AsiaPolitics

സൂര്യനെല്ലിയില്‍ വീണുടഞ്ഞ ജനാധിപത്യ വിഗ്രഹം

ജനാധിപത്യ ഇന്ത്യയെ പിടിച്ചുലച്ച പീഡനക്കേസുകളിലൊന്നാണ് സൂര്യനെല്ലി. 1996-ല്‍ ഇടുക്കിയിലെ സൂര്യനെല്ലി സ്വദേശിനിയായ പതിനാറുകാരിയായ ബാലികയെ രാഷ്ട്രീയ നേതാക്കളും വ്യവസായ പ്രമുഖരും ഉള്‍പെടെയുള്ള ഏതാനും പേര്‍ തുടര്‍ച്ചയായി നാല്‍പത് ദിവസത്തോളം ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കേസ്. നാല്‍പതിലധികം പേര്‍ക്കെതിരെ പരാതിയുയര്‍ന്ന കേസില്‍ 2000-ല്‍ 35 പ്രതികള്‍ക്ക് മൂന്ന് മുതല്‍ പതിമൂന്ന് വര്‍ഷം വരെ തടവുശിക്ഷ വിധിച്ചെങ്കിലും 2005 ജനുവരിയില്‍ ഹൈക്കോടതി അവരെ കുറ്റവിമുക്തരാക്കുകയും വെറുതെ വിടുകയും ചെയ്തു. ഒന്നാം പ്രതി ധര്‍മരാജന്‍ മാത്രം കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കോടതി അയാളെ അഞ്ചുവര്‍ഷം തടവിന് ശിക്ഷിക്കുകയായിരുന്നു. പ്രസ്തുത കേസില്‍ ആരോപണ വിധേയനായ അന്നത്തെ കേന്ദ്രമന്ത്രിയായിരുന്ന പി ജെ കുര്യനെതിരെ പെണ്‍കുട്ടി പരാമര്‍ശം നടത്തിയെങ്കിലും വിധി എല്ലാ നിലക്കും അദ്ദേഹത്തിന് അനുകൂലമായിരുന്നു.

രാഷ്ട്രീയ നേതാക്കള്‍ പ്രതിചേര്‍ക്കപ്പെട്ട ഇന്ത്യയിലെ ആദ്യത്തെയോ അവസാനത്തെയോ കേസ് അല്ല സൂര്യനെല്ലി. മറ്റ് പല രാഷ്ട്രീയ നേതാക്കളും മുന്നണി ഭേദമന്യെ സമാനമായതും, കൂടുതല്‍ പ്രമാദമായതുമായ പല കേസുകളിലും ഉള്‍പെട്ടിട്ടുണ്ട്. രാജസ്ഥാനിലെ ബന്‍വാരി ദേവി, ഒറീസ്സയിലെ അന്‍ജന മിശ്ര ബലാല്‍സംഗക്കേസുകളില്‍ മുഖ്യ പ്രതികള്‍ രാഷ്ട്രീയ നേതാക്കന്മാര്‍ തന്നെയായിരുന്നു. കേരളത്തിലെ ഐസ്‌ക്രീം കേസും ഇനിയും അലിഞ്ഞ് കഴിഞ്ഞിട്ടില്ലാത്ത ഒന്നാണ്. രാജ്യത്ത് നിലവിലുള്ള എം പി-എം എല്‍ എമാരില്‍ 369 പേര്‍ക്കെതിരെ സ്ത്രീപീഡനക്കുറ്റകൃത്യങ്ങളുടെ പേരില്‍ ഇന്ത്യയിലെ വിവിധ പോലീസ് സ്‌റ്റേഷനുകളില്‍ കേസ് നിലനില്‍ക്കുന്നുവെന്നാണ് ഡല്‍ഹി ബലാല്‍സംഗത്തിന് ശേഷം പുറത്ത് വന്ന പഠനം വ്യക്തമാക്കുന്നത്. മറ്റ് തരത്തിലുള്ള കുറ്റകൃത്യങ്ങളില്‍ പ്രതികളായവര്‍ പുറമെയാണെന്ന് നാം മനസ്സിലാക്കണം. നിലവിലുള്ള 162 പാര്‍ലിമെന്റ് എം പിമാരില്‍ 76 പേര്‍ ഗുരുതരമായ കേസുകളില്‍ പ്രതിചേര്‍ക്കപ്പെട്ടവരാണ്. അവര്‍ക്കെതിരില്‍ ഇന്ത്യയിലെ കോടതികളില്‍ 522 കേസുകളാണ് വിചാരണ നടന്ന് കൊണ്ടിരിക്കുന്നത്!

