Middle EastPolitics

സഹിഷ്ണുത ഉപദേശിക്കുന്ന ട്രംപും അറബ് നേതാക്കളും

വംശീയ നയങ്ങളുടെ പേരില്‍ 48 ശതമാനം അമേരിക്കക്കാര്‍ പ്രസിഡന്റ് സ്ഥാനത്ത് നിന്നും നീക്കണമെന്ന് ആവശ്യപ്പെടുന്ന ഡോണള്‍ഡ് ട്രംപ് സഹിഷ്ണുതയും സമത്വവും ഉപദേശിക്കുന്ന ഉപദേശകനായി മാറിയിരിക്കുന്നതാണ് കഴിഞ്ഞ ദിവസം റിയാദില്‍ നടന്ന അറബ് – അമേരിക്കന്‍ ഉച്ചകോടിയിലെ പ്രധാന വിരോധാഭാസം. ഭീകരതയെ നേരിടുന്ന രീതിയെയും അതിന്റെ സാമ്പത്തിക സ്രോതസ്സുകള്‍ മരവിപ്പിച്ചും അവര്‍ക്ക് സുരക്ഷിതമായ താവളം നല്‍കാതെയും സാമ്പത്തികമായും രാഷ്ട്രീയമായും മാധ്യമരംഗത്തും അവര്‍ക്ക് ലഭിക്കുന്ന എല്ലാ സഹായങ്ങളും അറുത്തു മാറ്റേണ്ടതിനെ സംബന്ധിച്ച് സ്‌കൂള്‍ കുട്ടികള്‍ക്കെന്ന പോലെ അറബ് നേതാക്കള്‍ക്ക് അദ്ദേഹം ക്ലാസ്സെടുത്തു കൊടുക്കുകയും ചെയ്തു.

ട്രംപിനേക്കാള്‍ കൂടുതല്‍ മാധ്യമങ്ങളുടെയും മറ്റും ശ്രദ്ധ ലഭിച്ചത് സുന്ദരിയായ അദ്ദേഹത്തിന്റെ ഭാര്യക്കും മകള്‍ക്കുമായിരുന്നു എന്നത് മറ്റൊരു കാര്യം. ഇസ്‌ലാമിക ഭീകരത ഒന്നാം സ്ഥാനത്ത് തന്നെയാണെന്ന് ആണയിട്ട് പറഞ്ഞ ട്രംപ് അതിനെതിരെ പോരാടേണ്ട ഉത്തരവാദിത്വം ഇസ്‌ലാമിക രാഷ്ട്രങ്ങള്‍ ഏറ്റെടുക്കേണ്ടത് അനിവാര്യമാണെന്നും വ്യക്തമാക്കി.

മറ്റുള്ളവരുമായുള്ള സഹവര്‍ത്തിത്വത്തിന്റെ സംസ്‌കാരത്തെ പിന്തുണക്കേണ്ടതിന്റെ അനിവാര്യതയെ കുറിച്ച് വാചാലനായ അദ്ദേഹം എല്ലാത്തരത്തിലുമുള്ള ‘ഇസ്‌ലാമിക ഭീകരവാദവും തീവ്രവാദവും’ നേരിടേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും സംസാരിച്ചു. സിറിയന്‍ അഭയാര്‍ഥികള്‍ക്ക് ആതിഥ്യമരുളിയ ജോര്‍ദാനെയും തുര്‍ക്കിയെയും പ്രശംസിച്ച അദ്ദേഹം തന്റെ നിന്ദ്യമായ വംശീയ നയങ്ങളെല്ലാം മറന്നു, അല്ലെങ്കില്‍ മറന്നതായി നടിച്ചു. മുസ്‌ലിം വിരുദ്ധ നിലപാടുകളും സിറിയന്‍ അഭയാര്‍ഥികള്‍ക്ക് മുമ്പില്‍ വാതിലുകള്‍ കൊട്ടിയടച്ചതുമെല്ലാം ആ നയങ്ങളുടെ പേരിലായിരുന്നല്ലോ. വിദ്വേഷത്തിനും തീവ്രവാദത്തിനും ഭീകരവാദത്തിനും വളംവെക്കുകയാണ് അതിലൂടെ ചെയ്തത്.

