AsiaPolitics

നിര്‍ബന്ധ മതപരിവര്‍ത്തനങ്ങളില്‍ നിന്നും ഘര്‍വാപസി എങ്ങനെ വ്യത്യാസപ്പെടുന്നു?

കഴിഞ്ഞ കുറച്ച് ദശാബ്ദങ്ങളായി മതപരിവര്‍ത്തനവുമായി ബന്ധപ്പെട്ട പ്രചാരണങ്ങള്‍ ശക്തമായ രാഷ്ട്രീയ ആയുധങ്ങളില്‍ ഒന്നായി മാറിക്കഴിഞ്ഞിട്ടുണ്ട്. 1950 കളിലാണ് ആദിവാസി മേഖലകളില്‍ നടന്ന മതപരിവര്‍ത്തനങ്ങള്‍ അന്വേഷിക്കുന്നതിന് വേണ്ടി നിയോഗിക്കപ്പെട്ട നിയോഗി കമ്മീഷന്റെ റിപ്പോര്‍ട്ട് പുറത്തുവന്നത്. പിന്നീട് മീനാക്ഷിപുരത്തെ ദലിതുകളുടെ ഇസ്‌ലാം സ്വീകരണം, മതപരിവര്‍ത്തനത്തിന് നേതൃത്വം നല്‍കിയതിന്റെ പേരില്‍ പാസ്റ്റര്‍ ഗ്രഹാം സ്റ്റെവാര്‍ട്ടിന്റെ വധം ; തുടങ്ങിയവയാണ് മതപരിവര്‍ത്തനം എന്ന പ്രതിഭാസവുമായി ബന്ധപ്പെട്ട വലിയ വൃത്തത്തിലെ  ചുരുക്കം ചില സംഭവങ്ങള്‍. മുസ്‌ലിം രാജാക്കന്‍മാര്‍ വാളുപയോഗിച്ചാണ് ജനങ്ങളെ ഇസ്‌ലാമിലേക്ക് ചേര്‍ത്തത് എന്ന വര്‍ഗീയ ശക്തികളുടെ പ്രചാരണം ‘സാമൂഹ്യ പൊതുബോധ’ത്തിന്റെ ഭാഗമായി ഇന്ന് മാറിക്കഴിഞ്ഞിട്ടുണ്ട്. പത്ത് വര്‍ഷം മുമ്പ് ക്രിസ്തുമസ്സിനോടനുബന്ധിച്ച് ആദിവാസി മേഖലകളില്‍ ക്രിസ്ത്യാനികള്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ ഒരു സ്ഥിരം സംഭവമായിരുന്നു. അന്നത്തെ ആ സാഹചര്യത്തില്‍, മതന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ക്കെതിരെ ശബ്ദിക്കുന്നതിന് പകരം, അന്നത്തെ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പെയ് മതപരിവര്‍ത്തങ്ങളെ കുറിച്ച് ദേശീയ തലത്തില്‍ ഒരു സംവാദം സംഘടിപ്പിക്കുകയായിരുന്നു ചെയ്തത്.

ആഗ്രയില്‍ ഈയടുത്ത് നടന്ന ഹിന്ദുയിസത്തിലേക്കുള്ള പരിവര്‍ത്തനങ്ങളില്‍ (ഡിസം 10), മതപരിവര്‍ത്തന ചടങ്ങില്‍ പങ്കെടുത്താല്‍ റേഷന്‍ കാര്‍ഡുകള്‍, ബി.പി.എല്‍ കാര്‍ഡുകള്‍ എന്നിവ നല്‍കപ്പെടുമെന്നായിരുന്നു തെരുവില്‍ ജീവിക്കുന്ന, പാഴ് വസ്തുക്കള്‍ പെറുക്കി ഉപജീവനം തേടുന്ന ഏകദേശം 350 ഓളം പേര്‍ക്ക് ചടങ്ങിന് കാര്‍മികത്വം വഹിച്ചവര്‍ നല്‍കിയ വാഗ്ദാനം. ആര്‍.എസ്.എസ് ന്റെ പോഷക സംഘടനകളായ ബജ്‌റംഗ് ദള്‍, ഹിന്ദു ജന്‍ജാഗ്രിതി സമിതി എന്നിവയാണ് വാഗ്ദാനങ്ങളുമായി അവരുടെ അടുക്കലെത്തിയത്. ആകെ ഒരു വ്യത്യാസമുണ്ടായിരുന്നത് ഈ ചടങ്ങിന്റെ പേര് മതപരിവര്‍ത്തനം എന്നായിരുന്നില്ല മറിച്ച് ‘ഘര്‍ വാപസി’ (സ്വന്തം വീട്ടിലേക്കുള്ള മടക്കം) എന്നായിരുന്നു എന്നതാണ്. ഒരുവശത്ത് യോഗി ആഥിത്യനാഥിനെ പോലുള്ള ആര്‍.എസ്.എസ് നേതാക്കള്‍ പ്രസ്തുത സംരംഭത്തെ ഒരു വലിയ മഹത്തായ നേട്ടമായി ഉയര്‍ത്തികാട്ടിയപ്പോള്‍, മറ്റു ആര്‍.എസ്.എസ് സൈദ്ധാന്തികര്‍ ഇതിനെ ആര്‍.എസ്.എസില്‍ നിന്നുള്ള കനത്ത പ്രഹരമായാണ് കണക്കാക്കിയത്. ഇത്തരം മതപരിവര്‍ത്തനങ്ങള്‍, അല്ല ‘ഘര്‍ വാപസി’ പരിപാടികള്‍ ഏതൊരു തരത്തിലുള്ള മതപരിവര്‍ത്തനത്തെയും നിരോധിക്കുന്നതിന് വേണ്ടി കര്‍ശന നിയമം പാസാക്കുന്നതിനെ കുറിച്ചുള്ള സംവാദങ്ങളിലേക്ക് വഴിതുറക്കുമെന്നാണ്, മതപരിവര്‍ത്തനം നിരോധിക്കണം എന്ന അഭിപ്രായം വെച്ചുപുലര്‍ത്തുന്ന ആര്‍.എസ്.എസ് സൈദ്ധാന്തികരില്‍ ഒരാള്‍ പറഞ്ഞത്. റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതു പോലെ, ആഗ്രയിലെ വേദ് നഗറിലുള്ള 350 ഓളം സമ്മതിദാനാവകാശമുള്ള മുസ്‌ലിംകളെ ഹിന്ദുയിസത്തിലേക്ക് പരിവര്‍ത്തിപ്പിച്ച ചടങ്ങ് ആര്‍.എസ്.എസ് നടത്തിയത് തന്നെയാണെങ്കില്‍, ആര്‍.എസ്.എസ് സൈദ്ധാന്തികര്‍ അഭിപ്രായപ്പെട്ടത് പോലെ നയനന്ത്രപരമായി ആര്‍.എസ്.എസ് വളര്‍ന്നിരിക്കുന്നു എന്നാണത് വ്യക്തമാക്കുന്നത്.

