Current Date

Search
Close this search box.
Search
Close this search box.

അമേരിക്കയിലെ തോക്കുപയോഗം; മുസ്‌ലിം പ്രതികരണം

കഴിഞ്ഞ കുറെ വര്‍ഷങ്ങളായി തോക്കുപയോഗിച്ചുളള ആക്രമണം അമേരിക്കയെ നാടകീയമായ രീതിയില്‍ ഗ്രസിച്ചിരിക്കുകയാണ്. പൊതുജനങ്ങള്‍ക്കു നേരെയുളള നിരന്തരമായ  വെടിവെപ്പ് ഒന്ന് മറ്റൊന്നിനേക്കാള്‍ ഭീകരമായ രീതിയില്‍ തുടര്‍ന്നു കൊണ്ടിരിക്കുന്നു. വികസിത രാജ്യങ്ങളില്‍ മനുഷ്യക്കുരുതിയുടെ കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്നു അമേരിക്ക. അതില്‍ തന്നെ മൂന്നിലൊന്ന് കൊലപാതകങ്ങളും വെടിവെപ്പിലൂടെ. ഇനിയും പ്രസിഡന്റ് ഒബാമ ഇതേശൈലിയില്‍ തന്നെ പോകുകയാണെങ്കില്‍ തോക്കും അക്രമവാസനയും മുറിച്ചുമാറ്റാന്‍ പറ്റാത്ത രീതിയില്‍ ജനങ്ങളുടെ മനസ്സില്‍ ഉറച്ചു പോകും.

നിങ്ങള്‍ ജനങ്ങളോട് തോക്ക് നിയന്ത്രിക്കുന്നതിനെക്കുറിച്ച് സംസാരിച്ചാല്‍ രണ്ടു തരം പ്രതികരണം നിങ്ങള്‍ക്കു കാണാം. വളരെ വൈകാരികമായി അവര്‍ പറയും ഇപ്പോള്‍ തന്നെ നിരോധിക്കണമെന്ന്. എന്നാല്‍ ശക്തമായി എതിര്‍പ്പ് പ്രകടിപ്പിച്ചു കൊണ്ട് ഒരിക്കലും നിരോധിക്കരുതെന്നും മറ്റു ചിലര്‍ പറയും. എല്ലാവര്‍ക്കും അവരുടെതായ അഭിപ്രായമുണ്ട് ഈ വിഷയത്തില്‍. മുസ്‌ലിംകളുടെ ഇടയിലും ഇതു തന്നെ അവസ്ഥ. നമ്മുടെ പ്രിയങ്കരനായ പ്രവാചകന്‍ പഠിപ്പിച്ചിട്ടുണ്ട് സ്വയരക്ഷ എന്നത് ഓരോ മുസ്‌ലിമിന്റെയും ബാധ്യതയാണെന്ന്. സ്വയരക്ഷക്കുവേണ്ടി പരിശ്രമിക്കുന്നതിനിടയില്‍ ഒരുവന്‍ മരണപ്പെട്ടാല്‍ അവന്‍ രക്തസാക്ഷിയാണെന്നും പ്രവാചകാധ്യാപനം. കുട്ടികളെ അമ്പെയ്ത്ത്, നീന്തല്‍, കുതിരസവാരി തുടങ്ങിയവ പരിശീലിപ്പിക്കണമെന്നും പ്രവാചകന്‍ പഠിപ്പിച്ചു. അങ്ങനെയെങ്കില്‍ എങ്ങനെയാണ് ആധുനിക മുസ്‌ലിംകളായ നമ്മള്‍ ഈ കാഴ്ചപ്പാടിനെ അമ്പില്‍നിന്നും വില്ലില്‍ നിന്നും തോക്കിലേക്ക് വിവര്‍ത്തനം ചെയ്യുക? നമ്മളെല്ലാം ഈ ആധുനിക ഉപകരണം പ്രവര്‍ത്തിപ്പിക്കാന്‍ അറിയുന്നവരാണോ?  നമുക്കത് സ്വന്തമായുണ്ടോ? ദൈനംദിന ജീവിതത്തിലും യുദ്ധത്തിലും ഉപയോഗിക്കുന്ന ആയുധങ്ങള്‍ തമ്മില്‍ എന്തെങ്കിലും വ്യത്യാസമുണ്ടോ?
തോക്കുപയോഗിച്ചുളള ആക്രമണം ഇത്ര വ്യപകമായ അമേരിക്ക പോലുളള രാജ്യത്ത് മുസ്‌ലിംകള്‍ ന്യൂനപക്ഷങ്ങളായി ജീവിക്കുന്ന അവസ്ഥയില്‍ തീര്‍ച്ചയായും എന്തായിരിക്കും മുസ്‌ലിംകളുടെ അഭിപ്രായം.
ഇസ്‌ലാമിന്റെ മധ്യമ നിലപാടില്‍ നിന്നുകൊണ്ടുളള മറുപടിയാണ് ഈ വിഷയത്തില്‍ അമേരിക്കന്‍ മുസ്‌ലിംകള്‍ നല്‍കുന്നത്. തോക്ക് കൈവശം വെക്കുന്നതിനെ അനുകൂലിക്കുന്ന അവര്‍ അതുപയോഗിക്കുന്ന രീതിയില്‍ വ്യത്യാസം വേണമെന്നാവശ്യപ്പെടുന്നു.

