AsiaPolitics

ലൗ ജിഹാദ് ; വിതച്ചത് കൊയ്യാനാകാതെ സംഘ്പരിവാര്‍

മീററ്റില്‍ ആഗസ്റ്റിലെ ആദ്യ ആഴ്ച്ചയില്‍ ഒരു യുവതിയുമായി ബന്ധപ്പെട്ട് നടന്നതായി പറയപ്പെടുന്ന കൂട്ടബലാല്‍സംഗവും അതിനോടനുബന്ധിച്ച് നടന്ന നിര്‍ബന്ധ മതപരിവര്‍ത്തനവും റിപ്പോര്‍ട്ട് ചെയ്യാനായി മുഖ്യധാരാ മാധ്യമങ്ങളൊക്കെ അവിടെയെത്തിയതിന് കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം മുസഫര്‍നഗറില്‍ നിന്നും എനിക്ക് ഒരു ഫോണ്‍ കോള്‍ വന്നു. വിളിച്ചത് വക്കീലും ഈയിടെ ബി.ജെ.പിയില്‍ ചേര്‍ന്ന ഒരു ജാട്ട് രാഷ്ട്രീയ പ്രവര്‍ത്തകനുമായ ഒരാളായിരുന്നു. വളരെയധികം രോഷാകുലനായിട്ടാണ് അയാള്‍ സംസാരിച്ചത്. മീററ്റിലെ സംഭവത്തിന് മാത്രമാണ് മുഖ്യധാരാ മാധ്യമങ്ങള്‍ പ്രധാന്യം കൊടുക്കുന്നതെന്നും ശംലി ജില്ലയിലെ താനാ ഭവാന്‍ പട്ടണത്തില്‍ ഒരു ഹിന്ദു യുവതിയെ തട്ടികൊണ്ടു പോയി മാനഭംഗപ്പെടുത്തിയതിന് ശേഷം മതപരിവര്‍ത്തനം നടത്തിയത് ഒരു മുഖ്യധാരാ മാധ്യമവും കാര്യമായെടുത്തില്ലെന്നുമാണ് വിളിച്ചയാളുടെ പരാതി.

ഒരു വര്‍ഷം മുമ്പ് ഇതേയാള്‍ തന്നെ മുസഫര്‍നഗറിലെ അപകടകരമായ വര്‍ഗീയ ധ്രുവീകരണത്തെ കുറിച്ച് സംസാരിക്കുന്നതിനിടയില്‍, നല്ലരീതിയില്‍ വസ്ത്രധാരണം ചെയ്ത മുസ്‌ലിം ചെറുപ്പക്കാര്‍ കൈകകളില്‍ ചുവന്ന ചരടുകള്‍കെട്ടി മോട്ടോര്‍ബൈക്കുകളില്‍ സ്‌കൂളുകള്‍ക്കും കൊളേജുകള്‍ക്കും സമീപം ചുറ്റിയടിച്ച് പെണ്‍കുട്ടികളെ ചൂഷണത്തിനായി വലയിലാക്കാന്‍ ശ്രമിക്കുന്നുണ്ടെന്ന് ചില ഹിന്ദു സംഘടനകള്‍ അയാളെ അറിയിച്ചതായി എന്നോട് പറഞ്ഞിരുന്നു. ഇക്കാര്യം എന്നോട് പറയുമ്പോഴും അയാള്‍ക്കത് പൂര്‍ണമായും ബോധ്യപ്പെടാത്തതായി എനിക്ക് തോന്നി. കേരളത്തിലും കര്‍ണാടകയിലും നടന്ന പോലെയുള്ള ‘ലൗ ജിഹാദ്’  ആണ് ഇതെന്ന് അവര്‍ നിങ്ങളോട് പറഞ്ഞോ എന്ന് ഞാനയാളോട് ചോദിച്ചു. അങ്ങനെയൊരു പ്രയോഗം ഇതുവരെ കേട്ടിട്ടില്ലെന്നും, പത്രത്തില്‍ വായിച്ചിട്ടില്ലെന്നുമായിരുന്നു അയാളുടെ മറുപടി.

കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് മുസഫര്‍നഗറിലെ ഒരു ബി.ജെ.പി അംഗത്തിന്റെ വീട്ടില്‍ വെച്ച് അദ്ദേഹത്തിന്റെ സുദീര്‍ഘമായ ‘സ്വയംസേവക’ ജീവിതത്തെ കുറിച്ച് ചോദിച്ചറിയുന്നതിനിടെ ‘ലൗ ജിഹാദ്’ എന്ന ഒരു സംഗതിയെ കുറിച്ച് അറിയുമോയെന്ന് ചോദിച്ചു. എന്റെ ആതിഥേയനും അദ്ദേഹത്തിന്റെ കൂട്ടുകാരനും എന്നോട് പറഞ്ഞത് ലൗ ജിഹാദ് എന്നത് ദയൂബന്ദില്‍ വെച്ച് നടന്ന ഒരു ഗൂഢാലോചനയിലൂടെ തുടക്കം കുറിച്ചതും മുസ്‌ലിം ചെറുപ്പക്കാരെ കൊണ്ട് ഹിന്ദു യുവതികളെ പ്രണയം നടിച്ച് വലയില്‍ വീഴ്ത്തിച്ചതിന് ശേഷം മതപരിവര്‍ത്തനം ചെയ്യിച്ച് മുസ്‌ലിം ജനസംഖ്യ കൂട്ടാനുള്ള ഒരു ആസൂത്രിതമായ ശ്രമമായിരുന്നു അതെന്നുമാണ്. അങ്ങനെ മുസ്‌ലിം ചെറുപ്പക്കാര്‍ ഹിന്ദു യുവതികളെ കല്ല്യാണം കഴിച്ച് മതം മാറ്റുകയും അങ്ങനെയവര്‍ ഗര്‍ഭം ധരിച്ച് പ്രസവിക്കുകയും ചെയ്യും തോറും, ഹിന്ദുക്കുട്ടികളെ പ്രസവിക്കുന്ന സ്ത്രീകളുടെ എണ്ണം കുറയുകയും ചെയ്യും.

അതുകൊണ്ട് അത്തരം കെണികളില്‍ ചെന്ന് വീഴുന്നതില്‍ നിന്നും ഹിന്ദു സ്ത്രീകളെ രക്ഷിക്കുവാന്‍ വേണ്ടി സംഘ്പരിവാര്‍ ഒരു ദൗത്യമേറ്റെടുത്തിരുന്നതായി അവര്‍ എന്നോട് പറഞ്ഞു. അവര്‍ ഒരു സംഭവം വളരെ ആനന്ദത്തോടെ എനിക്ക് വിവരിച്ചു തന്നു. ഒരിക്കല്‍ മുസഫര്‍നഗറിലെ ഒരു റെസ്റ്റോറന്റില്‍ ഇത്തരത്തില്‍ സ്‌നേഹത്തിലേര്‍പ്പെട്ടിരിക്കുകയായിരുന്ന രണ്ട് ഇണകളുടെ മേല്‍ സംഘ് പ്രവര്‍ത്തകര്‍ ചാടിവീഴുകയും ആ പരുഷന്റെ മുഖത്ത് കറുത്ത ചായം തേച്ച് തെരുവിലൂടെ നടത്തിക്കുകയും യുവതിയെ അവളുടെ വീട്ടില്‍ കൊണ്ടു വിടുകയും ചെയ്തു. അങ്ങനെയത് മുളയിലേ നുള്ളി കളഞ്ഞത്രെ. മറ്റൊരു സംഭവത്തില്‍ ഇത്തരത്തില്‍ വിവാഹം കഴിച്ച് അയക്കപ്പെട്ട വീട്ടില്‍ നിന്നും ഒരു യുവതിയെ പിടിച്ചിറക്കി കൊണ്ടുവന്ന് സ്വന്തം ഗൃഹത്തില്‍ തന്നെ എത്തിക്കുകയും സ്വസമുദായത്തില്‍ പെട്ട ഒരാളെ കൊണ്ട് വീണ്ടും കല്ല്യാണം കഴിപ്പിക്കുകയും ചെയ്തു.

