രണ്ട് ദിവസം മുമ്പ് പടിഞ്ഞാറന്‍ ജറൂസലേമിലെ തീവ്ര-യാഥാസ്ഥിക ജൂതന്മാര് താമസിക്കുന്ന ഹാര് നോഫ് പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ബനെയ് തോറാ ജൂതദേവാലയത്തില്‍ ആരാധന നിര്‍വഹിക്കാന്‍ എത്തിയവരെ ഫലസ്തീനികളായ ഗസ്സാന്‍, അദിയ്യ് അബൂ ജമാല്‍ എന്നിവര്‍ ചേര്‍ന്ന് ആക്രമിക്കുകയുണ്ടായി. ഇറച്ചി വെട്ടുന്ന കത്തികളും, ഒരു തോക്കുമായിരുന്നു അവരുടെ കൈവശമുണ്ടായിരുന്നത്. മൊത്തം അഞ്ച് പേരെയാണ് ആ രണ്ടു പേര് ചേര്‍ന്ന് കൊലപ്പെടുത്തിയത്. അമേരിക്കന്‍ പൗരന്മാരായ മൂന്ന് റബ്ബികള്‍, ബ്രിട്ടന്റെ ഇരട്ട പൗരത്വമുള്ള ഒരു റബ്ബി, ഒരു പോലിസ് ഉദ്യോഗസ്ഥന് എന്നിവരാണ് കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ ഹമാസ് സന്തോഷം പ്രകടിപ്പിക്കുകയും ഗസ്സയില്‍ ആഘോഷ പരിപാടികള്‍ അരങ്ങേറുകയും ചെയ്തു.
കഴിഞ്ഞ ജൂലൈയില്‍ ഫലസ്തീന് ബാലന് മുഹമ്മദ് അബൂ ഖദീറിനെ ജൂത കുടിയേറ്റക്കാര്‍ ജീവനോടെ തീകൊളുത്തി കൊലപ്പെടുത്തിയതും, ഞായറാഴ്ച്ച യൂസുഫ് ഹസന് അല്റമൂനിയെന്ന ബസ് ഡ്രൈവറെ ജൂതന്മാര് സംഘം ചേര്‍ന്ന് കെട്ടിതൂക്കി കൊന്നതും സംഘര്‍ഷങ്ങള്‍ വര്‍ധിപ്പിച്ച് കൊണ്ടിരിക്കുകയാണ്. ജൂലായ് മാസത്തിന് ശേഷവും, ജൂതദേവാലയത്തിലുണ്ടായ ആക്രമണത്തിന് മുമ്പും അഞ്ച് ഇസ്രായേലികളും, ഒരു വിദേശിയും കൊല്ലപ്പെടുകയുണ്ടായി. ഇവരൊക്കെ തന്നെ കാര്‍ ഇടിച്ചും, കത്തി കൊണ്ടുള്ള കുത്തേറ്റുമാണ് ഇഹലോകവാസം വെടിഞ്ഞത്.
ജൂതദേവാലയത്തിലുണ്ടായ കൊലപാതകം ഇസ്രായേലികളെ പരിഭ്രാന്തരാക്കിയിട്ടുണ്ട്. കാരണം പടിഞ്ഞാറന്‍ ജറൂസലേം ജൂതന്മാരെ സംബന്ധിച്ചിടത്തോളം അവര്‍ ഏറ്റവും സുരക്ഷിതമെന്ന് കരുതുന്ന പ്രദേശമാണ്. കഴിഞ്ഞ മാസങ്ങളിലുടനീളം ഹറം അശ്ശരീഫിലെ മസ്ജിദുല്‍ അഖ്സയില്‍ പ്രാര്‍ത്ഥന നിര്‍വഹിക്കാനെത്തുന്ന മുസ്ലിംകളെ പ്രകോപിപ്പിക്കുന്ന തരത്തിലുള്ള അക്രമപ്രവര്ത്തനങ്ങളിലായിരുന്നു ജൂതന്മാര് ഏര്‍പ്പെട്ടു കൊണ്ടിരുന്നത്. അവരുടെ വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്ക് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ പ്രോത്സാഹനവും, ഇസ്രായേല്‍ പോലിസിന്റെ സംരക്ഷണവും ഉണ്ടായിരുന്നു.
