Middle EastPolitics

‘ബശ്ശാറിന് മുന്നില്‍ നെതന്യാഹു പോലും ലജ്ജിച്ചേക്കും’

മുഹമ്മദ് പ്രവാചകനെ നമ്മിലേക്ക് നിയോഗിക്കുക വഴി വലിയ അനുഗ്രഹമാണ് അല്ലാഹു നമുക്കേകിയിരിക്കുന്നത്. ഏറ്റവും ഉന്നതമായ ദൃഷ്ടാന്തവും, ശക്തമായ പ്രമാണവുമായ വിശുദ്ധ ഖുര്‍ആന്‍ കൊണ്ട് അല്ലാഹു അദ്ദേഹത്തെ ശക്തിപ്പെടുത്തുകയും ചെയ്തിരിക്കുന്നു. നാം ഇസ്‌ലാമിന്റെയും ഖുര്‍ആന്റെയും മുഹമ്മദ് പ്രവാചകന്റെയും സമുദായമാണ്. ലോകത്ത് കിഴക്കും പടിഞ്ഞാറും ഈ ഉമ്മത്ത് വ്യാപിച്ചിരിക്കുന്നു. പാശ്ചാത്യര്‍ സ്വയം പറയുന്നത് പോലെ ഒന്നര ബില്യനോളം വരുന്ന ജനസംഖ്യ ലോകത്ത് മുസ്‌ലിംകള്‍ക്കുണ്ട്. മഹത്തായ ദീനിന്റെ അടിസ്ഥാനത്തിലാണ് ഈ ഉമ്മത്ത് ഒരുമിച്ച് കൂടിയിരിക്കുന്നത്. അതില്‍ തന്നെ ജീവിക്കുകയും അതില്‍ തന്നെ മരിക്കുകയും ചെയ്യുന്നു. നാം ഈ മഹത്തായ ദീനിനെ അനന്തരമെടുത്തിരിക്കുന്നു, അത് സംരക്ഷിക്കുകയെന്ന ബാധ്യത നമുക്കാണുള്ളത്. നാം അത് മുറുകെ പിടിക്കുകയും അതിന് വേണ്ടി പരസ്പരം ഉപദേശിക്കുകയും ചെയ്യുന്നു. ഖുര്‍ആനാണ് ഏറ്റവും വലിയ സത്യം. പരമമായ സത്യം അല്ലാഹുവും അവന്റെ വേദവുമാണ്. മറ്റുള്ളവര്‍ ക്ഷണിക്കുന്നതൊക്കെ അസത്യത്തിലേക്കാണ്. ഏറ്റവും ഉന്നതമായ ക്ഷണം അല്ലാഹുവിലേക്കുള്ളതാണ്. ലോകത്തിന്റെ നാനാഭാഗത്തുമുള്ള മുസ്‌ലിംകളെ, വിശിഷ്യാ ഈജിപ്തുകാരെ ഇസലാം മുറുകെ പിടിക്കുന്നതിനായി ക്ഷണിക്കുകയാണ് നാം. മഹത്തായ സന്ദേശവും, ഉന്നതമായ ചിഹ്നങ്ങളുമായാണ് ഇസ്‌ലാം വന്നിരിക്കുന്നത്. നാമതില്‍ നിന്ന് ദീപം കൊളുത്തിയെടുക്കേണ്ടതുണ്ട്. ഇസലാം കൊണ്ട് വന്നതില്‍ മഹത്തായ ഒരു സമീപനമാണ് സാഹോദര്യമെന്നത്. ഞാന്‍ മറ്റുള്ളവന്റെ സഹോദരന്റെ ബോധം നമ്മുടെ അന്തരാളങ്ങളില്‍ അനുഭവപ്പെടുകയെന്നതാണ് അതിന്റെ വിവക്ഷ. നീയെന്റെ സഹോദരനാണ്, ഞാന്‍ നിന്റെ സഹോദരനാണ്. ഖുര്‍ആന്‍ പറയുന്നത് ഇപ്രകാരമാണ് ‘വിശ്വാസികള്‍ പരസ്പര സഹോദരന്മാരാണ്, അതിനാല്‍ നിങ്ങള്‍ സഹോദരന്മാര്‍ക്കിടയില്‍ രജ്ഞിപ്പുണ്ടാക്കുക.’ അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ പരസ്പര സഹോദരന്മാരായവരാണ് വിശ്വാസികള്‍. നാമതിനെ അംഗീകരിക്കേണ്ടതുണ്ട്.

