Current Date

Search
Close this search box.
Search
Close this search box.

അമുസ്‌ലിം ന്യൂനപക്ഷങ്ങളോടുള്ള പ്രവാചകനയം

being-diffrent.jpg

അമുസ്‌ലിം ന്യൂനപക്ഷത്തിന്റെ മതസ്വാതന്ത്ര്യം
മദീനയിലേക്ക് ഹിജ്‌റ പോയ പ്രവാചകന്‍ അവിടെ ഭരണാധികാരിയായി. ജൂതരും, ബഹുദൈവാരാധകരുമായ ന്യൂനപക്ഷങ്ങള്‍ അദ്ദേഹത്തിന്റെ ഭരണീയരായുണ്ടായിരുന്നു.ഇസ്‌ലാമിക രാഷ്ട്രം കൂടുതല്‍ വിശാലമായപ്പോള്‍ െ്രെകസ്തവന്യൂനപക്ഷവും രൂപപ്പെട്ടു. പ്രസ്തുത ന്യൂനപക്ഷ വിഭാഗങ്ങളെല്ലാം വളരെ സന്തോഷത്തോടെയും മതസ്വാതന്ത്ര്യത്തോടെയും അവിടെ ജീവിച്ചു. എല്ലാ ജനവിഭാഗങ്ങള്‍ക്കും തങ്ങളുടെ ആദര്‍ശം ഉയര്‍ത്തിപ്പിടിച്ച് ജീവിക്കാന്‍ അനുവാദമുണ്ടായിരുന്നു. ദൈവിവെളിപാടുകളുടെ പ്രാരംഭം മുതല്‍ ഇസ്‌ലാം അംഗീകരിച്ച നയമായിരുന്നു അത്. അത് മുഖേന മാനവികത ഉന്നതി പ്രാപിക്കുകയും, അതിന് കീഴില്‍ മാനവകുലം സൗഖ്യത്തോടെ ജീവിക്കുകയും ചെയ്തു.

അമുസ്‌ലിം ന്യൂനപക്ഷത്തിന്റെ മതസ്വാതന്ത്ര്യം
അമുസ്‌ലിം ജനവിഭാഗങ്ങളുടെ മത സ്വാതന്ത്ര്യത്തിനുള്ള ഉത്തമ ഉദാഹരണം പ്രവാചകന്‍ (സ)യുടെ തന്നെ ചരിത്രമാണ്. പ്രവാചകാനുചരര്‍ ബഹുദൈവ വിശ്വാസികളില്‍ നിന്നും കഠിനമായ പീഢനങ്ങള്‍ക്ക് വിധേയമായപ്പോഴും, പ്രവാചകന്‍ തന്നെ മര്‍ദ്ദിക്കപ്പെട്ടപ്പോഴും അവരോട് അവര്‍ പ്രതികാരനടപടി സ്വീകരിച്ചില്ല. വിജയവും ആധിപത്യവും കൈവന്നിട്ട് പോലും പ്രതിയോഗികള്‍ക്ക് മേല്‍ തങ്ങള്‍ വിശ്വസിക്കുന്ന ദര്‍ശനം അടിച്ചേല്‍പിക്കാന്‍ മുസ്‌ലിംകള്‍ തയ്യാറായില്ല. കാരണം വിശുദ്ധ വേദത്തിന്റെ കല്‍പന ഇപ്രകാരമായിരുന്നു. ‘ജനങ്ങളെ അവര്‍ വിശ്വാസികളാവുന്നത് വരെ നിര്‍ബന്ധിക്കുകയാണോ താങ്കള്‍?’. പ്രവാചകന്‍ പ്രായോഗിക വല്‍ക്കരിച്ചത് ഈ ആശയമായിരുന്നു. മതസ്വാതന്ത്ര്യം അനുവദിക്കുന്ന ഭരണഘടന അദ്ദേഹം രൂപപ്പെടുത്തിയതും പ്രസ്തുത ഉറവിടത്തില്‍ നിന്ന് തന്നെ.