ആര്‍.എസ്.എസിന്റെ ഈ നീക്കം പ്രസ്തുത സൈദ്ധാന്തികന്റെ അഭിപ്രായത്തില്‍ മികച്ച ഒന്നു തന്നെയാണ്. വിമര്‍ശകരുടെ ഇടപെടല്‍ കാരണമായി പരാജയപ്പെട്ടു പോയ, ദശാബ്ദങ്ങളായി അവര്‍ ആവശ്യപ്പെട്ടു കൊണ്ടിരിക്കുന്ന മതപരിവര്‍ത്തന നിരോധന നിയമം പാസാക്കുന്നതിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് ആരംഭം കുറിച്ച മട്ടാണുള്ളത്. മീനാക്ഷിപുരത്ത് നടന്നത് പെട്രോ ഡോളറിന്റെ ബലത്തിലുള്ള മതപരിവര്‍ത്തനങ്ങളാണെന്നും, വിദേശ പണം ഉപയോഗിച്ചാണ് ക്രിസ്ത്യന്‍ മിഷനറിമാര്‍ മതപരിവര്‍ത്തനങ്ങള്‍ നടത്തുന്നതെന്നും വര്‍ഗീയവാദികള്‍ ഉച്ചത്തില്‍ നിലവിളിക്കുമ്പോഴും, സത്യം ഇതില്‍ നിന്നെല്ലാം വളരെ വ്യത്യസ്തമായ ഒന്നാണ്. മേല്‍ജാതിയില്‍ പെട്ട ആളുകളില്‍ നിന്നും അനുഭവിക്കേണ്ടി വന്ന ദുരിതങ്ങളും, അപമാനവുമാണ് മീനാക്ഷിപുരത്തെ ദലിതുകളുടെ മതപരിവര്‍ത്തനത്തിന് ഹേതുവായിത്തീര്‍ന്നത്. ക്രിസ്ത്യന്‍ മിഷനറിമാര്‍ നിര്‍ബന്ധ മതപരിവര്‍ത്തനം നടത്തുകയാണെന്ന പ്രചാരണം കൊഴുപ്പിക്കുമ്പോഴും, വര്‍ഗീയശക്തികള്‍ക്ക് തങ്ങളുടെ വാദം തെളിയിക്കുന്ന തെളിവുകള്‍ ഹാജറാക്കാന്‍ കഴിഞ്ഞിരുന്നില്ല. ക്രിസ്ത്യാനികളില്‍ ചില വിഭാഗങ്ങള്‍ തങ്ങള്‍ മതംപരിവര്‍ത്തനം നടത്തുന്നുണ്ടെന്ന് അവകാശപ്പെട്ടിരുന്നത് സത്യം തന്നെയാണ് ; ഇനി മതപരിവര്‍ത്തനം നടക്കുകയാണെങ്കില്‍ തന്നെ അവയൊക്കെ തന്നെ സ്വയം സന്നദ്ധനായി മുന്നോട്ടു വരുന്നവരും, സ്വയം അന്വേഷിച്ച് പരിവര്‍ത്തനത്തിന് തയ്യാറാവുന്നവരും മാത്രമാണെന്ന് ഭൂരിഭാഗം ക്രിസ്ത്യന്‍ സംഘങ്ങളും ഉറപ്പു നല്‍കുന്നുണ്ട്. മിഷനറിമാര്‍ മതപരിവര്‍ത്തന പ്രവര്‍ത്തനങ്ങള്‍ വ്യാപകമായി നടത്തുന്നുണ്ടെന്ന് ജനങ്ങള്‍ വിശ്വസിക്കാന്‍ തുടങ്ങിയിട്ടുണ്ട് എന്നത് ആശ്ചര്യമുണര്‍ത്തുന്നതാണെങ്കിലും, കഴിഞ്ഞ കുറച്ച് ദശാബ്ദങ്ങളുടെ കാനേഷുമാരി കണക്കുകള്‍ സൂചിപ്പിക്കുന്നത് ക്രിസ്ത്യന്‍ ജനസംഖ്യയിലുണ്ടായ തരക്കേടില്ലാത്ത ഇടിവിനെയാണ്. (1971-2.60, 1982-2.44, 1991-2.34, 2001-2.30, 2011-2.20). പാസ്റ്റര്‍ സ്റ്റെയിനിനെ ചുട്ട്‌ക്കൊന്നതിനെ തുടര്‍ന്നാണ് അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്നു എല്‍.കെ അദ്വാനി സംഭവം അന്വേഷിക്കുന്നതിന് വേണ്ടി വാധ്‌വ കമ്മീഷനെ നിയോഗിച്ചത്. സ്‌റ്റെയിന്‍ യാതൊരു വിധത്തിലുള്ള മതപരിവര്‍ത്തന പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെട്ടിരുന്നില്ലായെന്നായിരുന്നു കമ്മീഷന്റെ റിപ്പോര്‍ട്ട്. ഒറീസയിലെ മനോഹര്‍പൂരില്‍, സ്റ്റെയിന്‍ അവിടെ പാസ്റ്ററായി ജോലി ചെയ്തിരുന്ന സമയത്ത് ക്രിസത്യന്‍ ജനസംഖ്യയില്‍ കാര്യമായ വര്‍ദ്ധനവൊന്നും തന്നെ ഉണ്ടായിട്ടില്ല.

