Current Date

Search
Close this search box.
Search
Close this search box.

അരനൂറ്റാണ്ടിന് ശേഷം ഫ്രാന്‍സ് വീണ്ടും മാലിയില്‍

മാലിയുടെ ഒരു പ്രവിശ്യയാണ് അസ്‌വാദ്. സായുധരായ ഒരു കൂട്ടം മുസ്‌ലിം സംഘടനകള്‍ക്കാണവിടെ ആധിപത്യം. സ്വാതന്ത്ര്യത്തിന് വേണ്ടി വര്‍ഷങ്ങളായി പോരാട്ടം നയിക്കുന്നവരാണവര്‍. മാലി ഭരണകൂടത്തില്‍ ഭാഗത്ത് നിന്നുള്ള ദുര്‍ബലമായ പിന്തുണയുടെയും പാര്‍ശവല്‍കരണത്തിന്റെയും ഫലമാണത്. അസ്‌വാദുകളുടെ ആദ്യ മുന്നേറ്റം 1985-ല്‍ നാഷണല്‍ മൂവ്‌മെന്റ് ഫോര്‍ ലിബറേഷന്‍ ഓഫ് അസ്‌വാദ് (MNLA) എന്ന സംഘടനയുടെ ലേബലിലായിരുന്നു. അസ്‌വാദ് പ്രദേശത്ത് നിന്നും ഫ്രഞ്ച് അധിനിവേശകരെ ആട്ടിപ്പുറത്താക്കാനും അസ്‌വാദിനെ സ്വതന്ത്ര പ്രദേശമായി പ്രഖ്യാപിക്കാനും മുന്നിട്ടിറങ്ങിയ ആദ്യ സംഘടനയായിരുന്നു MNLA. അവിടെയുള്ള ആയുധധാരികളായ സംഘത്തെയാണ് ‘ത്വവാരിഖുകള്‍’ എന്ന് വിളിക്കുന്നത്.

കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ത്വവാരിഖുകളും മാലി സൈന്യവും തമ്മില്‍ ഏറ്റുമുട്ടലുകള്‍ നടക്കുന്നുണ്ട്. ഖദ്ദാഫിയുടെ പതനവും അദ്ദേഹത്തിന്റെ ഭരണകാലത്ത് സിറിയന്‍ സായുധ സൈന്യത്തിലുണ്ടായിരുന്നവരുടെ മടക്കവും പ്രശ്‌നത്തിന്റെ മൂര്‍ച്ച അധികരിപ്പിച്ചു. അല്‍-ഖാഇദ പോലുള്ള തീവ്രസംഘടനകള്‍ക്ക് പ്രദേശത്ത് കടന്ന് വരാനുള്ള അവസരം തുറക്കപ്പെടുകയും ചെയ്തു. അസ്‌വാദ് പോരാളികളുമായി അവര്‍ സഖ്യമുണ്ടാക്കുകയും സഹകരിക്കുകയും ചെയ്തു. അവയില്‍ ഏറ്റവും പ്രമുഖമായ ഒന്നായിരുന്നു ‘അത്തൗഹീദു വല്‍-ജിഹാദ്’ എന്ന സംഘടന. അസ്‌വാദിയായ സുല്‍ത്താന്‍ വലദ് ബാദിയും മോറിതാനിയക്കാരനായ ഹമാദ വലദ് മുഹമ്മദ് ഖൈറുവുമായിരുന്നു അതിന് നേതൃത്വം നല്‍കിയിരുന്നത്. രാജ്യത്തിന്റെ വടക്കന്‍ പ്രദേശങ്ങളില്‍ നിലനിന്നിരുന്ന പ്രശ്‌നങ്ങള്‍ അവസാനിപ്പിക്കുന്നതിനായി മുന്‍ മാലി പ്രസിഡന്റ് അമാദോ തൗമാനി തോറി ത്വവാരിഖ് പോരാളികളുമായി ചര്‍ച്ചക്കുള്ള താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. ലിബിയന്‍ സൈന്യത്തിലുണ്ടായിരുന്നവരും മാലി സൈന്യത്തില്‍ തന്നെയുണ്ടായിരുന്നവരുമാണ് അതില്ലാതാക്കിയത്. എന്നാല്‍ കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം അതേ മാലി സൈന്യം തന്നെയാണ് പ്രസിഡന്റിനെതിരെ സായുധ കലാപവുമായി മുന്നിട്ടിറങ്ങയതെന്നതാണ് വസ്തുത. ഭീകരവാദത്തിന്റെയും വര്‍ഗീയവും വംശീയവുമായ സംഘട്ടനങ്ങളുടെയും വേദിയായ ഒരു ആഫ്രിക്കന്‍ രാഷ്ട്രമായിട്ടാണത് നിലകൊണ്ടത്.