അപ്പോഴും അറബ് രാഷ്ട്ര തലവന്മാരും അവരുടെ സൈന്യവും കൈയ്യും കെട്ടി എല്ലാം നോക്കി നില്‍പ്പുണ്ടായിരുന്നു. സിറിയയിലെ കുര്‍ദിഷ് പട്ടണമായ കൊബാനി ഇസ്ലാമിക് സ്റ്റേറ്റിന്റെ അധീനതയില്‍ വരാതെ എങ്ങനെ തടയാം എന്നതിനെ കുറിച്ചുള്ള കൂലങ്കഷമായ ആലോചനകളിലായിരുന്നു അറബ് തമ്പുരാക്കന്മാര്. ഖത്തറിലേക്ക് തങ്ങളുടെ അംബാസഡര്‍മാരെ തിരച്ചയച്ച് അറബ് ഐക്യം ഊട്ടിയുറപ്പിക്കുന്നതിലായിരുന്നു അവരുടെ മുഖ്യശ്രദ്ധ.
ജൂതദേവാലയത്തില്‍ നടന്ന ആക്രമണത്തില്‍ ഇസ്രായേല്‍ ശരിക്കും വിറകൊണ്ടു. സംഭവം ജൂതകുടിയേറ്റക്കാര്ക്കിടയില് ഭീതി വിതച്ചു. മഹ്മൂദ് അബ്ബാസിന്റെ കീഴിലുള്ള ഫലസ്തീന് അതോറിറ്റിയും ഇസ്രായേലികളും തമ്മില്‍ കൊമ്പുകോര്‍ക്കുക വരെയുണ്ടായി. ഇസ്രായേല്‍ സര്‍ക്കാറിന്റെ പ്രീണിപ്പിക്കല്‍ നയം ഫലസ്തീനികളെ തൃപ്തരാക്കിയിട്ടില്ല എന്ന വസ്തുതയിലേക്കാണ് ഈ അക്രമസംഭവങ്ങള്‍ വിരല്‍ ചൂണ്ടുന്നത്. ഫലസ്തീന് ജനത അധിനിവേശകര്‍ക്ക് മുന്നില്‍ ആയുധം വെച്ച് കീഴടങ്ങിയതായും, എല്ലാ അധിക്ഷേപവും, മാനഹാനിയും, അപമാനവും ഫലസ്തീനികള്‍ സഹിച്ചു തുടങ്ങിയിരിക്കുന്നു എന്നും ആരെങ്കിലും മുമ്പ് കരുതിയിട്ടുണ്ടെങ്കില്‍ ഇപ്പോഴത്തെ സംഭവവികാസങ്ങള്‍ ആ അബദ്ധ ധാരണകള്‍ തിരുത്താന്‍ തീര്‍ച്ചയായും അവരെ പ്രേരിപ്പിക്കും.
നൂറുകണക്കിന് ഫലസ്തീന് കുട്ടികളുടെ കൊലപാതകത്തിനുള്ള തീര്‍ത്തും അനുയോജ്യമായ പകരംവീട്ടല്‍ തന്നെയാണ് അത്യന്തം ഭയാനകമായ ഈ രക്തംചിന്തല്. അഭിമാനവും അന്തസ്സും വീണ്ടെടുക്കാനുള്ള വിപ്ലവത്തിന്റെ തുടക്കമാണിത്. ഏറ്റുമുട്ടലുകള്‍ക്ക് മതപരമായ ഒരു മാനം കൈവന്നിട്ടുണ്ട്. പുണ്യസ്ഥലങ്ങളെ സംരക്ഷിക്കുന്നതിനുള്ള അറബ് മുസ്ലിം ആഹ്വാനങ്ങള്‍ ഇന്‍തിഫാദയെ ത്വരിതപ്പെടുത്തിയിട്ടുണ്ട്. ഇസ്രായേല്‍ ഉയര്‍ത്തുന്ന ഭീഷണികള്‍ക്ക് അവയെ ഒരിക്കലും തടയാന്‍ കഴിയുകയില്ല.
അന്താരാഷ്ട്ര സമൂഹത്തിന്റെ അനുകമ്പ തേടി കൊണ്ട് കൊല്ലപ്പെട്ട ജൂതകുടിയേറ്റക്കാരിലാണ് നെതന്യാഹുവും അയാളുടെ വക്താക്കളും ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത്. അവര്‍ ഫലസ്തീന് ‘ഭീകരവാദത്തെ’ അപലപിക്കുകയുണ്ടായി. 1994 ല്‍ ബറൂച്ച് ഗോള്ഡ്സ്റ്റീന് എന്ന ജൂതതീവ്രവാദി അല്‍ഖലീലിലെ ഇബ്രാഹീമി മസ്ജിദിലേക്ക് അതിക്രമിച്ച് കയറി തുരുതുരാ വെടിയുതിര്‍ക്കുകയും, അവിടെ നമസ്കരിച്ചു കൊണ്ടിരുന്ന 29 ഫലസ്തീന് മുസ്ലിംകളെ കൊല്ലുകയും, 125 പേരെ പരിക്കേല്‍പ്പിക്കുകയും ചെയ്തപ്പോള്‍ അന്താരാഷ്ട്ര സമൂഹം ഇന്ന് കാണിക്കുന്ന ധാര്‍മ്മിക രോഷത്തോടെയായിരുന്നോ അന്ന് പ്രതികരിച്ചത്?