ഇന്ത്യയില്‍ ഏതുവിധേനയൊക്കെയാണ് മതപരിവര്‍ത്തനം നടക്കുന്നത്? നമുക്കിത് രണ്ടു തലങ്ങളിലായി പരിശോധിക്കാം. ജാതി ഉച്ചനീചത്വങ്ങളുടെ ഫലമായിട്ടാണ് മധ്യകാലഘട്ടത്തില്‍ ഇസ്‌ലാമിലേക്ക് വ്യാപകമായി ആളുകള്‍ പരിവര്‍ത്തനം ചെയ്തത്. ‘എന്തു കൊണ്ടാണ് ഇന്ത്യയിലെ ദരിദ്രര്‍ക്കിടയില്‍ ഇത്രയധികം മുസ്‌ലിംകള്‍ ഉണ്ടാവാന്‍ കാരണം?. അവരൊക്കെ തന്നെ വാളു കൊണ്ടുള്ള ഭീഷണി മൂലമാണ് ഇസ്‌ലാം സ്വീകരിച്ചത് എന്ന് പറയുന്നത് തികച്ചും വിഡ്ഢിത്തം മാത്രമാണ്. സമീന്താര്‍മാരില്‍ നിന്നും, പുരോഹിതന്‍മാരില്‍ നിന്നും സ്വാതന്ത്ര്യം ലഭിക്കുന്നതിന് വേണ്ടിയായിരുന്നു അവര്‍ ഇസ്‌ലാമിലേക്ക് പരിവര്‍ത്തനം ചെയ്തത്’ സ്വാമി വിവേകാന്ദന്‍ ഒരിടത്ത് സൂചിപ്പിക്കുന്നുണ്ട്. (കളക്റ്റട് വര്‍ക്ക്‌സ്- വാല്യം 8 പേജ് 330). മുസ്‌ലിം രാജാക്കന്‍മാരുടെ പാരിതോഷികങ്ങള്‍ മനസ്സില്‍ കണ്ട് കൊണ്ട് ഒരു ചെറിയ വിഭാഗം ആളുകള്‍ ഇസ്‌ലാം സ്വീകരിച്ചിരുന്നു എന്നത് വാസ്തവം തന്നെയാണ്. മലബാര്‍ മുസ്‌ലിംകളിലും, മെവാത്തിലെ മുസ്‌ലിംകളിലും കാണാന്‍ കഴിയുന്ന സവിഷേശമായ സ്വഭാവമാഹാത്മ്യത്തിലും, അവരുടെ സാമൂഹ്യ ഇടപാടുകളിലും ആകൃഷ്ടരായി ഇസ്‌ലാം ആശ്ലേഷിച്ചവരാണ് കൂടുതലും. മധ്യകാലഘട്ടത്തില്‍ നടന്ന ഇസ്‌ലാമിലേക്കുള്ള പരിവര്‍ത്തനങ്ങളില്‍ സൂഫികള്‍ക്കും വലിയ പങ്കുണ്ട്. അന്നത്തെ കാലത്ത് തൊട്ടുകൂടായ്മക്ക് ഇരയായിരുന്നവരില്‍ പെട്ട ആളുകള്‍ക്ക് പോലും സൂഫി ദര്‍ഗകള്‍ സന്ദര്‍ശിക്കുന്നതിന് യാതൊരു വിലക്കും ഉണ്ടായിരുന്നില്ല. ഇന്നത്തെ കാലത്ത് പോലും ജനസംഖ്യയില്‍ നാലിലൊന്ന് ആളുകള്‍ തങ്ങളുടെ തീരുമാനങ്ങള്‍ ജാതിവ്യവസ്ഥയുടെ ശ്രേണിബന്ധങ്ങള്‍ക്ക് വിട്ടുകൊടുക്കുന്നവരാണ്. അതേസമയം ചില മേല്‍ജാതി ഹിന്ദുക്കള്‍, ഡോ. അംബേദ്ക്കര്‍ പ്രഖ്യാപിച്ചതു പോലെ, ഹിന്ദുയിസത്തിന്റെ പിടുത്തത്തില്‍ നിന്നും മോചിതരായി കൊണ്ടിരിക്കുന്നവരാണെന്ന വസ്തുതയില്‍ അത്ഭുതപ്പെടേണ്ടതില്ല. ‘ഞാന്‍ ഒരു ഹിന്ദുവായാണ് ജനിച്ചത്, അത് എന്റെ അധികാര പരിധിയില്‍ വരുന്നതല്ലല്ലോ, പക്ഷെ ഞാനൊരിക്കലും ഒരു ഹിന്ദുവായി മരിക്കുകയില്ല’ എന്ന് പ്രഖ്യാപിച്ചു കൊണ്ടാണ് ഡോ. അംബേദ്ക്കര്‍ ഹിന്ദുയിസം ഉപേക്ഷിക്കുന്നത്.

ചിലര്‍ വാദിക്കുന്നത് പോലെ ബ്രിട്ടീഷുകാരുടെ ആഗമനത്തോടെയല്ല ഇന്ത്യയില്‍ ക്രിസ്തുമതത്തിലേക്കുള്ള പരിവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നത്. നൂറ്റാണ്ടുകളുടെ പഴക്കമുണ്ട് ക്രിസ്തുമതത്തിന്, ഒന്നാം നൂറ്റാണ്ടില്‍ സെന്റ് തോമസിനൊപ്പമാണ് ക്രിസ്തുമതം ഇന്ത്യയിലെത്തുന്നത്. ഈ സംഭവത്തെ കുറിച്ച് ചിലര്‍ സംശയം പ്രകടിപ്പിക്കുകയും, അഞ്ചാം നൂറ്റാണ്ടിലാണ് ക്രിസ്തുമതം ഇന്ത്യയിലെത്തിയതെന്ന് സമര്‍ത്ഥിക്കുകയും ചെയ്തിട്ടുണ്ട്. സമൂഹത്തില്‍ നിന്നും വിവേചനപൂര്‍വ്വം അകറ്റിനിര്‍ത്തപ്പെട്ട ആദിവാസി മേഖലകളിലാണ് അവര്‍ക്ക് ആരോഗ്യപരവും, വിദ്യഭ്യാസപരവുമായ സേവനങ്ങള്‍ ലഭ്യമാക്കി കൊണ്ട് ക്രിസ്ത്യന്‍ മിഷനറിമാര്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നത്. മിഷനറിമാരുടെ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടരായി കൊണ്ടാണ് ആദിവാസി-ദലിതുകളില്‍ പെട്ട ധാരാളം പേര്‍ അവരുടെ മതം സ്വീകരിച്ചത്. വര്‍ഗീയ ശക്തികള്‍ ആദിവാസി ഗ്രാമങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മിഷനറിമാരുടെ പ്രവര്‍ത്തനങ്ങളില്‍ അസ്വസ്ഥരാവാന്‍ തുടങ്ങിയിട്ട് ആറു ദശാബ്ദങ്ങള്‍ മാത്രമേ ആയിട്ടുള്ളു. അന്നുമുതല്‍ക്കാണ് ആ മേഖലകളില്‍ ആക്രമണങ്ങള്‍ വര്‍ദ്ധിക്കാന്‍ തുടങ്ങിയത്. നഗരപ്രദേശങ്ങളിലാണ് ക്രിസ്ത്യന്‍ സ്ഥാപനങ്ങളില്‍ ഭൂരിഭാഗവും സ്ഥിതിചെയ്യുന്നത്. സമൂഹത്തിലെ എല്ലാ വിഭാഗത്തില്‍പെട്ട ആളുകളും തങ്ങളുടെ കുട്ടികളെ അവരുടെ സ്ഥാപനങ്ങളിലേക്കാണ് അയക്കുന്നത് എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതു തന്നെയാണ്. ഇത്തരം മിഷനറികളില്‍ ചിലതെങ്കിലും ചിലപ്പോള്‍ മതപരിവര്‍ത്തനം ലക്ഷ്യമാക്കി കൊണ്ടുള്ള പ്രാര്‍ത്ഥനാ സദസ്സുകളും, ശുശ്രൂഷാ സേവനങ്ങളും നടത്തുന്നുണ്ടെന്ന് ഒരാള്‍ക്ക് വേണമെങ്കില്‍ ശരിവെക്കാം. ഇനി അങ്ങനെ നടക്കുന്നുണ്ടെങ്കില്‍ തന്നെ, പ്രലോഭനങ്ങളിലൂടെയും, തട്ടിപ്പിലൂടെയുമുള്ള ക്രിസ്തുമതത്തിലേക്കുള്ള പരിവര്‍ത്തനം തുലോം കുറവാണ്. പ്രാര്‍ത്ഥനാ സദസ്സുകള്‍ സംഘടിപ്പിച്ചു കൊണ്ടിരിക്കുന്നതിനിടെയാണ് ക്രിസ്ത്യന്‍ മിഷനറിമാര്‍ക്കെതിരെയുള്ള ഒട്ടുമിക്ക ആക്രമണങ്ങളും അരങ്ങേറിയത്. ഫോറിന്‍ കോണ്‍ട്രിബ്യൂഷന്‍ റഗുലേഷന്‍ ആക്ടിന്റെ പരിധിയില്‍പെടുന്ന വഴികളിലൂടെയാണ് അവര്‍ സാമ്പത്തിക സഹായങ്ങള്‍ സ്വീകരിക്കുന്നത്. ആര്‍.എസ്.എസ് നെ പോലെയുള്ള മറ്റനേകം എന്‍.ജി.ഓ കളും വിദേശഫണ്ടുകള്‍ സ്വീകരിക്കുന്നുണ്ടെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല.