അമേരിക്കന്‍ ജനങ്ങളില്‍ നിന്നുളള പ്രതികരണങ്ങള്‍
തോക്കുപയോഗവുമായി ബന്ധപ്പെട്ട് അമേരിക്കന്‍ മുസ്‌ലിംകളുടെ കാഴ്ചപ്പാട് മനസ്സിലാകണമെങ്കില്‍ ആ രാജ്യത്തിന്റെ പിറവി തൊട്ടേ തോക്കുമായി അവിടുത്തെ ജനം ബന്ധപ്പെട്ടു കിടക്കുന്നു എന്ന വസ്തുത മനസ്സിലാക്കേണ്ടതുണ്ട്.  അതുകൊണ്ടു തന്നെ ഭൂരിഭാഗം മുസ്‌ലിംകളും അമേരിക്കയില്‍ തോക്ക് കൈവശം വക്കുന്നതിനനുകൂലമാണ്. തങ്ങള്‍ക്ക് തങ്ങളുടെ കച്ചവടസ്ഥപനങ്ങളെയും ഭവനങ്ങളേയും സംരക്ഷിക്കാന്‍ അതാവശ്യമാണെന്നാണ് അവരുടെ പക്ഷം. എന്നാല്‍ നിലവില്‍ അവ ഉപയോഗപ്പെടുത്തുന്ന രീതിയോട് അവര്‍ക്ക് യോജിപ്പില്ല. ‘തെറ്റായ രീതിയിലാണ് ഇന്നത് ഉപയോഗിക്കപ്പെടുന്നത്. ആത്മഹത്യകള്‍ക്കും വീടുകളിലുളള ആക്രമണങ്ങള്‍ക്കും ഇതു കാരണമാകുന്നു.’ അവര്‍ പറയുന്നു. തോക്ക് വാങ്ങുന്നതില്‍ കുറെക്കൂടി കടുത്ത നിബന്ധനകള്‍ കൊണ്ടുവരുന്നതിലൂടെ ആക്രമണങ്ങള്‍ കുറക്കാന്‍ കഴിയുമെന്നും അവര്‍ പറയുന്നു. ‘ആര്‍ക്കും ഇന്റര്‍നെറ്റ് വഴി തോക്ക് വാങ്ങാന്‍ സാധിക്കരുത്. ലൈസന്‍സിന് എഴുത്തു പരീക്ഷ മാനദണ്ഡമാക്കണം. മാത്രമല്ല വാഹന ലൈസന്‍സു പോലെ അത് പുതുക്കുന്ന സാഹചര്യവുമുണ്ടാകണം.’ മാനസികരോഗവിദഗ്ധനായ മലിക് സാദത്ത് പറയുന്നു. ‘തുല്യ പ്രാധാന്യത്തോടെ പരിഗണിക്കേണ്ടുന്ന കാര്യം ബോധവല്‍ക്കരണത്തിന്റെയും കൗണ്‍സിലിംഗിന്റെയും ആണ്. മാനസിക വിഭ്രാന്തിയുളളവരാണ് തോക്ക് അക്രമത്തിനായി ഉപയോഗിക്കുന്നത്. ബോധവല്‍ക്കരണത്തിലൂടെയും കൗണ്‍സിലിംഗിലൂടെയും മാത്രമാണ് ഇത് മാറ്റിയെടുക്കാന്‍ കഴിയുക.’ അദ്ദേഹം പറഞ്ഞു.

വിവ : അത്തീഖുറഹ്മാന്‍

Related Articles