Current Date

Search
Close this search box.
Search
Close this search box.

അറബ് യുവാക്കളേ, ഇവര്‍ നിങ്ങളുടെ ഭാവി മോഷ്ടിക്കുകയാണ്

arab-springN.jpg

അറബ് വസന്തത്തിന് തിരികൊളുത്തിയവരും അതിന്റെ ഇന്ധനമായി വര്‍ത്തിക്കുന്നവരും അറബ് യുവാക്കളാണ്. അവര്‍ വിപ്ലവവുമായി മൈതാനങ്ങളിലേക്കും തെരുവിലേക്കുമിറങ്ങിയതില്‍ അത്ഭുതമില്ല. തങ്ങളുടെ നാടുകളില്‍ ഒരു മാറ്റം എന്ന ലക്ഷ്യത്തില്‍ അവര്‍ നിരാശരായി. ഭാവി അവരുടെ മുമ്പില്‍ കൂമ്പടഞ്ഞു. ഭരണാധികാരികള്‍ ഇരുമ്പിന്റെ കൈകള്‍ കൊണ്ടാണ് അധികാരം ഉറപ്പിച്ചിരുന്നത്. അത് പൊട്ടിച്ചു കൊണ്ടല്ലാതെ മുദ്രാവാക്യങ്ങള്‍ കൊണ്ട് ആ വളയം ഭേദിക്കാനാവില്ല. സ്വാഭാവികമായും മാറ്റം ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നില്ല. രാഷ്ട്രീയ കക്ഷികളുടെ ചലനങ്ങളില്‍ നിരാശപൂണ്ട അവര്‍ നിരത്തിലിറങ്ങി. ആധുനിക അറബ് ചരിത്രത്തില്‍ തന്നെ വളരെ അപൂര്‍വ്വമായ സംഭവമായിരുന്നു അത്. കാരണം സാധാരണയായി ജനങ്ങള്‍ ഒന്നുകില്‍ ദുര്‍ബലമായിരിക്കാം, അല്ലെങ്കില്‍ ശക്തിയും കഴിവുമുണ്ടായിട്ടും അതിന് വൈമനസ്യം കാണിക്കുന്നവരുമാവാം.

 

 

 