നിയമത്തിന്റെ എല്ലാ പരിധികളും ലംഘിച്ച് കൊണ്ടുളള അവരുടെ പ്രവര്‍ത്തനങ്ങളൊന്നും തന്നെ യാതൊരു പ്രത്യാഘാതങ്ങളും സൃഷ്ടിച്ചില്ല. എല്ലാത്തിനുമുപരി, പശ്ചിമ ഉത്തര്‍പ്രദേശില്‍ താമസിക്കുന്ന ചെറുപ്പക്കാര്‍ തങ്ങളുടെ സമുദായത്തിന്റെ ചിട്ടവട്ടങ്ങള്‍ ലംഘിച്ച് സ്വന്തം ഇഷ്ടപ്രകാരം തീരുമാനങ്ങള്‍ എടുക്കുകയാണെങ്കില്‍ സ്വന്തം മാതാപിതാക്കളുടെ കൈകളാല്‍ തന്നെ കൊല്ലപ്പെടാറാണ് പതിവ്.മാതാപിതാക്കളുടെ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായി ഇഷ്ടപ്പെട്ട ഒരാളുടെ കൂടെ ജീവിക്കാന്‍ സ്വന്തം മകള്‍ തീരുമാനിച്ചാല്‍ തട്ടികൊണ്ടുപോകലിനും ബലാല്‍സംഗത്തിനും കേസ് കൊടുക്കുന്ന മാതാപിതാക്കള്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വര്‍ദ്ധിച്ച് വരികയാണ്. അവള്‍ക്ക് സുരക്ഷയേകേണ്ട നിയമത്തെ അവള്‍ക്കെതിരെ തന്നെ പ്രയോഗിക്കുകയാണിതിലൂടെ അവര്‍ ചെയ്യുന്നത്. ഒരു വ്യക്തിയെന്ന നിലയില്‍ ഭരണഘടന അവള്‍ക്ക് അനുവദിച്ചു കൊടുത്തിട്ടുള്ള അവകാശങ്ങളും, നിയമപരമായി ഒരാളുടെ കൂടെ ജീവിക്കുന്നതും, അയാളുമായി പൂര്‍ണ്ണസമ്മതത്തോടെ ലൈംഗിതബന്ധത്തിലേര്‍പ്പെടുന്നതും ക്രിമിനല്‍വല്‍ക്കരിക്കപ്പെടുകയാണ് ഇവിടെ യഥാര്‍തത്തില്‍ സംഭവിക്കുന്നത്. ഇത്തരത്തിലുള്ള സാമൂഹ്യാതിക്രമങ്ങളുടെ ഗണത്തില്‍ പെടുന്നതാണ് നേരത്തെ സൂചിപ്പിച്ച സംഘ്പരിവാറിന്റെ പ്രവര്‍ത്തനങ്ങള്‍.

ദയൂബന്ദില്‍ മുളച്ച് പൊന്തിയതെന്ന് പറയപ്പെടുന്ന ലൗജിഹാദ് ആണ് ഉത്തര്‍പ്രദേശില്‍ സംഘ്പരിവാര്‍ ഉയര്‍ത്തിപിടിച്ചിരിക്കുന്നത്. പക്ഷെ രണ്ടായിരമാണ്ടിന്റെ അവസാനത്തില്‍ വടക്കന്‍ കേരളത്തിലും കര്‍ണാടകയിലെ തീരദേശ മേഖലയിലുമാണ് ലൗജിഹാദ് വിഷയം വ്യാപകമായി കെട്ടിച്ചമക്കപ്പെട്ടതും പ്രചരിപ്പിക്കപ്പെട്ടതും. സംഘ്പരിവാറും അനുബന്ധ സംഘടനകളും ചേര്‍ന്ന് മിശ്രവിവാഹിതരായ ഇണകളെ പൊതുസ്ഥലങ്ങളില്‍ നിന്ന് പിടികൂടിയതിന് ശേഷം ബന്ധം വിച്ഛേദിക്കാന്‍ സമ്മര്‍ദം ചെലുത്തുകയും, ഇനിയൊരിക്കലും ഒന്നിക്കുകയില്ലെന്നും, തമ്മില്‍ കാണുകയോ സംസാരിക്കുകയോ ചെയ്യില്ലെന്ന് ദമ്പതികളെ കൊണ്ട് വെള്ളപേപ്പറില്‍ ഒപ്പിടിച്ച് വാങ്ങുകയും ചെയ്ത സംഭവങ്ങളുണ്ടായിട്ടുണ്ട്. വിദേശ ഫണ്ടുകളുടെ പിന്‍ബലത്തോടെയുള്ള മുസ്‌ലിംകളുടെ ഗൂഢാലോചനകളെ കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സംഘ്പരിവാര്‍ കൊടുത്ത പരാതികളൊക്കെ തന്നെ തെളിവുകളുടെ അഭാവം കാരണം തള്ളിപോകുകയാണുണ്ടായത്. ഹിന്ദു യുവതികളെ വലയില്‍ വീഴ്ത്താനുള്ള ഒരു ഗൂഢാലോചനയും നടന്നിട്ടില്ലെന്ന കര്‍ണാടക പോലിസിന്റെ റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നു. അതേസമയം ഹിന്ദു സ്ത്രീകള്‍ സ്വന്തം ഇഷ്ടപ്രകാരമാണ് മുസ്‌ലിംകളുമായി വിവാഹബന്ധത്തിലേര്‍പ്പെടുന്നതും മതം മാറുന്നതുമെന്നായിരുന്നു പോലിസിന്റെ റിപ്പോര്‍ട്ട്.