ഇസലാമിക സമൂഹത്തില്‍ എല്ലാവരും തുല്യരാണ്. ആര്‍ക്കും ആരേക്കാളും മഹത്വമില്ല. തഖവയാണ് ശ്രേഷ്ടതയുടെ മാനദണ്ഡം. അതാവട്ടെ അല്ലാഹുവിന് മാത്രമെ അറിയൂ. അവനാവട്ടെ അത് അന്ത്യനാളില്‍ മാത്രമെ വെളിപ്പെടുത്തൂ. ജനങ്ങള്‍ക്കിടയില്‍ ഏറ്റവ്യത്യാസം ഉണ്ടാവുക അന്നേദിവസമായിരിക്കും.
പരസ്പരം ഭിന്നിക്കുകയെന്നത് ഇസ്‌ലാമിക സമൂഹത്തിന് ചേര്‍ന്ന കാര്യമല്ല. വിശ്വാസികള്‍ പരസ്പരം രജ്ഞിപ്പോടെ ജീവിക്കുന്നവരാണെന്ന് സൂറ അന്‍ഫാലിന്റെ പ്രാരംഭത്തില്‍ പറയുന്നു. നമസ്‌കാരത്തേക്കാളും, നോമ്പിനെക്കാളും ദാനധര്‍മത്തേക്കാളും ഉത്തമമായ കാര്യം ജനങ്ങള്‍ക്കിടയില്‍ ഐക്യമുണ്ടാക്കുകയാണെന്നും വിയോജിപ്പ് സമൂഹത്തില്‍ നിന്ന് മതത്തെ തുടച്ച് നീക്കുന്നതാണെന്നും പ്രവാചകന്‍ (സ) നമ്മെ പഠിപ്പിച്ചിരിക്കുന്നു. അതിനാലാണ് പരസ്പരം വിദ്വേഷവും അസൂയയും പുലര്‍ത്തരുതെന്ന് പ്രവാചകന്‍ പഠിപ്പിച്ചത്. മദ്യത്തെ വിശുദ്ധ ഖുര്‍ആന്‍ നിരോധിച്ചപ്പോഴും അത് ബുദ്ധിയെ താളം തെറ്റിക്കുമെന്ന് പറയുന്നതിന് പകരം സമൂഹത്തില്‍ വെറുപ്പും വിദ്വേഷവുമുണ്ടാക്കുമെന്നാണ് ന്യായമായി പറഞ്ഞത്. ഇസലാം പ്രഥമമായി പരിഗണന നല്‍കുന്നത് വിശ്വാസി സമൂഹത്തിന്റെ ഭദ്രതയാണെന്ന് ചുരുക്കം.

ഇസ്‌ലാം കൊണ്ട് വന്ന, പ്രവാചകന്‍ (സ) ലോകത്തിന് മുന്നില്‍ സമര്‍പ്പിച്ച സന്ദേശം തൗഹീദ് ആയിരുന്നു. എല്ലാ പ്രവാചകന്‍മാരും കൊണ്ട് വന്നതും അത് തന്നെയായിരുന്നു. ഏകദൈവവിശ്വാസത്തിന് കീഴില്‍ ജനങ്ങള്‍ ഐക്യപ്പെട്ട്, ഒറ്റമുന്നണിയായി അണിചേരണമെന്നതാണ് അതിന്റെ താല്‍പര്യം. പ്രവാചകന്‍ (സ) കൊണ്ട് വന്ന സന്ദേശത്തിന് കീഴില്‍ യോജിക്കാന്‍ കഴിയുന്ന മേഖലകളില്‍ സമൂഹത്തിലെ നാനാതുറകളിലെ മതവിഭാഗങ്ങളെ ചേര്‍ത്ത് പിടിച്ച് ഭദ്രമായ സമൂഹത്തെ നിര്‍മിക്കാനുള്ള ശ്രമമാണ് നടന്നത്. വേദക്കാരെ അഭിസംബോധന ചെയ്യുന്ന ആയത്തുകളെ മുന്നില്‍ വെച്ച് പ്രവാചകന്‍ (സ) എല്ലാ മതവിഭാഗങ്ങള്‍ക്കും സന്ദേശമയക്കുകയും അവരോട് സന്ധിചെയ്യാന്‍ ശ്രമിക്കുകയുമുണ്ടായി. പരസ്പരം പോരടിച്ചിരുന്ന, അതില്‍ അഭിമാനത്തോടെ കവിത ചൊല്ലിയിരുന്ന ഒരു സമൂഹത്തെ ഐക്യപ്പെടുത്താന്‍ ഇസ്‌ലാമിന് സാധിച്ചു. ജനങ്ങള്‍ പരസ്പരം സ്‌നേഹിക്കാന്‍ തുടങ്ങി. സ്വന്തത്തെ സ്‌നേഹിക്കുന്നത് പോലെ അന്യനെ സ്‌നേഹിച്ചു മാതൃക കാണിച്ചു. തല്‍ഫലമായി തന്റെ ആവശ്യങ്ങള്‍ മാറ്റിനിര്‍ത്തി സഹോദരന് മുന്‍ഗണന നല്‍കി. മക്കയില്‍ നിന്ന് ഹിജ്‌റ ചെയ്ത് മദീനയിലെത്തിയവരെ അന്‍സ്വാറുകള്‍ സ്വീകരിച്ചത് അപ്രകാരമായിരുന്നു.