ആര്‍.എസ്.എസ് നടത്തുന്നത് ഘര്‍ വാപസിയാണെന്നാണ് ഇപ്പോഴത്തെ വാദം!. അവരുടെ അവകാശവാദങ്ങളൊക്കെ തന്നെ ശുദ്ധമായ രാഷ്ട്രീയ കെട്ടുകഥകള്‍ മാത്രമാണ്. ജാതി വ്യവസ്ഥയുടെ ഉച്ചനീചത്വങ്ങള്‍ നിലനില്‍ക്കുന്ന ഇന്ത്യന്‍ സമൂഹത്തില്‍ സ്വയം സന്നദ്ധതയോടെയുള്ള മതപരിവര്‍ത്തനങ്ങള്‍ക്ക് വലിയ സാധ്യതകള്‍ തന്നെയാണ് ഉള്ളത്. ജാതീയതയുടെ അണുബാധയില്‍ നിന്നും ക്രിസ്ത്യന്‍, മുസ്‌ലിം സമുദായങ്ങള്‍ പോലും മുക്തമല്ല എന്നത് മറ്റൊരു വിഷയമാണ്, പക്ഷെ സാമൂഹ്യ നീതി ലഭിക്കുമെന്ന അടിച്ചമര്‍ത്തപ്പെട്ട ജാതികളുടെ പ്രതീക്ഷകളാണ് അവരെ വിശ്വാസമാറ്റത്തിന് പ്രേരിപ്പിക്കുന്ന മുഖ്യചാലക ശക്തി. ഈ മതം മാറിയ ആളുകളുടെ പൂര്‍വ്വികര്‍ ഹിന്ദുക്കളായിരുന്നു എന്ന ആര്‍.എസ്.എസിന്റെ അവകാശവാദത്തിന് ഈ സംവാദത്തില്‍ കാര്യമാത്ര പ്രസക്തിയില്ല. ഇന്നത്തെ കാലത്ത് ഒരാളുടെ പൗരത്വത്തിലും, വിശ്വാസത്തിലും പൂര്‍വികരുമായുള്ള ബന്ധത്തിന് എത്രത്തോളം പ്രസക്തിയുണ്ട്? ഇന്ന് നമുക്ക് ഏതെങ്കിലുമൊരു വിശ്വാസം സ്വീകരിക്കുന്നതിന് നമ്മുടെ വംശപരമ്പര നോക്കേണ്ടതുണ്ടോ? ഇത് നമ്മെ എങ്ങോട്ടാണ് നയിക്കുക? മനുഷ്യകുലത്തിന്റെ ആരംഭം ദക്ഷിണാഫ്രിക്കയില്‍ നിന്നാണെന്നാണ്  ഏറ്റവും പുതിയ ഡി.എന്‍.എ പഠനങ്ങള്‍ ചൂണ്ടികാണിക്കുന്നത്.

നാടോടികളുടെ മതം എന്തായിരുന്നു? ലോകത്തെമ്പാടുമുള്ള ആദിവാസികള്‍ ആചരിക്കുന്ന പ്രതിഭാസത്തെ മതം എന്ന് വിളിക്കുന്നതിന് പകരം, ചില സാമൂഹ്യശാസ്ത്രജ്ഞന്‍മാര്‍ അതിനെ ആദിമ സംസ്‌കാരം എന്നാണ് വിളിച്ചത്. സമൂഹം എല്ലായ്‌പ്പോഴും മാറിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യയില്‍ ജാതിവ്യവസ്ഥ മതത്തിന്റെ കേന്ദ്രഭാഗമായി മാറിയപ്പോഴാണ് അടിച്ചമര്‍ത്തപ്പെടുന്ന വിഭാഗങ്ങള്‍ ഹിന്ദുയിസം ഉപേക്ഷിച്ച് മറ്റു മതങ്ങളായ ജൈനിസം, ബുദ്ധിസം, ക്രിസ്ത്യാനിറ്റി, ഇസ്‌ലാം, സിഖിസം എന്നിവ തെരഞ്ഞെടുക്കാന്‍ തുടങ്ങിയത്. തങ്ങള്‍ക്ക് തുല്ല്യ നീതി ലഭിക്കുന്നില്ലെന്ന് ജനങ്ങള്‍ക്ക് അനുഭവപ്പെട്ടു തുടങ്ങിയപ്പോഴാണ് അവര്‍ മറ്റുമതങ്ങള്‍ തേടിപ്പോയത്. ബുദ്ധദേവന്റെ അദ്ധ്യാപനങ്ങള്‍ക്ക് പ്രചാരം ലഭിച്ച് തുടങ്ങിയതോടെ ഉപഭൂഖണ്ഡത്തിലെ ഒരു വലിയ വിഭാഗം ബുദ്ധമതത്തില്‍ ചേര്‍ന്നു. പിന്നീട് ഇതിനോടുള്ള സവര്‍ണ്ണമേധാവിത്വത്തിന്റെ പ്രതികരണത്തെ തുടര്‍ന്നാണ് ബുദ്ധമതം ഇവിടെ നിന്നും തുടച്ചു നീക്കപ്പെട്ടത്.