സ്വന്തം ഇഷ്ടപ്രകാരമാണ് ഹിന്ദു സ്ത്രീകള്‍ മുസ്‌ലിംകളെ വിവാഹം ചെയ്യുന്നത് എന്ന വാര്‍ത്ത ഉത്തര്‍പ്രദേശിലെ ലൗജിഹാദ് പ്രചാരകര്‍ക്ക് വിലങ്ങുതടിയായി മാറി. അപ്പോള്‍ അവര്‍ മറ്റൊരു വേലയിറക്കി കളിച്ചു. നല്ല ഹിന്ദു സ്ത്രീകള്‍ ഒരിക്കലും മുസ്‌ലിംകളെ വിവാഹം ചെയ്യുകയില്ലെന്ന് അവര്‍ പറയാന്‍ തുടങ്ങി. അതേസമയം മുസ്‌ലിംകള്‍ ഹിന്ദുക്കളായി വേഷം കെട്ടി കൊണ്ട് ഹിന്ദു സ്ത്രീകളെ വലയില്‍ വീഴ്ത്തുന്നതായ വാര്‍ത്തകള്‍ ഞാന്‍ ആദ്യം കേള്‍ക്കുന്നത് കഴിഞ്ഞ വര്‍ഷമാണ്.

ഉത്തര്‍പ്രദേശില്‍ ലൗജിഹാദിന് ഇതുവരെ രാഷ്ട്രീയമായ ശക്തി കൈവരിക്കാന്‍ സാധിച്ചിട്ടില്ല. കാരണം യുവതികളൊക്കെ തന്നെ സ്വന്തം ഇഷ്ടപ്രകാരമാണ് ഇണകളെ തെരഞ്ഞെടുക്കുന്നത്. ജാതിയുടേയും മതത്തിന്റെയും വേലികെട്ടുകള്‍ പൊട്ടിച്ചെറിഞ്ഞു കൊണ്ടാണ് അവര്‍ അപരിചിതരുമായി ‘പ്രണയ വിവാഹ’ ത്തില്‍ ഏര്‍പ്പെടുന്നത്. അതേസമയം ഇത്തരത്തിലുള്ള ബന്ധങ്ങളില്‍ ചിലതൊക്കെ സമൂഹത്തിന്റെ സമ്മര്‍ദം കാരണമായും, സംഘ്പരിവാര്‍ ഉപജാപത്തിന്റെ ഫലമായും പരാജയപ്പെടാറുണ്ട്. എന്നാല്‍ കൂടുതല്‍ പേരും അതിജീവിക്കാറാണ് പതിവ്. ഇവരൊക്കെ തന്നെ ഒരു വന്‍ ഗൂഢാലോചനയുടെ ബാക്കിപത്രങ്ങളാണെന്ന തരത്തില്‍ രാഷ്ട്രീയ സ്‌ഫോടനങ്ങള്‍ ഉണ്ടാക്കാനുള്ള ശ്രമങ്ങള്‍ വിജയം കണ്ടില്ല. അതില്‍ നിന്നും പാഠമുള്‍ക്കൊണ്ടിട്ടാകണം ജനങ്ങളുടെ ശ്രദ്ധ പിടിച്ചെടുക്കാന്‍ സാധിക്കാത്ത ലൗജിഹാദ് എന്ന പദത്തിന് പകരം വേറെ ഒരെണ്ണവുമായി അവര്‍ അവതരിച്ചത്. മുസഫര്‍നഗര്‍ കലാപത്തിനും അതിനെ തുടര്‍ന്ന് വന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിനും ശേഷം ‘ബാഹു ബേട്ടി ബച്ചാവോ ആന്തോളന്‍’ (പെണ്‍മക്കളേയും മരുമക്കളേയും സംരക്ഷിക്കുന്ന പ്രസ്ഥാനം) എന്ന പ്രസ്ഥാനവുമായി ഇറങ്ങിയിരിക്കുകയാണ് അവരിപ്പോള്‍. ഹിന്ദു സ്ത്രീകളെ മുസ്‌ലിം ചെറുപ്പക്കാര്‍ ലൈംഗികമായി ആക്രമിക്കുന്നു എന്നാണ് ഈ പ്രസ്ഥാനത്തിന്റെ മുഖ്യവാദം. ദേശീയ തലത്തില്‍ ഗുജറാത്ത് മോഡലിനേയും നരേന്ദ്ര മോദിയേയും ഉയര്‍ത്തി പിടിച്ചാണ് ബി.ജെ.