സാഹോദര്യത്തിലൂടെയാണ് ഒരൊറ്റ സമൂഹമെന്ന ഐക്യബോധം സമൂഹത്തില്‍ സൃഷ്ടിക്കപ്പെടുകയുള്ളൂ. അല്ലാഹുവും, അവന്റെ വേദഗ്രന്ഥവും, അവയിലുള്ള വിശ്വാസവും നമ്മെ ഏകോപിച്ചിരിക്കുന്നു. ഇതാണ് യഥാര്‍ത്ഥ ഐക്യം. നാമൊരു കുടുംബമാണെന്ന് നമുക്ക് അനുഭവപ്പെടണം. നാം ഒരൊറ്റ സമൂഹമാണെന്നും, അല്ലാഹു നമ്മുടെ നാഥനാണെന്നും ഖുര്‍ആന്‍ ഉണര്‍ത്തുന്നു. അഭിപ്രായാന്തരങ്ങള്‍ ആപത്തല്ല, മറിച്ച് അവ പിളര്‍പ്പിലേക്കും, ചിദ്രതയിലേക്കും വഴിമാറുമ്പോഴാണ് ദുരന്തമുണ്ടാവുന്നത്. നാം പിളര്‍പ്പിനെയാണ് സൂക്ഷിക്കേണ്ടത്. തദ്വിഷയകമായ നിര്‍ദേശങ്ങള്‍ ഖുര്‍ആനിലും സുന്നത്തിലും ധാരാളമുണ്ട്.

അല്ലാഹു നമസ്‌കാരത്തിലൂടെയും, ഹജ്ജിലൂടെയും യോജിപ്പിച്ച സമൂഹം ഒരിക്കലും ചിന്നഭിന്നമാവരുത്. നാം പരസ്പരം സഹായിക്കുകയും, ഉപകരിക്കുകയും ചെയ്യുമ്പോഴാണ് നമ്മുടെ ഐക്യം പൂര്‍ണമാവുക. അപ്പോഴാണ് നമുക്ക് ശക്തി കൈവരിക.
