Politics

നിയമ മന്ത്രി ആരുടെ പക്ഷത്താണ്?

നിലവിലെ ഇന്ത്യന്‍ നിയമ മന്ത്രി രവി ശങ്കര്‍ പ്രസാദിന് ‘നാം വിശ്വാസമര്‍പ്പിക്കുന്ന ഭരണഘടന’ എന്ന തലക്കെട്ടില്‍ ഒരു മുന്‍നിര ആംഗലേയ ദിനപത്രത്തില്‍ ലേഖനമെഴുതേണ്ടത് ആവശ്യമാണെന്ന് തോന്നുകയും, അതില്‍ അദ്ദേഹം ഇന്ത്യന്‍ ഭരണഘടന പ്രകാരം രൂപംകൊണ്ട ജനാധിപത്യ സ്ഥാപനങ്ങളെ പ്രകീര്‍ത്തുകയും ചെയ്യുകയുണ്ടായി. അദ്ദേഹം സത്യസന്ധനല്ലെന്നത് അങ്ങേയറ്റം ഖേദകരം തന്നെ. ജനാധിപത്യ മതേതര ഇന്ത്യയെ ഒരു മതാധിഷ്ഠിത ഹിന്ദു രാഷ്ട്രമാക്കി പരിവര്‍ത്തിപ്പിക്കാന്‍ പ്രതിജ്ഞാബദ്ധരായ ആര്‍.എസ്.എസിന്റെ മുതിര്‍ന്ന സൈദ്ധാന്തികരില്‍ ഒരാളാണ് അദ്ദേഹം.

ഒരു ആര്‍.എസ്.എസ് അംഗമെന്ന നിലയില്‍ എന്തിന് വേണ്ടി നിലകൊള്ളുമെന്നാണ് താന്‍ പ്രതിജ്ഞ ചെയ്തിരുന്നതെന്ന് അദ്ദേഹം നമ്മോട് പറയേണ്ടതുണ്ട്. ഹിന്ദു രാഷ്ട്രം സ്ഥാപിക്കുന്നതിന് വേണ്ടിയുള്ള സമ്പൂര്‍ണ്ണ സമര്‍പ്പണമാണ് ആര്‍.എസ്.എസ്സിന്റെ ‘പ്രാര്‍ത്ഥന’യും ‘പ്രതിജ്ഞ’യും ഓരോ അംഗത്തില്‍ നിന്നും ആവശ്യപ്പെടുന്നത് എന്നതല്ലേ വസ്തുത? ഇന്ത്യന്‍ ഭരണഘടനക്ക് കീഴില്‍ സ്ഥാപിതമായ നിലവിലെ ജനാധിപത്യ മതേതര രാഷ്ട്രം തകര്‍ക്കപ്പെട്ടാല്‍ മാത്രമേ ആര്‍.എസ്.എസ്സിന്റെ പ്രസ്തുത ലക്ഷ്യം പൂര്‍ത്തീകരിക്കപ്പെടുകയുള്ളു.

1949 നവംബര്‍ 26-ന് ഇന്ത്യന്‍ കോണ്‍സ്റ്റിറ്റിയുന്റ് അസംബ്ലി ഭരണഘടന പാസാക്കിയപ്പോള്‍, അതിന് പകരം, തൊട്ടുകൂടായ്മയുടെയും, ജാതീയതയുടെയും, ശൂദ്രരെയും, സ്ത്രീകളെയും നിന്ദിക്കുന്നതിന്റെയും അടിസ്ഥാനത്തിലുള്ള ഒരു രാഷ്ട്ര നിര്‍മിതിക്ക് ആഹ്വാനം ചെയ്യുന്ന ‘മനുസ്മൃതി’യെ ഭരണഘടനയായി പ്രഖ്യാപിക്കണമെന്നായിരുന്നു ആര്‍.എസ്.എസ്സിന്റെ ഇംഗ്ലീഷ് മുഖപത്രം ‘ഓര്‍ഗനൈസര്‍’ ആവശ്യപ്പെട്ടത് എന്ന വസ്തുതയെ സംബന്ധിച്ച് ഒരു മുതിര്‍ന്ന ആര്‍.എസ്.എസ് കേഡര്‍ എന്ന നിലക്ക് ബഹുമാനപ്പെട്ട മന്ത്രി നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ടതുണ്ട്. ‘ഇന്ത്യന്‍ ഭരണഘടയില്‍ പ്രാചനീ ഭാരതത്തിലെ അതുല്യമായ ഭരണഘടനാ വികാസത്തെ കുറിച്ചുള്ള പരാമര്‍ശമൊന്നുമില്ല. സ്പാര്‍ട്ടയിലെ ലൈകര്‍ഗസിനും പേര്‍ഷ്യയിലെ സോളോണിനും വളരെ മുമ്പ് തന്നെ എഴുതപ്പെട്ടതാണ് മനുവിന്റെ നിയമങ്ങള്‍. മനുസ്മൃതിയില്‍ തന്നെ വ്യക്തമാക്കുന്നത് പോലെ ഈ കാലഘട്ടത്തിലും മനുവിന്റെ നിയമങ്ങള്‍ ലോകത്തെ ആശ്ചര്യപ്പെടുത്തുകയും, സര്‍വ്വരുടെയും ആദരവ് നേടുകയുമാണ് ചെയ്തിട്ടുള്ളത്. അനുസരണയും യുക്തിയുമാണ് അതില്‍ നിന്നും ഉളവാകുന്നത്. പക്ഷെ നമ്മുടെ ഭരണഘടനാ നിര്‍മാതാക്കള്‍ മനുവിന്റെ നിയമങ്ങള്‍ക്ക് ഒരു വിലയും കല്‍പ്പിക്കുന്നില്ല’ എന്നായിരുന്നു ‘ഓര്‍ഗനൈസറിന്റെ’ പരാതി.

