Current Date

Search
Close this search box.
Search
Close this search box.

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് : ഒബാമയോ റോംനിയോ

obama-versus-romni.jpg

ലക്ഷക്കണക്കിന് വരുന്ന അമേരിക്കന്‍ ജനത തങ്ങളുടെ പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നതിനായി ഇന്ന് പോളിംഗ് ബൂത്തിലേക്ക് തിരിക്കുകയാണ്. ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ബറാക് ഒബാമക്കും, റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി മീറ്റ് റോംനിക്കും തുല്യസാധ്യതയാണുള്ളതെന്ന് ഇതുസംബന്ധിച്ച അഭിപ്രായ സര്‍വേകളില്‍ നിന്ന് വ്യക്തമാണ്. ഇരു സ്ഥാനാര്‍ത്ഥികള്‍ക്കും അനുകൂലമോ, പ്രതികൂലമോ ആയി ജനങ്ങള്‍ക്കിടയില്‍ സ്വാധീനം ചെലുത്തുന്നതില്‍ മീഡിയകള്‍ക്ക് അനിഷേധ പങ്കുണ്ടെന്നത് യാഥാര്‍ത്ഥ്യമാണ്. പെട്രോള്‍ കയ്യിലുള്ള, ട്രില്യണ്‍ കണക്കിന് ഡോളറുകള്‍ പടിഞ്ഞാറിലും അമേരിക്കയിലും നിക്ഷേപമുള്ള അറബ് ലോകം കേവലം കാഴ്ച്ചക്കാരായി നില്‍ക്കുന്നുവെന്നതാണ് നമ്മെ അല്‍ഭുതപ്പെടുത്തുന്നത്. അതേസമയം, ജൂതലോബിയാവട്ടെ വളരെ നിര്‍ണായകമായ പങ്ക് ഈ വിഷയത്തില്‍ വഹിക്കുകയും ചെയ്യുന്നു.

അമേരിക്കയില്‍ വ്യക്തമായി സ്വാധീനം ചെലുത്താന്‍ കഴിയുന്ന മുഖ്യ നാല് ലോബികളാണുള്ളത്. പെട്രോള്‍ കമ്പനികള്‍, ആയുധ കമ്പനികള്‍, വിരമിച്ചവരുടെ സംഘം, ജൂത സംഘം എന്നിവയാണവ. ഇവയില്‍ തന്നെ ഏറ്റവും ശക്തമായത് പെട്രോള്‍-ആയുധ ലോബികളാണ്. അവയാവട്ടെ അറബികളുമായി നേരിട്ട് ബന്ധപ്പെടുന്ന കാര്യങ്ങളുമാണ്. കഴിഞ്ഞ വര്‍ഷം മാത്രം 125 ബില്യണ്‍ ഡോളറിന്റെ ആയുധങ്ങളും യുദ്ധ വിമാനങ്ങളുമാണ് വാഷിംഗ്ടണ്‍ ഗള്‍ഫ് രാഷ്ട്രത്തിന് വിറ്റത്. തൊഴിലില്ലാതെ കഷ്ടപ്പെടുന്ന ആയിരക്കണക്കിന് അമേരിക്കക്കാര്‍ക്ക് ജോലി നല്‍കാനും അവര്‍ക്ക് സാധിച്ചു. അമേരിക്ക സാമ്പത്തിക പ്രതിസന്ധി കൊണ്ട് പ്രയാസപ്പെടുന്ന ഘട്ടത്തില്‍ ആയുധ വ്യാപാരം സജീവമാവുന്നതിനും ഇത് വഴിവെച്ചു.

അമേരിക്കന്‍ പെട്രോള്‍ കമ്പനികളില്‍ മിക്കതും അറബ് രാഷ്ട്രങ്ങളിലാണ് പ്രവര്‍ത്തിക്കുന്നത്. വടക്കെ ആഫ്രിക്ക, ഇറാഖ് അടക്കമുള്ള ഗള്‍ഫ് രാഷ്ട്രങ്ങള്‍ തുടങ്ങിയവ അതിനുദാഹരണങ്ങളാണ്. പ്രസ്തുത കമ്പനികള്‍ വര്‍ഷാവര്‍ഷം ഭീമന്‍ തുകകളാണ് സമ്പാദിച്ച് കൊണ്ടിരിക്കുന്നു. അവയിലെ ഒരു പങ്ക് നികുതിയായി 16 ട്രില്യണ്‍ ഡോളര്‍ കടമുള്ള അമേരിക്കയുടെ ഖജനാവിലേക്കാണ് മടങ്ങുന്നുവെന്നത് അവര്‍ക്ക് അല്‍പം ആശ്വാസം നല്‍കുന്ന കാര്യമാണ്.