പ്രസിഡന്റ് തൗറിക്ക് നിലവിലെ പ്രതിസന്ധിയെ പരിഹരിക്കാന്‍ കഴിവില്ലെന്ന ന്യായീകരണമാണ് സൈനിക വിപ്ലവത്തിന് സൈന്യം എടുത്തു കാട്ടുന്ന ന്യായീകരണം. ത്വവാരിഖ് പോരാളികള്‍ ഈ അവസരം ശരിക്കും ഉപയോഗപ്പെടുത്തുകയായിരുന്നു. പ്രദേശത്തെ കൂടുതല്‍ പ്രദേശങ്ങള്‍ തങ്ങള്‍ക്ക് കീഴിലാക്കാന്‍ അവര്‍ ശ്രമിച്ചു. തങ്ങളുടെ സ്വതന്ത്ര രാഷ്ട്രത്തിന്റെ പ്രഖ്യാപനവും അവര്‍ നടത്തി. രാജ്യത്തിന്റെ തെറ്റ് അംഗീകരിക്കാന്‍ വിപ്ലവകാരികളുടെ നേതൃത്വത്തോട് ആവശ്യപ്പെട്ട അവര്‍ തങ്ങള്‍ക്കെതിരെ നില്‍ക്കെരുതെന്നും അവരോട് പറഞ്ഞു.

ഫ്രാന്‍സിന്റെ കടന്നു വരവ്
കാര്യങ്ങള്‍ വളരെ വേഗത്തില്‍ മാറി മറിഞ്ഞപ്പോഴാണ് പ്രദേശത്ത് സൈനിക നീക്കം നടത്താനുള്ള തങ്ങളുടെ ഉദ്ദേശ്യം ഫ്രാന്‍സ് പ്രഖ്യാപിച്ചത്. മാലി മറ്റൊരു സോമാലിയ ആകുമോ എന്ന ഭയമാണ് ഇത്തരം ഒരു നിലപാടെടുക്കാന്‍ പ്രേരിപ്പിച്ചതെന്ന് അവര്‍ പറയുന്നു. അള്‍ജീരിയ, മോറിതാനിയ തുടങ്ങി സൈനിക നീക്കത്തെ പിന്തുണക്കുന്ന മറ്റ് ആഫ്രിക്കന്‍ രാജ്യങ്ങളും ഇതേ വാദം തന്നെയാണ് ഉന്നയിക്കുന്നത്. പ്രസിഡന്റ് ഫ്രാന്‍കോയിസ് ഹോളണ്ടിന്റെ ന്യൂയോര്‍ക് ടൈംസ് പുറത്ത് വിട്ട വാക്കുകള്‍ വളരെ പ്രസിദ്ധമാണ്. ‘വളരെ സുപ്രധാനമായ ഒരു ലക്ഷ്യത്തിനായി വളരെ പ്രയാസപ്പെട്ടാണ് ഞങ്ങള്‍ അവിടെ കടന്ന് ചെല്ലുന്നത്. നിലവില്‍ രണ്ടായി വിഭജിക്കപ്പെട്ടിരിക്കുന്ന രാഷ്ട്രത്തെ ഏകീകരിക്കുന്നതിനാണ് ഫ്രാന്‍സ് പോരടിക്കുന്നത്. നിലവിലുള്ള ഭരണകൂടത്തെ ജീവിപ്പിക്കുന്നതിന് വേണ്ടിയാണത്. ജനാധിപത്യമല്ല അവരുടെ വശമുള്ളത്, വിപ്ലവത്തെ തുടര്‍ന്ന് അധികാരത്തിലിരിക്കുന്നവരാണവര്‍.’ എന്നൊക്കെയാണ് ഹോളണ്ട് പറഞ്ഞത്.