‘ഒരു പതാക, ഒരു നേതാവ്, ഒരു പ്രത്യയശാസ്ത്രം എന്നിവയാല്‍ പ്രചോദിതരായ ആര്‍.എസ്.എസ്സാണ് ഈ മഹത്തായ ഭൂമിയിലെ ഓരോ മുക്കും മൂലയും ഹിന്ദുത്വത്തിന്റെ തീനാളം കൊണ്ട് പ്രകാശമാനമാക്കുന്നത്’ എന്ന് 1940-ല്‍ തന്നെ ആര്‍.എസ്.എസ് ഗുരു ഗോള്‍വാള്‍ക്കര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

സ്വാതന്ത്ര്യ തലേന്ന്, അതായത് 1947 ആഗസ്റ്റ് 14-ന് പുറത്തിറങ്ങിയ ആര്‍.എസ്.എസിന്റെ മുഖപത്രം ‘ഓര്‍ഗനൈസര്‍’ അതിന്റെ മുഖപ്രസംഗത്തില്‍, വൈവിധ്യങ്ങള്‍ കൂടിച്ചേര്‍ന്ന രാഷ്ട്രം എന്ന ഇന്ത്യന്‍ ഭരണഘടനയുടെ ഉദ്ദേശലക്ഷ്യത്തെ മൊത്തത്തില്‍ നിഷേധിച്ചിട്ടുണ്ട് എന്ന വസ്തുത നിയമ മന്ത്രി അറിഞ്ഞിരിക്കണം. ഇന്ത്യന്‍ ദേശീയതയെ അപകീര്‍ത്തിപ്പെടുത്തി കൊണ്ടുള്ള മുഖപ്രസംഗത്തില്‍ ആര്‍.എസ്.എസ് മുഖപത്രം ഇപ്രകാരം എഴുതി :

‘രാഷ്ട്രത്തെ കുറിച്ചുള്ള അബദ്ധധാരണകളുടെ സ്വാധീനത്തില്‍ നാമിനിയും അകപ്പെടാതിരിക്കുക. ഹിന്ദുസ്ഥാന്‍ ഹിന്ദുക്കളാണ് ഭരിക്കേണ്ടത്. ഹിന്ദുമതത്തിന്റെ സുരക്ഷിതവും, ശക്തവുമായ അടിത്തറയിലാണ് രാജ്യം കെട്ടിപ്പടുക്കേണ്ടത്. മാനസികമായ ആശയകുഴപ്പങ്ങളും, ഇന്നിന്റെയും നാളെയുടെയും പ്രശ്‌നങ്ങളും ഈ ലളിതമായ വസ്തുത അംഗീകരിച്ചാല്‍ പരിഹരിക്കാന്‍ സാധിക്കും. ഹിന്ദുക്കളാലും, ഹിന്ദു പാരമ്പര്യങ്ങള്‍, സംസ്‌കാരം, ആശയങ്ങള്‍, അഭിലാഷങ്ങള്‍ എന്നിവയാലുമാണ് നമ്മുടെ രാഷ്ട്രം കെട്ടിപ്പടുക്കേണ്ടത്’.

ഇനി പറയൂ നിയമ മന്ത്രി, താങ്കല്‍ ആരുടെ പക്ഷത്താണ് നിലകൊള്ളുന്നത്?

ഡല്‍ഹി സര്‍വകലാശാല റിട്ടേര്‍ഡ് പ്രൊഫസറാണ് ലേഖകന്‍.

അവലംബം : countercurrents.org
മൊഴിമാറ്റം :  ഇര്‍ഷാദ് കാളാച്ചാല്‍

 

Facebook Comments
Related Articles
Show More
Close
Close