ് ഡെവലൊപ്‌മെന്റ് എന്ന് നാമകരണം ചെയ്തത്. തന്റെ എല്ലാ നയങ്ങളിലും നിലപാടുകളിലും എര്‍ദോഗാന്റെ മാതൃക പിന്‍പറ്റാന്‍ അദ്ദേഹത്തിന് സാധിക്കുമോ? തങ്ങളുടെ രാഷ്ട്രത്തിന്റെ നിരന്തരമായ വികസനം സ്വപ്‌നം കാണുന്ന അള്‍ജീരിയന്‍ ജനതയുടെ പ്രതീക്ഷ പൂവണിയുമോ? രാഷ്ട്രീയവും സാംസ്‌കാരികവുമായ ബഹുത്വത്തിന്റെ ചട്ടക്കൂടില്‍ നിന്ന് തന്നെ പുരോഗതി കൈവരിക്കാനാവുമോ?
ഒരു പക്ഷെ വരാനിരിക്കുന്ന ഇലക്ഷന്‍ അള്‍ജീരിയന്‍ ജനതയുടെ രാഷ്ട്രീയ അവബോധത്തെ അടയാളപ്പെടുത്തുമെന്നതില്‍ സംശയമില്ല. ഫലം എന്ത് തന്നെയായാലും നിലവിലുള്ള ലോക സാഹചര്യം പാര്‍ലമെന്റ് പ്രതിനിധികളെ സംബന്ധിച്ച പ്രാപഞ്ചിക വീക്ഷണമാണ് സമര്‍പ്പിക്കുക. അതോടൊപ്പം ലോകത്തെ ഗ്രസിച്ച് കഴിഞ്ഞ സാമ്പത്തിക പ്രതിസന്ധി അതിന്റെ പല രൂപത്തിലും ഭാവത്തിലും ഇവിടെയും പ്രത്യക്ഷമാവുമെന്നതും യാഥാര്‍ത്ഥ്യമാണ്. തൊണ്ണൂറുകളില്‍ ഇസ്‌ലാമിസ്റ്റുകള്‍ ഏകപക്ഷീയമായി ജയിച്ചടക്കിയത് പോലുള്ള രീതിയിലല്ല അള്‍ജീരിയ ആഗ്രഹിക്കുന്ന വികസനം. മറിച്ച് ചിന്താപരമായ ശത്രുത മാറ്റിവെച്ച് സമൂഹത്തിന്റെ ക്രിയാത്മകമായ മാറ്റത്തിനും മനുഷ്യവര്‍ഗത്തിന് പ്രയോജനമുള്ള പ്രവര്‍ത്തനത്തിനും ഉതകുന്ന കൂട്ടായ സംരംഭങ്ങളാണ് നിലവിലുള്ള ലോക ക്രമം തേടുന്നത്.
അറബികള്‍ക്കും ബാര്‍ബേറിയര്‍ക്കും, മുസ്‌ലിംകള്‍ക്കും ക്രൈസ്തവര്‍ക്കും നിരീശ്വരവാദികള്‍ക്കും ജൂതര്‍ക്കും നേട്ടമുണ്ടാക്കുന്ന വികസനമാണ് അള്‍ജീരിയ ആഗ്രഹിക്കുന്നത്. വിജ്ഞാനം, ചിന്ത, പ്രവര്‍ത്തനം, ആസൂത്രണം തുടങ്ങിയ പാരമ്പര്യ മേഖലകളെയും സ്പര്‍ശിക്കുന്നതായിരിക്കണമത്. ഇസ്‌ലാമിസ്റ്റുകളാവട്ടെ, മതേതരരാവട്ടെ ആര് തന്നെ വിജയിച്ചാലും മറ്റുള്ളവരുമായി സംവദിക്കാനും ചര്‍ച്ച നടത്താനും അവര്‍ തയ്യാറാവേണ്ടതുണ്ട്. ഏതെങ്കിലും പാര്‍ട്ടിയിലോ വിഭാഗത്തിലോ മാത്രം കേന്ദ്രീകരിക്കപ്പെടുന്നത് രാഷ്ട്രത്തില്‍ ചിദ്രതയുണ്ടാക്കാന്‍ കാരണമാകും. ജാബുല്ലായുടെ പാര്‍ട്ടിക്ക് ഇത്തരത്തിലുള്ള വിശാലമായ സങ്കല്‍പം വെച്ച് പുലര്‍ത്താനും നടപ്പിലാക്കാനും സാധിക്കുമോ എന്നത് കണ്ടറിയേണ്ടിയിരിക്കുന്നു.
അന്തരീക്ഷത്തില്‍ ഉയര്‍ന്ന് നില്‍ക്കുന്ന കൊടികളോ, രാഷ്ട്രീയ നേതാക്കളുടെ വാഗ്ദാനങ്ങളോ അല്ല വികസനത്തെ കുറിക്കുന്നത്. മറിച്ച് സമൂഹത്തെ പരിവര്‍ത്തിപ്പിക്കാനും നേട്ടമുണ്ടാക്കുനുമുള്ള നിരന്തരമായ ശ്രമമാണ് അത്. ഏതെങ്കിലും ഒരു നേതാവിന് ചുറ്റും ആട്ടിന്‍പറ്റങ്ങളെ പോലെ അനുയായികള്‍ ഒരുമിച്ച് കൂടുന്നതല്ല മറിച്ച് അദ്ദേഹം ജന ജീവിതത്തിലേക്ക് കടന്ന് വന്ന് അവരുടെ നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും കേള്‍ക്കുകയും തന്റെ ഉത്തരവാദിത്തം നിര്‍വഹിക്കലുമാണ് യഥാര്‍ത്ഥ വികസനത്തെ കുറിക്കുന്നത്. എല്ലാ തെരെഞ്ഞെടുപ്പ് വേളകളിലും വ്യാമോഹങ്ങള്‍ നല്‍കി ജനങ്ങളെ വഞ്ചിക്കുന്നവരെയല്ല രാഷ്ട്രീയത്തിന് ആവശ്യം. നേതൃത്വം, പൊതു ജനം എന്ന വിഭജനത്തെ തകര്‍ത്ത് സമൂഹത്തിലെ എല്ലാ ജനവിഭാഗങ്ങളെയും പങ്കാളികളാക്കുന്ന ഘടനയാണ് നിലവില്‍ വരേണ്ടത്. വികസനത്തിലേക്കുള്ള വഴിയില്‍ അവരും ഉള്‍പെടേണ്ടതുണ്ട്. സമൂഹത്തെ ക്രിയാത്മകമാക്കുകയും അവരുടെ ചിന്തകളും സംഭാവനകളും വിലമതിക്കുകയും പൊതു ജനവും ഭരണകൂടവും തമ്മില്‍ അഗാധമായ ബന്ധമുണ്ടാവുകയും ചെയ്യേണ്ടതുണ്ട്. യുവാക്കളെ പ്രത്യേകമായി പരിഗണിക്കുകയും ഉല്‍പാദന പ്രകിയയില്‍ അവരെ പങ്ക് ചേര്‍ക്കുകയും അവരുടെ ചിന്തകളുടെയും സഹകരണത്തിന്റെയും പ്രാധാന്യത്തെ സംബന്ധിച്ച് അവരില്‍ അവബോധം സൃഷ്ടിക്കുകയും ചെയ്യേണ്ടിയിരിക്കുന്നു.

അവലംബം: അല്‍ മിഹ്‌വര്‍ മാര്‍ച്ച് 13

വിവ: അബ്ദുല്‍ വാസിഅ് ധര്‍മഗിരി

Related Articles