ഒക്ടോബര്‍ മാസം ആരംഭിച്ചത് മുതല്‍ക്ക്, ഏകദേശം 61 ഫലസ്തീനികളെ ഇസ്രായേല്‍ അധിനിവേശ സൈന്യം കൊല്ലപ്പെടുത്തി (ഞാനിത് എഴുതുന്ന സമയത്തും മരണനിരക്ക് ഉയരുന്നുണ്ട്), പത്ത് ഇസ്രായേലികളെ (സൈനികരെയാണ് പതിവ്) ഫലസ്തീനികളും കൊലപ്പെടുത്തി. സാധാരണ നിലക്ക്, മൂര്‍ച്ചയേറിയ കത്തി കൊണ്ടാണ് ഫലസ്തീന് യുവാക്കള്‍ ഇസ്രായേലികള്‍ക്കെതിരെ ആക്രമണം നടത്താറ്.
ഈ സമയത്തൊക്കെയും, മസ്ജിദുല്‍ അഖ്സയുടെ പേര് പറഞ്ഞ് ജൂതന്മാരെ ആക്രമിക്കാന്‍ പ്രേരണ നല്കുന്ന ബുദ്ധിയില്ലാത്ത ഫലസ്തീനികളാണ് മസ്ജിദുല്‍ അഖ്സ അങ്കണത്തില്‍ വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്ന സംഘാര്ഷവസ്ഥക്ക് കാരണമെന്ന് ഇസ്രായേലികള്‍ വാദിച്ചു. അതുപോലെ ഇസ്രായേല്‍ നടത്തുന്ന കൈയ്യേറ്റങ്ങളെ കുറിച്ചുള്ള സംസാരങ്ങളെല്ലാം തന്നെ കേവലം ഹമാസിന്റെയും ഫതഹിന്റെയും പ്രോപഗണ്ടയാണെന്നാണ് ഇസ്രായേലിന്റെ പ്രചാരണം.
പക്ഷെ യാഥാര്‍ത്ഥ്യം വളരെ വ്യത്യസ്തമായ ഒന്നാണ്.
ഇസ്രായേലി ജൂത കുടിയേറ്റക്കാരുടെ ഒരു സംഘം മസ്ജിദുല്‍ അഖ്സ പൊളിക്കാന്‍ പരസ്യമായി ആഹ്വാനം ചെയ്യുകയും, മസ്ജിദിന്റെ സ്ഥാനത്ത് ‘തേര്‍ഡ് ടെംപ്ള്‍’ നിര്‍മിക്കുന്നതിനുള്ള വിശദമായ പദ്ധതികള്‍ തയ്യാറാക്കുകയും ചെയ്തിട്ടുണ്ട്. പരമ്പരാഗത ഓര്‍ത്തഡോക്സ് ജൂത മതതത്വശാസ്ത്രം ‘ടെംപ്ള്‍ മൗണ്ടിനെ’ (അല്‍ഹറം അശ്ശരീഫ്) ‘പരിശുദ്ധമായതില്‍ വെച്ചേറ്റവും പരിശുദ്ധമായത്’ ആയിട്ടാണ് കണക്കാക്കുന്നത്. ബൈബിള്‍ കഥകളാണ് ഇതിന്റെ അടിസ്ഥാനം. ടെംപ്ള്‍ മൗണ്ടിലേക്ക് പ്രവേശിക്കുന്നത് ജൂതന്മാരെ സംബന്ധിച്ചിടത്തോളം വളരെയധികം പുണ്യകരമായ കാര്യമാണ്. ജൂത മതസ്വാതന്ത്ര്യവുമായി യാതൊരു ബന്ധവുമില്ലാത്ത പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. എല്ലാം ഫലസ്തീന് വിരുദ്ധവും ഇസ്ലാം വിരുദ്ധവുമാണെന്ന് കാണാന്‍ സാധിക്കും. മുഴുവന്‍ ഫലസ്തീനികളെയും അവരുടെ സ്വന്തം മാതൃഭൂമിയില്‍ നിന്നും എന്നെന്നേക്കുമായി തുടച്ച് നീക്കാനുള്ള ഇസ്രായേലിന്റെ ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള പദ്ധതിയുടെ ഒരു ഭാഗം മാത്രമാണിത്.