വടക്കന്‍ മാലിയിലെ തങ്ങളുടെ ആക്രമണത്തിന് നിയമ സാധുത നല്‍കുന്നതിനും ഹോളാണ്ട് ശ്രമിച്ചു. മറ്റ് രാഷ്ട്രങ്ങളെ കൂടി തങ്ങളുടെ പോരാട്ടത്തില്‍ പങ്കാളികളാക്കുന്നതിനുള്ള ഫ്രാന്‍സിന്റെ തന്ത്രമായിരുന്നു അത്. ചില നാടുകള്‍ സാമ്പത്തികമായി സഹായിച്ചപ്പോള്‍ അള്‍ജീരിയ പോലുള്ള രാഷ്ട്രങ്ങള്‍ ഫ്രഞ്ച് സൈന്യത്തിന് സൗകര്യമേര്‍പ്പെടുത്തി കൊടുത്തു. പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യങ്ങളുടെ സൈന്യവും (ECOWAS) ആഫ്രികോമും ((AFRICOM) കരയുദ്ധത്തില്‍ നേരിട്ട് പങ്കാളികളായി.

വടക്കന്‍ പ്രദേശങ്ങളെ വീണ്ടെടുക്കുന്നതിനായി മാലി സൈന്യത്തെ സജ്ജമാക്കുക എന്നതായിരുന്നു തങ്ങളുടെ ലക്ഷ്യം എന്നാല്‍ ആയുധധാരികളായ ഗ്രൂപ്പുകളുടെ പ്രവര്‍ത്തനം നിര്‍ത്താന്‍ സൈനിക നടപടി സ്വീകരിക്കുകയായിരുന്നു എന്നാണ് ഫ്രഞ്ച് പ്രതിരോധ മന്ത്രി ജീന്‍ വെസ്‌ലി ഡ്രിയാന്‍ വ്യക്തമാക്കിയിരുന്നത്. വടക്കന്‍ മേഖലകളിലെ ത്രീവ്രവാദ സംഘങ്ങളുടെ നടുവൊടിക്കുകയാണ് തങ്ങളുടെ ആക്രമണത്തിന്റെ ലക്ഷ്യമെന്നും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.
‘ഞങ്ങള്‍ ചര്‍ച്ചക്ക് ആവശ്യം ഉന്നയിച്ചപ്പോള്‍ പ്രതിസന്ധിക്കുള്ള സമാധാനപരമായ ഒരു പരിഹാരമാണ് ഉദ്ദേശിച്ചിരുന്നതെന്ന് വ്യക്തമാക്കിയിരുന്നു. എന്താണ് മാറിയിരിക്കുന്നത്? ആരോടാണ് ചര്‍ച്ച ചെയ്യേണ്ടത്? ഫ്രാന്‍സിനോടോ, അതോ മാലി സര്‍ക്കാറിനോടോ? മാലി ഭരണകൂടത്തിന്റെ പ്രതിനിധി സംഘത്തെയും പ്രതീക്ഷിച്ച് ഒരാഴ്ചയിലധികം ഞങ്ങള്‍ അള്‍ജീരിയയില്‍ തങ്ങി. എന്നാല്‍ അത് ഉണ്ടായില്ല.’ വടക്കന്‍ മാലിയിലെ പോരാട്ട സംഘമായ ‘അന്‍സാറുദ്ദീനിന്റെ’ ഔദ്യോഗിക വക്താവിന്റേതാണീ വാക്കുകള്‍.

