Middle EastPolitics

ഹിസ്ബുല്ലയും ഇസ്രയേലും യുദ്ധത്തിന്റെ വക്കിലാണോ?

കഴിഞ്ഞ ഏതാനും ദിവസങ്ങളിലെ ഇസ്രയേല്‍, ലബനാന്‍ പത്രങ്ങളും ചാനല്‍ ചര്‍ച്ചകളും നിരീക്ഷിക്കുന്ന ഒരാള്‍ക്ക് ഇസ്രയേലും ഹിസ്ബുല്ലയും ഒരു യുദ്ധത്തിന്റെ വക്കിലെത്തിയിരിക്കന്നു എന്ന തോന്നലാണത് ജനിപ്പിക്കുന്നത്. മുതിര്‍ന്ന സൈനിക നിരീക്ഷകരുടെയും ജനറല്‍മാരുടെയും അപഗ്രഥനങ്ങളും സൂചനകളുമെല്ലാം അത്തരത്തിലുള്ളതാണ്. ലബനാനികളും വിദേശികളുമായ ഒരു കൂട്ടം പത്രക്കാര്‍ക്ക് ഹിസ്ബുല്ല ഏതാനും ദിവസങ്ങള്‍ മുമ്പ് ഒരുക്കിയ യാത്ര ആ തോന്നലിന്റെ തീക്ഷ്ണത വര്‍ധിപ്പിക്കുകയാണ്. അത്തരം ഒരു പരിപാടി മുമ്പ് അവര്‍ സംഘടിപ്പിച്ചിട്ടില്ല. അധിനിവിഷ്ട ഫലസ്തീന്‍ അതിര്‍ത്തിയില്‍ നിന്നും ഏതാനും മീറ്ററുകള്‍ മാറി സര്‍വായുധസജ്ജരായിരിക്കുന്ന ഹിസ്ബുല്ല പോരാളികളെ അതിനിടയില്‍ അവര്‍ക്ക് കാണാനായി. ഇസ്രയേലിന്റെ യുദ്ധ ഭീഷണിയെ ഹിസ്ബുല്ല ഗൗരവത്തില്‍ തന്നെ എടുത്തിരിക്കുന്നു എന്ന സന്ദേശമാണത് നല്‍കുന്നത്.

യുദ്ധമുണ്ടാകാനുള്ള സാധ്യത മുന്‍നിര്‍ത്തി ലബനാന്‍ അതിര്‍ത്തിയോട് ചേര്‍ന്നു കിടക്കുന്നു ഗലീലയില്‍ വസിക്കുന്ന ലക്ഷക്കണക്കിന് ഇസ്രയേലികളെ ഒഴിപ്പിക്കുന്നതിനായി നടത്തുന്ന മുന്നൊരുക്കങ്ങളെ സംബന്ധിച്ച് ഏതാനും ദിവസങ്ങള്‍ മുമ്പ് ഇസ്രയേല്‍ പത്രമായ ജറൂസലേം പോസ്റ്റ് വെളിപ്പെടുത്തിയിരുന്നു. വൈറ്റ്ഹൗസില്‍ ഡോണള്‍ഡ് ട്രംപ് അധികാരത്തിലെത്തിയതും അഴിമതി ആരോപണം നേരിടുന്ന ബെന്യമിന്‍ നെതന്യാഹുവിന് അദ്ദേഹം നല്‍കുന്ന അതിരില്ലാത്ത പിന്തുണയും ഇറാനെതിരെ ഈജിപ്ത്, ജോര്‍ദാന്‍ അടക്കമുള്ള അറബ് ഗള്‍ഫ് നാടുകളെ ഒരുമിച്ച് ചേര്‍ന്ന് ‘മിഡിലീസ്റ്റ് നാറ്റോ’ രൂപീകരിക്കാന്‍ അദ്ദേഹം നടത്തുന്ന ശ്രമവും ഉത്കണ്ഠയുടെ തോത് ഉയര്‍ത്തുകയും ഇറാനുമായുള്ള യുദ്ധത്തിന് തിരികൊളുത്തിയേക്കുമെന്നുമാണ് ഇസ്രയേല്‍ അക്കാദമിക വൃത്തങ്ങള്‍ വിശ്വസിക്കുന്നത്.

വ്യത്യസ്ത വലുപ്പവും ശേഷിയുമുള്ള ലക്ഷത്തിലേറെ മിസൈലുകള്‍ ഹിസ്ബുല്ലയുടെ പക്കലുണ്ടെന്നാണ് ഇസ്രയേല്‍ സൈനിക വിദഗ്ദര്‍ വ്യക്തമാക്കുന്നത്. ഒരു യുദ്ധമുണ്ടാവുകയാണെങ്കില്‍ ഇസ്രയേലിനെ ലക്ഷ്യം വെച്ച് ദിവസം രണ്ടായിരം മിസൈല്‍ എന്ന തോതില്‍ ഹിസ്ബുല്ല അയക്കും. 2006 ജൂലൈയിലുണ്ടായ യുദ്ധത്തില്‍ ദിവസം 150 മിസൈലുകളായിരുന്നു അയച്ചിരുന്നത്.

