Current Date

Search
Close this search box.
Search
Close this search box.

അതിര്‍ത്തി ലംഘിക്കുന്ന ആവിഷ്‌കാര സ്വാതന്ത്ര്യം

മഹാത്മാ ഗാന്ധിയുമായി ബന്ധമില്ലെങ്കിലും സാമുദായിക സൗഹാര്‍ദത്തിനു വേണ്ടി നില കൊണ്ട പണ്ഡിറ്റ് ജവഹര്‍ ലാല്‍ നെഹ്‌റുവിന്റെ ചെറുമകന്‍ വരുണ്‍ ഗാന്ധി ഈയടുത്ത് നടത്തിയ ദ്രുവീകരണ പ്രഭാഷണവും അതിനെത്തുടര്‍ന്നുണ്ടായ കേസും പലതുകൊണ്ടും നമ്മെ അസ്വസ്ഥപ്പെടുത്തുന്നുണ്ട്. 2009 ലാണ് മനുഷ്യമനസ്സുകളില്‍ വിദ്വേഷത്തിന്റെ വിത്ത് പാകുന്ന പ്രഭാഷണം വരുണ്‍ ഗാന്ധി നടത്തുന്നത്. മറ്റുള്ളവരുടെ കൈ വെട്ടുന്നതുമുതല്‍ തീവ്രമായ ഭാഷയില്‍ അയാള്‍ പിലിബിറ്റില്‍ നടത്തിയ പ്രഭാഷണത്തില്‍ സംസാരിച്ചു. അദ്ദേഹത്തിനെതിരെ കേസെടുത്തു. എല്ലാ തെളിവുകളുമുണ്ടായിരിക്കെ അദ്ദേഹം കോടതിയില്‍ കുറ്റവിമുക്തനാക്കപ്പെട്ടു. കേസിലെ എല്ലാ സാക്ഷികളും കൂറു മാറി. ഗുജറാത്തിലെ ബെസ്റ്റ് ബേക്കറി കേസിനെ അനുസ്മരിപ്പിക്കുന്ന സംഭവമായിരുന്നു അത്. ഭീഷണിക്കും പണത്തിന്റെ പ്രലോഭനത്തിനും വഴങ്ങി ആ കേസിലും സാക്ഷികളില്‍ ഭൂരിഭാഗവും കൂറുമാറിയിരുന്നു. എങ്ങനെയാണ് ബി. ജെ. പി പ്രവര്‍ത്തകര്‍ സാക്ഷികളെ കൂറുമാറ്റാന്‍ പ്രവര്‍ത്തിച്ചതെന്ന് തെഹല്‍ക്ക പുറത്തു കൊണ്ടു വന്നു.

ഇരകള്‍ക്ക് നീതി ലഭിക്കാന്‍ വേണ്ടി പ്രവര്‍ത്തിക്കുന്ന രാജ്യത്തെ പൊതുപ്രവര്‍ത്തകര്‍ നിരന്തരമായി ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നതും ഇപ്പോഴും നിലവില്‍ വന്നിട്ടില്ലാത്തതുമായ ഒന്നാണ് സാക്ഷികളുടെ സംരക്ഷണത്തിനായുള്ള നിയമം. സഹീറ ശൈഖ് കേസില്‍ വീണ്ടും കുറ്റവാളികള്‍ കീഴ്‌കോടതിയില്‍ നിന്നും രക്ഷപ്പെട്ടു. വരുണ്‍ഗാന്ധി കേസ് സാക്ഷികള്‍ കൂറുമാറുന്ന മറ്റൊരു സംഭവത്തിലേക്ക് വീണ്ടും നമ്മുടെ ശ്രദ്ധ ക്ഷണിക്കുന്നു. ഇപ്രാവശ്യവും എങ്ങനെയാണ് സാക്ഷികള്‍ കൈകാര്യം ചെയ്യപ്പെട്ടതെന്ന് തെഹല്‍ക്ക പുറത്തു കൊണ്ടുവന്നു. മറ്റൊരു തരത്തില്‍  ഇത്തരം വിദ്വേഷ പ്രഭാഷണങ്ങള്‍ നടത്തുന്നവര്‍ക്ക് വഴിതുറന്നു കൊടുക്കുന്നതായി ഈ വിധി.