ജനാധിപത്യ ഇന്ത്യയുടെ സാമൂഹിക സുരക്ഷയെക്കുറിച്ച് പൊതുവായും സ്ത്രീസുരക്ഷയെക്കുറിച്ച് പ്രത്യേകമായും ചര്‍ച്ച ചെയ്യുമ്പോള്‍ അവഗണിക്കാനാവാത്ത വിവരങ്ങളാണ് മേല്‍ചേര്‍ത്തത്. ഇന്ത്യന്‍ സമൂഹത്തിന്റെ സുരക്ഷയെക്കുറിച്ച് ചര്‍ച്ച ചെയ്യുകയും നിയമം ആവിഷ്‌കരിക്കുകയും ചെയ്യുന്നതിനായി തെരഞ്ഞെടുക്കപ്പെട്ടവരില്‍ പകുതിയിലേറെയും കുറ്റവാളികളും സാമൂഹികദ്രേഹികളുമാണെന്ന് വ്യക്തം. ഇത്തരം വ്യക്തികളാല്‍ നയിക്കപ്പെടുന്ന രാഷ്ട്രത്തില്‍ എവിടെ നിന്നാണ് ശക്തമായ നിയമങ്ങളുണ്ടാവുക? കടുത്ത ശിക്ഷാവിധികള്‍ നിയമമാക്കിയാല്‍ തന്നെയും നിയമനിര്‍മാതാക്കള്‍ തന്നെയാണ് പ്രതികളെന്നിരിക്കെ അവ എത്രത്തോളം നടപ്പിലാക്കപ്പെടും? വസ്തുതകളെ ദുര്‍വ്യാഖ്യാനിച്ച, കേസുകള്‍ അട്ടിമറിച്ച, ഏറ്റവും ഉന്നതരെന്ന് ഇതുവരെ നാം വിശ്വസിക്കുകയും വിളിക്കുകയും ചെയ്തിരുന്ന ന്യായാധിപന്മാരെ വിലക്ക് വാങ്ങിയ സംഭവങ്ങള്‍ക്ക് വരെ ജനാധിപത്യ-മതേതരത്വ ഇന്ത്യ സാക്ഷിയായിരിക്കുന്നു.

സ്ത്രീപീഡകരെ എന്ത് ചെയ്യണമെന്ന് ഗൗരവതരത്തില്‍ ചര്‍ച്ച ചെയ്യുമ്പോള്‍ തന്നെ നാം വിസ്മരിച്ച് കൂടാനാവാത്ത മറ്റൊരു വശമുണ്ട്. നിയമത്തിന്റെ കാര്‍ക്കശ്യം മാത്രമല്ല, അവ നടപ്പിലാക്കുന്നതില്‍ വിവേചനമോ, വിട്ടുവീഴ്ചയോ കാണിക്കാതിരിക്കുകയെന്നത് ജനാധിപത്യത്തിന്റെ അകക്കാമ്പാണ്. കോടികള്‍ മുക്കിയ-മുക്കിക്കൊണ്ടിരിക്കുന്ന മന്ത്രിമാരും, പാര്‍ലിമെന്റ് മെമ്പര്‍മാരും, ജനനേതാക്കളും കക്ഷിഭേദമില്ലാതെ നമുക്കിടയിലുണ്ട്. സ്ത്രീപീഢനം, കൂട്ടക്കൊല തുടങ്ങി സമൂഹത്തിലെ ഏറ്റവും നീചമായ കുറ്റകൃത്യങ്ങളില്‍ പങ്കാളികളായതിന് ശേഷവും നമ്മുടെ പ്രതിനിധികളായി നിലകൊള്ളുന്നവരുണ്ട്. നമ്മുടെ രാഷ്ട്രത്തിന്റെ സുരക്ഷാ ചുമതല ഈ ‘പഠിച്ച’ കള്ളന്മാരെയാണ് നാം ഏല്‍പിച്ചിരിക്കുന്നതെന്ന് മനസ്സിലാക്കുമ്പോള്‍ ഓര്‍മയിലേക്ക് കടന്ന് വരുന്ന ഒരു കവിതാശകലമുണ്ട്.
‘നിങ്ങള്‍ക്ക് നാശം, കാഴ്ചയുള്ള നിങ്ങളെ നയിക്കുന്നത് ഈ അന്ധന്മാരാണോ,
 അന്ധന്മാരാല്‍ നയിക്കപ്പെടുന്ന സമൂഹം വഴികെട്ടത് തന്നെ…’

