Current Date

Search
Close this search box.
Search
Close this search box.

‘അന്വേഷണം നടത്തേണ്ടത് മീഡിയകളല്ല, പോലീസാണ്’

egy-polic.jpg

പ്രസിഡന്റിന്റെ ഔദ്യോഗിക വസതിക്ക് മുന്നില്‍ നടന്ന സംഘട്ടനത്തില്‍ ഇഖവാന്‍ അക്രമം പ്രവര്‍ത്തിച്ചുവെന്ന് വിശ്വസിക്കാന്‍ ഞാനാഗ്രഹിക്കുന്നില്ല. ഈജിപ്തിലെ മഹാഭൂരിപക്ഷം വരുന്ന മീഡിയകള്‍ പ്രചരിപ്പിക്കുന്നത് ഇഖ്‌വാനാണ് കൊള്ളയും കൊലയും നടത്തിയത് എന്നാണ്. സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകളില്‍ പ്രചരിച്ച് കൊണ്ടിരിക്കുന്ന ഏതാനും ഫോട്ടോകളും, വീഡിയോ ക്ലിപ്പുകളും ഇക്കാര്യത്തില്‍ അവരോടൊപ്പമുണ്ട്. ഇത്തരത്തിലുള്ള ഗൗരവതരമായ കാര്യങ്ങള്‍ കേവലം അനുമാനത്തിനും, സംശയത്തിനും വിടുന്നതിന് പകരം ഉറപ്പ് വരുത്തുകയും, സംശയം ദൂരീകരിക്കുകയും വേണമെന്നാണ് എന്റെ അഭിപ്രായം. ചൂട്പിടിച്ച് കൊണ്ടിരിക്കുന്ന ഈ വിഷയവുമായി ബന്ധപ്പെട്ട് ഔദ്യോഗികമായ ഒരു വിശദീകരണം ഇത് വരെ ഞാന്‍ കണ്ടിട്ടില്ല. ഇരകളുടെയും, സാക്ഷികളുടെയും മൊഴികളിലൂടെ മീഡിയ പുറത്ത് വിടുന്ന കാര്യങ്ങള്‍ മാത്രമാണ് ഇതുവരെയുള്ള നമ്മുടെ അവലംബം.

ഇവ്വിഷയകമായി ചിന്തിക്കുമ്പോള്‍ ഒട്ടേറെ കാര്യങ്ങള്‍ നാം പരിഗണിക്കേണ്ടതായുണ്ട്. പ്രസിഡന്റിന്റെ വസതിക്ക് മുന്നില്‍ സംഘട്ടനമുണ്ടായ വേളയില്‍ പോലീസ് പൂര്‍ണമായും അപ്രത്യക്ഷരായിരുന്നുവെന്നതാണ് അവയില്‍ സുപ്രധാനം. ഭരണാനുകൂലികളും, പ്രതിപക്ഷവും തമ്മില്‍ അസ്വാരസ്യമുണ്ടാവുമെന്നത് പ്രതീക്ഷിക്കപ്പെട്ട കാര്യമായിരുന്നു. രാഷ്ട്രത്തിലെ പ്രഥമപൗരന്റെ കൊട്ടാരം സംരക്ഷിക്കുകയെന്നത് സുരക്ഷാവിഭാഗത്തിന്റെ പ്രഥമ ബാധ്യതയായിരുന്നു. പ്രകടനക്കാര്‍ തമ്മില്‍ സംഘട്ടനം നടക്കാതെ നോക്കേണ്ടതും അവരുടെ തന്നെ ഉത്തരവാദിത്തമായിരുന്നു. പക്ഷെ, അപ്രകാരമല്ല അവിടെ സംഭവിച്ചത് എന്നിരിക്കെ അതിനുള്ള തൃപ്തികരമായ കരണം കണ്ടെത്തിയേ പറ്റൂ.

ഭരണകൂടാനുകൂലികളെ പ്രസിഡന്റിന്റെ വസതിക്ക് മുന്നിലേക്ക് ക്ഷണിച്ച ഫ്രീഡം ആന്റ് ജസ്റ്റിസ് പാര്‍ട്ടിയുടെ തീരുമാനം പരമാബദ്ധമായിരുന്നു. പ്രതിപക്ഷവുമായി ഒരു സംഘട്ടത്തിനുള്ള സാധ്യത നിലനില്‍ക്കെ അതിനുള്ള ഒരു ഗോഥയൊരുക്കുകയാണ് ഇതുമുഖേനെ ചെയ്തത്.

