Politics

ശവകൂടീരങ്ങള്‍ക്ക് മേലാണ് ഇസ്രായേല്‍ നിലകൊള്ളുന്നത്

ഏതെങ്കിലും ഒരു പ്രമുഖ ഇസ്രായേലി രാഷ്ട്രീയക്കാരനോ അല്ലെങ്കില്‍ ബുദ്ധിജീവിയോ ഫലസ്തീനികള്‍ക്കെതിരെ വിദ്വേഷജനകമായ പ്രസ്താവന നടത്താതെ ഒരു ദിവസവും കടന്നുപോകുന്നില്ല. ഈ പ്രസ്താവനകളില്‍ പലതും ചെറിയ ശ്രദ്ധ പിടിച്ചുപറ്റുകയോ അല്ലെങ്കില്‍ അര്‍ഹിക്കും വിധമുള്ള പ്രതിഷേധത്തിന് പാത്രമാവുകയോ ചെയ്യാറാണ് പതിവ്.

ഈയടുത്താണ്, ഇസ്രായേലി കൃഷിമന്ത്രി യൂറി ഏരിയല്‍, കൂടുതല്‍ ഫലസ്തീനികള്‍ മരിക്കണമെന്നും, കൂടുതല്‍ പേര്‍ക്ക് പരിക്കേല്‍ക്കണമെന്നും ആഹ്വാനം ചെയ്തത്. ‘തീയും പുകയും കാണാം. പക്ഷെ ആര്‍ക്കും മുറിവേല്‍ക്കുന്നില്ല. എന്ത് ആയുധം കൊണ്ടാണ് നാം വെടിയുതിര്‍ക്കുന്നത്? മരണങ്ങളും, മുറിവുകളും സംഭവിക്കേണ്ട സമയമാണിത്.’ അദ്ദേഹം പറഞ്ഞു.

16 വയസ്സുകാരി അഹദ് തമീമിയെ കുറിച്ച് നടത്തിയ തികച്ചും അരോജകമായ പ്രസ്താവനകള്‍ക്ക് പിറകെയാണ് കൂടുതല്‍ ഫലസ്തീനികളെ വധിക്കണമെന്ന് ഏരിയലിന്റെ ആഹ്വാനം വന്നത്. വെസ്റ്റ്ബാങ്കിലെ നബി സാലിഹ് ഗ്രാമത്തിലെ വീട്ടിലേക്ക് അതിക്രമിച്ച് കയറിയ ഇസ്രായേലി സൈന്യം അഹദിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

അഹദിന്റെ ബന്ധുവിനെ ഇസ്രായേലി സൈന്യം തലക്ക് വെടിവെച്ച്
അബോധാവസ്ഥയില്‍ ആക്കിയതിന്റെ തൊട്ടടുത്ത ദിവസം ഒരു ഇസ്രായേലി സൈനികനെ അഹദ് പ്രഹരിക്കുന്ന വീഡിയോ ദൃശ്യം പുറത്ത് വരികയുണ്ടായി.

അഹദും മറ്റു ഫലസ്തീന്‍ പെണ്‍കുട്ടികളും ‘ജീവിതകാലം മുഴുവന്‍ തടവറയില്‍ കഴിയണമെന്ന്’ തീവ്രരാഷ്ട്രീയ കാഴ്ച്ചപ്പാടുകള്‍ കൊണ്ട് പ്രസിദ്ധനായ ഇസ്രായേലി വിദ്യാഭ്യാസമന്ത്രി നഫ്താലി ബെന്നറ്റ് ആവശ്യപ്പെട്ടു.