മേല്‍സൂചിപ്പിച്ച കേസുകളിലൊന്നിലും ജനപ്രതിനിധികള്‍ പ്രതികളാണെന്ന് നമുക്ക് അവകാശവാദമില്ല. രാഷ്ട്രീയ നേതൃത്വം അനുയായികളുടെ മാതൃകകളാണ്. കുറ്റകൃത്യങ്ങളില്‍ നിന്നും ആഭാസങ്ങളില്‍ നിന്നും മുക്തരായിരിക്കണം അവര്‍. ജനങ്ങളുടെ സുരക്ഷ കവര്‍ന്നെടുക്കുന്നവരല്ല അതിനേക്കുറിച്ച് ചര്‍ച്ച ചെയ്യേണ്ടത്. കുറ്റാരോപിതരാണെങ്കില്‍ അന്വേഷണത്തിന് തയ്യാറാവുകയെന്നും അവരുടെ ജീവിതവിശുദ്ധിയുടെ ഭാഗമാണ്. ജനങ്ങള്‍ക്ക് മുന്നില്‍ നിരപരാധിത്വം തെളിയുന്നത് വരെ ക്ഷമയോടെ കാത്തിരിക്കുക. അന്വേഷണം വേണ്ടെന്ന് വെക്കുകയോ, അന്വേഷിക്കുന്നവരെ സ്വാധീനിക്കുകയോ, പുനരന്വേഷണത്തിന് തടയിടുകയോ ചെയ്യുന്നത് നാം അവകാശപ്പെടുന്ന ജനാധിപത്യത്തെയല്ലല്ലോ പ്രതിനിധീകരിക്കുന്നത്.

ജനങ്ങളുടെ താല്‍പര്യത്തിനനുസരിച്ച് പുനരന്വേഷണം സാധ്യമല്ല എന്നാണ് കേരള മുഖ്യമന്ത്രി സൂര്യനെല്ലി കേസ് സംബന്ധിച്ച് നടത്തിയ പ്രസ്താവന. ഒരു ജനാധിപത്യ രാഷ്ട്രത്തില്‍ ജനങ്ങളുടെ താല്‍പര്യത്തിന് സ്ഥാനമില്ലെങ്കില്‍ പിന്നെ ആരുടെ ഇഛകളും, ആഗ്രഹങ്ങളുമാണ് പരിഗണനീയമെന്ന് അദ്ദേഹം തന്നെ വ്യക്തമാക്കേണ്ട കാര്യമാണ്.

രാഷ്ട്രീയ നേതാക്കളും, സമ്പന്ന വിഭാഗങ്ങളും ശിക്ഷയില്‍ നിന്ന് ഒരിക്കലും രക്ഷപ്പെട്ട് കൂടാ എന്നത് സുസമ്മതമായ, അതോടൊപ്പം വിപരീതം സംഭവിച്ച് കൊണ്ടിരിക്കുന്ന പ്രതിഭാസമാണ്. അത്തരക്കാരെ നിര്‍ബന്ധമായും നിയമത്തിന് മുന്നില്‍ കൊണ്ട് വരണമെന്ന് മാത്രമല്ല, സാധാരണക്കാരില്‍ നിന്ന് ഭിന്നമായി അവര്‍ക്ക് ഇരട്ടിശിക്ഷ നല്‍കണമെന്നാണ് നമ്മുടെ അഭിപ്രായം. സാമൂഹിക സുരക്ഷിതത്വത്തിന് നിയമം നിര്‍മിക്കേണ്ട, അതിന് കാവല്‍ നില്‍ക്കേണ്ട, ജനങ്ങള്‍ക്ക് മാതൃകയാവേണ്ട വ്യക്തികള്‍ അത് ലംഘിക്കുകയും, അവയെ വെല്ലുവിളിക്കുകയുമാണ് ചെയ്യുന്നതെങ്കില്‍ പിന്നെ അവരെ എന്താണ് ചെയ്യേണ്ടത്? ഇക്കാര്യത്തില്‍ വിശുദ്ധ ഖുര്‍ആന്‍ പ്രഖ്യാപിച്ച ഒരു നയമുണ്ട്. പ്രവാചക പത്‌നിമാരെ അഭിസംബോധന ചെയ്ത് അല്ലാഹു പറയുന്നു. ‘പ്രവാചക പത്‌നിമാരേ, നിങ്ങളിലാരെങ്കിലും വ്യക്തമായ നീചവൃത്തിയിലേര്‍പ്പെടുകയാണെങ്കില്‍ അവള്‍ക്ക് രണ്ടിരട്ടി ശിക്ഷയുണ്ട്. അല്ലാഹുവിന് അത് വളരെ എളുപ്പമാണ്.’ (അഹ്‌സാബ് 30) പ്രവാചക പത്‌നിമാര്‍ വിശ്വാസികളുടെ മാതൃകകളാണ്. അവര്‍ ചെയ്യുന്ന തെറ്റുകള്‍ സമൂഹത്തെ പ്രതികൂലമായി ബാധിച്ചേക്കും. അതിനാല്‍ മറ്റുള്ളവരില്‍ വ്യത്യസ്തമായി അവര്‍ക്ക് ഇരട്ടി ശിക്ഷയുണ്ടായിരിക്കുമെന്ന് ഖുര്‍ആന്‍ വ്യക്തമാക്കുന്നു.