ഉദാഹരണത്തിന്, ‘ടെംപ്ള്‍ ആക്റ്റിവസ്റ്റ്’ മൂവ്മെന്റിന്റെ മുഖ്യനേതാവാണ് അമേരിക്കയില്‍ നിന്നും കുടിയേറിയ യഹൂദ ഗ്ലിക്ക്. മറ്റു കുടിയേറ്റക്കാരെ മസ്ജിദുല്‍ അഖ്സയുടെ അങ്കണത്തിലേക്ക് കൊണ്ടുവരാനും, മസ്ജിദ് തകര്‍ത്ത് ടെംപ്ള്‍ നിര്‍മിച്ചാല്‍ പ്രദേശത്തിന്റെ അവസ്ഥ ഇങ്ങനെയായിരിക്കുമെന്ന് കാണിച്ചു കൊടുക്കാനും വളരെയധികം ഇഷ്ടപ്പെടുന്ന ഒരാളാണ് ഗ്ലിക്ക്. 1967 മുതല്‍ക്ക് ഇസ്രായേല്‍ അടിച്ചേല്‍പ്പിച്ച ‘നിലവിലെ അവസ്ഥ’ക്ക് കീഴില്‍ ഈ പ്രവൃത്തി നിയമവിധേയമാണ്. ഫലസ്തീനികള്‍ എന്തു കൊണ്ട് രോഷാകുലരാകുന്നു എന്ന് നമുക്കിപ്പോള്‍ മനസ്സിലാക്കാന്‍ കഴിയും.
7-ാം നൂറ്റാണ്ടില്‍ നിര്‍മിക്കപ്പെട്ട ഫല്സതീനികളുടെ പ്രമുഖ ആരാധനാലയങ്ങളില്‍ ഒന്നായ അല്‍ഖലീലിലെ ഇബ്രാഹീമി മസ്ജിദിന്റെ ഒരുഭാഗം മുഴുവന്‍ ജൂതന്മാര്ക്ക് ആരാധന നടത്താന്‍ വേണ്ടി ഇസ്രായേല്‍ സൈന്യം കൈയ്യേറിയിരിക്കുകയാണ്. 1967-ല്‍ അല്‍ഖലീല്‍ (ഹെബ്രോണ്‍) അധിനിവേശത്തിലൂടെ പിടിച്ചെടുത്തതിന് ശേഷം പടിപടിയായാണ് ഇബ്രാഹീമി മസ്ജിദ് ഇസ്രായേല്‍ സൈന്യം കൈയ്യേറിയത്. പക്ഷെ 1990-കളുടെ പകുതിയില്‍ മാത്രമാണ് മസ്ജിദിന്റെ ഒരു ഭാഗം മുഴുവനായി പിടിച്ചെടുത്ത് ജൂത ആരാധനാലയമാക്കി മാറ്റാന്‍ ഇസ്രായേല്‍ സര്‍ക്കാറിന് കഴിഞ്ഞത്. ജറൂസലേമിലും ഇതുതന്നെയാണ് ഇസ്രായേല്‍ സര്‍ക്കാര്‍ ചെയ്തുകൊണ്ടിരിക്കുന്നതെന്ന് മനസ്സിലാക്കാന്‍ വലിയ പ്രയാസമില്ല.