കഴിഞ്ഞകാലത്തെ ഗ്രാമീണവും, കാര്‍ഷിക-ജന്മിത്വ സമൂഹങ്ങളുടെ വ്യവസ്ഥയുമായും മൂല്യങ്ങളുമായും ഒട്ടിപ്പിടിച്ചു നില്‍ക്കുന്നു എന്നതാണ് ആര്‍.എസ്.എസ് ഉയര്‍ത്തുന്ന പ്രശ്‌നത്തിന്റെ മുഖ്യകാരണം. പൊതുവെ ഉല്‍പാദന, വിദ്യഭ്യാസ വ്യവസ്ഥതകളില്‍ സംഭവിക്കുന്ന മാറ്റങ്ങളുടെ കൂടെയാണ് സാമൂഹ്യവ്യവസ്ഥയും മാറ്റത്തിന് വിധേയമാവുന്നത്. മഹാത്മാ ഗാന്ധി നയിച്ച സ്വാതന്ത്ര്യ സമരത്തിലൂടെയാണ് ഇന്ത്യ എന്ന രാജ്യം പിറവികൊള്ളുന്നത്. എല്ലാ മതവിഭാഗങ്ങളില്‍ പെട്ട ജനങ്ങളെയും ഒന്നിപ്പിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. മതങ്ങള്‍ക്കെല്ലാം അദ്ദേഹം തുല്ല്യ പരിഗണന നല്‍കി. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം വൈദേശികവും പ്രാദേശികവുമായ മതങ്ങള്‍ തമ്മില്‍ യാതൊരു വേര്‍തിരിവും ഉണ്ടായിരുന്നില്ല. സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെ സമയത്ത് ഇവിടെ മൂന്ന് തരത്തിലുള്ള ദേശീയതകള്‍ പരസ്പരം പോരടിച്ചിരുന്നു. ഇന്ത്യ എന്ന രാഷ്ട്രത്തിന്റെ നിര്‍മിതിക്ക് വേണ്ടി നിലകൊണ്ടിരുന്ന ഇന്ത്യന്‍ ദേശീയതയായിരുന്നു ഒന്ന്. ഭൂരിഭാഗം ജനങ്ങളും ഇന്ത്യന്‍ ദേശീയതയുടെ ആളുകളായിരുന്നു. മറ്റൊന്ന് മുസ്‌ലിം ദേശീയവാദമായിരുന്നു. എട്ടാം നൂറ്റാണ്ടില്‍ സിന്ദ് കീഴടക്കിയ മുഹമ്മദ് ബിന്‍ കാസിമിലാണ് ഈ ദേശീയതയുടെ പ്രാരംഭഘടകങ്ങള്‍ കണ്ടെത്താന്‍ കഴിയുന്നത്. മൂന്നാമത്തേത് ഹിന്ദു ദേശീയതയായിരുന്നു. ‘ചരിത്രാതീത കാലം മുതല്‍ക്കു തന്നെ നമ്മുടേത് ഹിന്ദു രാഷ്ട്രമാണ്’ എന്ന മുദ്രവാക്യമാണ് ഹിന്ദു മഹാസഭയും ആര്‍.എസ്.എസും ഉയര്‍ത്തിപ്പിടിച്ചത്. അവസാനത്തെ രണ്ട് ദേശീയതകളും മതപരമായ സ്വത്വങ്ങളില്‍ നിന്നാണ് രൂപംകൊണ്ടിട്ടുള്ളത്. അവയ്ക്കാകട്ടെ വളരെ ചെറിയ തോതിലുള്ള ജനപിന്തുണ മാത്രമേ ലഭിക്കുകയും ചെയ്തുള്ളു.

