Middle EastPolitics

ശവം തിന്നു പട്ടിണിമാറ്റുന്ന സിറിയന്‍ ജീവിതങ്ങള്‍

പട്ടിണിയുടെ തീഷ്ണത മൂലം നോമ്പു തുറക്കാന്‍ വകയില്ലാത്തതിനാല്‍ മുപ്പത് നോമ്പുകള്‍ ഇടമുറിയാതെ അനുഷ്ഠിക്കുന്നതിനെ കുറിച്ച് പണ്ഡിതനോട് ഫതവ ചോദിച്ചത് ലോക മനസ്സാക്ഷിയെ അത്ഭുതപ്പെടുത്തിയ സംഭവമായിരുന്നു.. എന്നാല്‍ ആഭ്യന്തര സംഘര്‍ഷങ്ങളും വറുതിയും മാറാരോഗങ്ങളും ഉപരോധവും കൊണ്ട് പൊറുതിമുട്ടുന്ന സിറിയയിലെ മുഅ്ദമിയതുശ്ശാം എന്ന പ്രദേശം ആധുനിക ലോകത്തെ വലിയ ദുരന്തമായിത്തീര്‍ന്നിരിക്കുകയാണ്. ബലി പെരുന്നാളിന്റെ അനുഗ്രഹീത സുദിനങ്ങളില്‍ ലോകത്തെമ്പാടും ബലിമാംസം വ്യാപകമായി വിതരണം ചെയ്യപ്പെട്ടപ്പോള്‍ ഈ പ്രദേശത്തുകാര്‍ പണ്ഡിതന്മാരോട് ഫതവ ചോദിച്ചത് ജീവന്‍ നിലനിര്‍ത്താന്‍ പട്ടികളും പൂച്ചകളുമടങ്ങുന്ന ജന്തുക്കളുടെ മാംസം കഴിക്കുന്നതിനെ കുറിച്ചായിരുന്നു എന്നത് മനസ്സാക്ഷിയുള്ള ഏവരുടെയും കരളലയിപ്പിക്കുന്നതാണ്. നിര്‍ബന്ധിത സാഹചര്യത്തില്‍ അനുവദനീയമല്ലാത്ത ജന്തുക്കളുടെ മാംസവും ശവങ്ങളും വരെ ഭക്ഷിക്കാമെന്ന് പണ്ഡിതന്മാര്‍ക്ക് ഫതവ നല്‍കേണ്ടി വന്നു. സ്ത്രീകളും കുട്ടികളുമടങ്ങുന്ന ആബാലവൃദ്ധം ജനങ്ങളും വിശപ്പടക്കുന്നത് കരിയിലകള്‍ ഭക്ഷിച്ചുകൊണ്ടാണ്.

ബശ്ശാറുല്‍ അസദിന്റെ നരാധമന്മാരായ സേന ഉപരോധിച്ചിരിക്കുന്ന മുഅ്ദമിയതുശ്ശാമിലെ ജനങ്ങള്‍ മരണത്തിന്റെ ദുരിതക്കയത്തില്‍ നിന്നും ഞങ്ങളെ രക്ഷിക്കണമേ എന്നാവശ്യപ്പെട്ടുകൊണ്ട് ലോകത്തോട് കേഴുന്ന കാഴ്ചയാണ് നമുക്ക് കാണാനാകുന്നത്. ഭക്ഷണവും മരുന്നും വൈദ്യുതിയും ഇന്ധനവുമെല്ലാം വിലക്കപ്പെട്ട പ്രദേശത്തുകാര്‍ മരണത്തിന്റെ വിളിയാളം കാത്തിരിക്കുകയാണ്. ഒരു വര്‍ഷം മുമ്പ് സിറിയന്‍ വിമതരുടെ നിയന്ത്രണത്തിലകപ്പെട്ടതു മുതല്‍ സേഛ്വാധിപതിയായ ബശ്ശാറുല്‍ അസദ് ഈ പ്രദേശം ഉപരോധിച്ചിരിക്കുകയാണ്. എരിയുന്ന വയറിന്റെ തീയണക്കാന്‍ വല്ല ഭക്ഷണപ്പൊതിയും കാത്തിരിക്കുന്ന ജനങ്ങളിലേക്ക് സിറിയന്‍ സൈന്യം വൈറ്റ് ഫോസ്ഫറസും രാസായുധങ്ങളുമടങ്ങുന്ന മിസൈലുകളാണ് വിസര്‍ജിച്ചുകൊണ്ടിരിക്കുന്നത്. അനാഥകളായ കുഞ്ഞുങ്ങളും വിധവകളായ സ്ത്രീകളും അവശരായ വൃദ്ധരുമടങ്ങുന്ന പതിനായിരങ്ങളാണ് ജീവിതത്തിനും മരണത്തിനുമിടയില്‍ നിമിഷങ്ങള്‍ തള്ളിനീക്കിക്കൊണ്ടിരിക്കുന്നത്.