ചരിത്രത്തില്‍ ആദ്യമായി മസ്ജിദുല്‍ അഖ്സ അങ്കണത്തില്‍ ജൂതന്മാര്ക്ക് ആരാധന നിര്‍വഹിക്കാന്‍ അനുവാദം നല്കുന്ന ബില്ലുമായി നെതന്യാഹുവിന്റെ വലതു പക്ഷ ലികുഡ് പാര്‍ട്ടിയും, ഇടത് പക്ഷമായ ലേബര്‍ പാര്‍ട്ടിയും കഴിഞ്ഞ വര്‍ഷമാണ് ആദ്യമായി മുന്നോട്ട് വന്നത്. കാരണം, ഇസ്രായേല്‍ സര്‍ക്കാറിന്റെ ഫലസ്തീന് വിരുദ്ധ നീക്കങ്ങള്‍ക്കെതിരെയുള്ള ജനകീയ ഫലസ്തീന് പ്രതിഷേധം എല്ലായ്പ്പോഴും സംഗമിച്ചിരുന്നത് ജറൂസലേമിലെ മതകേന്ദ്രങ്ങളിലാണ്. ഇതേ ഫലസ്തീന് ജനകീയ പ്രതിഷേധ മുന്നേറ്റത്തിന്റെ അറിയപ്പെടുന്ന നേതാവാണ് റാഇദ് സലാഹ്.
ഈ ഒറ്റകാരണം കൊണ്ടു തന്നെയാണ്, റാഇദ് സലാഹിനെ ഈ ആഴ്ച്ച തുറങ്കിലടക്കാന്‍ ഇസ്രായേല്‍ അധികൃതര്‍ തീരുമാനിച്ചത്. ‘അക്രമത്തിന് പ്രേരിപ്പിച്ചു’ എന്നതാണ് അദ്ദേഹത്തിന്റെ മേല്‍ ചാര്‍ത്തിയിരിക്കുന്ന കുറ്റം. 2007-ല്‍ ജറൂസലേം പുരാതന നഗരത്തിന് പുറത്ത് നഗരത്തിലെ ഇസ്രായേല്‍ അതിക്രമങ്ങള്‍ക്കെതിരെ പ്രതിഷേധിച്ചു കൊണ്ട് ഒത്തുകൂടിയവര്‍ക്ക് മുന്നില്‍ അദ്ദേഹം നടത്തിയ പ്രസംഗമാണ് കേസിനാസ്പദമായ സംഭവം.
ഇതേ പ്രഭാഷണമാണ് വര്‍ഷങ്ങളോളം സലാഹിനെ വേട്ടയാടാന്‍ ഇസ്രായേല്‍ അധികൃതര്‍ ഉപയോഗിച്ചത്. ഈ പ്രഭാഷണം ദുര്‍വ്യാഖ്യാനം ചെയ്തു കൊണ്ട് 2011-ല്‍ ബ്രിട്ടന് സന്ദര്‍ശിക്കാന്‍ എത്തിയ സലാഹിനെ അറസ്റ്റ് ചെയ്ത് ജയിലിലടക്കാന്‍ ബ്രിട്ടീഷ് അധികൃതരുടെ മേല്‍ ഇസ്രായേല്‍ സമ്മര്‍ദ്ദം ചെലുത്തുകയുണ്ടായി. പക്ഷെ കോടതികള്‍ സലാഹ് കുറ്റക്കാരനല്ലെന്ന് വിധിച്ചു. ശത്രുക്കളെ നശിപ്പിക്കാന്‍ ഇസ്രായേല്‍ ഏതറ്റം വരെ പോകും എന്നതിലേക്കുള്ള ഒരു സൂചന മാത്രമായിരുന്നു അത്.
ഒരു തരത്തിലുള്ള അക്രമ പ്രവര്‍ത്തനത്തിനും സലാഹ് നേതൃത്വം നല്‍കിയിട്ടില്ല. അതുകൊണ്ടാണ് അദ്ദേഹത്തിനെതിരെ അത്തരത്തില്‍ ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്ന എല്ലാവിധ ദുഷിച്ച വഴികളും ഇസ്രായേല്‍ തേടുന്നത്. അദ്ദേഹത്തെ ലക്ഷ്യമിട്ടു കൊണ്ടുള്ള വധശ്രമങ്ങളിലാണ് ഇപ്പോള്‍ കാര്യങ്ങള്‍ എത്തി നില്‍ക്കുന്നത്.
ഗസ്സക്ക് മേല്‍ ഇസ്രായേല്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ഉപരോധം തകര്‍ക്കുന്ന എന്ന ലക്ഷ്യം മുന്‍നിര്‍ത്തി, 2010-ല്‍ മനുഷ്യാവകാശ പ്രവര്‍ത്തരെയും, ആവശ്യസാധനങ്ങളും വഹിച്ച് കൊണ്ട് ഗസ്സയുടെ സമുദ്രാത്തിര്‍ത്തിയില്‍ എത്തിയ തുര്‍ക്കിഷ് കപ്പലിനെതിരെ ഇസ്രായേല്‍ സൈന്യം അഴിച്ചു വിട്ട ആക്രമത്തില്‍ പത്ത് തുര്‍ക്കിഷ് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടിരുന്നു. കൊല്ലപ്പെട്ടവരില്‍ ഒരാളായ ഇബ്രാഹീം ബില്ജെന്, റാഇദ് സലാഹുമായി വളരെയധികം രൂപസാദൃശ്യമുള്ള ആളായിരുന്നു. ഇസ്രായേല്‍ സൈന്യം ഇബ്രാഹീം ബില്ജെനെ പ്രത്യേകമായി ലക്ഷ്യംമിട്ട് ആക്രമിച്ച കാര്യം ദൃക്സാക്ഷികള്‍ പങ്കുവെച്ചിരുന്നു. സലാഹാണെന്ന് കരുതിയായിരിക്കാം സൈന്യം ഇബ്രാഹീം ബിന്ജെനെ നിഷ്ഠൂരമായി വധിച്ചത്.
2010-ല്‍, ഇസ്രായേല്‍ രഹസ്യ പോലിസായ ഷിന് ബേത്ത്, സലാഹിനെ വധിക്കുന്നതിന് പ്രശസ്ത ജൂതതീവ്രവാദി ശായിം പിയേള്മാനുമായി ചര്‍ച്ച നടത്തുന്നതിന്റെ രഹസ്യവീഡിയോ ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു.
കഴിഞ്ഞ വര്‍ഷം, റാഇദ് സലാഹിന്റെ ഇസ്ലാമിക പ്രസ്ഥാനത്തെ നിരോധിക്കാനുള്ള നീക്കം നെതന്യാഹു നടത്തുകയുണ്ടായി. കച്ച് എന്ന ജൂത തീവ്രവാദ സംഘടനയോടാണ് നെതന്യാഹു ഇസ്ലാമിക പ്രസ്ഥാനത്തെ ഉപമിച്ചത്. ഇബ്രാഹീമി മസ്ജിദില്‍ നമസ്കരിക്കാന്‍ എത്തിയ 29 ഫലസ്തീനികളെ കച്ചിന്റെ അംഗങ്ങളില്‍ ഒരാള്‍ വധിച്ചതിനെ തുടര്‍ന്നാണ് 1994-ല്‍ കച്ച് നിരോധിക്കപ്പെട്ടത്. റാഇദ് സലാഹിന്റെ ഇസ്ലാമിക് മൂവ്മെന്റാവട്ടെ ശുദ്ധമായ അക്രമരഹിത അഹിംസാ രാഷ്ട്രീയത്തില്‍ വിശ്വസിക്കുന്നവരാണെന്നതാണ് വസ്തുത.
റാഇദ് സലാഹിന്റെ 11 മാസത്തെ ജയില്‍ ശിക്ഷ ഈ മാസം തുടങ്ങാനിരിക്കുകയാണെങ്കിലും, അദ്ദേഹത്തിനെതിരെയുള്ള കാമ്പയിന് തുടര്‍ന്നു കൊണ്ടിരിക്കും. അതുപോലെ ഇസ്രായേല്‍ അധിനിവേശം തുടരുന്ന കാലത്തോളം ഫലസ്തീനിയന്‍ ചെറുത്ത് നില്‍പ്പും തുടര്‍ന്നു കൊണ്ടിരിക്കും.
വിവ: ഇര്‍ഷാദ് കാളാച്ചാല്‍
റാഇദ് സലാഹിനെ തുറങ്കിലടക്കാനുള്ള ഇസ്രായേല്‍ തന്ത്രം