ഇതിന് ബലംനല്‍കുന്ന ഒരു സംഭവം ‘മതത്തില്‍ ബലാല്‍ക്കാരമില്ല’ എന്ന വചനത്തിന്റെ അവതരണ പശ്ചാതലത്തില്‍ വിശുദ്ധ ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ ഉദ്ധരിച്ചിട്ടുണ്ട്. അന്‍സാരിയായ ഒരാള്‍ക്ക് പ്രവാചകന്‍ തിരുമേനിയുടെ ആഗമനത്തിന് മുമ്പ് െ്രെകസ്തവരായ രണ്ട് മക്കളുണ്ടായിരുന്നു. ഒരിക്കലവര്‍ ഒരു സംഘം െ്രെകസ്തവരോടൊപ്പം ഒലീവുമായി മദീനയില്‍ വരികയും പിതാവിന്റെ കൂടെ താമസിക്കുകയും ചെയ്തു. പിതാവ് അവരോട് പറഞ്ഞു. ‘ഇസ്‌ലാം സ്വീകരിക്കാതെ നിങ്ങളെ ഞാന്‍ തിരിച്ചയക്കില്ല’ പക്ഷെ അവര്‍ വിസമ്മതിച്ചു. അവര്‍ പരാതിയുമായി പ്രവാചകന്റെ അടുത്ത് വന്നു. പിതാവ് പ്രവാചകനോട് പറഞ്ഞു. ‘എന്റെ ഒരു ഭാഗം നരകത്തിലേക്ക് പോവുന്നത് നോക്കിനില്‍ക്കാന്‍ എനിക്ക് സാധിക്കുമോ പ്രവാചകരേ? അപ്പോള്‍ അല്ലാഹു അവതരിപ്പിച്ച വചനമാണ് ‘മതത്തില്‍ ബലാല്‍ക്കാരമില്ല’ എന്നത്. പ്രവചാകനവരെ സ്വതന്ത്രമായി പോകാന്‍ അനുവദിക്കുകയും ചെയ്തു. ക്രൈസ്തവരായ രണ്ട് സന്താനങ്ങളുള്ള രക്ഷിതാവിനോട് പ്രവാചകന്‍ ഇങ്ങനെയാണ് പ്രതികരിച്ചത്. ഭരണാധികാരിയെന്ന നിലക്ക് തിരുമേനിയെ അനുസരിക്കല്‍ അവരുടെ ബാധ്യതായിട്ട് പോലും അവര്‍ നിര്‍ബന്ധിക്കപ്പെട്ടില്ല.
മദീനയിലെ പ്രഥമ ഭരണഘടനയിലും പ്രവാചകന്‍ മതസ്വാതന്ത്ര്യം അംഗീകരിക്കുകയുണ്ടായി. മുസ്‌ലിങ്ങളോട് കൂടെ സമൂഹത്തെ കെട്ടിപ്പടുക്കുന്നതില്‍ യഹൂദരും പങ്കാളികളാണ് എന്ന പ്രഖ്യാപനത്തിലൂടെയായിരുന്നു അത്.