സമ്പൂര്‍ണ്ണമായ ഒരു വിജയം വരിക്കാനാവാത്ത തങ്ങളുടെ വിപ്ലവത്തിന്റെ ഫലത്തിലേക്ക് നിരാശയോടെ നോക്കുകയാണ് ഈ യുവാക്കള്‍്. പിഴുതെറിയപ്പെട്ടവരുടെ നീരാളിക്കൈകള്‍ ഇന്നും അവശേഷിക്കുന്നു. അതിലുപരിയായി വിപ്ലവങ്ങളെയും ഉയര്‍ത്തെഴുന്നേല്‍പ്പുകളെയും ചില ശക്തികള്‍ റാഞ്ചിയെടുത്തു. അവയില്‍ ചിലതെല്ലാം ജനാധിപത്യത്തെയും ബാലറ്റ് പെട്ടികളെയും അനുകൂലിക്കുന്നവരാണ്. വര്‍ത്തമാനകാലത്ത് പിടിമുറുക്കി ഭാവിയുടെ വാതായനങ്ങള്‍ കൊട്ടിയടക്കുകയും വിപ്ലവത്തിന് കടിഞ്ഞാണിടുകയുമാണവര്‍ ചെയ്യുന്നത്. തങ്ങള്‍ക്ക് നിഷിദ്ധമാക്കപ്പെട്ട അവകാശങ്ങള്‍ക്കായി വോട്ടു ചെയ്തവര്‍ നിരാശരായി. കേവലം ഭക്ഷണം മാത്രമായിരുന്നില്ല നിഷേധിക്കപ്പെട്ടതെന്ന് തറപ്പിച്ചു പറയേണ്ടതുണ്ട്. ഭക്ഷണത്തിന് വേണ്ടി മാത്രം സമൂഹങ്ങള്‍ വിപ്ലവം നടത്തുകയില്ല.
ജീവിതത്തില്‍ നിരാശപൂണ്ട് കഴിഞ്ഞിരുന്ന ഈജിപ്തിലെയും തുനീഷ്യയിലെയും മധ്യവയസ്‌കര്‍ക്ക് പ്രതീക്ഷയുടെ കിരണങ്ങള്‍ സമര്‍പ്പിക്കുന്നതായിരുന്നു അവിടങ്ങളില്‍ പ്രത്യക്ഷപ്പെട്ട വിപഌവ യുവത്വങ്ങള്‍. അതോടെ ആവേശഭരിതരായ അവര്‍ ബോര്‍ഗീബ തെരുവിലും തഹ്‌രീര്‍ സ്‌ക്വയറിലും തങ്ങളുടെ യുവത്വത്തെ പുതുക്കി. അറബ് നാടുകളിലെങ്ങും പ്രതീക്ഷയുടെ കാറ്റ് വീശിയടിച്ചു. അറബ് സമൂഹങ്ങളുടെ ഉത്ഥാനത്തിന് സമയമായെന്ന് ജനങ്ങള്‍ക്ക് ബോധ്യമായി. വളരെക്കാലമായി ഉറങ്ങിക്കിടന്നിരുന്ന പൊതുജനം തങ്ങളുടെ ഭാവി ആസൂത്രണം നടത്തുകയും, പൈതൃകവും അഭിമാവും വീണ്ടെടുക്കുകയും ധിക്കാരികളുടെ ഭരണം അവസാനിപ്പിക്കുകയും ചെയ്തു. സൂര്യനു കീഴില്‍ തങ്ങളുടെ ഇടം അവര്‍ അടയാളപ്പെടുത്തുകയും ശക്തിയും കഴിവും ഏകീകരിക്കുകയും ചെയ്തു. ജമാല്‍ അബ്ദുന്നാസിര്‍ നയിച്ച അറബ് നവോത്ഥാനകാലത്ത് അലയടിച്ച മുദ്രാവാക്യമായിരുന്നു ‘അറബികളുടെ പെട്രോള്‍ അറബികള്‍ക്കുള്ളത്’ എന്നത്. പൊള്ളയായ മുദ്രാവാക്യങ്ങളെന്നു വിശേഷിപ്പിക്കപ്പെടുന്ന ഇത്തരം പ്രയോഗങ്ങളെ പറ്റി നമ്മുടെ യുവാക്കള്‍ കാര്യമായി ചിന്തിക്കേണ്ടതുണ്ട്. അറുപതുകളിലായിരുന്നു അവയുണ്ടായിരുന്നത്. ആക്ഷേപവാക്യങ്ങളായിരുന്നു യഥാര്‍ത്ഥത്തില്‍ അവ. അക്കാലത്തെ ധീരരായ വിപ്ലവകാരികള്‍ അനുഭവിച്ചിരുന്ന മാനസികസംഘര്‍ഷത്തെയായിരുന്നു അവ പ്രതിനിധീകരിച്ചിരുന്നത്. അതിനെയും അതിന്റെ വക്താക്കളെയും ആക്ഷേപിക്കുന്നത് വഴികേടും അക്രമവുമാണ്. ഒരൊറ്റ ഭാഗത്ത് നിന്നാണ് പ്രസ്തുത ആക്രമണം രൂപപ്പെടുന്നത്. പെട്രോളിയം രംഗത്തെ വാര്‍ത്താ നിരീക്ഷകരും പത്രപ്രവര്‍ത്തകരും, വര്‍ഗീയതയുടെ പ്രചാരകരുമാണവര്‍. അറബ് ഐക്യത്തോട് വിയോജിപ്പ് വെച്ച് പുലര്‍ത്തുകയും പ്രാദേശികവിഭജനത്തില്‍ നിന്ന് മുതലെടുക്കുന്നവരും ഫലസ്തീന്‍ പ്രശ്‌നത്തിന്റെ ശത്രുക്കളുമാണവര്‍.
അല്ലയോ യുവാക്കളെ, നിങ്ങള്‍ ചുറ്റുപാടിലേക്ക് കണ്ണോടിച്ച് നോക്കൂ. നിങ്ങളുടെ പെട്രോള്‍ എത്ര ഭീമമായ സമ്പത്താണ് നിങ്ങള്‍ക്ക് നല്‍കുന്നത്. പക്ഷെ, ഈ പെട്രോള്‍ ഖനികളില്‍ നിന്നും അതില്‍ നിന്നുള്ള ട്രില്ല്യന്‍ കണക്കിനുള്ള വരുമാനത്തില്‍ നിന്നും നിങ്ങള്‍ക്കെന്തെങ്കിലും ഗുണമുണ്ടായിട്ടുണ്ടോ? അറബ്‌നാടുകളില്‍ നിന്നെടുത്ത് പാശ്ചാത്യര്‍ കൊണ്ടുപോവുന്ന പെട്രോളിയം ഈജിപ്തിലെയും തുനീഷ്യയിലെയും മൊറോക്കോയിലെയും സിറിയയിലെയും അതുപോലുള്ള മറ്റു അറബ് നാടുകളിലെയും കോടിക്കണക്കിന് ആളുകള്‍ക്ക് വല്ല പ്രയോജനവും ചെയ്യുന്നുണ്ടോ? പെട്രോളിയത്തിന്റെ കണ്ടുപിടുത്തം അറബികളുടെ അനുഗ്രഹമായിട്ടാണ് കണക്കാക്കപ്പെടുന്നത്. എന്നാല്‍ ഇന്നത് അവര്‍ക്ക് ഒരു ശാപമായി മാറിയിരിക്കുകയാണ്. പ്രതീക്ഷിക്കപ്പെട്ട പുരോഗതി ഒന്നും ഉണ്ടായില്ല. കോടിക്കണക്കിന് ഡോളറുകള്‍ ഒഴുകിയിട്ടും പ്രശ്‌നങ്ങളും പിന്നോക്കാവസ്ഥയും മുന്‍കാലത്തെപ്പോലെ അവശേഷിച്ചു. ഇന്ന് അതുതന്നെയാണ് അവരുടെ അധഃപതനത്തിനു കാരണമായിരിക്കുന്നതും പുരോഗതിക്ക് കടിഞ്ഞാണിടുന്നതും.
1973-ല്‍ പെട്രോളിയത്തിന്റെ വില 9 ഡോളറില്‍ നിന്ന് 33 ഡോളറായി ഉയര്‍ന്നു. ആ കോടികളൊന്നും അറബ് നാടുകളിലെ വൈജ്ഞാനികവും കാര്‍ഷികവും വ്യാവസായികവുമായ ഉണര്‍ച്ചക്ക് യാതൊരു പ്രയോജനവും ചെയ്തില്ല. അവയെല്ലാം ചിലവഴിക്കപ്പെട്ടത് ആയുധകച്ചവടത്തിനും കൊട്ടാരങ്ങള്‍ നിര്‍മ്മിക്കുന്നതിനുമായിരുന്നു. ഭരണാധികാരികളുടെയും അവരുടെ ബന്ധുക്കളുടെയും വിദേശ അക്കൗണ്ടുകളില്‍ പണം കുന്നുകൂടി. അത്തരം ബാങ്കുകളെ നിയന്ത്രിക്കുന്ന കരങ്ങള്‍ ഇസ്‌ലാമിന്റെയും ഫലസ്തീന്റെയും അറബ് ഐക്യത്തിന്റെയും വിരോധികളായതിനാല്‍ തന്നെ ആ സംഖ്യകളൊന്നും ഒരു പ്രയോജനവും ഉണ്ടാക്കിയില്ല. 1973-ല്‍ ഉണ്ടായ പെട്രോളിയം വിലവര്‍ദ്ധനവ് ഉപയോഗപ്പെടുത്താനായില്ലെങ്കിലും രണ്ടാമതും പെട്രോളിയത്തിന് ഉണര്‍ച്ചയുണ്ടായി. മുഴുവന്‍ അറബികളുടെയും ജീവിത നിലവാരം ഉയര്‍ത്താന്‍ തക്ക വര്‍ദ്ധനവാണ് ഉണ്ടായത്. അറബ് രാഷ്ട്രങ്ങളുടെ നിലവാരവും അവിടങ്ങളിലെ ആളുകളുടെ ജീവിത നിലവാരവും ഉയര്‍ത്താനുള്ള രണ്ടാമത്തെ അവസരം എന്നാണ് ലോകബാങ്ക് പ്രസിഡന്റ് അതിനെ വിശേഷിപ്പിച്ചത്. ഒന്നാമത്തെ അവസരത്തെ പോലെ ഇതിനെ നഷ്ടപ്പെടുത്തരുതെന്നും അദ്ദേഹം ഉണര്‍ത്തി.