ശേഷിയും പോരാട്ട മികവും വര്‍ധിച്ചിരിക്കുന്ന, ഹിസ്ബുല്ല മുമ്പേത് സമയത്തേക്കാളും ഏറ്റവും അപകടകാരിയായി മാറിയിരിക്കുന്ന സന്ദര്‍ഭമായിട്ടാണ് ഇസ്രയേല്‍ നേതൃത്വം കാണുന്നത്. അത്യാധുനിക മിസൈലുകള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ് അതിന്റെ ആയുധശേഖരം. അതുകൊണ്ടു തന്നെ നിലനില്‍പിനും കഴിഞ്ഞ ഗസ്സ യുദ്ധത്തിലും അതിന് മുമ്പ് 2006ലെ ജൂലൈയിലെ യുദ്ധത്തിലും പരാജയപ്പെട്ട ഇസ്രയേല്‍ സൈന്യത്തിന്റെ പ്രതാപം വീണ്ടെടുക്കുന്നതിനും വേണ്ടി ഒരു യുദ്ധത്തിനവര്‍ മുതിരാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.

ഹിസ്ബുല്ല കൂടുതല്‍ ആക്രമണ ശേഷി കൈവരിക്കും മുമ്പ് നിലനില്‍പിനായുള്ള ഈ യുദ്ധം അനിവാര്യമാണെന്നാണ് യുദ്ധത്തിന് പെരുമ്പറ മുഴക്കുന്ന കഴുകന്‍മാരുടെ വീക്ഷണം. മാത്രമല്ല ഇപ്പോള്‍ സിറിയന്‍ യുദ്ധത്തില്‍ വ്യാപൃതരായിരിക്കുകയാണവര്‍. അതുകൊണ്ടു തന്നെ ഇപ്പോള്‍ ഒരു യുദ്ധമുണ്ടാവുകയാണെങ്കില്‍ ഒന്നോ രണ്ടോ മൂന്നോ വര്‍ഷത്തിന് ശേഷം യുദ്ധമുണ്ടായാലുണ്ടാവുന്ന നഷ്ടത്തേക്കാള്‍ കുറഞ്ഞ നഷ്ടമേ ഇസ്രയേലിനത് ഉണ്ടാക്കുകയുള്ളൂ എന്നും അവര്‍ അഭിപ്രായപ്പെടുന്നു.

ഹിസ്ബുല്ലയുടെയും ഇറാന്‍ റെവല്യൂഷനറി ഗാര്‍ഡിന്റെയും തെക്കന്‍ സിറിയയിലെ ‘വ്യാപന’വും ജൂലാന്‍ ഫ്രണ്ടിന് തുടക്കം കുറിച്ചതുമാണ് ഇപ്പോള്‍ ഇസ്രയേല്‍ നേതാക്കളെ ഏറ്റവുമധികം അസ്വസ്ഥപ്പെടുത്തുന്ന കാര്യം. 25,000 ഇറാന്‍ പോരാളികളാണ് അവിടെയുള്ളത്. ഇറാന്‍ റെവല്യൂഷന്‍ ഗാര്‍ഡും പാകിസ്താന്‍, അഫ്ഗാനിസ്താന്‍, ഇറാഖ് എന്നിവിടങ്ങളില്‍ നിന്നുള്ള സായുധഗ്രൂപ്പുകളുമാണ് സിറിയയില്‍ ഇറാന് വേണ്ടി പോരാടുന്നത്. ഇവര്‍ തന്നെ ഹിസ്ബുല്ലയുടെ ജൂലാന്‍ ഫ്രണ്ടിന്റെ ഭാഗമായി മാറിയേക്കാം. അധിനിവേശ ജയിലുകളിലെ അറബ് തടവുകാരുടെ നേതാവ് സമീര്‍ ഖിന്‍താറിന്റെയും ജിഹാദ് ഇമാദ് മുഗ്നിയയുടെയും വധം അതാണ് വിശദമാക്കുന്നത്. ഈ ഫ്രണ്ടിനെ സജീവമാക്കുന്നത് സംബന്ധിച്ച് റെവല്യൂഷനറി ഗാര്‍ഡിലെ വിദഗ്ദരുമായി ആസൂത്രണം ചെയ്യുകയായിരുന്നു ഇരുവരും.