പ്രതിപക്ഷവും, ഭരണപക്ഷവും മിക്കസന്ദര്‍ഭങ്ങളിലും സുരക്ഷിതരായിരുന്നു. എട്ടാം തീയതി വൈകുന്നേരം വരെ രംഗം ശാന്തമായിരുന്നു. എന്നാല്‍ രാവിറങ്ങിയതോടെ സംയമനത്തിന് നിയന്ത്രണം നഷ്ടമായി. അതുവരെയുണ്ടായിരുന്ന വാഗ്വാദങ്ങള്‍ ആയുധപ്രയോഗത്തിലേക്ക് വഴിമാറി.

രാഷ്ട്രത്തിലെ ഔദ്യോഗിക സ്ഥാനത്ത് പ്രതിപക്ഷവും ഭരണപക്ഷവും ഏറ്റ്മുട്ടിയത്, രാഷ്ട്രത്തില്‍ കലാപുമുണ്ടാക്കാനും, സ്വാര്‍ത്ഥതാല്‍പര്യങ്ങള്‍ പൂര്‍ത്തീകരിക്കാനുമായി പിന്നില്‍ നിന്ന് കളിച്ച മൂന്നാം പക്ഷത്തിന്റെ സ്വപ്‌നങ്ങള്‍ സാക്ഷാല്‍ക്കരിക്കുകയായിരുന്നു. ഈജിപ്ഷ്യന്‍ സമൂഹത്തില്‍ തീകത്തിക്കാന്‍ കാശെറിഞ്ഞും, പ്രലോഭനങ്ങള്‍ നല്‍കിയും പിന്നില്‍ നില്‍ക്കുന്നവരെയാണ് നാം മൂന്നാം പക്ഷമെന്ന് വിശേഷിപ്പിച്ചത്. സംഘട്ടനമുണ്ടാവാനുള്ള കാരണത്തെയും, ഇവര്‍ക്ക് പിന്നില്‍ നില്‍ക്കുന്ന ശക്തികളെയും കുറിച്ച ചോദ്യങ്ങള്‍ അധികരിക്കുകയാണ് ഇവിടെ. അവക്കൊന്നും ഇതുവരെ ആശ്വാസകരമായ ഒരു മറുപടിയും ഇതുവരെ ലഭിച്ചിട്ടില്ല. പോലീസ് എന്ത് കൊണ്ട് തങ്ങളുടെ ഉത്തരവാദിത്തം നിര്‍വഹിക്കുന്നില്ല എന്നതാണ് നമുക്ക് മനസ്സിലാവാത്തത്. ആയുധം പ്രയോഗിക്കുകയും, സംഘട്ടനമുണ്ടാക്കുകയും ചെയ്തതാരാണെന്ന് അവരെന്ത് കൊണ്ട് അന്വേഷിക്കുന്നില്ല? ഔദ്യോഗികമായ തലത്തില്‍ നിന്ന് യാതൊരുവിധ സ്ഥിരീകരണവുമില്ലാതിരിക്കെത്തന്നെ ഇഖ്‌വാന്റെ മേല്‍ ചുമത്തപ്പെട്ടിരിക്കുന്നു. മാത്രമല്ല, ഇഖ്‌വാന്‍ ആക്രമണം നടത്തുകയല്ല, നടത്തപ്പെടുകയാണ് ചെയ്തതെന്നാണ് ഭൗതികമായ തെളിവുകള്‍ സൂചിപ്പിക്കുന്നതും. അവരിലെ 1230-ാളം പേര്‍ക്ക് ആക്രമണത്തില്‍ പരിക്കേല്‍ക്കുകയുണ്ടായി. പരിക്കേറ്റവരില്‍ 633 പേരെ കൈറോയിലെ പത്തൊമ്പത് ആശുപത്രികളിലായി അഡ്മിറ്റ് ചെയ്യുകയുണ്ടായി. കഴിഞ്ഞ ദിസങ്ങളിലായി അവര്‍ ഡിസ്ചാര്‍ജ്ജ് ചെയ്ത് പുറത്ത് വന്നുകൊണ്ടിരിക്കുന്നു. എണ്‍പതോളം പേര്‍ ഇപ്പോഴും ആശുപത്രികളില്‍ തന്നെയാണ്. കൂടാതെ ഏതാനും പേര്‍ തങ്ങള്‍ക്കേറ്റ പരിക്ക് ആശുപത്രിക്ക് പുറത്ത് വെച്ച് മരുന്ന് വെച്ച് കെട്ടുകയും ചെയ്തു.