പ്രാര്‍ത്ഥനയിലേര്‍പ്പെട്ട ജൂതന്മാരെ കൊല്ലുന്നത് നിഷിദ്ധവും (ഹറാം), നമസ്കരിച്ച് കൊണ്ടിരിക്കുന്ന മുസ്ലിംകളെ കൊല്ലുന്നത് അനുവദനീയവും (ഹലാല്‍) ആണെന്നുണ്ടോ? ഇസ്രായേല്‍ അധിനിവേശ സര്‍ക്കാറിന്റെ അക്രമങ്ങള്‍, വംശീയ നടപടികള്‍, വിവേചനം, അഭിമാനത്തിന് ക്ഷതമേല്‍പ്പിക്കുന്ന നടപടികള്‍, പ്രകോപനം, കുടിയേറ്റക്കാര്‍ മസ്ജിദുല്‍ അഖ്സയില്‍ നടത്തിയ ആക്രമണങ്ങള്‍ എന്നിവക്കെതിരെ അറബ് രാഷ്ട്രങ്ങളും അബ്ബാസിന്റെ ഫലസ്തീന് അതോറിറ്റിയും നിസ്സംഗത പാലിച്ച് നിശബ്ദരായിരിക്കുന്നതില് ജൂതദേവലായത്തില് ആക്രമണം നടത്തിയ യുവാക്കള്‍ക്ക് അമര്‍ഷമുണ്ടായിരുന്നു എന്ന് അവരുടെ കുടുംബാംഗങ്ങള്‍ വെളിപ്പെടുത്തിയിരുന്നു. അങ്ങനെയാണ് അവര്‍ ‘കാര്യങ്ങള്‍ സ്വയം ഏറ്റെടുക്കാന്‍’ തീരുമാനിച്ചത്.
ഇസ്രായേല്‍ അധിനിവേശത്തിന് കീഴില്‍ അപമാനിതരായി, അന്തസ്സോടെ തലയുയര്‍ത്തി നടക്കാന്‍ കഴിയാതെ ജീവിക്കുന്ന ഫലസ്തീനികള്‍, മസ്ജിദുല്‍ അഖ്സ അക്രമിക്കാന്‍ വരുന്ന ജൂതതീവ്രവാദികളെ പൂമാലയിട്ട് സ്വീകരിക്കുമെന്നും, മുഹമ്മദ് അബൂ ഖദീറിനെയും, ഹസന് അല്റമൂനിയെയും കൊല്ലപ്പെടുത്തിയ നിയമവിരുദ്ധ ജൂതകുടിയേറ്റക്കാരെ അഭിനന്ദിക്കുമെന്നാണോ ഇസ്രായേലും അതിന്റെ സഖ്യകക്ഷികളും കരുതിയത്?. തങ്ങളുടെ വിധിയെ കുറിച്ച് പൂര്‍ണ്ണബോധ്യമുള്ള, ധിക്കാരികളായ ഈ ജനതയെ കുറിച്ച് അവര്‍ക്കൊന്നുമറിയില്ല. കൂട്ടത്തിലുള്ള ചിലര്‍ അധിനിവേശകരോട് സഹകരിച്ചാല്‍ രക്ഷപ്പെടാമെന്ന മൂഢധാരണയില്‍ കീഴടങ്ങിയിരുന്നു എന്ന വസ്തുതയായിക്കിരിക്കാം അവരെ തെറ്റിദ്ധരിപ്പിച്ചത്.
അതെ, അതിക്രമകാരികള്‍ എന്ന് നിങ്ങള്‍ വിളിക്കുന്ന ഈ ജനത ഒരിക്കലും അനീതി വെച്ചു പൊറുപ്പിക്കുകയില്ല, നെതന്യാഹുവിന്റെ ഭീഷണിക്ക് മുന്നില്‍ വിരണ്ട് പോകുന്നവരല്ല അവര്‍. കാരണം ഫലസ്തീന് അവരുടേതാണ്, ഖുദ്സും, ഒലീവ് മരങ്ങളും, കടലും, വായുവുമെല്ലാം അവരുടേതാണ്. ലോകത്താകമാനമുള്ള ജനങ്ങള്‍ക്കിന്ന് ‘ഇന്‍തിഫാദ’ എന്ന പദത്തിന്റെ അര്‍ത്ഥം എന്താണെന്നറിയാം. അന്തസ്സിനും, അഭിമാനത്തിനും, മാതൃരാജ്യത്തിനും വേണ്ടിയുള്ള പോരാട്ടം എന്നാണ് നിഘണ്ടുവില്‍ ആ പദത്തിന് നല്‍കിയിട്ടുള്ള നിര്‍വചനം.