ഈ വിഷയത്തിന് മറ്റൊരു വശം കൂടിയുണ്ട്. ഓള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ നേതാവ് അക്ബറുദ്ദീന്‍ ഉവൈസി ഹൈന്ദവ വിരുദ്ധ പ്രഭാഷണത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്യപ്പെടുകയും ഇപ്പോള്‍ കോടതിയില്‍ കേസ് നടക്കുകയുമാണ്. അത് അങ്ങനെ തന്നെയാണ് വേണ്ടതും. വിദ്വേഷ പ്രഭാഷകര്‍ ആരായാലും ശിക്ഷിക്കപ്പെടണം. എന്നാല്‍ പ്രവീണ്‍ തൊഗാഡിയ അതിനു മറുപടി പ്രസംഗം നടത്തി കടുത്ത രീതിയില്‍ വിദ്വേഷത്തിന്റെ വിത്ത് വിതക്കാന്‍ ശ്രമിച്ചു. ഒരു എഫ്. ഐ. ആര്‍ എഴുതി എന്നതൊഴിച്ചാല്‍ അറസ്റ്റില്ല, കേസില്ല, ഒന്നും തന്നെയില്ല. ഒരു വശത്ത് എടുക്കുന്ന തീരുമാനങ്ങള്‍ ചിലരുടെ കാര്യത്തില്‍ പിന്തുടരപ്പെടുന്നില്ല. എല്ലായ്‌പ്പോഴും വിദ്വേഷം ചര്‍ദിക്കുന്ന തൊഗാഡിയയെ ഉദാഹരണത്തിനെടുത്തു എന്നു മാത്രം. നമ്മുടെ ഭരണ ഘടന ഈ വിഷയത്തില്‍ വളരെ വ്യക്തമാണ്. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പരിധി നിശ്ചയിക്കുന്ന നിയമവും നമ്മുടെ പീനല്‍ കോഡിലെ വിവിധ വകുപ്പുകളും ഇത്തരം പ്രഭാഷണങ്ങളെ നിരോധിച്ചിരിക്കുന്നു. ക്രമിനല്‍ നിയമങ്ങളുടെ വകുപ്പ് 95 പ്രകാരം അത്തരം പ്രഭാഷണങ്ങള്‍ നടത്തുന്നവര്‍ക്കെതിരില്‍ വകുപ്പ് 124, 153 എ, 153 ബി, 292, 293, 295എ, തുടങ്ങിയ വകുപ്പുകള്‍ പ്രകാരം പിഴ ചുമത്താന്‍ സര്‍ക്കാരിന് അധികാരമുണ്ട്. എല്ലാ ജനസമൂഹങ്ങള്‍ക്കും വൈവിധ്യമായ തലങ്ങളുണ്ടെന്നത് നാം ഓര്‍ക്കണം. നമ്മുടെ രാജ്യത്തിന്റെ സംസ്‌കാരം സമാധാനത്തിന്റെയും സഹവര്‍ത്തിത്തത്തിന്റെയുമാണ്.