പശ്ചിമേഷ്യയിലെ പ്രശ്‌നങ്ങള്‍ക്ക് അമേരിക്കന്‍ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ അര്‍ഹമായ പരിഗണന ലഭിച്ചില്ലെന്ന് വേണം വിലയിരുത്താന്‍. രണ്ട് സ്ഥാനാര്‍ത്ഥികളിലും പൊതുവായുള്ള ‘ഗുണം’ ഇസ്രായേല്‍ വിധേയത്വവും അറബ് വിരുദ്ധ നിലപാടുമാണ്. പശ്ചമേഷ്യയില്‍ സമാധാനം കൊണ്ട് വരുമെന്നും സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രം സാക്ഷാല്‍ക്കരിക്കുമെന്നുമുള്ള തന്റെ വാഗ്ദാനം ലംഘിച്ചതിലൂടെ അറബ്-ഇസ്‌ലാമിക ലോകത്തിന്റെ പ്രതീക്ഷകള്‍ തകര്‍ക്കുകയാണ് ഒബാമ ചെയ്തത്. അതേസമയം അദ്ദേഹം ഇറാഖില്‍ നിന്നും സൈന്യത്തെ പൂര്‍ണമായി പിന്‍വലിക്കുകയും, അഫ്ഗാനില്‍ നിന്ന് പിന്‍വലിക്കാന്‍ തയ്യാറാവുകയും ചെയ്തിരിക്കുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ പ്രതിയോഗി, മീറ്റ് റോംനി ഇസ്രായേലിനെ പിന്താങ്ങുകയും യുദ്ധത്തിന് പ്രോല്‍സാഹിപ്പിക്കുകയും, പശ്ചിമേഷ്യന്‍ പ്രശ്‌നങ്ങളിലെ മുഖ്യഉപദേഷ്ടാവായി ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്‍യാമിന്‍ നെതന്യാഹുവിനെ കണക്കാക്കുകയും ചെയ്യുന്നു.

പശ്ചിമേഷ്യയെ സംബന്ധിച്ചിടത്തോളം അപകടം കുറഞ്ഞത് ഒബാമ തന്നെയാണ്. കാരണം തന്റെ രണ്ടാമൂഴത്തില്‍ ജൂതലോബിയില്‍ നിന്ന് കുറച്ച് കൂടി സ്വാതന്ത്യം നേടാന്‍ അദ്ദേഹത്തിന് സാധിച്ചേക്കും. ഒരുപക്ഷെ, സമാധാന പുനസ്ഥാപനത്തിലും അദ്ദേഹത്തിന് കഴിഞ്ഞേക്കും. കഴിഞ്ഞ നാല് വര്‍ഷത്തെ അദ്ദേഹത്തിന്റെ നയങ്ങള്‍ ദരിദ്രരോട് കൂടുതല്‍ ചേര്‍ന്നതായിരുന്നു. എന്നാല്‍ മീറ്റ് റോംനി ദരിദ്രര്‍ രാഷ്ട്രത്തിന്റെ ഭാരമാണെന്ന് വിലയിരുത്തുകയും, അവര്‍ നികുതിയടക്കാത്തത് രാഷ്ട്രത്തിന് ബാധ്യതയുണ്ടാക്കുന്നുവെന്ന് അഭിപ്രായപ്പെടുകയും ചെയ്യുന്നു. മാത്രമല്ല, സമ്പന്നര്‍ക്ക് നികുതിയിളവ് നല്‍കുമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്യുന്നു. കാരണം അഞ്ഞൂറ് മില്യണ്‍ വാര്‍ഷിക വരുമാനമുള്ള അദ്ദേഹവും അവരിലൊരാളാണല്ലോ. സ്വന്തമായ വിമാനത്തിലാണ് അദ്ദേഹത്തിന്റെ വ്യക്തിപരമായ യാത്രകള്‍ പോലും നടത്തുന്നത്!

ഒബാമയാണ് വിജയിക്കാന്‍ സാധ്യതയുള്ളത്. കാരണം കൂടുതല്‍ ഊര്‍ജസ്വലതയും ക്രിയാത്മകതയും ഉള്ളത് അദ്ദേഹത്തിനാണ്. തൊഴിലില്ലായ്മയുടെ തോത് കുറക്കാനും, സാമ്പത്തിക മേഖലയില്‍ ഏതാനും നേട്ടങ്ങളുണ്ടാക്കാനും അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. മാത്രമല്ല, തന്റെ പ്രതിയോഗിയേക്കാള്‍ അമേരിക്കന്‍ ജനതയോട് കൂടുതല്‍ അടുത്തവനും, അവര്‍ക്ക് സുപരിചിതനുമാണ് അദ്ദേഹം.

മുന്‍കാലത്ത് -സോവിയറ്റ് യൂണിയന്റെ പതനത്തിന് ശേഷം- അമേരിക്കന്‍ ജനത തെരഞ്ഞെടുത്തിരുന്നത് ലോകത്തിനുള്ള നേതാവിനെയായിരുന്നു. എന്നാല്‍ ഇപ്പോള്‍ ലോകത്തിന്റെ സാഹചര്യം കുറച്ച് മാറിയിരിക്കുന്നു. ചൈന, ബ്രസീല്‍, ഇന്ത്യ, നഷ്ടപ്പെട്ട സ്ഥാനം തിരിച്ച് പിടിക്കാന്‍ രംഗത്തുള്ള റഷ്യ തുടങ്ങിയ രാഷ്ട്രങ്ങള്‍ വലിയ ശക്തിയായി കടന്ന് വന്ന സാഹചര്യത്തില്‍ പ്രത്യേകിച്ചും.

ലോകം അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് വീക്ഷിക്കുകയാണ്. ലക്ഷണക്കിന് പേര്‍ ഇന്ന് രാത്രിയില്‍ ഉറക്കമൊഴിച്ച് ഫലമറിയാന്‍ കാത്തിരിക്കും. എല്ലാ നാല് വര്‍ഷത്തിലും ഒരിക്കല്‍ മാത്രം സംഭവിക്കുന്ന മുഹൂര്‍ത്തമാണിത്. ആരോഗ്യകരമായ പ്രസ്തുത ജനാധിപത്യ സംവിധാനത്തില്‍ നിന്ന് നമ്മേപ്പോലുള്ള മൂന്നാം ലോക രാഷ്ട്രങ്ങള്‍ക്ക് ഒട്ടേറെ പഠിക്കാനുണ്ട്.

വിവ : അബ്ദുല്‍ വാസിഅ് ധര്‍മഗിരി
 

Related Articles