Current Date

Search
Close this search box.
Search
Close this search box.

അമേരിക്ക ഞങ്ങളെ ജനാധിപത്യം പഠിപ്പിക്കേണ്ട

ഈജിപ്ത് ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ അബ്ദുല്‍ ഫത്താഹ് സീസിയുടെ മേല്‍നോട്ടത്തിലുള്ള സംഘം നടത്തിയ മോസ്‌കോ സന്ദര്‍ശനം വാഷിങ്ടണിനെ ചൊടിപ്പിച്ചിരിക്കുകയാണ്. ഇരു രാഷ്ട്രങ്ങള്‍ക്കും ഇടയിലുണ്ടായിരുന്ന ശീത യുദ്ധത്തെ അത് പുനര്‍ജീവിപ്പിച്ചിരിക്കുന്നു. സോവിയറ്റ് യൂണിയന്റെ തകര്‍ച്ചക്ക് മുമ്പുള്ള ആ യുദ്ധത്തല്‍ അബ്ദുന്നാസിറിന്റെ ഈജിപ്തും ഭാഗമായിരുന്നു.

റഷ്യന്‍ പ്രസിഡന്റ് വഌദിമര്‍ പുടിന്റെ വാക്കുകള്‍ വാഷിങ്ടണിന്റെ മര്‍മസ്ഥാനത്ത് തന്നെയാണ് കൊണ്ടിട്ടുള്ളത്. പുടിന്‍ പറഞ്ഞു : ‘ഈജിപ്തില്‍ നിങ്ങള്‍ പ്രസിഡന്റ് തെരെഞ്ഞെടുപ്പ് നടത്താന്‍ തീരുമാനമെടുത്തിരിക്കുന്നത് എനിക്കറിയാം… ഈജിപ്ഷ്യന്‍ ജനതക്ക് വേണ്ടി ചെയ്യുന്ന സുപ്രധാനമായ തീരുമാനമാണത്.. എന്റെ പേരിലും റഷ്യന്‍ ജനതയുടെ പേരിലും നിങ്ങള്‍ക്ക് വിജയം നേരുന്നു.’

രണ്ടു വ്യക്തികള്‍ ആദ്യമായി പരസ്പരം കണ്ടുമുട്ടുമ്പോള്‍ നടത്തുന്ന ഉപചാരവ വാക്കുളില്‍ കവിഞ്ഞ അസാധാരണത്തം ഒന്നും ഈ വാക്കുകളില്ല. എന്നാല്‍ അമേരിക്കന്‍ വിദേശകാര്യ വക്താവ് മേരി ഹാര്‍ഫറിന്റെ നാവുകളിലൂടെ പുറത്തു വന്ന അമേരിക്കയുടെ രോഷം അസാധാരണമായിരുന്നു. ‘ഈജിപ്തിലെ പ്രസിഡന്റിനെ തെരെഞ്ഞെടുക്കുന്നത് അവിടത്തെ ജനതയുമായി ബന്ധപ്പെട്ട കാര്യമാണ്, ഈജിപ്തിന് പുറത്തുള്ള ആര്‍ക്കും അതില്‍ ഒരു കാര്യവുമില്ല.’ എന്നാണ് ഹാര്‍ഫ് പ്രതികരിച്ചത്.

മനോഹരമായ വാക്കുകള്‍, ഹാര്‍ഫിന്റെ പ്രസ്താവനയിലെ ഓരോ വാക്കിനോടും നമ്മളും യോജിക്കുന്നു. എന്നാല്‍ അവരുടെ രാഷ്ട്രവും തികച്ചും വ്യത്യസ്തമായ ഒരു രാഷ്ട്രമാണെന്ന് അവരെയും അവരുടെ പ്രസിഡന്റിനെയും ഭരണകൂടത്തെയും ഓര്‍മപ്പെടുത്താന്‍ നമുക്ക് അവകാശമില്ലേ? പിന്നെ, റഷ്യന്‍ പ്രസിഡന്റാണ് ഈജിപ്തിലെ പ്രസിഡന്റിനെ നിശ്ചയിക്കുന്നതെന്ന് ആരാണ് പറഞ്ഞത്?

ജനതയാണ് തങ്ങളെ ഭരിക്കേണ്ടവരെ നിശ്ചയിക്കേണ്ടതെന്നിരിക്കെ, എന്തിനാണ് ഇറാഖില്‍ പ്രസിഡന്റ് സദ്ദാം ഹുസൈനെ അധികാരത്തില്‍ നിന്ന് താഴെയിറക്കുന്നതിന് അവര്‍ ഇടപെട്ടത്. അതിനവര്‍ ആയിരക്കണക്കിന് വിമാനങ്ങളും ഷെല്ലുകളും സൈനികരെയും അയച്ചു. പത്ത് വര്‍ഷത്തോളം അവിടെ അധിനിവേശം നടത്തി. ലിബിയയില്‍ എന്തിനാണ് അവര്‍ ഇടപെട്ടത്? അവിടെയുണ്ടായിരുന്ന ഭരണ വ്യവസ്ഥയെ തകര്‍ത്ത് അരാജകത്വവും സായുധ ഗ്രൂപ്പുകളും വാഴുന്ന ഒരു നാടാക്കി അതിനെ അവര്‍ മാറ്റി.