പി ഇലക്ഷന്‍ പ്രചാരണം നടത്തിയത്. എന്നാല്‍ ഗ്രാമ പ്രദേശങ്ങളില്‍ വര്‍ഗീയ ധ്രുവീകരണമുണ്ടാക്കുന്ന രീതിയിലുള്ള പ്രചാരണ പ്രവര്‍ത്തനങ്ങളിലാണ് അമിത്ഷായും സംഘവും ഏര്‍പ്പെട്ടത്. ‘നമ്മുടെ സ്ത്രീകളുടെ മാനം കവരുന്നവരാണ് മുസ്‌ലിംകള്‍’ എന്ന തരത്തിലായിരുന്നു അമിത്ഷായുടെ സംസാരങ്ങള്‍. ‘നമ്മുടെ പെണ്‍കുട്ടികളുടേയും മരുമക്കളുടേയും മാനം സംരക്ഷിക്കുന്നതിന് വേണ്ടിയാണ് ഈ തെരഞ്ഞെടുപ്പ്’ എന്നായിരുന്നു സഞ്ചീവ് ബാലിയയുടെ ഇലക്ഷന്‍ മുദ്രാവാക്യം. പ്രണയിക്കുന്നവരെ കുറിച്ചുള്ള സംസാരമല്ല പിന്നീട് കേട്ടത്, പകരം നിര്‍ബന്ധമായും പ്രതികാരം ചെയ്യേണ്ട ലൈംഗിക കുറ്റകൃത്യങ്ങളാണ് അവിടങ്ങളില്‍ നടക്കുന്നത് എന്ന രീതിയിലാണ് കാര്യങ്ങള്‍ പ്രചരിക്കപ്പെട്ടത്.

തെരഞ്ഞെടുപ്പിന് ശേഷം ദേശീയ മാധ്യമങ്ങളില്‍ തട്ടികൊണ്ടു പോകലും, കൂട്ടബലാല്‍സംഗവും നിര്‍ബന്ധ മതപരിവര്‍ത്തനവും നിറഞ്ഞു നിന്നു. ഇതിനൊക്കെയെതിരെ ഒരു ഹിന്ദു സംഘടനയുടെ പ്രതിഷേധ പരിപാടികളെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ നിരന്തരം പ്രത്യക്ഷപ്പെട്ടു. മുന്‍ വര്‍ഷങ്ങളില്‍ ലൗജിഹാദ് എന്ന ഒരു പദം ഒരിക്കലും ഉപയോഗിക്കാത്ത ഹിന്ദി പത്രങ്ങളൊക്കെ തന്നെ ഇപ്പോള്‍ ആ പദം ആഘോഷിക്കാന്‍ തുടങ്ങിയിട്ടുണ്ട്. മീററ്റില്‍ നടന്നതായി പറയപ്പെടുന്ന കൂട്ടമാനഭംഗവും, മതപരിവര്‍ത്തവും, അതുപോലെ മറ്റു ചില കേസുകളും മാധ്യമങ്ങള്‍ ആഘോഷിച്ചെങ്കിലും അവയ്‌ക്കൊന്നും തന്നെ തീ ആളിക്കത്തിക്കാന്‍ സാധിച്ചില്ല. കാരണം അത്തരം സംഭവങ്ങളൊക്കെ തന്നെ ഇണകളുടെ പരസ്പര സമ്മതത്തോടെ നടന്ന ഒരുമിച്ചു ചേരലായിരുന്നു. താനാ ഭവനില്‍ നടന്നതായി നേരത്തെ മുസഫര്‍നഗറില്‍ നിന്നുള്ളയാള്‍ ഫോണില്‍ വിളിച്ച് സൂചിപ്പിച്ച സംഭവം ആഗസ്റ്റ് പകുതിയോടെ തന്നെ വ്യാജമാണെന്ന് തെളിഞ്ഞ് കെട്ടടങ്ങുകയാണുണ്ടായത്. ആ സംഭവത്തിലെ യുവതി പിന്നീട് താന്‍ സ്വന്തം ഇഷ്ടപ്രകാരമാണ് കാമുകനോടൊപ്പം വീട് വിട്ടിറങ്ങി പോയതെന്ന് അധികാരികളെ ബോധിപ്പിക്കുകയും തനിക്ക് ഹൈകോടതിയുടെ സംരക്ഷണം വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