ഹൈഫയിലെ അമോണിയം ഗ്യാസ് സംഭരണ കേന്ദ്രവും ദിമോനയിലെ ആണവറിയാക്ടറും മെഡിറ്ററേനിയനിലെ വാതകകിണറുകളും അനുബന്ധ സംവിധാനങ്ങളും ആക്രമിക്കുമെന്ന് ഹിസ്ബുല്ല തലവന്‍ ഹസന്‍ നസ്‌റുല്ല ഭീഷണി മുഴക്കിയത് മാനസിക യുദ്ധത്തിന്റെ വൃത്തത്തില്‍ വരുന്നതല്ല. നേതാവിന്റെ വര്‍ധിച്ച ആത്മവിശ്വാസത്തെയാണത് പ്രതിഫലിപ്പിക്കുന്നത്. ഇസ്രയേലികളുടെ മനസ്സില്‍ ഭീതിയുണ്ടാക്കലും അതിന്റെ ഉദ്ദേശ്യമാണ്.

ദമസ്‌കസ് എയര്‍പോര്‍ട്ടിനടത്തുള്ള ഹിസ്ബുല്ലയുടേതെന്ന് പറയപ്പെടുന്ന ആയുധശേഖരം കഴിഞ്ഞയാഴ്ച്ച ഇസ്രയേല്‍ മിസൈലുകള്‍ തകര്‍ത്തത് റഷ്യക്കും ഹിസ്ബുല്ലക്കും നേരെയുള്ള വെല്ലുവിളിയാണ്. സിറിയന്‍ നേതൃത്വത്തെ വേദനിപ്പിക്കലും അതിന്റെ ഉദ്ദേശ്യമായിരുന്നു. ഒരു തിരിച്ചടിയിലേക്ക് അവരെ വലിച്ചിഴക്കാനുള്ള ശ്രമവും അതിന്ന് പിന്നിലുണ്ടാവാം. എന്നാല്‍ ഇതിലെ ത്രികക്ഷികള്‍ ആത്മനിയന്ത്രണം പാലിക്കുകയാണ് ചെയ്തത്. കടുത്ത പ്രകോപനമായിരുന്നിട്ടും അവര്‍ തിരിച്ചടിച്ചില്ല. എന്നാല്‍ തന്ത്രപരമായ ഒരു തിരിച്ചടിക്ക് കാത്തിരിക്കുകയാണവര്‍ എന്ന് പറയുന്നവരുണ്ട്.

ലബനാന്‍ സിറിയന്‍ വിഭാഗങ്ങള്‍ ഒരു യുദ്ധത്തിന് തയ്യാറായിരിക്കുകയാണ്. നിലവിലെ ശാന്തമായ അവസ്ഥ അധികം നിലനില്‍ക്കണമെന്നില്ല. ഒരു യുദ്ധം ഉണ്ടാവുകയാണെങ്കില്‍ അത് ഹിസ്ബുല്ലക്കെതിരെയാവില്ല. മറിച്ച് ഇറാനും അതിന്റെ അച്ചുതണ്ടിനും (അഫ്ഗാന്‍ മുതല്‍ മെഡിറ്ററേനിയനിലെ ലബനാന്‍ തീരം വരെയുള്ള, സൈനികമായും ആശയപരമായും ഇറാനെ പിന്തുണക്കുന്നവര്‍) എതിരായിയിരിക്കും അത്.

ഇസ്രയേല്‍ കുടിയേറ്റ കേന്ദ്രങ്ങള്‍ക്കും അധിനിവിഷ്ട ഫലസ്തീനും മേല്‍ പേമാരി പോലെ വര്‍ഷിക്കുന്ന രണ്ടായിരം മിസൈലുകളെ ചെറുക്കാന്‍ ഒരു അയണ്‍ ഡോമിനും (Iron Dome) സാധിക്കുകയില്ല. ഹമാസും മറ്റ് ഫലസ്തീന്‍ പ്രതിരോധ ഗ്രൂപ്പുകളും ഈ യുദ്ധത്തില്‍ പങ്കുചേരുകയും ഇസ്രയേലിനെതിരെ തങ്ങളുടെ റോക്കറ്റുകള്‍ അവര്‍ തൊടുത്തുവിടുകയും ചെയ്താല്‍ കൂടുതല്‍ അപകടകരമാവും കാര്യങ്ങള്‍. അങ്ങനെയൊരു യുദ്ധമുണ്ടാവുകയാണെങ്കില്‍ യുദ്ധങ്ങളുടെ മാതാപിതാക്കളായിരിക്കുമത്. മറ്റേത് സന്ദര്‍ഭത്തേക്കാളും അറബ് മുസ്‌ലിം പക്ഷത്തിനാണ് ഇതില്‍ വിജയസാധ്യത കാണുന്നത്. അതിന്റെ കാരണം ലളിതമാണ്, റിക്രൂട്ട്‌മെന്റ് ക്യാമ്പുകളില്‍ നിന്നും തെരെഞ്ഞെടുക്കപ്പെട്ട പരമ്പരാഗത സൈന്യമല്ല അറബ് പക്ഷത്തെ പ്രതിനിധീകരിക്കുന്നത് എന്നതാണത്. മറിച്ച് രക്തസാക്ഷിത്വത്തില്‍ വിശ്വസിക്കുന്ന പ്രതിരോധ ഗ്രൂപ്പുകളാണ്.