ദൗര്‍ഭാഗ്യകരമെന്നു പറയട്ടെ, മതപരിവര്‍ത്തനങ്ങളെ എതിര്‍ക്കുന്നതിന് വേണ്ടി തീവ്രകക്ഷികള്‍ വളരെ വ്യാപകമായി ഗാന്ധിയെ ഉദ്ധരിക്കുന്നുണ്ടിപ്പോള്‍ ; പക്ഷെ അദ്ദേഹം പറഞ്ഞതായി അവര്‍ ഉദ്ധരിക്കുന്ന വാക്യങ്ങളൊക്കെ തന്നെ സന്ദര്‍ഭത്തില്‍ നിന്നും അടര്‍ത്തിയെടുത്തവയാണ്. 1931 മാര്‍ച്ച് 22 ന് ‘ദ ഹിന്ദു’ വിന് നല്‍കിയ അഭിമുഖത്തില്‍ ഗാന്ധി അസന്നിഗ്ദമായി വ്യക്തമാക്കുന്നുണ്ട് ‘സ്വയംഭരണ ഇന്ത്യയില്‍ വൈദ്യസഹായവും, വിദ്യഭ്യാസവും മറ്റും നല്‍കി കൊണ്ട് ക്രിസ്ത്യന്‍ മിഷനറിമാര്‍ മതപരിവര്‍ത്തനം നടത്തുണ്ടെങ്കില്‍.. അതില്‍ നിന്നും പിന്മാറാന്‍ ഞാന്‍ അവരോട് ആവശ്യപ്പെടുകയാണ്. എല്ലാ രാജ്യങ്ങളുടെ മതം മറ്റുള്ളവയെ പോലെ തന്നെ നല്ലത് തന്നെയാണ്. ഇന്ത്യയിലെ മതങ്ങളൊക്കെ തന്നെ അതിലെ ജനങ്ങള്‍ക്ക് തീര്‍ത്തും അനുയോജ്യമായവ തന്നെയാണ്. ആത്മീയതയെ മറ്റൊന്നിലേക്ക് പരിവര്‍ത്തിപ്പിക്കേണ്ട ആവശ്യം ഞങ്ങള്‍ക്കില്ല’. ഉദ്ധരണിയിലെ ആദ്യത്തെ ഭാഗമിതാണ്. ഇതിന് നേര്‍വിപരീതമാണ് പിന്നീട് വരുന്ന വരികളില്‍ നമുക്ക് കാണാന്‍ കഴിയുന്നത്. യഥാര്‍ത്ഥത്തില്‍ അതായിരുന്നു ഗാന്ധി ഉയര്‍ത്തിപിടിച്ച ആശയങ്ങള്‍. പിന്നീട് ഗാന്ധി എഴുതുന്നു ‘ഇതാണ് റിപ്പോര്‍ട്ടര്‍മാര്‍ ഞാന്‍ പറഞ്ഞതായി എഴുതിപ്പിടിപ്പിച്ചത്.. എനിക്ക് പറയാനുള്ളത് ഇത്രമാത്രമാണ്. ഞാന്‍ എല്ലായ്‌പ്പോഴും പറയുന്ന, ഞാന്‍ ഉയര്‍ത്തിപ്പിടിക്കുന്ന ആശയങ്ങളെ വികൃതമായാണ് അവര്‍ അവതരിപ്പിച്ചിരിക്കുന്നത്’. പിന്നീട് അദ്ദേഹം വിശദീകരിക്കുന്നത് കാണുക ‘മതപരിവര്‍ത്തനത്തിന് ഞാനൊരിക്കലും എതിരല്ല. പക്ഷെ അതിന് വേണ്ടി സ്വീകരിക്കുന്ന ആധുനിക രീതികളോട് എനിക്ക് എതിര്‍പ്പുണ്ട്. മതപരിവര്‍ത്തനം ഇന്ന് കച്ചവടം പോലെയുള്ള ഒന്നായി തീര്‍ന്നിട്ടുണ്ട്… എല്ലാ രാഷ്ട്രങ്ങളും മറ്റുരാഷ്ട്രങ്ങളെ പോലെതന്നെ തങ്ങളുടെ സ്വന്തം വിശ്വാസത്തെ നല്ലതെന്ന് കരുതുന്നവരാണ്. ഇന്ത്യയിലെ ജനങ്ങള്‍ ആചരിക്കുന്ന മഹത്തായ വിശ്വാസസംഹിതകള്‍ അതിലെ ജനങ്ങളെ സംബന്ധിച്ചിടത്തോളം ഏറ്റവും അനുയോജ്യമായവയാണ്. ഒരു മതത്തില്‍ നിന്നും മറ്റൊന്നിലേക്ക് പരിവര്‍ത്തനം ചെയ്യേണ്ട ആവശ്യകത ഇന്ത്യയില്‍ നിലനില്‍ക്കുന്നില്ല’. എന്നിട്ട് അദ്ദേഹം ഇന്ത്യയിലെ മതങ്ങളുടെ ഒരു പട്ടികയിലൂടെയാണ് കടന്നു പോകുന്നത്, ‘ക്രിസ്തുമതവും ജൂതമതവും കൂടാതെ, ഹിന്ദുമതവും അതിന്റെ അവാന്തരവിഭാഗങ്ങളും, ഇസ്‌ലാമും സൗരാഷ്ട്രമതവും ഇന്ത്യയിലെ സജീവ മതങ്ങളാണ്’

രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്ക് വേണ്ടി മതങ്ങളെ ഉപയോഗപ്പെടുത്തുന്ന വര്‍ഗീയശക്തികളുടെ വിഭാഗീയ അജണ്ടകളെ എതിര്‍ത്തതോടൊപ്പം തന്നെ, ജനങ്ങളെ ഒന്നിപ്പിക്കുന്നതിന് വേണ്ടി മതങ്ങളുടെ ധാര്‍മികമൂല്യങ്ങള്‍ ഗാന്ധി ഉപയോഗപ്പെടുത്തിയിരുന്നു. കൊളോണിയല്‍ വിരുദ്ധ സമരവുമായി ഗാന്ധി മുന്നോട്ട് പോയിക്കൊണ്ടിരിക്കെ വര്‍ഗീയവാദികള്‍ മറ്റു സമുദായങ്ങള്‍ക്ക് നേരെ തീതുപ്പുന്നത് തുടര്‍ന്നു കൊണ്ടിരുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യത്തിലെ രാഷ്ട്രീയ അജണ്ടകളുടെ ഭാഗമായിരുന്നു ‘ശുദ്ധി'(ആര്യസമാജ്)യും, ‘തന്‍ജിം'(തബ്‌ലീഗി ജമാഅത്ത്) ഉം. ഹിന്ദു മതം ഒരു പ്രവാചക മതമല്ല. അതു കൊണ്ട് മതപരിവര്‍ത്തനം എന്ന ആശയം അതിന് അന്യമാണ്. ദൈവിക വചനങ്ങളിലേക്ക് ആളുകളെ ക്ഷണിക്കുന്നതും, അത് വ്യാപിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതും അടിസ്ഥാനപരമായി പ്രവാചകമതങ്ങളുടെ പ്രത്യേകതയാണ്. അതിനാല്‍, ആദ്യം തന്നെ ശുദ്ധി എന്ന പദം ആവിഷ്‌കരിക്കുകയാണ് ആര്യസമാജം ചെയ്തത്, ഹിന്ദു മതത്തിലേക്കുള്ള നിര്‍ബന്ധിത മതപരിവര്‍ത്തനമായിരുന്നു ഇതുകൊണ്ട് ഉദ്ദേശിച്ചത്. ആര്‍.എസ്.എസ് അതിനെ ഒന്നുകൂടി വികസിപ്പിച്ചു കൊണ്ട് ബുദ്ധിപരമായ ഒരു നീക്കത്തിലൂടെ ‘നിര്‍ബന്ധിത മതപരിവര്‍ത്തനം’ എന്ന ധ്വനിയെ മറച്ചുവെക്കുന്ന ‘ഘര്‍ വാപസി’ എന്ന പദവുമായി മുന്നോട്ട് വന്നിരിക്കുകയാണ്. മതന്യൂനപക്ഷങ്ങളെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനാണ് ഘര്‍ വാപസി നടത്തുന്നത് എന്ന ആര്‍.എസ്.എസിന്റെ വാദം പരിഹാസകരം തന്നെയാണ്. കാരണം ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ ഇപ്പറഞ്ഞ മതന്യൂനപക്ഷങ്ങള്‍ക്കും തുല്ല്യപങ്കാളിത്തമുണ്ടായിരുന്നു. അന്ന് പക്ഷെ സ്വാതന്ത്ര്യ സമരത്തില്‍ നിന്നും ഒഴിഞ്ഞു നിന്ന ഒരൊറ്റ സംഘം ആര്‍.എസ്.എസ് മാത്രമായിരുന്നു. ആദിവാസികള്‍ ഹിന്ദുക്കളാണെന്ന അവരുടെ വാദത്തിന് യാതൊരു തെളിവുമില്ല. കാരണം ആദിവാസികള്‍ പ്രകൃതിയെയും, പൂര്‍വ്വപിതാക്കന്‍മാരുടെ ആത്മാക്കളെയും, പ്രകൃതിയുടെ ആത്മാവിനെയും ആരാധിക്കുന്നവരാണ്. ലോകത്തെല്ലായിടത്തുമുള്ള ആദിമവര്‍ഗങ്ങളും ഇതേ വിശ്വാസവും ആചാരങ്ങളും വെച്ചുപുലര്‍ത്തുന്നവരാണ്. എന്നാല്‍ ഇതില്‍ നിന്നും ഏറെ വ്യത്യസ്തമാണ് ഹിന്ദുയിസം. ഗീതയും, രാമനും, ആചാര്യന്‍മാരുമാണ് ഇന്നത്തെ ഹിന്ദുയിസത്തിന്റെ മുഖ്യഘടകങ്ങള്‍.