‘ബന്ധുക്കളുടെ കഷ്ടകാലം’ എന്നാണ് ഉമര്‍ ബിന്‍ ഖത്താബിന്റെ ഭരണകാലത്തെക്കുറിച്ച് ചരിത്രകാരന്മാര്‍ വിശേഷിപ്പിക്കുന്നത്. പ്രത്യേകമായ എന്തെങ്കിലും നിയമം ആവിഷ്‌കരിച്ചാല്‍ ഉമര്‍ ബന്ധുക്കളെയാണ് ആദ്യം വിളിച്ച്കൂട്ടുക. അദ്ദേഹം പറയും. ‘ഞാന്‍ ജനങ്ങളില്‍ നിന്ന് ഇന്നയിന്ന കാര്യങ്ങള്‍ വിലക്കുകയാണ്. നിങ്ങളിലാരെങ്കിലും അവ ലംഘിക്കുന്ന പക്ഷം മറ്റുള്ളവരേക്കാള്‍ ഇരട്ടി ശിക്ഷയാണ് നിങ്ങള്‍ക്കു ഞാന്‍ നല്‍കുക. കാരണം നിങ്ങള്‍ ഖലീഫാ ഉമറിന്റെ ബന്ധുക്കളാണ്.’ സുരക്ഷിതമായ, ലോകത്തിന് തന്നെ മാതൃകയായ ഒരു സമൂഹത്തിന് രൂപം നല്‍കാന്‍ ഉമറിന് സാധിച്ചത് ഈ കര്‍ശനമായ നിലപാടിലൂടെയാണ്.

ശിക്ഷാവിധികളിലുള്ള വിവേചനം അവസാനിക്കുന്നേടത്താണ് ജനാധിപത്യ പൂര്‍ണതയുടെ ആദ്യപടി തുടങ്ങുന്നത്. അവ ബാക്കിയാവുന്ന കാലത്തോളം മറ്റ് സംവിധാനങ്ങളൊക്കെയും ജനാധിപത്യപരമാണെങ്കില്‍ പോലും രാഷ്ട്രത്തിന് ജനാധിപത്യ പൂര്‍ണത കൈവരികയോ, സുരക്ഷ സാധ്യമാവുകയോ ഇല്ല. ശിക്ഷ നടപ്പിലാക്കുന്നതിലുള്ള വിവേചനം പൂര്‍വകാല സമൂഹങ്ങളുടെ നാശത്തിന് ഹേതുവായെന്ന് പ്രവാചകന്‍ (സ) നമുക്ക് മുന്നറിയിപ്പ് നല്‍കുന്നതും ഈയര്‍ത്ഥത്തില്‍ തന്നെയാണ്.

Facebook Comments
Related Articles
Show More

ഡോ. അബ്ദുല്‍ വാസിഅ് ധര്‍മഗിരി

1984 ഏ. ആര്‍ നഗറിനടുത്ത ധര്‍മഗിരിയില്‍ ജനനം. ശാന്തപുരം അല്‍ജാമിഅയില്‍ നിന്നും ഉസൂലുദ്ദീനില്‍ ബിരുദവും ദഅ്‌വയില്‍ ബിരുദാനന്തര ബിരുദവും നേടി. മലേഷ്യയിലെ ഇന്റന്റര്‍നാഷണല്‍ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയില്‍ ഇസ്‌ലാമിക് തോട്ടില്‍ മാസ്റ്റേഴ്സ് ബിരുദവും ഇസ്ലാമിക കര്‍മശാസ്ത്രത്തില്‍ പി.എച്ച്.ഡി യും പൂര്‍ത്തിയാക്കി. വിവിധ ഇന്റര്‍നാഷണല്‍ ജേര്‍ണലുകളില്‍ എഴുത്തുകാരനും, ശാന്തപുരം അല്‍ജാമിഅയില്‍ ശരീഅ:ഡിപ്പാര്‍ട്ട്‌മെന്റില്‍ ഡീനായും സേവനം ചെയ്യുന്നു.
Close
Close