അമുസ്‌ലിങ്ങളുമായി നീതിപൂര്‍വ്വമായ സഹവര്‍ത്തിത്വം
നീതിയിലധിഷ്ഠിതമായ സമീപനമായിരുന്നു അമുസ്‌ലിങ്ങളോടും പ്രവാചകന്‍ പുര്‍ത്തിയിരുന്നത്. അബ്ദുര്‍റഹ്മാനു ബിന്‍ അബീ ബക്കര്‍ നിവേദനം ചെയ്യുന്നു. ഞങ്ങള്‍ തിരുമേനിയോടൊപ്പം നൂറ്റിമുപ്പത് പേരുണ്ടായിരുന്നു. അദ്ദേഹം ചോദിച്ചു. ‘ആരുടെയെങ്കിലും അടുത്ത് ഭക്ഷണമുണ്ടോ?’ ഉടന്‍ കുറച്ച് ഭക്ഷണവുമായി ഒരാള്‍ വരുന്നു. പിന്നീട് ഒരു ബഹുദൈവവിശ്വാസിയായ മനുഷ്യനാണ് വന്നത്. മുടി ജഢ പിടിച്ച അതികായനായ അയാള്‍ ഒരു ആടുമായാണ് വന്നത്. അപ്പോള്‍ തിരുമേനി ചോദിച്ചു. ‘ദാനമോ അതോ വില്‍ക്കാനോ?’ വില്‍ക്കാനുള്ളതാണെന്ന് അദ്ദേഹം അറിയിച്ചു. പ്രവാചകന്‍ അതിനെ വാങ്ങുകയും പാചകം ചെയ്യുകയുമുണ്ടായി. അവിടെ കൂടിയവര്‍ക്കൊക്കെ പൊരിച്ച ആട്ടിറച്ചി  വീതിച്ച് നല്‍കിയത് പ്രവാചകന്‍ തിരുമേനി (സ)യായിരുന്നു. ഹാജരില്ലാത്തവര്‍ക്ക് സൂക്ഷിച്ച് വെക്കുകയും എല്ലാവരും വയറ് നിറച്ച് തിന്നുകയും ചെയ്തു.
മദീനയുടെ ഭരണാധികാരിയായ നബി തിരുമേനി (സ) 130 അനുയായികളുടെ കൂടെ ഭക്ഷണത്തിന് വിശന്ന് വലഞ്ഞിരിക്കെ മുശ്‌രിക്കായ മനുഷ്യനോട് തന്റെ ആടിനെ ദാനം ചെയ്യാന്‍ നിര്‍ബന്ധിക്കുന്നില്ല എന്നത് ഇസ്‌ലാമിന്റെ നീതിയുടെ മകുടോദാഹരണമാണ്. തന്റെ കൂടെ പ്രവര്‍ത്തിച്ചിരുന്ന അമുസ്‌ലിംകളോട് സ്വന്തം ബന്ധുക്കളെ പോലെയാണ് തിരുമേനി വര്‍ത്തിച്ചിരുന്നത്. തിരുമേനിയുടെ പെരുമാറ്റത്തില്‍ അത്ഭുതം കൂറി അനസ്(റ) ഇപ്രകാരം പറയുന്നു. ‘ഒരു ജൂത ബാലന്‍ പ്രവാചകനെ പരിചരിക്കാറുണ്ടായിരുന്നു. അവന്‍ രോഗിയായപ്പോള്‍ തിരുമേനി സന്ദര്‍ശിച്ചു. അവന്റെ തലയുടെ അടുത്തിരുന്ന് ഇസ്‌ലാം സ്വീകരിക്കാന്‍ നിര്‍ദേശിച്ചു. തന്റെ അടുത്തുണ്ടായിരുന്ന പിതാവിലേക്ക് നോക്കിയ ബാലനോട് അദ്ദേഹം പ്രവാചകനെ അനുസരിക്കാന്‍ കല്‍പിച്ചു. പിതാവിന്റെ നിര്‍ദ്ദേശപ്രകാരം കുട്ടി ഇസ്‌ലാം സ്വീകരിച്ചു. നബി തിരുമേനി ഇപ്രകാരം ആത്മഗതം ചെയ്തു. ‘ഇവനെ നരകത്തില്‍ നിന്നും രക്ഷപ്പെടുത്തിയ അല്ലാഹുവിന്നാണ് സര്‍വ്വസ്തുതിയും’.
തന്റെ മാതവിനോടുള്ള സഹവര്‍ത്തിത്വത്തിന്റെ കഥ അസ്മാഅ് ബിന്‍ത് അബീ ബക്കര്‍ ഇപ്രകാരം വിവരിക്കുന്ന. ‘ബഹുദൈവ വിശ്വാസിയായ ഉമ്മ എന്റെ അടുത്ത് വന്നു. ഖുറൈശികള്‍ പ്രവാചകനോട് കരാര്‍ ചെയ്തതിനെ തുടര്‍ന്നായിരുന്നു ഇത്. ഞാന്‍ പ്രവാചകനോട് ഫത്‌വ ചോദിച്ചു. ‘അല്ലയോ പ്രവാചകരെ, ഉമ്മ എന്റെ അടുത്ത് താല്‍പര്യത്തോടെ വന്നിരിക്കുന്നു. ഞാന്‍ അവരോട് ബന്ധം പുലര്‍ത്തേണ്ടതുണ്ടോ? അദ്ദേഹം പറഞ്ഞു. അതെ, തീര്‍ച്ചയായും ചെയ്യേണ്ടതുണ്ട്.’
യഹൂദിയുടെ ജനാസ കടന്ന് പോയപ്പോള്‍ എഴുന്നേറ്റ് നില്‍ക്കാന്‍ പഠിപ്പിച്ച പ്രവാചക മാതൃക എത്ര ഉദാത്തമാണ്. ഖൈസ് ബിന്‍ സഅദും സഹ്‌ലു ബിന്‍ ഹനീഫും ഖാദിസിയ്യയിലായിരുന്നു. അപ്പോള്‍ ഒരു ജനാസ അത് വഴി കടന്ന് പോയി. ഇത് കണ്ട രണ്ട് പേരും എഴുന്നേറ്റ് നിന്നു. അത് ദിമ്മികളില്‍ പെട്ടവന്റെ മൃതദേഹമാണല്ലോ എന്ന് ചോദിക്കപ്പെട്ടു. അവര്‍ പറഞ്ഞു. ഒരു ജനാസ കൊണ്ട് പോകുന്നത് കണ്ട പ്രവാചകന്‍ എഴുന്നേറ്റ് നിന്നു. അത് യഹൂദിയുടേതാണ് പ്രവാചകരെ എന്ന് ആരോ പറഞ്ഞുവത്രെ. ‘എന്താ അതും ഒരു ആത്മാവ് തന്നെയല്ലേ എന്നായിരുന്നു പ്രവാചകന്റെ മറുചോദ്യം. അമുസ്‌ലിംകളെ, അവരില്‍ നിന്ന് മരണപ്പെട്ടവരാണെങ്കില്‍ പോലും ആദരിക്കണമെന്നാണ് നബി തിരുമേനി (സ) ഇവിടെ പഠിപ്പിക്കുന്നത്.

വിവ: അബ്ദുല്‍ വാസിഅ് ധര്‍മഗിരി

Related Articles