Politics

പുതുലോകത്തിന് വഴികാട്ടുന്ന ഉര്‍ദുഗാന്റെ തുര്‍ക്കി

ഇന്നലെ മുതല്‍ ലോകത്തിലെ വലിയ മാധ്യമങ്ങളുടെ വളരെയധികം റിപ്പോര്‍ട്ടുകള്‍ വായിച്ചു. തുര്‍ക്കി തിരഞ്ഞെടുപ്പിനെ കുറിച്ച് എന്തെങ്കിലും മോശം റിപ്പോര്‍ട് കാണുന്നുണ്ടോ എന്നതായിരുന്നു എന്റെ അന്വേഷണത്തിന്റെ കാതല്‍. ഒരിടത്തും തിരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നു എന്ന രീതിയില്‍ ഒന്നും കാണാന്‍ കഴിഞ്ഞില്ല. മാത്രമല്ല കിട്ടിയ വിവരം അനുസരിച്ചു ഉര്‍ദുഗാന് എതിരെ മത്സരിച്ച സംയുകത പ്രതിപക്ഷ സ്ഥാനാര്‍ഥി പരാജയം സമ്മതിച്ചു എന്നാണ് വിവരം. അപ്പോള്‍ തിരഞ്ഞെടുപ്പ് ഒരു സുതാര്യമായ അവസ്ഥയിലായിരുന്നു എന്ന് വേണം മനസ്സിലാക്കാന്‍. തൊണ്ണൂറു ശതമാനത്തിനു അടുത്തു ആളുകള്‍ വോട്ടിങ്ങില്‍  പങ്കെടുത്തു എന്നും മീഡിയകള്‍ റിപ്പോട്ട് ചെയ്യുന്നു. ജയിക്കാന്‍ വേണ്ടത്തിലും കൂടുതല്‍ വോട്ടു നേടിയാണ് ഉര്‍ദുഗാന്‍ മികവ് തെളിയിച്ചത്.

പുറത്തു നിന്ന് നോക്കുന്ന രീതിയിലല്ല തുര്‍ക്കിക്കാര്‍ തിരഞ്ഞെടുപ്പിനെ സമീപിച്ചത് എന്ന് വേണം മനസ്സിലാക്കാന്‍. ജനാധിപത്യവും ഏകാധിപത്യവും തമ്മിലുള്ള സംഘട്ടനമായി പുറം ലോകം തിരഞ്ഞെടുപ്പിനെ കണ്ടപ്പോള്‍ കൃത്യമായ അജണ്ടകളുടെ അടിസ്ഥാനത്തിലാണ് തുര്‍ക്കിക്കാര്‍ തിരഞ്ഞെടുപ്പിനെ നേരിട്ടത്. സാമ്പത്തികവും ഭീകരവാദവും തുര്‍ക്കിയുടെ സുരക്ഷിതത്വവും എന്നിവയായിരുന്നു മുഖ്യ തിരഞ്ഞെടുപ്പ്  അജണ്ടകള്‍. മാറിയ രാഷ്ട്രീയ സാമൂഹിക ചുറ്റുപാടില്‍ തുര്‍ക്കിക്കു ഉര്‍ദുഗാന്‍ എന്നൊരു നേതാവിന്റെ ആവശ്യകത തുര്‍ക്കിക്കാര്‍ അംഗീകരിക്കുന്നു. പാര്‍ലിമെന്റ് എന്നതിനേക്കാള്‍  പ്രസിഡന്‍ഷ്യല്‍ രീതിയാണ് തുര്‍ക്കിക്കു കൂടുതല്‍ ഗുണം ചെയ്യുക  എന്നും അവര്‍ മനസ്സിലാക്കുന്നു.  പുതിയ രീതിയിലേക്കുള്ള മാറ്റം മറ്റൊരു ജനഹിത മാര്‍ഗ്ഗത്തിലൂടെയാണ് തീരുമാനിക്കപ്പെട്ടതും.