ഈജിപ്ത് ഒരൊറ്റ രാഷ്ട്രമായിരുന്നു, പക്ഷെ പരീക്ഷണങ്ങള്‍ക്ക് വിധേയമായി. മുപ്പത് വര്‍ഷത്തോളം പരസ്പരം ശത്രുക്കളായി ജീവിച്ചു. പരസ്പരം തെറ്റിദ്ധാരണകള്‍ വെച്ചുപുലര്‍ത്തി. പിന്നീടാണ് ലോകത്തിന് മാതൃക കാണിച്ച ഈ മഹത്തായ വിപ്ലവം കടന്ന് വന്നത്. ജനങ്ങള്‍ പരസ്പരം മുന്‍ഗണന നല്‍കണമെന്ന് പഠിപ്പിച്ച വിപ്ലവമായിരുന്നു അത്. മുസ്‌ലിംകളും ക്രൈസ്തവരും, ഉദാരവാദികളും അല്ലാത്തവരും, ധനികരും ദരിദ്രരും, യുവാക്കളും വൃദ്ധന്മാരും, സ്ത്രീകളും കുട്ടികളും പരസ്പരം ചേര്‍ന്ന്, സഹകരണത്തോടെ ജീവിക്കുന്നതായി ഞാന്‍ കണ്ടു. സ്വാതന്ത്ര്യചത്വരത്തില്‍ വിജയത്തിന്റെ ജുമുഅക്ക് ഞാന്‍ നേതൃത്വം നല്‍കി. അഞ്ച് മില്യനിലധികം ജനങ്ങളുണ്ടായിരുന്നു എനിക്ക് ചുറ്റും. എന്റെ ദൃഷ്ടിയെത്തുന്നതിലും അകലെയായിരുന്നു ജനങ്ങളുടെ നിര. അവരിലധികം പേര്‍ക്കും നമസ്‌കരിക്കാന്‍ തന്നെ കഴിഞ്ഞില്ല. കാരണം എന്റെ ശബ്ദം അവരിലേക്ക് എത്തുന്നുണ്ടായിരുന്നില്ല. മുസ്‌ലിം ഉമ്മത്ത് ഒരൊറ്റ സംഘമായിരുന്നു അവിടെ. മുസ്‌ലിമിന് വുദു ചെയ്യാന്‍ വെള്ളമൊഴിച്ച് കൊടുക്കുന്ന ക്രൈസ്തവനുണ്ടായിരുന്നു അവിടെ. ഇതല്ലായിരുന്നുവോ സ്വാതന്ത്ര്യചത്വരത്തിലെ ഈജിപ്ത്?

പിന്നീട് നിങ്ങള്‍ക്കെന്താണ് സംഭവിച്ചത്? എന്ത് കൊണ്ട് നിങ്ങളിപ്പോള്‍ പരസ്പരം ശത്രുത പുലര്‍ത്തുന്നു? ഐക്യത്തിന്റെ അഭാവത്തില്‍ വിപ്ലവലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ നമുക്കാവില്ല. നാമെല്ലാവരും ഈജിപ്തുകാരാണ്. നൈലില്‍ നിന്ന് വെള്ളം കുടിക്കുന്നവരാണ് നാം. നാമെല്ലാവരും ദൈവത്തില്‍ വിശ്വസിക്കുന്നു. ഈജിപ്തില്‍ നിരീശ്വരവാദിയുണ്ടെയന്ന് എനിക്കറിയില്ല. എല്ലാവരും ദൈവവിശ്വാസികളാണ്. നിങ്ങള്‍ക്കിടയില്‍ സന്ദേഹമുണ്ടാക്കാന്‍ ഓടിനടക്കുന്നവരെ നിങ്ങള്‍ വിശ്വസിക്കരുത്. ഈജിപ്തിലെ മുസ്‌ലിംകളെയും ക്രൈസ്തവരെയും, എല്ലാ രാഷ്ട്രീയ പാര്‍ട്ടികളെയും ഒരുമിച്ച് നിന്ന് പോരാടുന്നതിലേക്ക് ക്ഷണിക്കുകയാണ് ഞാന്‍. നമുക്ക് നമ്മുടെ രാഷ്ട്രത്തെ പണിതുയര്‍ത്തേണ്ടതുണ്ട്. നമ്മുടെ രാഷ്ട്രം നാശത്തിലേക്ക് കൂപ്പുകുത്തുന്നത് കണ്ടുകൊണ്ടരിക്കല്‍ നമ്മുടെ മേല്‍ നിഷിദ്ധമാണ്.