അറബ് നാടുകളിലും ഇസ്‌ലാമിക ലോകത്തും അമേരിക്ക നടത്തിയ യുദ്ധങ്ങളേക്കാളും ഇടപെടലുകളേക്കാളും വലിയ എന്ത് ഭീകരതയാണുള്ളത്! ട്രംപ് യുദ്ധം ചെയ്യാന്‍ ആവശ്യപ്പെട്ടിരിക്കുന്ന, അല്ലാഹുവിന് പകരം മരണത്തെ ആരാധിക്കുന്നവരെന്ന് അദ്ദേഹം വിശേഷിപ്പിച്ചിട്ടുള്ള ഭീകരര്‍ കൊലപ്പെടുത്തിയവരുടെ എണ്ണം ഇറാഖിലും സിറിയയിലും ലിബിയയിലും യമനിലും അഫ്ഗാനിസ്ഥാനിലുമെല്ലാം അമേരിക്കന്‍ വിമാനങ്ങളും മിസൈലുകളും കൊന്നുതള്ളിയിട്ടുള്ള ആളുകളുടെ എണ്ണവുമായി തട്ടിച്ചു നോക്കുമ്പോള്‍ വളരെ തുച്ഛമാണ്.

റിയാദില്‍ ട്രംപിന് ലഭിച്ച സ്വീകരണ പരിപാടി സൂക്ഷ്മമായി വിലയിരുത്താന്‍ നാം ആഗ്രഹിക്കുന്നുവെങ്കില്‍ ആലോചനാ വിധേയമാക്കേണ്ട ചില കാര്യങ്ങളുണ്ട്. അവ ഇങ്ങനെ വായിക്കാം:
ഒന്ന്, ഇസ്രയേല്‍ അധിനിവേശത്തെ ചെറുക്കല്‍ ‘കുറ്റകൃത്യമായി’ പ്രഖ്യാപിക്കലാണ് റിയാദില്‍ നടന്ന പരിപാടിയുടെ ലക്ഷ്യമെന്നാണ് ഹിസ്ബുല്ലയെയും ഹമാസിനെയും ഭീകരസംഘടനകളായി മുദ്രകുത്തി തകര്‍ക്കാനുള്ള ട്രംപിന്റെ ശാഠ്യം വ്യക്തമാക്കുന്നത്. അവര്‍ക്കെതിരെയുള്ള യുദ്ധത്തിന് ഇസ്‌ലാമിക ലോകത്തെ ഒരുമിച്ചുകൂട്ടുന്നതിനും ഇസ്‌ലാമിക ‘നാറ്റോ’ സഖ്യം രൂപപ്പെടുത്തുന്നതിനുമുള്ള ആമുഖം കൂടിയാണത്.

രണ്ട്, അമേരിക്കന്‍ പ്രസിഡന്റിന്റെയും അദ്ദേഹത്തിന് ആതിഥ്യമരുളിയവരുടെയും വീക്ഷണത്തിലെ ഭീകരവാദം ഇസ്രയേലിനോടും അമേരിക്കയോടുമുള്ള വിരോധമാണ്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ സംശയലേശമന്യേ ഒരു ഉറച്ച സഖ്യകക്ഷിയെ പോലെ അവരുടെ മുഴുവന്‍ നയങ്ങളെയും അംഗീകരിക്കുകയും അവരുടെ ചിറകിന്‍ കീഴില്‍ ഒതുങ്ങിക്കൂടുന്നവരായിരിക്കണം.

മൂന്ന്, ഭീകരതക്കും സായുധ ഗ്രൂപ്പുകള്‍ക്കും സഹായം നല്‍കുന്നതില്‍ മുന്‍പന്തിയില്‍ നില്‍ക്കുകയും, പ്രദേശത്ത് വിഭാഗീയ പോരാട്ടത്തിന് തിരികൊളുത്തുകയും നാശവും അരാജകത്വവുമുണ്ടാക്കുകയും ചെയ്യുന്ന ശക്തിയാട്ടാണ് ട്രംപ് ഇറാനെ വിശേഷിപ്പിച്ചിരിക്കുന്നത്. പരിഷ്‌കൃതരായ ഇസ്രയേലിനോടല്ല, ഇറാനോടാണ് യുദ്ധം ചെയ്യേണ്ടതെന്നും അദ്ദേഹം പറയുന്നു.