ഇവയൊക്കെ ഉദ്ധരിച്ച് കൊണ്ട്്, ഇഖ്‌വാന്റെ അഭിഭാഷകനായ ഉസ്താദ് അബ്ദുല്‍ മുന്‍ഇം അബ്ദുല്‍ മഖ്‌സൂദ് ചോദിക്കുന്നു ‘മീഡിയകള്‍ പ്രചരിപ്പിക്കുന്നത് പോലെ ഇഖ്‌വാന്‍ അടിയന്തരസേനയെ ഇറക്കിയിരുന്നുവെങ്കില്‍, ഇഖ്‌വാനികള്‍ ആയുധവുമായാണ് കൊട്ടാരത്തിന് മുന്നിലേക്ക് പോയിരുന്നതെങ്കില്‍ അവരില്‍ നിന്ന് ഇത്രയധികം പേര്‍ മരിക്കുകയും, പരിക്കേല്‍ക്കുകയും ചെയ്യുമായിരുന്നോ?  പഴയ ഭരണകൂടത്തിന്റെ സഹായികളും, ചില സുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥന്മാരുമാണ് അന്നത്തെ അനിഷ്ട സംഭവങ്ങള്‍ക്ക് നേതൃത്വം നല്‍കിയതെന്ന് അവരുടെ പേര് വിവരങ്ങള്‍ വെളിപ്പെടുത്തി ഇഖ്‌വാന്‍ വ്യക്തമാക്കിയത് എന്നെ ഇരുത്തിച്ചിന്തിപ്പിക്കുകയുണ്ടായി. ഫാന്‍സി നമ്പര്‍ വെച്ച ബി എം ഡബ്ല്യൂ കാറില്‍ വന്നിറങ്ങിയ ഏതാനും പേരും അന്നത്തെ വെടിവെപ്പില്‍ പങ്കാളിയാവുകയുണ്ടായെന്നും ഇഖ്‌വാന്‍ നേതൃത്വം വ്യക്തമാക്കുന്നു. എന്നാല്‍ ഈ വിവരങ്ങളെല്ലാം തമസ്‌കരിക്കപ്പെടുകയാണ് ചെയ്തത്. അത്തരം തെളിവുകള്‍ ശേഖരിക്കാനോ, അവയെക്കുറിച്ച് അന്വേഷിക്കാനോ ഉള്ള ഒരു ശ്രമവും നടന്നില്ല. ഇഖ്‌വാന്റെ ഓഫീസുകള്‍ക്ക് നേരെയുള്ള ആക്രമണവും ആസൂത്രിതമായിരുന്നു. കേവലം പത്ത് മിനുട്ടിനുള്ളിലാണ് ആക്രണം പൂര്‍ത്തീകരിച്ചത്. അതിനകം തന്നെ സുപ്രധാനമായ എല്ലാ കേന്ദ്രങ്ങളും തകര്‍ത്ത് കഴിഞ്ഞിരുന്നു.

മര്‍ദിതരെയും, മര്‍ദകരെയും വ്യക്തമായി കാണിക്കുന്ന ചെറുതല്ലാത്ത വിഡീയോ ക്ലിപ്പുകളും, ഫോട്ടോകളും പൊതുജനങ്ങളുടെ കയ്യിലുണ്ടായിരിക്കെ അവയിലൊന്ന് പോലും പരിശോധിക്കാന്‍ പോലീസ് തയ്യാറാവുന്നില്ലെന്നതാണ് അതിനേക്കാള്‍ ആശ്ചര്യകരം. എന്ത് കൊണ്ട് അവയെല്ലാം ശേഖരിച്ച് അവയില്‍ തെളിയുന്ന വ്യക്തികളെ കണ്ടെത്തുകയും ചോദ്യം ചെയ്യുകയും ചെയ്ത് കൂടാ? അവര്‍ ഇഖ്‌വാനികളാണെങ്കില്‍ അവര്‍ക്കെതിരെ നടപടിയെടുക്കുകയും, ഇഖവാന്‍ ജനങ്ങളോട് പരസ്യമായി മാപ്പ് പറയുകയും ചെയ്യേണ്ടതുണ്ട്. അവരല്ല അത് ചെയ്തതെങ്കില്‍, കുറ്റവാളികളാരാണെന്ന് വ്യക്തമാക്കാന്‍ അതുമായി ബന്ധപ്പെട്ട വകുപ്പ് ബാധ്യസ്ഥരാണ്. ഇവയൊന്നും ചെയ്യാതെ, വിഷയം കേവലം അനുമാനത്തിനും ഊഹത്തിനും വിടുകയും, വിചാരണ പത്രമാധ്യമങ്ങളിലൊതുങ്ങുകയും ചെയ്താല്‍ അത് കലഹത്തിനും കലാപത്തിനും മാത്രമെ വഴിയൊരുക്കുകയുള്ളൂ.

വിവ : അബ്ദുല്‍ വാസിഅ് ധര്‍മഗിരി
 
 

Related Articles