അമേരിക്കയുടെ നിലപാട്
മാലിയിലെ ഇസ്‌ലാമിക സംഘടനകളെയും അവര്‍ പടിഞ്ഞാറന്‍ ആഫ്രിക്കയുടെ പ്രദേശങ്ങളില്‍ നടത്തുന്ന ആക്രമണങ്ങളിലും നിലപാട് രൂപീകരിക്കുന്നതില്‍  വൈറ്റ്ഹൗസും അമേരിക്കന്‍ പ്രതിരോധ മന്ത്രാലയമായ പെന്റഗണും രണ്ടു തട്ടിലാണെന്ന് ലോസ് ആഞ്ചലോസ് ടൈംസ് വെളിപ്പെടുത്തിയിരുന്നു. മാലിയിലും അള്‍ജീരിയയിലും നടക്കുന്ന സംഭവവികാസങ്ങള്‍ ബറാക് ഒബാമയുടെ നേതൃത്വം നല്‍കുന്ന ഭരണകൂടത്തില്‍ വലിയ തര്‍ക്കങ്ങള്‍ക്ക് കാരണമായിട്ടുണ്ടെന്ന് ഔദ്യോഗിക വക്താവ് – പേര് വെളിപ്പെടുത്താതെ – പറഞ്ഞതായി പത്രം പറഞ്ഞിരുന്നു. പ്രദേശത്ത് അപകടം സൃഷ്ടിക്കുന്ന തീവ്രവാദ ഗ്രൂപുകള്‍ക്ക് സൈനികമായ ഒരു തിരിച്ചടി നല്‍കേണ്ടതുണ്ടോ എന്നതിനെ ചൊല്ലിയായിരുന്നു തര്‍ക്കം. ഈ വലിയ ദൗത്യത്തില്‍ നിന്ന് അമേരിക്ക വിട്ടു നില്‍ക്കുന്നത് മാലി തീവ്രവാദികള്‍ക്ക് ഒരു അഭയസ്ഥാനമായി മാറുന്നതിന് കാരണമാകുന്നും, 2001 സെപ്റ്റംബര്‍ 11 -ലെ അക്രമണത്തിന് മുമ്പത്തെ അഫ്ഗാനെ പോലെ അത് മാറുമെന്നും പെന്റഗണും മുതിര്‍ന്ന ഓഫീസര്‍മാരും വ്യക്തമാക്കി. എന്നാല്‍ ഈ വാദത്തെ വൈറ്റ് ഹൗസിന്റെ ചില പ്രതിനിധികള്‍ അംഗീകരിക്കാന്‍ തയ്യാറായില്ല. പത്രം അതിനെ കുറിച്ച് പറയുന്നത് ഇപ്രകാരമാണ് ‘അമേരിക്കന്‍ സൈന്യം അഫ്ഗാനില്‍ നിന്ന് പിന്‍വാങ്ങി കൊണ്ടിരിക്കുന്ന സന്ദര്‍ഭത്തില്‍ മാലിയില്‍ തങ്ങള്‍ക്ക് അധീനപ്പെടുത്താന്‍ സാധിക്കാത്ത ഒരു ശ്രത്രുവിനെതിരെയുള്ള കുഴപ്പത്തിലേക്ക് അമേരിക്കയെ വലിച്ചിഴക്കുന്നത് ഈ പ്രതിനിധികള്‍ ഭയക്കുന്നു. ഇസ്‌ലാമിക മഗ്‌രിബിലെ അല്‍-ഖാഇദയുടെ ഭീഷണിയില്‍ ആര്‍ക്കും സംശയമില്ലെന്ന് അമേരിക്കന്‍ ഔദ്യോഗിക വക്താവിനെ ഉദ്ധരിച്ച് പത്രം പറയുന്നുണ്ട്. ഈ സംഘടന അമേരിക്കക്ക് എന്ത് ഭീഷണിയാണുണ്ടാക്കുന്നതെന്ന ചോദ്യം നാമോരുത്തരും ഉന്നയിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിചേര്‍ക്കുന്നു. അതിനുള്ള മറുപടി ഇപ്പോള്‍ യാതൊരു ഭീഷണിയുമില്ല എന്നതാണ്.

വിവ: അഹ്മദ് നസീഫ് തിരുവമ്പാടി

Related Articles