നാല്, ഉച്ചകോടിയെ അഭിസംബോധന ചെയ്ത് ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് ഒന്നും തന്നെ പറഞ്ഞിട്ടില്ല. അദ്ദേഹത്തിന്റെ സാന്നിദ്ധ്യം പോലും ആരും അറിഞ്ഞിട്ടുണ്ടാവില്ല. ഈ ഉച്ചകോടിയിലും വരാനിരിക്കുന്ന ഘട്ടത്തിലും ഫലസ്തീന്‍ പ്രശ്‌നം പാര്‍ശ്വവല്‍കരിക്കപ്പെട്ടിരിക്കുന്നു എന്ന സൂചനയാണത് നല്‍കുന്നത്. ട്രംപിനെ വേദനിപ്പിക്കാതിരിക്കാനായിരിക്കാം അത്, ഒരുപക്ഷേ ഇസ്രയേലിനെയും. പ്രസിഡന്റ് അബ്ബാസ് ഉച്ചകോടിയില്‍ ഒരാളായി ഉണ്ടായിരുന്നു എന്നത് ശരിയാണ്. ഇസ്രയേലിനെയും ട്രംപിനെ തന്നെയും ദേഷ്യംപിടിപ്പിക്കാതിരിക്കാന്‍ ഒരുപക്ഷേ, ഏറ്റവുമധികം ജാഗ്രത പുലര്‍ത്തിയത് അദ്ദേഹമായിരിക്കാം.

ട്രംപ് പറഞ്ഞിട്ടുള്ളത് പോലെ, മിഡിലീസ്റ്റിന്റെയും ലോകത്തിന്റെയും സമാധാനത്തിന്റെ തുടക്കമാവില്ല റിയാദിലെ ഇസ്‌ലാമിക് – ട്രംപ് ഉച്ചകോടി. അപ്രകാരം അമേരിക്കന്‍ കാഴ്ച്ചപാടിലുള്ള ഭീകരത ജന്മം നല്‍കിയ അതിക്രമങ്ങള്‍ അതേ അവസ്ഥയില്‍ നിലനില്‍ക്കുന്നിടത്തോളം ഭീകരതക്കെതിരായ ഒരു യുദ്ധത്തിന്റെ തുടക്കവുമാവില്ലത്. അധിനിവേശ ഇസ്രയേല്‍ രാഷ്ട്രത്തോടും അതിന്റെ യുദ്ധങ്ങളോടും ഭീകരതയോടും കുറ്റകൃത്യങ്ങളോടും ചായ്‌വ് കാണിക്കുന്ന അമേരിക്കയുടെ നയങ്ങളുടെ ഫലമാണ് അവയില്‍ പലതും.

പ്രസിഡന്റ് ട്രംപ് വൈറ്റ് ഹൗസിലേക്ക് മടങ്ങും. സൗദിയുടെയും ഗള്‍ഫ് നാടുകളുടെയും നികുതിപ്പണവും സ്വര്‍ണവും വെള്ളിയും വഹിച്ചു കൊണ്ട് അദ്ദേഹത്തിന്റെ വാഹനവും ഒപ്പം പുറപ്പെടും. 500 ബില്യണിലേറെ ഡോളറിന്റെ ഇടപാടാണ് അദ്ദേഹം നേടിയിരിക്കുന്നത്. ലക്ഷക്കണക്കിന് തൊഴിലവസരങ്ങള്‍ അതൊരുക്കും. എന്നാല്‍ അദ്ദേഹത്തെ വളരെ നല്ലനിലയില്‍ സ്വീകരിക്കുകയും ആദരിച്ച് ആതിഥ്യം അരുളുകയും ചെയ്ത അറബ് മുസ്‌ലിംകള്‍ക്ക് വേണ്ടിയല്ല, അമേരിക്കകാര്‍ക്ക് വേണ്ടിയായിരിക്കും ആ തൊഴിലവസരങ്ങള്‍.

ഭീകരതക്കെതിരെയുള്ള യുദ്ധത്തിന് ട്രംപ് തുടക്കം കുറിച്ചിട്ടില്ല. ഇസ്‌ലാമിക ലോകത്ത് നടക്കുന്നത് വിഭാഗീയ യുദ്ധമാണ്.  നമ്മുടെ മദ്ഹബും വംശവും ഏത് തന്നെയാണെങ്കിലും അറബികളും മുസ്‌ലിംകളുമെന്ന നിലയില്‍ നാം തന്നെയാണ് അതിന്റെ പ്രധാന ഇരകള്‍.

വിവ: നസീഫ്‌

Facebook Comments
Show More

ഡോ. അബ്ദുല്‍ബാരി അത്വ്‌വാന്‍

1950-ല്‍ ഗസ്സയില്‍ ജനനം. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം ജോര്‍ദാനിലേക്കും അവിടെ നിന്ന് കൈറോവിലേക്കും പോയി. കൈറോ യൂനിവേഴ്‌സിറ്റിയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. അവിടത്തെ അമേരിക്കന്‍ യൂനിവേഴ്‌സിറ്റിയില്‍ നിന്നും വിവര്‍ത്തനത്തില്‍ ഡിപ്ലോമ കരസ്ഥമാക്കി. ശേഷം ലിബിയയിലെ ബലാഗ് പത്രത്തിലും, സൗദിയിലെ മദീന പത്രത്തിലും പ്രവര്‍ത്തിച്ചു. 1978 മുതല്‍ ലണ്ടനില്‍ സ്ഥിരതാമസമാക്കി. ശര്‍ഖുല്‍ ഔസത്തില്‍ ജോലിചെയ്തു. 1989 മുതല്‍ ഖുദ്‌സുല്‍ അറബിയുടെ എഡിറ്ററും സ്ഥിരം എഴുത്തുകാരനുമായിരുന്നു. അമേരിക്കന്‍ വിരുദ്ധ നിലപാട് കാരണത്താല്‍ പ്രസിദ്ധമാണ് പ്രസ്തുത പത്രം. ബാഹ്യ സമ്മര്‍ദങ്ങളെ തുടര്‍ന്ന് 2013 ജൂലൈ 9-ന് എഡിറ്റോറിയല്‍ ലേഖനത്തിലൂടെ വായനക്കാരോട് അല്‍-ഖുദ്‌സ് പത്രത്തില്‍ നിന്നുള്ള തന്റെ രാജി തീരുമാനം അറിയിച്ചു. തുടര്‍ന്ന് 'റഅ്‌യുല്‍യൗം' പത്രത്തിന്റെ ചീഫ് എഡിറ്റര്‍ സ്ഥാനം ഏറ്റെടുത്തു.

1996-ല്‍ ഉസാമ ബിന്‍ ലാദിനുമായി അദ്ദേഹത്തിന്റെ ഒളിത്താവളത്തില്‍ വെച്ച് അഭിമുഖം നടത്തുകയുണ്ടായി അദ്ദേഹം. അഫ്ഗാനിയുടെ വേഷത്തില്‍ പര്‍വത നിരകള്‍ താണ്ടിയാണ് അദ്ദേഹം അഭിമുഖം നേടിയെടുത്തത്. ഇദ്ദേഹത്തന്റെ ലേഖനങ്ങളും, അഭിമുഖങ്ങളും ലോകരാഷ്ട്രീയ വൃത്തങ്ങളില്‍ വളരെയധികം വിവാദങ്ങളും ചര്‍ച്ചകളും സൃഷ്ടിച്ചിട്ടുണ്ട്. അറബ് വിദേശ ചാനലുകളില്‍ സ്ഥിരസാന്നിധ്യമാണ് അദ്ദേഹം. അവസാനമായി ബിന്‍ ലാദിനെ കണ്ട പത്രപ്രവര്‍ത്തകനാണദ്ദേഹം. പ്രസ്തുത അഭിമുഖം 'താരീഖുസ്സിര്‍റി' എന്ന പേരില്‍ ഗ്രന്ഥ രൂപത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.

Related Articles

Close
Close