ഇന്ത്യന്‍ ദേശീയതയെ അംഗീകരിക്കാത്ത ആര്‍.എസ്.എസ് ഹിന്ദു ദേശീയതയാണ് ഉയര്‍ത്തിപിടിക്കുന്നത് എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ട വസ്തുതയാണ്. ഘര്‍ വാപസിയിലൂടെ ‘നിര്‍ബന്ധ മതപരിവര്‍ത്തനം’ എന്ന ആശയത്തെ പതുക്കെ മായ്ച്ചു കളയാനുള്ള എല്ലാവിധ ആസൂത്രണങ്ങള്‍ നടക്കുന്നതോടൊപ്പം തന്നെ മറ്റു മതങ്ങളിലേക്കുള്ള പരിവര്‍ത്തനങ്ങളെ നിര്‍ബന്ധമതപരിവര്‍ത്തനങ്ങളായി മുദ്രകുത്താനുള്ള ശ്രമങ്ങളും അരങ്ങുതകര്‍ക്കുന്നുണ്ട്. ഒരു ദേശരാഷ്ട്രമെന്ന നിലയില്‍ ഇന്ത്യ രൂപീകൃതമാവാന്‍ കാരണമായ ഗുണാത്മകമായ മാറ്റങ്ങളെ അംഗീകരിക്കുന്നതിനേക്കാളുപരി, ജാതിയുടെ മൂല്യങ്ങള്‍, ലിംഗാധിഷ്ഠിത അധികാരശ്രേണി തുടങ്ങിയവയോടൊപ്പം ഗ്രാമീണ-ജന്മിത്വ-വ്യവസായികപൂര്‍വ്വമായ സാമൂഹ്യവ്യവസ്ഥയില്‍ ഉടക്കി നില്‍ക്കുകയാണ് ആര്‍.എസ്.എസ്. വളരെ വിപുലമായ അളവില്‍ ഘര്‍ വാപസി സംഘടിപ്പിക്കാനുള്ള പദ്ധതിയാണ് ഒരുക്കപ്പെട്ടിരിക്കുന്നത്. നിര്‍ബന്ധ മതപരിവര്‍ത്തനങ്ങള്‍ നടത്തുന്നതിന് വേണ്ടി തികച്ചും ഭയാനകവും, വഞ്ചനാത്മകവുമായ ഒരന്തരീക്ഷം ഇവിടെ രൂപപ്പെട്ടിടുണ്ട്. മതന്യൂനപക്ഷങ്ങള്‍ക്കുള്ള അത്യന്തം ഭീഷണമായ ഒരു സന്ദേശമാണിത്. ഇന്ത്യന്‍ ഭരണഘടനയുടെ ആഖ്യാനങ്ങളെ ലംഘിക്കാന്‍ രാഷ്ട്രീയാധികാരത്തെ കൗശലപൂര്‍വ്വം ഉപയോഗപ്പെടുത്തുകയാണിവിടെ.

നിര്‍ബന്ധിത മതപരിവര്‍ത്തനത്തെയും, സ്വയം സന്നദ്ധനായി പുതിയ മതം സ്വീകരിക്കുന്നതിനെയും എങ്ങനെയാണ് നമുക്ക് വേര്‍തിരിച്ചറിയാന്‍ കഴിയുക. ഇന്നത്തെ സവിഷേശ സാഹചര്യത്തില്‍, ഒരാള്‍ ഹിന്ദുമതം ഉപേക്ഷിച്ച് ബുദ്ധിസം-ജൈനിസം-സിഖിസം എന്നിവയിലേതെങ്കിലുമൊന്ന് സ്വീകരിക്കുകയാണെങ്കില്‍, അതിന് യാതൊരു തടസ്സവുമില്ല. കാരണം അവയെല്ലാം ‘ഇന്ത്യന്‍ മതങ്ങള്‍’ ആണല്ലോ. വര്‍ഗീയവാദികളെ സംബന്ധിച്ചിടത്തോളം ഇസ്‌ലാമും ക്രിസ്തുമതവും മാത്രമാണ് പ്രശ്‌നം ! മതങ്ങളെ ദേശീയം അല്ലെങ്കില്‍ വൈദേശികം എന്നിങ്ങനെ വിളിക്കുന്നതാണ് ബുദ്ധിപരം. അത്തരം മതങ്ങള്‍ ദേശീയതയുടെ അതിരുകള്‍ കൊണ്ട് ബന്ധിക്കാന്‍ സാധിക്കാത്തവിധം അടിസ്ഥാനപരമായി പ്രാപഞ്ചികമതങ്ങളുടെ ഗണത്തില്‍പെടുന്നവയാണ്.