പ്രമുഖ ഇസ്രായേലി മാധ്യമപ്രവര്‍ത്തകനായ ബെന്‍ കാസ്പിറ്റ് പെണ്‍കുട്ടികള്‍ക്ക് അതിലും കൂടുതല്‍ ശിക്ഷ ലഭിക്കണമെന്ന അഭിപ്രായക്കാരനാണ്. അഹദിനെയും മറ്റു പെണ്‍കുട്ടികളെയും ജയിലിനുള്ളില്‍ ബലാത്സംഗം ചെയ്യണമെന്നായിരുന്നു അദ്ദേഹത്തിന്റെ നിര്‍ദ്ദേശം. ‘സാക്ഷികളും, കാമറകളുമില്ലാത്ത ഇരുട്ടില്‍ വെച്ച് മറ്റുചില വഴികളിലൂടെയാണ് പെണ്‍കുട്ടികളെ കൈകാര്യം ചെയ്യേണ്ടത്.’ അദ്ദേഹം ഹിബ്രുവില്‍ എഴുതി.

ഈ അക്രമാസക്ത മനസ്ഥിതി പുതിയ ഒന്നല്ല. ഹിംസയുടെ നീണ്ട ചരിത്രത്തിന്റെ പുറത്ത് പടുത്തുയര്‍ത്തപ്പെട്ട ഒരു പുരാതന വിശ്വാസ വ്യവസ്ഥിതിയുടെ തുടര്‍ച്ചയാണത്.

ഏരിയല്‍, ബെന്നറ്റ്, കാസ്പിറ്റ് എന്നിവരുടേത് ഒരു പ്രത്യേക നിമിഷത്തില്‍ ദേഷ്യത്തിന്റെ പുറത്ത് നടത്തിയ പ്രസ്താവനകളല്ല. കഴിഞ്ഞ 70 വര്‍ഷക്കാലമായി നടപ്പില്‍ വരുത്തിക്കൊണ്ടിരിക്കുന്ന നയങ്ങളുടെ പ്രതിഫലനങ്ങളാണ് അവയൊക്കെയും. യഥാര്‍ത്ഥത്തില്‍ തുടക്കം മുതല്‍ക്ക് ഇസ്രായേലിന്റെ കൂടെയുള്ള വിശേഷഗുണങ്ങളാണ് കൊലപാതകം, ബലാത്സംഗം, ജീവപരന്ത്യം തടവ് എന്നിവ. ഈ ഹിംസാത്മക പൈതൃകമാണ് ഇന്നുവരേക്കും ഇസ്രായേലിനെ നിര്‍വചിക്കുന്നത്.

പേരുകള്‍ക്കും, തലക്കെട്ടുകള്‍ക്കുമല്ലാതെ വേറൊന്നിനും ഈ ഹിംസാത്മക ചരിത്രത്തില്‍ മാറ്റം സംഭവിച്ചിട്ടില്ല. 1948-ല്‍ ഇസ്രായേല്‍ സ്ഥാപിക്കുന്നതിന് തൊട്ടുമുമ്പ് ഫലസ്തീനികളെ കൂട്ടക്കൊല ചെയ്യാന്‍ നേതൃത്വം നല്‍കിയ സയണിസ്റ്റ് ഭീകരസംഘങ്ങളെ കൂട്ടി ചേര്‍ത്താണ് ഇസ്രായേല്‍ സൈന്യം രൂപീകരിച്ചത്. പ്രസ്തുത ഭീകരസംഘങ്ങളുടെ നേതാക്കളാണ് പിന്നീട് ഇസ്രായേലിന്റെ നേതാക്കളായി മാറി.

മുമ്പ് നടത്തിയ ഹിംസാത്മക വ്യവഹാരങ്ങളുടെ മൂര്‍ത്തീഭാവമായിരുന്നു 194748-ലെ ഇസ്രായേലിന്റെ അക്രമാസക്ത ജനനം. അന്നായിരുന്നു മുന്‍വര്‍ഷങ്ങളില്‍ നടത്തിയ സയണിസ്റ്റ് അധ്യാപനങ്ങള്‍ പ്രയോഗവല്‍ക്കരിക്കപ്പെട്ടത്. ഫലം അതിഭീകരമായിരുന്നു.