വിദ്വേഷമുണ്ടാക്കുന്ന പ്രഭാഷണം ഭിന്നിപ്പിച്ചു ഭരിക്കുക എന്ന ബ്രിട്ടീഷ് തന്ത്രത്തിന്റെ ബാക്കിയാണ്. ഹിന്ദുവിനെയും മുസ്‌ലിമിനെയും അവര്‍ അതിനായി തെരഞ്ഞെടുത്തു. ചില പ്രത്യേക വിഷയങ്ങള്‍ അതിനായി തെരഞ്ഞെടുക്കുന്നു. മാംസം ഭക്ഷിക്കുന്നത്, ഇസ്‌ലാമിന്റെ പ്രചാരണം, അമ്പലങ്ങള്‍ നശിപ്പിക്കപ്പെട്ടത് തുടങ്ങിയവ. അദ്വാനിയുടെ രഥയാത്രയോടെ ഇത്തരം വിദ്വേഷങ്ങള്‍ക്ക് വലിയ സ്വീകാര്യത ലഭിച്ചു. ഭ്രാന്തമായ രീതിയില്‍ ജനങ്ങളില്‍ വികാരം സൃഷ്ടിക്കാന്‍ ആ യാത്രക്ക് സാധിച്ചു. അത് പിന്നെ അക്രമത്തിലേക്ക് നയിച്ചു. ഇന്ന് ഈ ആയുധം വളരെയധികം പേര്‍ ഉപയോഗപ്പെടുത്തുന്നു. കുറെ വെബ്‌സൈറ്റുകളും ഇ-മെയിലുകളും ഇത്തരം വിഷം വമിപ്പിച്ചുകൊണ്ട് നമ്മുടെ സമൂഹത്തിന്റെ ആരോഗ്യത്തിന് പോറലേല്‍പിക്കുന്നു. ദൈനംദിനം ഇത്തരം വിദ്വേഷ പ്രസംഗങ്ങള്‍ നടത്തുന്ന ആളാണ് സുബ്രമണ്യം സാമി. പക്ഷെ അയാള്‍ക്കെതിരില്‍ ഒരു നടപടിയും ഇന്നേവരെ എടുത്തിട്ടില്ല. അതേസമയം മുസ്‌ലിംകള്‍ക്കെതിരിലുള്ള പരാമര്‍ശത്തിന്റെ പേരില്‍ അമേരിക്കയിലെ സര്‍വകലാശാല  പോലും അദ്ദേഹത്തിന്റെ പ്രൊഫസര്‍ഷിപ്പ് ഒഴിവാക്കി. ഇപ്പോഴും അദ്ദേഹത്തിന്റെ കുറെ വീഡിയോകള്‍ ശത്രുത സൃഷ്ടിച്ച് പ്രചരിക്കുന്നുണ്ട്. ഇത്തരം വീഡിയോകള്‍ നമ്മുടെ ദേശീയോദ്ഗ്രഥനത്തിന് തടസ്സം നില്‍ക്കും എന്നത് തീര്‍ച്ചയാണ്. നമ്മുടെ നിയമ സംവിധാനത്തെ എളുപ്പത്തില്‍ കേടുവരുത്താന്‍ സാധിക്കുമെന്നാണ് വരുണ്‍ ഗാന്ധി സംഭവം തെളിയിക്കുന്നത്. ആഗോള തലത്തില്‍ 9/11 ന് ശേഷം അമേരിക്കയുടെ നേതൃത്വത്തില്‍ നടന്ന ഇസ്‌ലാം മുസ്‌ലിം വിദ്വേഷ പ്രചാരണങ്ങള്‍ അവര്‍ക്കെതിരിലുള്ള അക്രമങ്ങളിലാണ് ചെന്നെത്തിച്ചത്. അടുത്തിടെ ബ്രിട്ടനിലും അത്തരം അക്രമങ്ങള്‍ നടക്കുകയുണ്ടായി. സൗഹാര്‍ദ്ദത്തിന്റെ മൂല്യങ്ങള്‍ക്ക് ഇടിവു പറ്റുന്നു എന്നതും ശത്രുത വളരുന്നു എന്നതും പേടിപ്പെടുത്തുന്നതാണ്. അതുകൊണ്ട് നമുക്ക് വരുണ്‍ ഗാന്ധിയെയും ഉവൈസിയെയും തൊഗാഡിയയെയും മറക്കാം. അവരല്ലാതെ രാജ്യത്ത് സൗഹൃദത്തിന്റെ റാലികള്‍ നടത്തുന്നവര്‍ക്കൊപ്പം നില്‍ക്കാം. അത്തരം ശത്രുത വളര്‍ത്തുന്നവരെ അതിജീവിക്കേണ്ടുന്ന സമയം അതിക്രമിച്ചിരിക്കുന്നു.

രാം പുനിയാനി
വിവ : അത്തീഖുറഹ്മാന്‍

Related Articles