ഐക്യരാഷ്ട്ര സഭയടക്കമുള്ള അന്താരാഷ്ട്ര വേദികള്‍ ഇതിനെതിരെ പ്രസ്താവന യുദ്ദം നടത്തുകയല്ലാതെ ഗൗരവതരമായ ഇടപെടല്‍ ഇതു വരെ നടത്തിയിട്ടില്ല. തങ്ങളുടെ അന്ധമായ ശീഈ പക്ഷപാതിത്വം മൂലം സിറിയന്‍ സര്‍ക്കാറിന് സര്‍വവിധ പിന്തുണയും നല്‍കുന്ന ഇറാനും ലബനാനിലെ ഹിസ്ബുല്ലയും ബോധപൂര്‍വം ഇതിനെതിരെ കണ്ണടക്കുകയാണ്. മധ്യപൗരസ്ത്യദേശത്തെ രാഷ്ട്രങ്ങള്‍ മാറാവ്യാധികളായ അഭ്യന്തര പ്രശ്‌നങ്ങളില്‍ കുഴഞ്ഞുമറിഞ്ഞുകൊണ്ടിരിക്കുന്ന കാഴ്ചയാണ് മറുവശത്തുള്ളത്. രണ്ട് വര്‍ഷത്തോളമായി തുടരുന്ന സിറിയന്‍ പ്രതിസന്ധി ആധുനിക ലോകത്തിനു മുമ്പില്‍ വലിയ ചോദ്യഛിഹ്നമായി മാറിയിരിക്കുന്നു. ഇതിനകം ലക്ഷക്കണക്കിനു പേര്‍ കൊല്ലപ്പെട്ടു. ലോകത്തിന്റെ വ്യത്യസ്ത ഭാഗങ്ങളിലേക്ക് അഭയാര്‍ഥികളായി പോയവര്‍ സമാനമായ ദുരന്തങ്ങള്‍ക്ക് സാക്ഷികളായിക്കൊണ്ടിരിക്കുന്നു. മെഡിറ്റേറിയന്‍ കടലിടുക്കുകളിലൂടെ സുരക്ഷിതമല്ലാത്ത യാത്രമൂലം നിരവധിപേര്‍ മുങ്ങിത്താഴുന്നു..മിക്ക രാഷ്ട്രങ്ങളും അഭയാര്‍ഥികളെ തങ്ങളുടെ പ്രദേശത്തേക്ക് പ്രവേശിക്കാന്‍ അനുമതി നല്‍കുന്നുമില്ല. ഐക്യരാഷ്ട്ര സഭ ജനീവയില്‍ സിറിയന്‍ ഉച്ചകോടി വിളിച്ചുചേര്‍ത്തിരിക്കുകയാണ്. എന്നാല്‍ അന്താരാഷ്ട്ര നേതാക്കള്‍ ഉച്ചകോടിയില്‍ ഏമ്പക്കമിട്ടിരുന്നത് കൊണ്ട് ഒരു ഉച്ച ഭക്ഷണത്തിന്റെ പ്രയോജനമെങ്കിലും ഇവര്‍ക്ക് ലഭിക്കുന്നില്ലെങ്കില്‍ പിന്നെയെന്തിനാണ് ഈ നാടകങ്ങള്‍ എന്നാണ് സിറിയന്‍ ജനത ചോദിച്ചുകൊണ്ടിരിക്കുന്നത്!

Facebook Comments
Related Articles
Show More

അബ്ദുല്‍ ബാരി കടിയങ്ങാട്

കോഴിക്കോട് ജില്ലയിലെ കുറ്റിയാടിക്കടുത്ത കടിയങ്ങാട് ഗ്രാമത്തില്‍ 1984-ല്‍ ജനനം. ശാന്തപുരം അല്‍ജാമിഅ അല്‍ ഇസ്‌ലാമിയയില്‍ നിന്ന് ഉസൂലുദ്ദീനില്‍ ബിരുദവും ദഅ്‌വയില്‍ ബിരുദാനന്ത ബിരുദവും നേടി. കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് അറബിയില്‍ ബിരുദവും മാനാഞ്ചിറ ഗവണ്‍മെന്റ് കോളേജ് ഓഫ് ടീച്ചര്‍ എഡ്യൂക്കേഷനില്‍ നിന്ന് ബി എഡും കരസ്ഥമാക്കി. ഐ പി എച്ച് പ്രസിദ്ധീകരിച്ച ഇസ്‌ലാമിക വിദ്യാഭ്യാസ ചിന്തകള്‍ എന്ന പുസ്തകത്തിന്റെ എഡിറ്റര്‍ ആണ്.

Close
Close