എന്നിട്ടും ലൗജിഹാദ് എന്ന വിഷയത്തില്‍ തന്നെയാണ് ബി.ജെ.പി ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. കഴിഞ്ഞാഴ്ച്ച ഉത്തര്‍പ്രദേശില്‍ നടന്ന ബി.ജെ.പിയുടെ സംസ്ഥാന എക്‌സിക്യൂട്ടിവ് യോഗത്തില്‍ നിന്നും ലഭിച്ച വിവരങ്ങള്‍ അതിലേക്കാണ് വിരല്‍ചൂണ്ടുന്നത്. സംസ്ഥാനത്ത് നടക്കുന്ന 99 ശതമാനം ബലാല്‍സംഗ കേസുകളിലേയും പ്രതികള്‍ മുസ്‌ലിംകളാണെന്ന പച്ചകള്ളം യു.പിയിലെ ബി.ജെ.പി പ്രസിഡന്റ് ലക്ഷമീകാന്ദ് ബജ്പാല്‍ ആവര്‍ത്തിച്ചു. സംസ്ഥാന സര്‍ക്കാര്‍ ‘ലൗജിഹാദികളെ’ സംരക്ഷിക്കുന്ന നിലപാടാണ് എടുക്കുന്നതെന്ന് അയാള്‍ ആരോപിക്കുകയുണ്ടായി. എന്നാല്‍ സംസ്ഥാന ഘടകത്തിലെ ഔദ്യോഗിക രാഷ്ട്രീയ വക്താക്കള്‍ ലൗജിഹാദ് എന്ന പദം പരമാവധി ഒഴിവാക്കി കൊണ്ടുള്ള വര്‍ത്തമാനങ്ങളാണ് പറയുന്നത്. ഒരു പ്രത്യേക വിഭാഗത്തില്‍ പെടുന്ന ചിലര്‍ മറ്റു വിഭാഗത്തിലെ സ്ത്രീകള്‍ക്കു നേരെ മാനഭംഗം പോലെയുള്ള കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നത് എല്ലാവരുടേയും പരിഗണനക്ക് വരേണ്ടതാണ് എന്നിങ്ങനെയുള്ള പ്രസ്താവനകള്‍ അവര്‍ ഇറക്കുന്നുണ്ട്. ലൗജിഹാദ്, ബാഹു ബേട്ടി ബച്ചാവോ തുടങ്ങിയവ കേവലം ചില സാങ്കേതിക പദങ്ങള്‍ മാത്രമാണ്. ഹിന്ദു സ്ത്രീകളെ ഹിന്ദു പുരുഷന്‍മാര്‍ക്ക് മാത്രം അനുഭവിക്കാനുള്ളതാണ് എന്നതാണ് ബി.ജെ.പിയുടെ കാഴ്ച്ചപാട്. പക്ഷെ തങ്ങളുടെ ഹിന്ദു സ്ത്രീകള്‍ യഥാര്‍തത്തില്‍ എന്താണ് ആഗ്രഹിക്കുന്നതെന്ന് അവര്‍ ഗൗനിക്കുന്നേയില്ല.

വിവ : ഇര്‍ഷാദ് കാളാച്ചാല്‍

Facebook Comments
Related Articles
Show More
Close
Close