Current Date

Search
Close this search box.
Search
Close this search box.

അബ്ബാസിനെ കാത്തിരിക്കുന്ന പ്രതിസന്ധികള്‍

mahmood.jpg

ന്യൂയോര്‍ക്കില്‍ നിന്നും ഐക്യരാഷ്ട്ര സഭയിലെ ജന്മസര്‍ട്ടിഫിക്കറ്റുമായി ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് ഇന്ന് റാമല്ലയിലെത്തുമ്പോള്‍ പൂമാലകളും ആരവങ്ങളും മാത്രമല്ല, നിരവധി പ്രതിസന്ധികളും അദ്ദേഹത്തെ കാത്തിരിക്കുന്നുണ്ട്. ഫലസ്തീനിന്റെ നിലവിലെ ആഭ്യന്തര-വൈദേശിക, രാഷ്ട്രീയ പരിതസ്ഥിതികള്‍ വിശകലനം ചെയ്തുകൊണ്ട് നിരവധി രാഷ്ട്രീയ പ്രമുഖരും മാധ്യമ പ്രവര്‍ത്തകരും ഭരണത്തിലെ ഉന്നത വകുപ്പ് മേധാവികളും രംഗത്തെത്തിയിട്ടുണ്ട്. ഇസ്രായേലിനെതിരെ അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയെ സമീപിക്കുക എന്നതാണ് അദ്ദേഹത്തിന്റെ മുമ്പിലെ ഏറ്റവും വലിയ പ്രതിസന്ധി. ഒരേ സമയം അമേരിക്കയെയും ഇസ്രായേലിനെയും ഫലസ്തീന്‍ ജനതയെയും അറബ് സമൂഹത്തെയും എപ്രകാരം തൃപ്തിപ്പെടുത്താന്‍ സാധിക്കും എന്നത് വളരെ പ്രധാനമാണ്. ഇതിനകം തന്നെ ഇസ്രായേലിനെതിരെ അന്താരാഷ്ട്ര കോടതിയെ സമീപിക്കുകയാണെങ്കില്‍ ഫലസ്തീനുമേല്‍ ഉപരോധമടക്കമുള്ള നടപടിയുമായി മുന്നോട്ട് പോകുമെന്ന് അമേരിക്ക മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതേസമയം യു എന്നില്‍ നിരീക്ഷണ പദവിക്ക് വലിയ പിന്തുണ കിട്ടിയിരിക്കെ ഇസ്രായേലിനെതിരെ അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയെ സമീപിക്കണമെന്നാണ് ഫലസ്തീനികളുടെയും അറബ് രാഷ്ട്രങ്ങളുടെയും വികാരം. ഇത്തരത്തില്‍ നിരവധി നിര്‍ദ്ദേശങ്ങളുമായി പ്രമുഖ രാഷ്ട്രീയ നിരീക്ഷകര്‍ പ്രസിഡന്റിനെ ഉടന്‍ സമീപിക്കും. ഫലസ്തീന്‍ ഭൂമി അധിനിവേശം, ഗര്‍ഭിണികള്‍ക്കുപോലും ആതുരാലയങ്ങളിലെത്താന്‍ കഴിയാത്ത രീതിയില്‍ റോഡ് ഉപരോധിക്കല്‍, സിവിലിയന്‍മാരെ കൂട്ടക്കൊല ചെയ്യുക, തുടങ്ങി യുദ്ധക്കുറ്റവാളിയായ ഇസ്രായേലിന്റെ ചെയ്തികള്‍ക്കെതിരെ അന്താരാഷ്ട്ര കോടതിയെ സമീപിച്ചേക്കുമെന്ന് വിദേശകാര്യ വകുപ്പിന്റെ ഉത്തരവാദിത്തമുള്ള ഡോ. ഉമര്‍ ഇവദുല്ലാഹ് പ്രതികരിച്ചത് ഇത്തരത്തിലാണ്. അതേസമയം അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയെ സമീപിക്കുക എന്നത് തീര്‍ച്ചയായും ഫലസ്തീനികളുടെ അവകാശമാണ്, പക്ഷെ, അതിന് അല്‍പം സാവകാശം ആവശ്യമുണ്ട് എന്നാണ് ന്യൂയോര്‍ക്കില്‍ നിന്ന് മടങ്ങവെ പ്രസ്തുത വിഷയത്തിലുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി മഹ്മൂദ് അബ്ബാസ് പ്രതികരിച്ചത്. ഇതില്‍ നിന്നുതന്നെ ഇരുവരെയും എങ്ങനെ തൃപ്തിപ്പെടുത്തും എന്നുള്ള ആശങ്കയാണ് നമുക്ക് വായിച്ചെടുക്കാന്‍ സാധിക്കുന്നത്.