പഴയ കാല ഉദ്യോഗസ്ഥ വ്യവസ്ഥിതിയുടെ നിഴലുകള്‍ ഇപ്പോഴും തുര്‍ക്കിയുടെ മേല്‍ നില നില്‍ക്കുന്നു. ഇനിമേല്‍ നാട്ടില്‍ മുഖ്യ ഉദ്യോഗസ്ഥരെ നിയമിക്കുക എന്നതും പ്രസിഡന്റിന്റെ പണിയാണ്. പാര്‍ലിമെന്റ് ഒരു നിഴല്‍ മാത്രം. പ്രധാനമന്ത്രി എന്നത് ഒരു പേരുമാത്രമായി അവശേഷിക്കും. കഴിഞ്ഞ പതിനഞ്ചു കൊല്ലമായി തുര്‍ക്കിയുടെ മനസ്സില്‍ ഉര്‍ദുഗാനുണ്ട്. യൂറോപ്പിന്റെ  രോഗി എന്നതില്‍ നിന്നും യൂറോപ്പിലെ ‘ യോഗ്യന്‍’ എന്നിടത്തേക്കു ആ രാജ്യത്തെ കൊണ്ടെത്തിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. അന്താരാഷ്ട്ര വിഷയങ്ങളില്‍ മധ്യേഷ്യന്‍ രാഷ്ട്രങ്ങള്‍ ഞാണിന്മേല്‍ കളി നടത്തിക്കൊണ്ടിരുന്ന സമയത്തു വിഷയങ്ങളെ കുറിച്ച് സമയാസമയങ്ങളില്‍ കൃത്യവും ശക്തവുമായ നിലപാട് സ്വീകരിച്ചു എന്നതാണ് ഉര്‍ദുഗാന്‍. അത് കൊണ്ട് തന്നെ ഉര്‍ദുഗാന്റെ പരാജയം ഉറപ്പു വരുത്താന്‍ പല മധ്യേഷ്യന്‍ രാജ്യങ്ങളും തങ്ങള്‍ക്കു കഴിയുന്നതിന്റെ പരമാവധി  ശ്രമിച്ചു എന്നാണു വിവരം. തുര്‍ക്കിയില്‍ ജനാധിപത്യം തകരുന്നു എന്നായിരുന്നു പുറം ലോകത്തിന്റെ ചര്‍ച്ച. തീര്‍ത്തും സുതാര്യമായിരുന്നു തിരഞ്ഞെടുപ്പ് എന്നത് കൊണ്ട് തന്നെ തുര്‍ക്കി ജനതയ്ക്ക് ഈ വിഷയത്തില്‍ ആശങ്ക ഇല്ലെന്നു വരുന്നു.

ഭരണ ഉദ്യോഗസ്ഥ തലങ്ങളില്‍ പഴയ  നിലപാടുകളില്‍ നിന്നും വേണ്ടത്ര മാറ്റം ഇതുവരെ പൂര്‍ണമായി ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല. അത് കൊണ്ട് തന്നെ നാട്ടിലെ ഭരണം വേണ്ടത്ര വേഗതയിലല്ല  പോകുന്നത് എന്നാണ് ഭൂരിപക്ഷം തുര്‍ക്കിക്കാരും മനസ്സിലാകുന്നത്. മാത്രമല്ല നിലവിലുള്ള പാര്‍ലിമെന്റ് രീതിയെക്കാള്‍ നാടിനു ഗുണം ചെയ്യുക പ്രസിഡന്‍ഷ്യല്‍ രീതിയാണെന്നും അവര്‍ മനസ്സിലാക്കുന്നു. അതവരുടെ വിഷയം. പക്ഷെ എന്തും തീരുമാനിക്കുന്നത് തീര്‍ത്തും സുതാര്യമായ രീതിയിലാണ് എന്ന് കൂടി നാം കാണാതെ പോകരുത്.

തുര്‍ക്കിയുടെ പുതിയ രീതിയിലേക്കുള്ള മാറ്റംകൊണ്ട് അന്താരാഷ്ട്ര സമൂഹത്തിനു കാര്യമായ മാറ്റമൊന്നും സംഭവിക്കില്ല എന്നാണു പൊതുവെ വിലയിരുത്തല്‍. വിദേശ നയങ്ങളില്‍ മാറ്റം വരാനുള്ള സാധ്യത വളരെ കുറവാണ്, അതെ സമയം രാജ്യത്തിനി  വലിയ മാറ്റങ്ങള്‍ക്കു സാധ്യതയുണ്ട് എന്നും പറയപ്പെടുന്നു. പ്രസിഡന്റിന് അമിതാധികാരം ലഭിക്കുന്ന രീതിയിലേക്ക് രാജ്യം മാറുന്നു എന്നത് അറിഞ്ഞു കൊണ്ട് തന്നെയാണ് തുര്‍ക്കിക്കാര്‍ വോട്ടു രേഖപ്പെടുത്തിയത് എന്ന് സാരം. നമ്മുടെ നാട്ടിലെ  പോലെ ഇനി പാര്‍ലിമെന്റില്‍ നിയമം പാസാക്കാന്‍ അവിടെ കാത്തുനില്‍ക്കേണ്ട. പാര്‍ലമെന്റിനെ മറികടന്നു നിയമം നിര്‍മിക്കപ്പെടുന്ന ഈ രാജ്യത്തിരുന്നു കൊണ്ട്  കുറച്ചുകൂടെ  സുതാര്യമായ തുര്‍ക്കിയെ എങ്ങിനെ വിമര്‍ശിക്കണം എന്നത് കൂടി നാം ഇനിയും പഠിച്ചിട്ടു വേണം. പ്രസിഡണ്ട് ഭരിക്കുന്ന ആദ്യ രാജ്യമല്ല തുര്‍ക്കി എന്നതും നാം കൂട്ടി വായിക്കണം. ചിലരുടെ അസുഖം വേറെയാണ്. അതിനു കാരണം പ്രസിഡണ്ട് രീതിയല്ല. തുര്‍ക്കിയുടെ വിശ്വാസം തന്നെയാണ്.

 

Facebook Comments
Show More

Related Articles

Close
Close