‘ഒരു ഗ്രാമത്തെ അല്ലെങ്കില്‍ പട്ടണത്തെ ഒറ്റപ്പെടുത്തി ആക്രമിച്ച് ആ പ്രദേശത്തെ ജനങ്ങളെ അതിഭീകരമായി കൂട്ടക്കൊല ചെയ്യുന്ന തന്ത്രം കാലങ്ങളായി സയണിസ്റ്റ് ഭീകരസംഘങ്ങള്‍ പ്രയോഗിച്ചു വരുന്നതാണ്. ഇതിന്റെ ഫലമായി സമീപ ഗ്രാമങ്ങളിലെയും പട്ടണങ്ങളിലെയും ആളുകള്‍ തങ്ങളുടെ വീടും സ്വത്തുക്കളും ഉപേക്ഷിച്ച് ഭയന്നോടിപോകാന്‍ നിര്‍ബന്ധിതരാകും,’ ഇസ്രായേലിന്റെ ഭൂതത്തെയും വര്‍ത്തമാനത്തെയും സംബന്ധിച്ച് ആരാഞ്ഞപ്പോള്‍ അഹമദ് അല്‍ഹാജ് എന്നോട് പറഞ്ഞു. ഫലസ്തീനിയന്‍ ചരിത്രകാരനും ‘നഖബ’ ദുരന്തചരിത്രത്തില്‍ വിദഗ്ദനുമാണ് അല്‍ഹാജ്. 85 വയസ്സുകാരനായ ഇദ്ദേഹത്തിന്റെ പ്രസ്തുത വിഷയത്തിലെ വൈദഗ്ദ്യം ആരംഭിക്കുന്നത് 70 വര്‍ഷം മുമ്പാണ്. തന്റെ 15-ാം വയസ്സില്‍ ബൈത്ത് ദറസ് ഗ്രാമത്തില്‍ ജൂത ഹഗാന ഭീകരസംഘം ഫലസ്തീനികള്‍ക്കെതിരെ നടത്തിയ കൂട്ടക്കൊലക്ക് ദൃക്‌സാക്ഷിയാണ് അദ്ദേഹം.

കിഴക്കന്‍ ഫലസ്തീനിലെ ആ ഗ്രാമം തകര്‍ത്തതും, ഗ്രാമവാസികളെ അരുംകൊല ചെയ്തതും തൊട്ടടുത്തുള്ള ഗ്രാമങ്ങളില്‍ നിന്ന് ആളുകള്‍ ഒഴിഞ്ഞുപോവുന്നതിന് കാരണമായി. അല്‍ഹാജിന്റെ അല്‍സവാഫിര്‍ ഗ്രാമവും അതില്‍പ്പെടും. ‘അത്തരം അരുംകൊലകളുടെ ആദ്യത്തെ ഉദാഹരണമായിരുന്നു കുപ്രസിദ്ധമായ ദേര്‍ യാസിന്‍ കൂട്ടക്കൊല. അതിന്റെ നേര്‍പതിപ്പുകളാണ് ഫലസ്തീനിന്റെ മറ്റു ഭാഗങ്ങളില്‍ സംഭവിച്ചത്.’ അല്‍ഹാജ് പറഞ്ഞു.

അന്ന് വിവിധ സയണിസ്റ്റ് ഭീകരസംഘങ്ങളാണ് ഫലസ്തീനികള്‍ക്കെതിരെയുള്ള വംശീയമായി ഉന്മൂലനം ചെയ്യുന്നതിന് നേതൃത്വം നല്‍കിയത്. ഹഗാനയായിരുന്നു അന്നത്തെ മുഖ്യധാര ജൂത ഭീകരസംഘം. ജ്യൂയിഷ് ഏജന്‍സിയുടെ കീഴിലാണ് അത് പ്രവര്‍ത്തിച്ചിരുന്നത്. ബ്രിട്ടീഷ് മാന്‍ഡേറ്റ് ഗവണ്‍മെന്റിന്റെ എല്ലാ ആശിര്‍വാദത്തോടെയും ഒരു അര്‍ദ്ധസര്‍ക്കാര്‍ കണക്കെയായിരുന്നു ജ്യൂയിഷ് ഏജന്‍സിയുടെ പ്രവര്‍ത്തനം. ഹഗാന അതിന്റെ സൈന്യവും.