ഈ ജീര്‍ണ്ണതയെ കുറിച്ച് പാര്‍ലമെന്റ് ചര്‍ച്ച ചെയ്തതാണ്. ഒരാള്‍ക്ക് അയാളുടെ മതം ആചരിക്കാനും പ്രചരിപ്പിക്കാനുമുള്ള അവകാശം ഇവിടെ വേണ്ടുവോളമുണ്ട്. ചര്‍ച്ചയില്‍ മറ്റുളളവരെ ‘പരിവര്‍ത്തിപ്പിക്കുക’ എന്ന പദമാണ് ഉപയോഗിച്ചത്. സ്വയം സന്നദ്ധരായി, സ്വന്തം ഇഷ്ടപ്രകാരം മറ്റൊരു മതം സ്വീകരിച്ച അംബേദ്കറെ പോലെയുള്ള ആളുകളുടെ സ്ഥാനം എവിടെയാണ്? ഒരുതരത്തില്‍ ആരോ തങ്ങളെ മതം മാറ്റുകയാണ് എന്ന ജനങ്ങളുടെ ബോധത്തെ നശിപ്പിക്കാനുള്ള വഴിയാണിത്. ‘മതസ്വാതന്ത്ര്യം’ എന്ന മൗലികാവകാശത്തില്‍ വിശ്വസിച്ചു കൊണ്ട് ഒരു ജനാധിപത്യ സമൂഹത്തില്‍ ബോധ്യപ്പെട്ട ഒരു മതം തെരഞ്ഞെടുക്കുന്നവരുടെ സ്ഥാനം എവിടെയാണ്?

ക്രിസ്തുമസ് ദിനത്തില്‍ അലീഗഢില്‍ വെച്ച് ആര്‍.എസ്.എസ് നടത്താന്‍ പദ്ധിതയിട്ടിരിക്കുന്ന വന്‍ മതപരിവര്‍ത്തന പരിപാടിയും അല്ല ഘര്‍ വാപസിയും സമൂഹത്തെ ധ്രുവീകരിക്കുന്നതിനുള്ള ശ്രമവും വ്യാപക ശ്രദ്ധനേടിയിട്ടുണ്ട്.് ഘര്‍ വാപസിക്ക് വിധേയമാവുന്നവര്‍ക്ക് അവര്‍ ഏത് ഗോത്രത്തില്‍ നിന്നാണോ പരിവര്‍ത്തിപ്പിക്കപ്പെട്ടത്, അല്ലെങ്കില്‍ ഏതു ജാതിയില്‍ നിന്നാണോ അവര്‍ വരുന്നത് ആ പദവി തന്നെ നല്‍കുമെന്നാണ് യോഗി ആദിത്യനാഥിനെ പോലുള്ള ആര്‍.എസ്.എസ് പരിവാര്‍ വീരപുരുഷന്‍മാര്‍ പറയുന്നത് !. എന്തു തന്നെ വന്നാലും ജാതി വ്യവസ്ഥയും അതിന്റെ സങ്കുചിതത്വവും ദുരിതങ്ങളും നിലനില്‍ക്കും. അതാണ് ഹിന്ദുയിസത്തിന്റെ പേരിലുള്ള ദേശീയവാദത്തിന്റെ അജണ്ട !.

മതപരിവര്‍ത്തനങ്ങള്‍ നിരോധിക്കുന്ന നിയമങ്ങള്‍ നമുക്ക് ആവശ്യമുണ്ടോ? ഭീഷണിപ്പെടുത്തിയും, പ്രലോഭനങ്ങളിലൂടെയും, കബളിപ്പിച്ചും മതപരിവര്‍ത്തനം നടത്തുന്നവരെ ശിക്ഷിക്കാന്‍ നമുക്ക് നിയമങ്ങളുണ്ട്. ബലംപ്രയോഗത്തിലൂടെയുള്ള മതപരിവര്‍ത്തനങ്ങളെയും, സ്വയം സന്നദ്ധനായി, സ്വന്തം ഇഷ്ടപ്രകാരം ഒരാള്‍ മതംമാറുന്നതിനെയും വേര്‍തിരിച്ചറിയുകയാണ് നാം ചെയ്യേണ്ടത്. ബലപ്രയോഗത്തിലൂടെയുള്ള നിര്‍ബന്ധിത മതപരിവര്‍ത്തനങ്ങളെ കൗശലപൂര്‍വ്വം മറച്ചു വെക്കുന്ന പദമാണ് ഘര്‍ വാപസി. ഒരാളുടെ മതത്തെ മാറ്റുന്നതിന് വേണ്ടി നിയമവിരുദ്ധമായ വഴികള്‍ ഉപയോഗിക്കുന്ന കുറ്റവാളികളെ ശിക്ഷിക്കുന്നതിന് വേണ്ടിയും, മതസ്വാതന്ത്ര്യത്തെ ഉയര്‍ത്തിപിടിക്കാനും ആവശ്യമായ രാഷ്ട്രീയവും മതപരവുമായ ഇച്ഛാശക്തിയാണ് നമുക്ക് അനിവാര്യമായും വേണ്ടത്. ഇവിടെയുള്ള ‘മതസ്വാതന്ത്ര്യം’ ഉറപ്പുതരുന്ന ബില്ലുകളൊക്കെയും തന്നെ വിവേചനാധികാരത്തിനുള്ള സ്വാതന്ത്ര്യം നല്‍കുന്നതിനല്ല, മറിച്ച് വിവേചനാധികാരത്തോടെയുള്ള തെരഞ്ഞെടുപ്പുകളെ നിയമം ഉപയോഗിച്ച് തടയുന്നതിന് വേണ്ടിയാണിന്ന് അവ ഉപയോഗിക്കപ്പെടുന്നത്.

 

അവലംബം : http://www.scratchmysoul.com
മൊഴിമാറ്റം : ഇര്‍ഷാദ് കാളാച്ചാല്‍

Facebook Comments

രാം പുനിയാനി

രാംപുനിയാനി 1945 ആഗസ്റ്റ് 25 ന് ജനിച്ചു. 2004 ഡിസംബര്‍ വരെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി ബോംബെ (ഐ.ഐ.ടി. ബോംബെ) യില്‍ ബയോമെഡിക്കല്‍ എഞ്ചിനീയറിംഗ് അധ്യാപകനായിരുന്നു. പിന്നീട് ഇന്ത്യയിലെ സാമുദായിക സൗഹാര്‍ദത്തിനു വേണ്ടി മുഴുവന്‍ സമയം പ്രവര്‍ത്തിക്കുന്നതിന് ആ ജോലി രാജിവെച്ചു. ഫാസിസത്തിനും മതമൗലികവാദത്തിനുമെതിരെയുള്ള പോരാട്ടത്തിന്റെ മുന്നണിയില്‍ തന്നെ രാംപുനിയാനിയുണ്ട്. അഖിലേന്ത്യാ സെകുലര്‍ ഫോറം, സെന്റര്‍ ഫോര്‍ സ്റ്റഡി ഓഫ് സൊസൈറ്റി ആന്‍ഡ് സെകുലറിസം, അന്ഹദ്(ANHAD)തുടങ്ങിയ സംഘടനകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചുവരുന്നു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker