Current Date

Search
Close this search box.
Search
Close this search box.

അറബ് മധ്യവര്‍ത്തികളെയാണ് നാം കൂടുതല്‍ ഭയക്കേണ്ടത്

ഇസ്രയേല്‍ സൈനികനെ തടവിലാക്കിയെന്ന അല്‍-ഖസ്സാം വക്താവ് അബൂഉബൈദയുടെ പ്രഖ്യാപനവും സൈനികന്റെ ചിത്രം നമ്പര്‍ അടക്കം പ്രചരിക്കുകയും ചെയ്തപ്പോള്‍ ഗസ്സ പട്ടണത്തെ പോലെ മറ്റ് അറബ് നഗരങ്ങളും ആഹ്ലാദം കൊണ്ടു. നിരവധി പരാജയങ്ങളേറ്റ ഈ സമുദായം ഒരു വിജയത്തിനായി എത്രത്തോളം കൊതിക്കുന്നുണ്ടെന്നതിന്റെ സൂചനയാണത്. കണക്കുകളില്‍ വിശ്വസിക്കുന്ന ‘ബുദ്ധിമാന്‍’മാരെ സംബന്ധിച്ചടത്തോളം ഒരു സൈനികനെ ബന്ധിയാക്കിയത് അത്ര വലിയ വിജയമല്ലായിരിക്കാം. എന്നാല്‍ അടിച്ചമര്‍ത്തപ്പെട്ട ജനങ്ങള്‍ കാര്യങ്ങളെ കാണുന്നത് കൂടുതല്‍ ദേശീയമായും വൈകാരികമായുമാണ്.

ഫലസ്തീന്‍ പോരാളികള്‍ കൊലപ്പെടുത്തിയതും ബന്ധിയാക്കുന്നതും ഇസ്രയേല്‍ സൈനികരെയാണ്. അതേസമയം ഇസ്രയേല്‍ കൊല്ലുന്നത് കുട്ടികളെയും നശിപ്പിക്കുന്നത് സിവിലിയന്‍മാര്‍ താമസിക്കുന്ന വീടുകളുമാണ്. നാടിന് വേണ്ടി പ്രതിരോധം തീര്‍ത്ത പോരാളികളിലേക്ക് ശത്രുവിന് എത്താന്‍ സാധിക്കുന്നില്ല എന്നതാണ് കാര്യം. വിശ്വാസത്തിന്റെ അടിസ്ഥാനത്തിലുള്ള ധാര്‍മികമായ പ്രതിരോധവും മാനുഷിക മൂല്യങ്ങള്‍ക്ക് തങ്ങളുടെ നിഘണ്ടുവില്‍ പോലും ഇടം നല്‍കാത്ത വംശവെറിയന്‍മാരായ ശത്രുവും തമ്മിലുള്ള വ്യത്യാസം ഇതാണ്.

ഇസ്രയേലും നെതന്യാഹുവും പ്രതിസന്ധിയിലായിരിക്കുന്നു. അതുകൊണ്ട് അവ രണ്ടിനെയും രക്ഷിക്കാനാണ് പ്രസിഡന്റ് ബറാക് ഒബായുടെ കല്‍പന പ്രകാരം അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി കുതിച്ചെത്തിയത്. അല്ലാതെ ഗസ്സയില്‍ കൊല്ലപ്പെടുന്ന കുഞ്ഞുങ്ങളെ രക്ഷിക്കാനല്ല. ഇസ്രയേലിനെ രക്ഷിക്കാനുള്ള മാര്‍ഗം അന്വേഷിച്ചാണ് അമേരിക്ക മധ്യേഷ്യയില്‍ ഇറങ്ങിയിരിക്കുന്നത്.

ഗസ്സയെ പരാജയപ്പെടുത്താനും അവിടത്തെ റോക്കറ്റുകളുടെ കഥകഴിക്കാനും പ്രതിരോധ സംഘങ്ങളുടെ അടിവേരറുക്കാനും അമേരിക്ക ഇസ്രയേലിന് ഒരാഴ്ച്ച സമയം അനുവദിച്ചു. അറബ് ഭരണകൂടങ്ങള്‍ അതിന് വേണ്ട സഹകരണവും നല്‍കി. ശ്രമം പരാജയപ്പെട്ടപ്പോള്‍ ഒരാഴ്ച്ച കൂടി സമയം കൂട്ടി നല്‍കി നോക്കി. ഇസ്രയേല്‍ സൈന്യത്തിനേല്‍ക്കുന്ന നഷ്ടം അധികരിക്കാന്‍ തുടങ്ങിയപ്പോള്‍ തങ്ങളുടെ ഉറ്റ തോഴന്‍മാരുടെ രക്ഷക്കായി വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കാന്‍ രക്ഷാ പ്രവര്‍ത്തകനെ അയച്ചിരിക്കുകയാണിപ്പോള്‍.