എന്നിരുന്നാലും, മറ്റു സംഘങ്ങള്‍ അവരുടേതായ അജണ്ടകള്‍ പ്രകാരം പ്രവര്‍ത്തിച്ചുപോന്നു. അവരിലെ രണ്ട് പ്രമുഖ സംഘങ്ങളാണ് ഇര്‍ഗുന്‍ (നാഷണല്‍ മിലിറ്ററി ഓര്‍ഗനൈസേഷന്‍), ലെഹി (സ്‌റ്റേണ്‍ ഗ്യാങ് എന്ന പേരിലും അറിയപ്പെടുന്നു) എന്നിവ. ബസ് സ്‌ഫോടനങ്ങള്‍, കൊലപാതകങ്ങള്‍ അടക്കമുള്ള നിരവധി ഭീകരാക്രമണങ്ങള്‍ ഈ സംഘങ്ങള്‍ നടപ്പില്‍വരുത്തി.

റഷ്യയില്‍ ജനിച്ച മെനാഷിം ബെഗിന്‍ ആയിരുന്നു ഇര്‍ഗുനിന്റെ നേതാവ്. സ്റ്റേണ്‍ ഗ്യാങിന്റെയും മറ്റു ജൂത ഭീകരസംഘങ്ങളുടെയും കൂടെ ദേര്‍ യാസീനില്‍ നൂറുകണക്കിന് ഫലസ്തീനിയന്‍ സിവിലിയന്‍മാരെ കൂട്ടക്കൊല ചെയ്ത ഭീകരസംഘമാണ് ഇര്‍ഗുന്‍. ‘സൈനികരോട് പറയുക : നിങ്ങള്‍ നടത്തിയ ആക്രമണത്തിലൂടെയും പിടിച്ചടക്കലിലൂടെയും ഇസ്രായേലില്‍ നിങ്ങള്‍ ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ്. വിജയം വരേക്കും ഇത് തുടരുക. ദേര്‍ യാസിനില്‍ നടത്തിയത് പോലെ എല്ലായിടത്തും നടത്തുക. ശത്രുവിനെ നാം ആക്രമിക്കും. ദൈവമേ, നീയാണ് ഞങ്ങളെ പിടിച്ചടക്കലിന് തെരഞ്ഞെടുത്തത്.’ ബെഗിന്‍ അന്ന് എഴുതി. ‘മഹത്തായ പിടിച്ചടക്കല്‍’ എന്നാണ് കൂട്ടക്കൊലയെ അദ്ദേഹം വിശേഷിപ്പിച്ചത്. വാക്കും പ്രവര്‍ത്തിയും തമ്മിലുള്ള അഭേദ്യബന്ധം മാറ്റമില്ലാതെ തുടര്‍ന്നു.

ഏകദേശം 30 വര്‍ഷത്തിന് ശേഷം, ഒരിക്കല്‍ പിടികിട്ടാപുള്ളിയായ ഭീകരവാദിയായിരുന്ന ബെഗിന്‍ ഇസ്രായേല്‍ പ്രധാനമന്ത്രിയായി മാറി. പുതുതായി പിടിച്ചെടുത്ത വെസ്റ്റ്ബാങ്കിലെയും, കിഴക്കന്‍ ജറൂസലേമിലെയും ഭൂമി കവര്‍ച്ച അദ്ദേഹം വേഗത്തിലാക്കി. ലെബനാനെതിരെ യുദ്ധം നടത്തി, അധിനിവിഷ്ട ജറൂസലേം ഇസ്രായേലുമായി ചേര്‍ത്തു, 1982-ല്‍ സ്വബ്‌റയിലും, ശാത്തിലയിലും കൂട്ടക്കൊല നടത്തി.