ഇറാഖിലെ മുന്‍ ഭരണകൂടത്തെ മാറ്റിക്കൊണ്ട് അമേരിക്ക മതിയാക്കിയില്ല, ദശലക്ഷക്കണക്കിന് ഇറാഖികളെ കൊന്നൊടുക്കുകയും ചെയ്തു. വിഭാഗീയതയുടെയും ഭിന്നിപ്പിന്റെയും വിത്തുകള്‍ അവിടെ പാകിയിട്ടാണ് അവര്‍ മടങ്ങിയത്. സമാധാനത്തിലും സുസ്ഥിരതയിലും കഴിഞ്ഞിരുന്ന ഒരു രാഷ്ട്രത്തെ നിന്ദ്യമായി വിഭാഗീയതക്ക് വഴിപ്പെട്ട് അരാജകത്വം വാഴുന്ന നാടാക്കി മാറ്റി. ഇങ്ങനെയൊക്കെ ചെയ്ത് ലോകത്ത് കലുഷിതമായ നാടുകളുടെ പട്ടികയിലെ ആദ്യ അഞ്ചു സ്ഥാനങ്ങളിലൊന്ന് അതിന് നേടി കൊടുത്തു.

അമേരിക്കയോ റഷ്യയോ അല്ലെങ്കില്‍ ലോകത്തെ മറ്റേതെങ്കിലും ശക്തികളോ അല്ല ഞങ്ങളുടെ പ്രസിഡന്റിനെ തെരെഞ്ഞെടുക്കേണ്ടത്. സ്വതന്ത്രമായ തെരെഞ്ഞെടുപ്പിലൂടെ അവരെ തെരെഞ്ഞെടുക്കുക ഞങ്ങളുടെ ജനതയുടെ ഉത്തരവാദിത്വമാണ്. ആരെയും അകറ്റി നിര്‍ത്താതെ വ്യത്യസ്ത വര്‍ണങ്ങള്‍ സ്വീകരിച്ചിരിക്കുന്ന മുഴുവന്‍ രാഷ്ട്രീയ കക്ഷികളുടെയും പങ്കാളിത്വത്തോടെയായിരിക്കണമത്.

ജനാധിപത്യത്തെ കുറിച്ച അമേരിക്കയുടെയോ അവരുടെ വക്താക്കളുടെയോ ക്ലാസുകള്‍ ഞങ്ങള്‍ക്കാവശ്യമില്ല. അറബ് നാടുകളില്‍ ഏറ്റവും വലിയ ധിക്കാരികളായ ഏകാധിപതികളെ പിന്തുണച്ചവരും ഇപ്പോഴും പിന്തുണച്ചു കൊണ്ടിരിക്കുന്നവരുമാണവര്‍. ജൂതവംശീയതയുടെ അടിസ്ഥാനത്തിലുള്ള ഒരു ജൂത രാഷ്ട്രമായി ഇസ്രയേലിനെ അംഗീകരിപ്പിക്കുന്നതിന് ശ്രമിക്കുന്നവരുമാണവര്‍.

ഈ പറയുന്നതിലൂടെ സീസിയെയോ അയാളുടെ സൈനിക അട്ടിമറിയെയോ നായീകരിക്കുകയോ, റഷ്യന്‍ പ്രസിഡന്റ് പുടിന്റെ പക്ഷം ചേരുകയോ അല്ല ചെയ്യുന്നത്. അമേരിക്കന്‍ നിലപാടുകളിലെ ഇരട്ടത്താപ്പ് എടുത്തു കാണിക്കുക മാത്രമാണ് ഇതുകൊണ്ടുദ്ദേശിക്കുന്നത്. കഴിഞ്ഞ അമ്പത് വര്‍ഷമായി അതിന്റെ പ്രയാസം അനുഭവിക്കുന്നവരാണ് ഞങ്ങള്‍.

അമേരിക്കയുടെ ഈ രോഷം ഈജിപ്തിനോടോ അവിടത്തെ ജനതയോടോ ഉള്ള സ്‌നേഹം കൊണ്ടല്ല. അമേരിക്കയുടെയും ഇസ്രയേലിന്റെയും കൂട്ടില്‍ നിന്ന് റഷ്യ തുറന്നു കൊടുക്കുന്ന വാതിലിലൂടെ ഈജിപ്ത് പുറത്തു പോകുമോ എന്ന ഭയമാണ് അതിന് പിന്നില്‍. ക്യാമ്പ് ഡേവിഡ കരാറിന് ശേഷം അമേരിക്ക ഈജിപ്ത് സൈന്യത്തിന് നല്‍കുന്ന സാമ്പത്തികവും സായുധവുമായ സഹായത്തിന്റെ പേരില്‍ അയ്യായിരം കോടിയിലേറെ ഡോളര്‍ അമേരിക്ക ലാഭം നേടിയിട്ടുണ്ട്. ഇസ്രയേലിനും അവര്‍ അറബ് നാടുകളില്‍ നടത്തുന്ന അതിക്രമങ്ങള്‍ക്കും അധിനിവേശത്തിനും പിന്തുണ നല്‍കി കൊണ്ട് അവരുടെ സുരക്ഷ ഉറപ്പാക്കുന്ന കാര്യങ്ങള്‍ ഈജിപ്തിനെ കൊണ്ട് അനുസരിപ്പിക്കാനും അവര്‍ക്ക് സാധിച്ചു.