ഗസ്സ ഇസ്രയേലികളുടെ ശവക്കുഴിയായിട്ടുണ്ട് അത് ഇനിയും ആവര്‍ത്തിക്കും. 1967-ല്‍ ഇസ്രയേലിന്റെ ഏറ്റവും വലിയ യുദ്ധതന്ത്രജ്ഞനായി അറിയപ്പെട്ടിരുന്ന ഇസ്ഹാഖ് റാബീന്‍ യാതൊരു ഉപാധികളുമില്ലാതെയാണ് അവിടെ നിന്നും പരാജയപ്പെട്ടോടിയത്. യെഹുദ് ഒല്‍മര്‍ട്ടും സിപ്പി ലിവ്‌നിയും മുന്‍കയ്യെടുത്ത് നടത്തിയ 2008-ലെ ഓപറേഷന്‍ കാസ്റ്റ് ലീഡിന്റെ പരിണതിയും നാം മറന്നിട്ടില്ല. ഇപ്പോള്‍ നെതന്യാഹുവിന്റെ അവസരമാണ് എത്തിയിരിക്കുന്നത്. അത് അവസാനിക്കുന്നതും അവര്‍ക്കെതിരായിട്ട് തന്നെയായിരിക്കും.

ഇസ്രയേല്‍ സൈനികനെ ബന്ധിയാക്കിയതില്‍ ഗസ്സക്കാരും വെസ്റ്റ്ബാങ്കിലെയും ലബനാനിലെ അഭയാര്‍ഥി ക്യാമ്പുകളിലും അവരുടെ സഹോദരങ്ങളും നൃത്തം ചെയ്ത് ആഘോഷിക്കുന്നത് അവരുടെ വിജയമായിട്ടാണ്. ഇസ്രയേല്‍ തടവറകളില്‍ അടിച്ചമര്‍ത്തപ്പെടുന്ന ആയിരം തടവുകാരുടെ മോചനം അടുത്തെത്തിയിരിക്കുന്നു. പ്രതിരോധത്തെ എതിര്‍ക്കുകയും അവരുടെ നേട്ടങ്ങളെ സംശയത്തോടെ കാണുകയും ചെയ്യുന്നവര്‍ക്ക് ഇത് മനസ്സിലാക്കാന്‍ പ്രയാസമാണ്.

ഗസ്സയിലെ ജനങ്ങളുടെ ദുരിതം അവസാനിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്തണമെന്നാവശ്യപ്പെട്ട് പാരീസില്‍ നടന്ന പ്രകടനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയതിലൂടെ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സോ ഒലാന്റ് കൊട്ടിഘോഷിക്കപ്പെട്ട ഫ്രഞ്ച് സ്വാതന്ത്ര്യമൂല്യങ്ങളെയാണ് നിന്ദിച്ചിരിക്കുന്നത്. ഇസ്രയേല്‍ ആക്രമണങ്ങള്‍ക്ക് ശക്തമായ പിന്തുണ പ്രഖ്യാപിച്ച ഒരാളാണ് ഒലാന്റ്.

എന്തുകൊണ്ടാണിങ്ങനെ നിലപാടുകള്‍ തലകീഴായി മറിയുന്നത്? വേട്ടകഴുകന്‍മാര്‍ സമാധാന ദൂതന്‍മാരായി മാറുന്നതെന്തുകൊണ്ട്? അമേരിക്കന്‍ നിര്‍മിത വിമാനങ്ങളുപയോഗിച്ച് ഗസ്സയിലെ കുരുന്നുകളുടെ ജീവനെടുക്കുന്നത് അവസാനിപ്പിക്കണമെന്ന ആഹ്വാനങ്ങള്‍ക്കിടയിലും എന്താണ് സംഭവിക്കുന്നത്?

പ്രതിരോധമെന്ന പ്രതിഭാസത്തെയും അതിന്റെ വിശുദ്ധ ‘വൈറസുകള്‍’ അറബ് ഉപഭൂഖണ്ഡത്തിലും മധ്യേഷ്യയിലും മാത്രമല്ല, യൂറോപിലേക്കും അമേരിക്കയിലേക്കും വ്യാപിച്ചേക്കുമെന്ന് ഇസ്രയേല്‍ ഭയക്കുന്നു. ഉദാത്തമായ ഈ പ്രതിരോധം ഇസ്‌ലാമിക ലോകത്തെ ഒന്നിപ്പിക്കുമെന്നതാണ് അവരുടെ ഭയം. പിന്നെ ഒബാമക്കോ ഒലാന്റിനോ അതിന് ഭീകരമുദ്ര ചാര്‍ത്താനും അതിനെതിരെ യുദ്ധം ചെയ്യാനും സാധിക്കുകയില്ല. കാരണം ആധികാരികമായ പ്രതിരോധമാണത് എന്നു മാത്രമല്ല നാസി അധിനിവേശത്തിനെതിരെയുള്ള ഫ്രഞ്ച് പ്രതിരോധത്തേക്കാളും ബ്രിട്ടീഷ് അധിനിവേശത്തിനെതിരെയുള്ള അമേരിക്കന്‍ പ്രതിരോധത്തേക്കാളും ആധികാരികമാണത്.