എണ്ണസമ്പത്ത് കൈകാര്യം ചെയ്തതിലെ കുഴപ്പങ്ങളിലേക്കും വിഢ്ഢിത്തത്തിന്റെയും ചില ചിത്രങ്ങള്‍ അറബ് യുവാക്കളുടെ മുന്നില്‍ വെക്കാനാണ് ഞാന്‍ ശ്രമിക്കുന്നത്. അധികാരം കയ്യാളുന്ന വ്യക്തികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കുമുള്ളതല്ല മറിച്ച് മുഴുവന്‍ സമൂഹത്തിനും അവകാശപ്പെട്ട സമ്പത്തായിട്ടാണ് അതിനെ കണക്കാക്കപ്പെടുന്നത്.
നമ്മുടെ സ്വേഛാധിപതികളുടെ ദുര്‍വ്യയത്തിന്റെ വൃത്തികെട്ട ഉദാഹരണങ്ങള്‍ നമുക്ക് മുന്നിലുണ്ട്. ഖദ്ദാഫിയുടെ മകന്‍ ഹന്നിബാലിന്റെ കപ്പലിനെകുറിച്ച് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് പ്രസിദ്ധീകരിക്കപ്പെട്ടത് എല്ലാവരും വായിച്ചതായിരിക്കാം. പിതാവിന്റെ അതിഥികളായ 3500 ആളുകളെ ഉള്‍ക്കൊള്ളാന്‍ മാത്രം വിശാലമായിരുന്നു അത്. ഖദ്ദാഫിയുടെ പതനത്തിന് ശേഷം കേവലം 550 ഡോളറിനാണ് അത് വിറ്റത്. ഖദ്ദാഫിയുടെ മറ്റൊരു മകനായ സാഇദിയുടെ ലിബിയന്‍ ഭരണകൂടം തിരച്ചെടുത്ത കൊട്ടാരത്തെ കുറിച്ചും നിങ്ങള്‍ വായിച്ചിട്ടുണ്ടാവും. ഒമ്പത് മില്ല്യന്‍ ഡോളറാണ് അതിന്റെ മൂല്യമായി കണക്കാക്കപ്പെടുന്നത്. ഖദ്ദാഫിയുടെ മക്കള്‍ എത്രത്തോളം സമ്പത്ത് കൈവശപ്പെടുത്തിയിട്ടുണ്ടെന്ന് ഇത് വ്യക്തമാക്കുന്നു. യൂറോപ്യന്‍ തലസ്ഥാനങ്ങളില്‍ കൊട്ടാരങ്ങളും കോടിക്കണക്കിന് നിക്ഷേപവുമുള്ള അദ്ദേഹത്തിന്റെ മകള്‍ ആയിശയെയും നമുക്ക് മറക്കാനാവില്ല. എന്തുകൊണ്ടാണിങ്ങനെയൊക്കെ സംഭവിക്കുന്നത്? എന്തവകാശത്തിന്‍ മേലാണ് ഇതെല്ലാം ചെയ്യുന്നത്? ഇത്തരം വേറെയും ഉദാഹരണങ്ങള്‍ ധാരാളമുണ്ട്.
അറബ് യുവാക്കളെ, നിങ്ങളുടെ ഈ രാഷ്ട്രത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുകയില്ല. കാരണം നിങ്ങളുടെ വിപ്ലവങ്ങളോടൊപ്പം തന്നെ പെട്രോളിയം നിങ്ങളെ വേട്ടയാടിക്കൊണ്ടേയിരിക്കും. ശത്രുക്കള്‍ അവ നിങ്ങള്‍ക്കെതിരെ ഉപയോഗിക്കുകയും, നിങ്ങളുടെ നവോത്ഥാനത്തിന്റെ മാര്‍ഗത്തില്‍ നിന്നും അവയെ തടയുകയും ചെയ്യും.
ഇത് നിങ്ങളുടെ സമ്പത്താണ്. അതിനാല്‍ അത് എവിടേക്ക് പോകുന്നുവെന്നും ഉമ്മത്തിന് എങ്ങനെ ഉപകരിച്ചുവെന്നും അറിയാനുള്ള അവകാശം നിങ്ങള്‍ക്കുണ്ട്. എവിടെയാണ് നൂതന വ്യവസായങ്ങളും കൃഷിയും വിദ്യാഭ്യാസവും. അറബികളുടെ പെട്രോള്‍ അറബികള്‍ക്കാണ് പാശ്ചാത്യര്‍ക്കല്ല നല്‍കേണ്ടത് എന്നമുദ്രാവക്യം ഒരിക്കല്‍ കൂടി നിങ്ങള്‍ ഉയര്‍ത്തേണ്ടതുണ്ട്.

 

 

 

വിവ: അഹ്മദ് നസീഫ് തിരുവമ്പാടി

 

 

 

 

 

 

 

 

 

Related Articles