ഫലസതീന്‍ അതോറിറ്റിയില്‍ നിന്നും ഫലസ്തീന്‍ രാഷ്ട്രത്തിലേക്കുള്ള മാറ്റം, നയതന്ത്ര പ്രതിനിധികളെ അംബാസഡര്‍മാരാക്കി മാറ്റല്‍, ഇസ്രയേല്‍ സൈന്യത്തെ ഫലസ്തീന്‍ നഗരങ്ങളിലേക്ക് പ്രവേശിപ്പിക്കാതിരിക്കല്‍, അധിനിവേശത്തില്‍ നിന്ന് എണ്ണപ്പാടങ്ങളെയും മറ്റും സംരക്ഷിക്കല്‍ തുടങ്ങിയ കാര്യങ്ങള്‍ വരുന്ന യോഗത്തില്‍ ഗൗരവമായ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കും. എന്നാല്‍ തുടക്കത്തില്‍ തന്നെ ഇസ്രായേലിന്റെ അതൃപ്തി ഉളവാക്കുന്ന തീരുമാനങ്ങളെടുക്കാന്‍ സാധ്യതയില്ലെന്നാണ് പ്രസിഡന്റിന്റെ വിശ്വസ്ഥരില്‍ നിന്നും അറിയാന്‍ സാധിച്ചത്. ഗസ്സയിലെ അവസാനത്തെ അതിക്രമങ്ങള്‍ക്ക് ശേഷം ഹമാസ് പുതിയ ആവശ്യങ്ങളുമായി മുന്നോട്ട് പോകുമ്പോള്‍ ഇസ്രായേലുമായുള്ള സന്ധിസംഭാഷണങ്ങള്‍ വളരെ പ്രയാസകരമായിരിക്കും.

ഗസ്സയിലെ അവസാന അതിക്രമങ്ങള്‍ക്ക് ശേഷം ഹമാസും ഫത്ഹും തമ്മിലുള്ള ബന്ധം കൂടുതല്‍ ഊഷ്മളമായിരിക്കുകയാണ്. പരസ്പരമുള്ള നന്മയാണ് നാം ഉദ്ദേശിക്കുന്നത്. അതിനുള്ള ഏറ്റവും ഉത്തമമായ മാര്‍ഗം തെരഞ്ഞെടുപ്പു തന്നെയാണ് എന്ന് മഹ്മൂദ് അബ്ബാസ് വിവരിച്ചിട്ടുണ്ട്. അധിനിവേശം അവസാനിപ്പിക്കാതെ ഇസ്രായേലുമായി ഒരു ചര്‍ച്ചക്കും തയ്യാറല്ലെന്ന് അബ്ബാസ് വ്യക്തമാക്കിയിട്ടുണ്ട്. ഇസ്രായേല്‍ ഒരു തെരഞ്ഞെടുപ്പിനെ അഭിമുഖീകരിച്ചുകൊണ്ടിരിക്കുകയാണ് എന്നതും ശ്രദ്ധേയമാണ്. പന്ത് ഇസ്രായേലിന്റെയും അമേരിക്കയുടെയും കോര്‍ട്ടിലാണ്, പക്ഷെ, രാഷ്ട്രീയമായ ഒരു പരിഹാരത്തിന് അവര്‍ തയ്യാറാകുമോ എന്നത് വളരെ പ്രധാനമാണ് എന്ന് അബ്ബാസ് വ്യക്തമാക്കി.

സാമ്പത്തികമായ നിരവധി പ്രതിസന്ധികളെയും അബ്ബാസ് അഭിമുഖീകരിക്കുന്നുണ്ട്. വര്‍ഷത്തില്‍ അമേരിക്ക നല്‍കിക്കൊണ്ടിരുന്ന അമ്പത് കോടി ഡോളര്‍ സഹായം മരവിപ്പിച്ചിരിക്കെ പ്രത്യേകിച്ചും. മാസത്തില്‍ ലഭ്യമായ നികുതിയുള്‍പ്പെടേയുള്ള വരുമാന മാര്‍ഗങ്ങള്‍ ഇസ്രായേല്‍ കണ്ടുകെട്ടിയതും വലിയ ഒരു പ്രതിസന്ധി തന്നെയാണ്. വരാനിരിക്കുന്ന അറബ് ഫോളോ അപ്പ് കമ്മിറ്റിയില്‍ സാമ്പത്തിക സുരക്ഷിതത്വത്തിനായുള്ള സഹായം ആവശ്യപ്പെടുമെന്ന് അബ്ബാസ് വിവരിച്ചു. ജന്മസര്‍ട്ടിഫിക്കറ്റുമായി തിരിച്ചുവരുന്ന പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് ഇവ എപ്രകാരം കൈകാര്യം ചെയ്യും എന്നതിനെ ആശ്രയിച്ചാണ് ഫലസ്തീനിന്റെ രാഷ്ട്രീയ ഭാവി രൂപപ്പെടുക എന്നതും ശ്രദ്ധേയമാണ്
 

Related Articles