1952-ലെ സൈനിക അട്ടിമറിക്ക് ശേഷം ജമാല്‍ അബ്ദുന്നാസിര്‍ നടത്തിയ ചെക് ആയുധ ഇടപാടിനെയും സീസി ധാരണയായിട്ടുള്ള ഇടപാടിനെയും താരതമ്യപ്പെടുത്താന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല. പാശ്ചാത്യ സൈനിക അധീശത്വത്തില്‍ നിന്ന് ഈജിപ്തിനെ മോചിപ്പിച്ച ഒരു വഴിത്തിരിവായിരുന്നു അബ്ദുന്നാസറിന്റെ പ്രസ്തുത ഇടപാട്. സഊദിയുടെയും യു.എ.ഇയുടെയും സാമ്പത്തിക സഹായം കൊണ്ട് നടത്തുന്ന മുന്നൂറ് കോടി ഡോളറിന്റെ ഇടപാടാണ് ഇപ്പോള്‍ വാക്കുകളാല്‍ സീസി ഉറപ്പിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ നടപടിയെ ഞങ്ങള്‍ വിശ്വാസ്യതയിലെടുക്കുന്നില്ല. ഒരു പക്ഷെ ഇതൊരു തന്ത്ര പ്രകടനമോ അല്ലെങ്കില്‍ നയതന്ത്ര മാറ്റമോ ആയിരിക്കാം.

സീസി പ്രസിഡന്റ് തെരെഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനെ ഞങ്ങള്‍ എതിര്‍ക്കുന്നുണ്ട്. ഈജിപ്തിനെ ഒരു സൈനിക രാഷ്ട്രമായിട്ടല്ല, ഒരു സിവില്‍ രാഷ്ട്രമായിട്ടാണ് ഞങ്ങള്‍ കാണാന്‍ ആഗ്രഹിക്കുന്നത് എന്നത് തന്നെയാണതിന് കാരണം. ഇവിടത്തെ സൈന്യം രാഷ്ട്രീയത്തില്‍ നിന്ന് അകന്ന് ബാരക്കില്‍ തന്നെ കഴിയണമെന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. അതേസമയം ഈജിപ്ത് വീണ്ടും സ്വയം നിര്‍ണയാധികാരമുള്ള ശക്തമായ അറബ് രാഷ്ട്രമായി മാറുകയും വേണം. നിരവധി കാര്യങ്ങള്‍ അതിന് വേണ്ടി ചെയ്യേണ്ടതുണ്ട് അതില്‍ പ്രധാനം ദേശീയ തലത്തിലുള്ള അനുരഞ്ജനവും സ്വതന്ത്രവും സുതാര്യവുമായ തെരെഞ്ഞെടുപ്പുമാണ്. ക്യാമ്പ് ഡേവിഡ് അടക്കമുള്ള അടിച്ചമര്‍ത്തുന്ന കരാറുകളില്‍ നിന്നും ഉടമ്പടികളില്‍ നിന്നും മോചനവും ആവശ്യമാണ്. ഒറ്റ അഭിപ്രായത്തിന് മാത്രം സ്വാതന്ത്ര്യം നല്‍കുന്നതിനുള്ള എല്ലാ തരത്തിലുള്ള അടിച്ചമര്‍ത്തലുകളും അറസ്റ്റുകളും അവസാനിപ്പിക്കേണ്ടതുണ്ട്.

അറബ് നാടുകളിലെ റഷ്യയുടെ താല്‍പര്യങ്ങള്‍ മങ്ങലേല്‍പിക്കുന്നത് അമേരിക്കയുടെ താല്‍പര്യങ്ങള്‍ക്കാണ്. അമേരിക്ക പ്രദേശത്തെ ഇസ്രയേലിന്റെ ദൃഷ്ടിയിലൂടെ മാത്രമാണ് നോക്കി കാണുന്നത്. ഇസ്രയേലിന്റെ സുരക്ഷക്കാണ് അതില്‍ മുഖ്യ പരിഗണന. ജൂത ലോബിയാണ് അമേരിക്കയെ നിയന്ത്രിക്കുന്നത്. അതുകൊണ്ടാണ് അവര്‍ക്ക് പല പഴയ സഖ്യശക്തികളെയും നഷ്ടപ്പെട്ടതും, പുതിയ സഖ്യങ്ങളെ കണ്ടെത്താന്‍ സാധിക്കാത്തതും.

വിവ : അഹ്മദ് നസീഫ്‌

Related Articles