നാം മാലാഖമാരാണെന്ന് നമുക്കാര്‍ക്കും അഭിപ്രായമില്ല. എല്ലാ ജനങ്ങളും തെറ്റ് ചെയ്യുന്നവരാണ്. ഭരണകൂടവും, പ്രതിപക്ഷവും, ഇഖ്‌വാനും മറ്റു പാര്‍ട്ടികളും അബദ്ധങ്ങള്‍ പ്രവര്‍ത്തിച്ചേക്കാം. പക്ഷെ, നാം വീഴ്ചകളെ അംഗീകരിക്കേണ്ടിയിരിക്കുന്നു. നമ്മുടെ പ്രസിഡന്റ് വീഴ്ച സംഭവിച്ചിരിക്കുന്നുവെന്ന് പ്രഖ്യാപിച്ചത് നമുക്ക് മാതൃകയാണ്. അതിനാല്‍ പരസ്പരം തെറ്റുകള്‍ മനസ്സിലാക്കി, ഒരൊറ്റ അണിയില്‍ തോളുരുമ്മി നില്‍ക്കാന്‍ നാം സന്നദ്ധമാവേണ്ടതുണ്ട്. ഈജിപ്ത് തകരുകയാണ്, കടം അധികരിക്കുന്നു നാം ഐക്യപ്പെടുകയല്ലാതെ മറ്റ് മാര്‍ഗമില്ല. വിവിധ രാഷ്ട്രങ്ങളിലുള്ളവര്‍ സഹായിക്കാന്‍ ഒരുക്കമാണ്. പക്ഷെ, പ്രശ്‌നകലുഷിതമായ, അസ്ഥിരമായ, ആഭ്യന്തരകലാപം നടക്കുന്ന രാഷ്ട്രത്തെ ആരാണ് സഹായിക്കുക. കലാപമുണ്ടാക്കുന്നതിന് വേണ്ടി പണിയെടുക്കുകയെന്നത് നമ്മുടെ നിഷിദ്ധമാണ്. അഭിപ്രായഭിന്നതകളെ സംവാദത്തിലൂടെയും ചര്‍ച്ചയിലൂടെയും പരിഹരിക്കണം. ഖുര്‍ആന്‍ കാണിക്കുന്ന മാതൃകയാണത്. ഫലസ്തീനികളോട് യഹൂദികള്‍ ചെയ്യുന്നത് പോലെ വ്യക്തമായ രൂപത്തില്‍ അക്രമം പ്രവര്‍ത്തിച്ചവരെ ബഹിഷ്‌കരിക്കുകയും ചെയ്യുക. പരസ്പരം യോജിപ്പിക്കുന്ന ഘടകങ്ങള്‍ എടുത്ത് പറയുക, പരസ്പരം ചിദ്രതയുണ്ടാക്കുന്ന  കാര്യങ്ങളല്ല പരതേണ്ടത്.

ഉദാരവാദികളും, മതേതരരുമടങ്ങിയ എല്ലാ ജനങ്ങളെയും ഞാന്‍ ഐക്യത്തിലേക്ക് ക്ഷണിക്കുകയാണ്. അവര്‍ ദൈവത്തിലും വേദഗ്രന്ഥങ്ങളിലും, പ്രവാചകന്മാരിലും വിശ്വസിക്കുന്നവരാണ്. അവര്‍ ദൈവനിഷേധികളോ, നിരീശ്വരവാദികളോ അല്ല. നാമവരോട് നല്ല രീതിയില്‍ വര്‍ത്തിക്കേണ്ടതുണ്ട്. ഇത് ഞാന്‍ എന്റെ ഹൃദയത്തില്‍ നിന്നാണ് പറയുന്നത്. എനിക്ക് എണ്‍പത്തിയേഴ് വയസ്സായിരിക്കുന്നു. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഞാന്‍ വിടവാങ്ങിയേക്കും. പക്ഷെ, ഈ മഹത്തായ ജനത ഐക്യത്തോടെ ലോകഅറബ്-ഇസ്‌ലാമിക മൂഹത്തിന് മുന്നില്‍ നിലകൊള്ളണമെന്നതാണ് എന്റെ ആഗ്രഹം. ലോകത്തിന്റെ നാനാഭാഗത്തുമുള്ള ജനതക്ക് ഈജിപ്ത് മാതൃകയായിത്തീരണം. നാം പരസ്പരം കൈകോര്‍ത്ത് പിടിച്ച് ഈ രാഷ്ട്രത്തിന് വേണ്ടി പണിയെടുക്കണം. ഈ രാഷ്ട്രത്തിന് നമ്മെ ആവശ്യമുണ്ട്. ഇരുപത് മില്യണ്‍ പേര്‍ ജോലിയില്ലാതെ പട്ടിണി കിടക്കുന്നുണ്ട്. മില്യണ്‍ കണക്കിന് ജനങ്ങള്‍ വീടില്ലാതെ കഷ്ടപ്പെടുന്നുണ്ട്. അനാഥകളുടെയും, വിധവകളുടെയും കൈപിടിച്ച് അവര്‍ക്ക് അഭയവും സംരക്ഷണവും നല്‍കേണ്ടതുണ്ട്. അവരെല്ലാം അന്വേഷിക്കുന്നത്, പ്രതീക്ഷയോടെ നോക്കുന്നത് നമ്മെയാണ്. നാം കര്‍മനിരതരായി രംഗത്തിറങ്ങുകയാണ് വേണ്ടത്.