അറബ് മുസ്‌ലിം സമൂഹങ്ങളെ ഒന്നിപ്പിക്കുകയും അവക്കിടയിലെ വിയോജിപ്പ് അവസാനിപ്പിക്കുകയും ചെയ്യുന്ന യുദ്ധമായിരിക്കും അത്. ഫലസ്തീന്‍ വിഷയത്തിനല്ലാതെ അവരെ ഒന്നിപ്പിച്ച് നിര്‍ത്താനാവില്ല.

വിവ: നസീഫ്

Facebook Comments
Show More

ഡോ. അബ്ദുല്‍ബാരി അത്വ്‌വാന്‍

1950-ല്‍ ഗസ്സയില്‍ ജനനം. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം ജോര്‍ദാനിലേക്കും അവിടെ നിന്ന് കൈറോവിലേക്കും പോയി. കൈറോ യൂനിവേഴ്‌സിറ്റിയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. അവിടത്തെ അമേരിക്കന്‍ യൂനിവേഴ്‌സിറ്റിയില്‍ നിന്നും വിവര്‍ത്തനത്തില്‍ ഡിപ്ലോമ കരസ്ഥമാക്കി. ശേഷം ലിബിയയിലെ ബലാഗ് പത്രത്തിലും, സൗദിയിലെ മദീന പത്രത്തിലും പ്രവര്‍ത്തിച്ചു. 1978 മുതല്‍ ലണ്ടനില്‍ സ്ഥിരതാമസമാക്കി. ശര്‍ഖുല്‍ ഔസത്തില്‍ ജോലിചെയ്തു. 1989 മുതല്‍ ഖുദ്‌സുല്‍ അറബിയുടെ എഡിറ്ററും സ്ഥിരം എഴുത്തുകാരനുമായിരുന്നു. അമേരിക്കന്‍ വിരുദ്ധ നിലപാട് കാരണത്താല്‍ പ്രസിദ്ധമാണ് പ്രസ്തുത പത്രം. ബാഹ്യ സമ്മര്‍ദങ്ങളെ തുടര്‍ന്ന് 2013 ജൂലൈ 9-ന് എഡിറ്റോറിയല്‍ ലേഖനത്തിലൂടെ വായനക്കാരോട് അല്‍-ഖുദ്‌സ് പത്രത്തില്‍ നിന്നുള്ള തന്റെ രാജി തീരുമാനം അറിയിച്ചു. തുടര്‍ന്ന് 'റഅ്‌യുല്‍യൗം' പത്രത്തിന്റെ ചീഫ് എഡിറ്റര്‍ സ്ഥാനം ഏറ്റെടുത്തു.

1996-ല്‍ ഉസാമ ബിന്‍ ലാദിനുമായി അദ്ദേഹത്തിന്റെ ഒളിത്താവളത്തില്‍ വെച്ച് അഭിമുഖം നടത്തുകയുണ്ടായി അദ്ദേഹം. അഫ്ഗാനിയുടെ വേഷത്തില്‍ പര്‍വത നിരകള്‍ താണ്ടിയാണ് അദ്ദേഹം അഭിമുഖം നേടിയെടുത്തത്. ഇദ്ദേഹത്തന്റെ ലേഖനങ്ങളും, അഭിമുഖങ്ങളും ലോകരാഷ്ട്രീയ വൃത്തങ്ങളില്‍ വളരെയധികം വിവാദങ്ങളും ചര്‍ച്ചകളും സൃഷ്ടിച്ചിട്ടുണ്ട്. അറബ് വിദേശ ചാനലുകളില്‍ സ്ഥിരസാന്നിധ്യമാണ് അദ്ദേഹം. അവസാനമായി ബിന്‍ ലാദിനെ കണ്ട പത്രപ്രവര്‍ത്തകനാണദ്ദേഹം. പ്രസ്തുത അഭിമുഖം 'താരീഖുസ്സിര്‍റി' എന്ന പേരില്‍ ഗ്രന്ഥ രൂപത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.

Related Articles

Close
Close