രാഷ്ട്രീയക്കാരും സൈനിക മേധാവികളുമായി മാറിയ മറ്റു ചില ഭീകരവാദികളാണ് മോശെ ദയാന്‍, യിറ്റ്‌സാക് റാബിന്‍, ഏരിയല്‍ ഷാരോണ്‍, റാഫേല്‍ എയ്തന്‍, യിറ്റ്‌സാക് ഷാമിര്‍ എന്നിവര്‍. ചോരയില്‍ കുതിര്‍ന്ന ചരിത്രമാണ് ഇവരുടേത്.

യിറ്റ്‌സാക് ഷാമിര്‍ 1986 മുതല്‍ 1992 വരെ ഇസ്രായേല്‍ പ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ചു. സ്റ്റേണ്‍ ഗ്യാങില്‍ പ്രവര്‍ത്തിച്ചതിന്റെ പേരില്‍ ബ്രിട്ടിഷ് സര്‍ക്കാര്‍ ജയിലിലടച്ച വ്യക്തിയാണ് ഷാമിര്‍. പിന്നീട്, 1987-ലെ തികച്ചും സമാധാനപരമായ ഇന്‍തിഫാദ അതിക്രൂരമായി അടിച്ചമര്‍ത്താന്‍ പ്രധാനമന്ത്രിയായിരിക്കെ ഷാമിര്‍ ഉത്തരവിട്ടു. ഇസ്രായേല്‍ സൈന്യത്തിനെതിരെ കല്ലെറിഞ്ഞെന്നാരോപിച്ച് ചെറിയ കുട്ടികളുടെ മുട്ടുകാല്‍ തല്ലിയൊടിക്കാന്‍ അദ്ദേഹം പ്രത്യേകം നിര്‍ദ്ദേശം കൊടുക്കുകയും ചെയ്തിരുന്നു.

ഏരിയലിനെയും, ബെന്നറ്റിനെയും പോലെയുള്ള കാബിനറ്റ് മന്ത്രിമാര്‍ ഫലസ്തീനികള്‍ക്കെതിരെ ക്രൂരമായ ആക്രമണത്തിന് ആഹ്വാനം നടത്തുമ്പോള്‍, കഴിഞ്ഞകാലത്തെ ഓരോ ഇസ്രായേലി നേതാവിന്റെയും രക്തപങ്കിലമായ പൈതൃകത്തിന്റെ തുടര്‍ച്ച തന്നെയാണ് അവരും നടപ്പിലാക്കുന്നത്. ഈ ഹിംസാത്മക മനോഗതിയാണ് ഇസ്രായേലി സര്‍ക്കാറിനെയും, ഫലസ്തീനികളുമായുള്ള അവരുടെ ബന്ധത്തെയും നിയന്ത്രിച്ചു പോരുന്നത്.

അവലംബം :  middleeastmonitor
മൊഴിമാറ്റം : ഇര്‍ശാദ് കാളാചാല്‍

 

Facebook Comments
Related Articles
Show More

റംസി ബാറൂദ്‌

റംസി ബാറൂദ്, എക്‌സെറ്റര്‍ യൂണിവേഴ്‌സിറ്റിയില്‍ 'പീപ്പിള്‍സ് ഹിസ്റ്ററി' എന്ന വിഷയത്തില്‍ പി.എച്ച്.ഡി ചെയ്യുന്നു. 'മിഡിലീസ്റ്റ് ഐ' യില്‍ കണ്‍സള്‍ട്ടന്റ്. അന്താരാഷ്ട്ര തലത്തില്‍ അറിയപ്പെടുന്ന കോളമിസ്റ്റും, എഴുത്തുകാരനും, മീഡിയ കണ്‍സള്‍ട്ടന്റുമായ അദ്ദേഹം PalestineChronicle.com ന്റെ സ്ഥാപകന്‍ കൂടിയാണ്. My Father Was a Freedom Fighter: Gaza's Untold Story (Pluto Press, London) അദ്ദേഹത്തിന്റെ ഏറ്റവും പുതിയ പുസ്തമാണ്.

Close
Close