നാം കാലാകാലം തെരുവിലിറങ്ങേണ്ടവരല്ല. രണ്ട് വര്‍ഷത്തോളമായി നാം തെരുവില്‍ തന്നെയാണ്. നാം നിരത്തിലിറങ്ങി നമ്മുടെ ആവശ്യങ്ങള്‍ വിളിച്ച് പറഞ്ഞു. ഇനി നമുക്ക് നിര്‍ത്താനായിരിക്കുന്നു. നമ്മെ പരസ്പരം തല്ലിക്കുന്ന പിശാചുക്കളെ നാം ശ്രദ്ധിക്കേണ്ടതില്ല. ഈ ഉമ്മത്തിന്റെയും, ജനതയുടെയും ഉന്നതതാല്‍പര്യങ്ങള്‍ക്കായിരിക്കണം നാം ഊന്നല്‍ നല്‍കേണ്ടത്. നാം ക്ഷമയോടെ രാഷ്ട്ര നിര്‍മിതിക്കായി പണിയെടുക്കുക. ധൃതിയുപേക്ഷിച്ച്, അവധാനതയോടെ രംഗത്തിറങ്ങുക. എന്നെ ശ്രവിക്കുന്ന എല്ലാവര്‍ക്കും ഈ ബാധ്യതയുണ്ട്. നമുക്കൊരുമിച്ച് ഈജിപ്തിനെ ലോകത്തെ ഏറ്റവും ഉന്നതമായ ഒരു രാഷ്ട്രമാക്കി മാറ്റാം.

വിപ്ലവങ്ങള്‍ ആഘോഷിച്ച വസന്തകാലത്താണ് നാം ജീവിക്കുന്നത്. തുനീഷ്യ, ലിബിയ, ഈജിപ്ത്, യമന്‍ തുടങ്ങിയ വിപ്ലവങ്ങള്‍ നാം കണ്ടു. അതിന് ശേഷമാണ് സിറിയയിലെ ജനകീയ വിപ്ലവം രംഗത്ത് വന്നത്. സിറിയന്‍ ജനതയുടെ സ്വാതന്ത്ര്യവും, മഹത്വവും ഉദ്‌ഘോഷിച്ച് കൊണ്ടാണ് പ്രഥമദിനത്തില്‍ തന്നെ ഉദയം കൊണ്ടത്. സ്വേഛാധിപതിയായ ഭരണാധികാരി ആ ജനതയുടെ അവകാശങ്ങള്‍ നല്‍കാന്‍ വിസമ്മതിച്ചിരിക്കുന്നു. എല്ലാ സമൂഹങ്ങളെയും പോലെ സ്വാതന്ത്ര്യം ലഭിക്കുകയെന്നത് സിറിയന്‍ ജനതയുടെയും അവകാശമാണ്. സൈനുല്‍ ആബിദീന്‍ ബിന്‍ അലി, മുഅമ്മര്‍ ഖദ്ദാഫി, ഹുസ്‌നി മുബാറക്, അബ്ദുല്ലാ സ്വാലിഹ് തുടങ്ങിയവരുടെ കാലം അവസാനിച്ചിരിക്കുന്നു. അവിടെയെല്ലാം കുടുംബഭരണമായിരുന്നു നിലവിലുണ്ടായിരുന്നത്. ബശ്ശാറുല്‍ അസദും അതുപോലെതന്നെയാണ്. അയാള്‍ വൈദ്യശാസ്ത്ര വിദ്യാര്‍ത്ഥിയായിരുന്നു. അധികാരം പിതാവില്‍ നിന്ന് അനന്തരമെടുക്കുകയാണ് ചെയ്തത്. അവിടെയും കുടുംബഭരണം അവസാനിക്കാറായിരിക്കുന്നു. സിറിയയെ ഇനി ഭരിക്കുക അവിടത്തെ ജനങ്ങളായിരിക്കും. അതിന് വേണ്ടിയാണ് അവര്‍ എഴുന്നേറ്റ് നിന്നത്. രാഷ്ട്രങ്ങളില്‍ അതിക്രമം പ്രവര്‍ത്തിക്കുന്ന ഭരണാധികാരിയെ കൈകാര്യം ചെയ്യുമെന്ന് ഖുര്‍ആന്‍ പറഞ്ഞതാണ്. അക്രമിയായ ബശ്ശാറുല്‍ അസദും, അദ്ദേഹത്തിന്റെ ഭരണകൂടവും സര്‍വവിധ ആയുധങ്ങളുമുപയോഗിച്ച് ക്രൂരമായ വിധത്തില്‍ സിറിയന്‍ ജനതയെ കൊന്നൊടുക്കുകയാണ്. അല്ലാഹു അവരെ വെറുതെ വിടുകയില്ല. അമ്പതിനായിരത്തോളം പേരെ അവര്‍ കൊന്ന്കഴിഞ്ഞു. മറ്റ് ചില ആയിരങ്ങള്‍ ജയിലുകളിലും അജ്ഞാതസ്ഥലങ്ങളിലുമാണ്. അവിടെ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടുന്നവരെ നാം പിന്തുണക്കുന്നു. അവര്‍ക്ക് ആയുധസഹായവും അന്നവും നല്‍കണമെന്ന് പ്രഖ്യാപിക്കുന്നു. നെതന്യാഹു പോലും ഉപയോഗിക്കാന്‍ മടിക്കുന്ന ആയുധമാണ് ബശ്ശാര്‍ പ്രയോഗിക്കുന്നത്. റഷ്യ തങ്ങളുടെ ആയുധം നല്‍കി സിറിയന്‍ ജനതയോട് യുദ്ധം ചെയ്യുകയാണ്. ഇറാനികളും അപ്രകാരമാണ് ചെയ്തത്. അവര്‍ സിറിയന്‍ ജനതയോട് കൂടെ നില്‍ക്കുമെന്നായിരുന്നു നാം കരുതിയിരുന്നത്. പക്ഷെ വിപരീതമാണ് ചെയ്തത്. പാവങ്ങളായ സിറിയക്കെതിരെ നില്‍ക്കുന്ന ഇവരൊക്കെയും പാപികളാണ്. അല്ലാഹു ഇവരെയൊക്കയും കൈകാര്യം ചെയ്യുക തന്നെ ചെയ്യും. സിറിയന്‍ ജനത പ്രതാപത്തോടെ അധികാരമേറ്റെടുക്കുന്ന നാള്‍ വിദൂരമല്ല.

വിവ: അബ്ദുല്‍ വാസിഅ് ധര്‍മഗിരി

Facebook Comments
Related Articles
Show More

ഡോ. യൂസുഫുല്‍ ഖറദാവി

യൂസുഫ് അബ്ദുല്ല അല്‍ ഖറദാവി 1926 സെപ്റ്റംബര്‍ 9 ഈജിപ്തിലെ അല്‍ഗര്‍ബിയ്യ ജില്ലയിലെ സിഫ്ത തുറാബ് ഗ്രാമത്തില്‍ ജനനം. ചെറുപ്പത്തില്‍ തന്നെ പഠനകാര്യങ്ങളില്‍ വൈഭവം കാട്ടിയ ഒമ്പതാം വയസ്സില്‍ ഖുര്‍ആന്‍ ഹൃദിസ്ഥമാക്കി. അല്‍അസ്ഹര്‍ സര്‍വകലാശാലയിലെ ഉപരിപഠനത്തിന് ചേര്‍ന്ന യൂസുഫ് 1953 ല്‍ ഒന്നാം റാങ്കോടെ പാസായി. 1954ല്‍ അറബി ഭാഷാ കോളജില്‍ നിന്നും ഒന്നാം റാങ്കോടെ തന്നെ പുറത്തിറങ്ങി. 1958 ല്‍ അറബി സാഹിത്യത്തില്‍ ഡിപ്ലോമയും 1960 ല്‍ ഖുര്‍ആനിലും നബിചര്യയിലും മാസ്റ്റര്‍ ബിരുദവും 1973 ല്‍ സാമൂഹിക പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ സകാത്തിന്റെ പങ്ക് എന്ന തീസിസില്‍ ഫസ്റ്റ് ക്ലാസോടെ ഡോക്ടറേറ്റും നേടി. 2004ല്‍ ഇസ്‌ലാമിക വൈജ്ഞാനിക മേഖലയിലെ സംഭാവനകള്‍ക്ക് കിംഗ് ഫൈസല്‍ ഇന്റര്‍നാഷണല്‍ അവാര്‍ഡ് ലഭിച്ച അദ്ദേഹം ധാരാളം ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്.
Close
Close