അധിനിവേശവും, അനധികൃത പാര്‍പ്പിട നിര്‍മ്മാണവും, പ്രകോപനപരമായ നടപടികളും, ഫലസ്തീനികളെ കൂട്ടക്കൊല ചെയ്യുന്നതും ഇസ്രായേല്‍ സര്‍ക്കാര്‍ തുടരുന്ന കാലത്തോളം സമാധാനവും, സുരക്ഷയും ജൂതകുടിയേറ്റക്കാര്‍ അനുഭവിക്കാനും ആസ്വാദിക്കാനും പോകുന്നില്ല എന്ന ശക്തമായ സന്ദേശമാണ് ജൂതദേവാലയത്തിലെ ആക്രമണം ഉള്‍വഹിക്കുന്നത് ; കൂട്ടക്കൊലകളും, ഗസ്സക്ക് മേലുള്ള ഉപരോധവും തുടരുന്ന കാലത്തോളം ഇസ്രായേലികള്‍ സുരക്ഷിതരല്ല.
ഫലസ്തീനികള്‍ക്കെതിരെ പൊതുജനവികാരം ഇളക്കിവിടാനും, ഫലസ്തീന് ഭീകരവാദത്തെ കുറിച്ചുള്ള തന്റെ പ്രസ്താവനകളെ പിന്താങ്ങുന്നതിനും, പണവും ആയുധങ്ങളും ലഭിക്കുന്നതിന് വേണ്ടിയും നെതന്യാഹു അമേരിക്കയിലേക്കും, യൂറോപ്പിലേക്കുമാണ് ഇപ്പോള്‍ നോക്കി കൊണ്ടിരിക്കുന്നത്. പക്ഷെ, ഭീകരവാദിയും, സമാധാന ചര്‍ച്ചകളുടെ അന്തകനും, മേഖലയിലെ സുരക്ഷക്ക് ഭീഷണിയുമായ നെതന്യാഹുവിന്റെ ശിക്ഷാഹര്‍മായ ചെയ്തികളും യഥാര്‍ത്ഥ വസ്തുതകളും ഒരിക്കലും മാറ്റത്തിരുത്തലുകള്‍ക്ക് വിധേയമാകാന്‍ പോകുന്നില്ല.
ഫലസ്തീനികള്‍ നടത്തിയ ആക്രമണങ്ങളെ അപലപിച്ച് കൊണ്ട് രംഗത്ത് വന്ന മഹ്മൂദ് അബ്ബാസിനെ നേര്‍വഴിയിലേക്ക് നയിക്കുവാന്‍ നമുക്ക് ദൈവത്തോട് പ്രാര്‍ത്ഥിക്കാം. കൊല്ലപ്പെട്ട റബ്ബിമാരുടെ വീട്ടില്‍ പോയി കുടുംബത്തോട് അനുശോചനം അറിയിക്കാന്‍ അയാള്‍ ഒരിക്കലും മുതിരുകയില്ല. കാരണം അബ്ബാസിന്റെ അപലപിക്കലും, അനുശോചിക്കലുമൊന്നും നെതന്യാഹുവിന്റെയടുത്തും, കുടിയേറ്റക്കാരുടെയടുത്തും വിലപോവുകയില്ല. ആക്രമണങ്ങളുടെ ഉത്തരവാദിത്തം അബ്ബാസിന്റെ ചുമലിലാണ് അവര്‍ കെട്ടിവെച്ചിരിക്കുന്നത്.
ഫലസ്തീന് ഭൂതം അസ്വസ്ഥപ്പെട്ടു തുടങ്ങിയിട്ടുണ്ട്. അപമാനം, മാനഹാനി എന്നിവയാല്‍ തീര്‍ത്ത കുടത്തില്‍ നിന്നും അത് പുറത്ത് ചാടാന്‍ ആരംഭിച്ചു കഴിഞ്ഞു. ഭരണകൂടമെന്നോ, അധിനിവേശകരെന്നോ, അറബ് ഭരണാധികാരികളെന്നോ വ്യത്യാസമില്ലാതെ മുന്നില്‍ തടസ്സമായി വന്ന് നില്ക്കുന്ന എന്തിനെയും അത് കത്തിച്ച് ചാമ്പലാക്കും. അതിന് നഷ്ടപ്പെടാന്‍ ഒന്നും തന്നെയില്ല. ശത്രുക്കള്‍ക്ക് മേല്‍ അവസാന വിജയം തങ്ങള്‍ക്കു തന്നെയെന്ന് ഉറച്ച് വിശ്വസിക്കുന്ന ഒരു ജനതയുടെ പേരാണ് ഫലസ്തീന്.
മൊഴിമാറ്റം : ഇര്‍ഷാദ് കാളാച്ചാല്‍