ആധുനിക അറബ് ചരിത്രത്തില്‍ ആദ്യമായി ഈ പ്രതിഭാസം വളരെയധികം ശക്തിയോടെ മടങ്ങി വരുന്നതാണ് നാം കാണുന്നത്. മധ്യസ്ഥന്‍മാരുടെ സംസാരത്തെ തള്ളിക്കളഞ്ഞ് ധീരതയോടെയും ആണത്തത്തോടെയും പോരാട്ടം തുടരുന്നതാണ് നാം കാണുന്നത്. കാരണം രക്തസാക്ഷിത്വമാണവര്‍ ഉറ്റുനോക്കുന്നത്. വേഗത്തില്‍ ആ പദവിയിലെത്താനാണ് അവര്‍ ശ്രമിക്കുന്നത്. തങ്ങള്‍ക്ക് വിലക്കപ്പെട്ടിരിക്കുന്ന ന്യായമായ അവകാശങ്ങള്‍ നേടുന്നതിന് വെടിനിര്‍ത്തല്‍ ഉപകരിക്കില്ലെന്ന് അവര്‍ക്ക് ബോധ്യമുണ്ട്. ഈ പോരാട്ടത്തിന്റെ ചൈതന്യം നെതന്യാഹുവിനും വാഷിങ്ടണിലെയും പാരീസിലെയും ലണ്ടനിലെയും കൂട്ടാളികള്‍ക്കും മനസ്സിലാവില്ല. അതുകൊണ്ടു തന്നെ അവരുടെ കണക്കുകള്‍ എപ്പോഴും പിഴക്കുകയാണ്.

അറുനൂറിലേറെ ഗസ്സയുടെ മക്കള്‍ രക്തസാക്ഷികളായിരിക്കുന്നു, നിരവധി വീടുകള്‍ തകര്‍ക്കപ്പെട്ടിരിക്കുന്നു. അയ്യായിരത്തില്‍ പരം പേര്‍ക്ക് പരിക്കേറ്റിരിക്കുന്നു. ലക്ഷത്തില്‍ പരം അഭയാര്‍ഥികളെയും ആക്രമണം സൃഷ്ടിച്ചു. ഇത്രത്തോളം നാശനഷ്ടങ്ങള്‍ വരുത്തിയെങ്കിലും ഇസ്രയേലികള്‍ ജീവിക്കുന്നത് ഭീതിയിലാണ്. ഗസ്സയിലെ പോരാട്ടത്തില്‍ തങ്ങളുടെ സൈനികര്‍ ജീവനറ്റും പരിക്കേറ്റും വീഴുന്നത് അവര്‍ കണ്ടവര്‍ ഭയചകിതരാവുമ്പോള്‍ ഗസ്സക്ക് ഈ നഷ്ടങ്ങളെല്ലാം നിസ്സാരമാണ്. ഏഴ് മക്കളെയും ഭര്‍ത്താവിനെയും രക്തസാക്ഷികളായി സമര്‍പ്പിച്ച സ്ത്രീയുടെ വാക്കുകള്‍ നാം കേട്ടതല്ലേ.. ഞാന്‍ പ്രതിരോധത്തിനൊപ്പമാണ് അറബ് നേതാക്കളില്‍ നിന്ന് ഒന്നും പ്രതീക്ഷിക്കുന്നില്ല എന്നാണവര്‍ ഉച്ചത്തില്‍ വിളിച്ചു പറയുന്നത്.

ഗസ്സയിലെ ജനങ്ങളുടെ ഈ സമര്‍പ്പണവും സ്ഥൈര്യവും അറബ് മധ്യസ്ഥന്‍മാരുടെ ഇടപെടലിലൂടെ പാഴായി പോകുമോ എന്നാണ് നാം ഭയക്കുന്നത്. വിദേശ മധ്യവര്‍ത്തികളേക്കാള്‍ ഭയക്കേണ്ടത് അവരെയാണ്. രക്തസാക്ഷികളുടെ രക്തത്തേക്കാള്‍ അമേരിക്കന്‍ ദാസ്യത്തിന് വിലകല്‍പ്പിക്കുന്നവര്‍ അക്കൂട്ടത്തിലുണ്ട എന്ന് മാത്രമേ ഞാന്‍ പറയുന്നുള്ളൂ.

വിവ : നസീഫ്‌

Related Articles