Middle EastPolitics

നാസറിസ്റ്റുകള്‍ മാപ്പര്‍ഹിക്കുന്നുണ്ടോ!

ഈജിപ്ഷ്യന്‍ ജനതയില്‍ ഭീതിയുടെ വിത്ത് പാകിയതും വളര്‍ത്തിയതും ജമാല്‍ അബ്ദുന്നാസിറായിരുന്നു. ഈജിപ്ഷ്യന്‍ ജനതക്ക് അവര്‍ നല്‍കിയ പാഠങ്ങളും പാഠ്യപദ്ധതികളും ഭീതിയുടേതായിരുന്നു. ഇവരുടെ ഭരണകാലത്ത് ഈജിപ്തുകാര്‍ അറസ്റ്റിനെ ഭയപ്പെട്ട് കൊണ്ട് ഒന്നിനെ കുറിച്ചും സംസാരിക്കുകയോ പ്രതികരിക്കുകയോ ചെയ്തില്ല. അടച്ചിട്ട മുറികളില്‍ വെച്ച് അടുത്ത ബന്ധുക്കളോട് പോലും യാഥാര്‍ഥ്യങ്ങള്‍ വിവരിക്കുന്നതിനെ അവര്‍ ഭയപ്പെട്ടു. കാരണം അത് എങ്ങനെയെങ്കിലും ചോര്‍ന്നുകൊണ്ട് പോലീസിലെത്തിയാല്‍ പീന്നീട് അഴിതന്നെ ശരണം!. സ്വന്തം മക്കളോടും ഭാര്യമാരോടും വരെ കാര്യങ്ങള്‍ വിവരിക്കുന്നതില്‍ ശങ്ക പുലര്‍ത്തി. കാരണം അവര്‍ തമ്മില്‍ തെറ്റാനും വേര്‍പിരിയാനുമിട വന്നാല്‍ അതിന്റെ തിക്തഫലം അവരനുഭവിക്കേണ്ടി വരും. അത്തരത്തില്‍ ദുരന്തമനുഭവിക്കേണ്ടി വന്ന ഇസ്‌ലാമിസ്റ്റുകളെ വരെ നമുക്ക് കാണാം.

ജനുവരി 25-ലെ വിപ്ലവത്തിന് മുമ്പ്  മൃഗീയമായ ക്രൂരതകള്‍ കാണിച്ച നാസിറിസ്റ്റുകള്‍ക്ക് മാപ്പുണ്ടോ? അബ്ദുന്നാസിറിന്റെയും അന്‍വര്‍ സാദത്തിന്റെയും ഹുസ്‌നി മുബാറക്കിന്റെയും കാലത്ത് പ്രതിപക്ഷ സ്വരങ്ങള്‍ നാം വളരെ കുറച്ച് മാത്രമേ കേട്ടിട്ടുള്ളൂ. കാരണം നാസിറിന്റെ വ്യവസ്ഥയും ഭരണകൂടവും പാഠശാലയും ജനമനസ്സുകളില്‍ സ്ഥാപിച്ച ഭയവും ഭീതിയും അത്ര കഠിനമായിരുന്നു. അത് ചില അറബി നാടുകളെ വരെ സ്വാധീനം ചെലുത്തുകയുണ്ടായി. ബ്രിട്ടീഷ് അധിനിവേശ സൈന്യം ഒരു ഈജിപ്ഷ്യന്‍ സ്ത്രീയെ തൂക്കിലേറ്റിയതായി ചരിത്രപുസ്തകത്തില്‍ നാം പഠിച്ചിട്ടുണ്ട്. അതു നമുക്ക് മനസ്സിലാക്കാം. കാരണം അവര്‍ അധിനിവേശത്തിന്റെ ആളുകളാണല്ലോ. എന്നാല്‍ 1965-ല്‍ നാസിറിന്റെ ഭരണകാലത്ത്  രാത്രിയുടെ അന്ത്യയാമങ്ങളില്‍ മക്കളുടെയും കുടുംബാംഗങ്ങളുടെയും മുന്നില്‍ വെച്ച് എത്ര സ്ത്രീകളാണ് അറസ്റ്റ് ചെയ്യപ്പെട്ടത്. ഇഖവാനികളാണെന്ന ഒറ്റക്കാരണത്താല്‍ നൂറ് കണക്കിന് സ്ത്രീകളെയാണ് അറസ്‌ററ് ചെയ്ത് പീഢിപ്പിച്ചത്. അധിനിവേശ സൈന്യം പോലും ധൈര്യപ്പെടാത്ത ക്രൂര കൃത്യങ്ങള്‍ക്കാണ് നാസറിസ്റ്റുകള്‍ നേതൃത്വം നല്‍കിയത്.

ഇസ്‌ലാമിസ്‌ററുകള്‍ ഫലസ്തീനിന് നല്‍കിയ പ്രദേശമായിരുന്നു സീനാ പ്രദേശം. എന്നാല്‍ അബ്ദുന്നാസിര്‍ അവരില്‍ നിന്നും പൂര്‍ണമായി പ്രസ്തുത പ്രദേശം തിരിച്ചെടുക്കുകയുണ്ടായി. 1956- മുതല്‍ 1967 വരെ നാസിറിന്റെ കയ്യിലായിരുന്നു. രാഷ്ട്രത്തിന്റെയും ജനതയുടെയും അവകാശം കവര്‍ന്നെടുത്ത ഈ ക്രൂരതയോട് ആരു പൊറുക്കും!. സീനായും ഗസ്സയും എല്ലാ ഫലസ്തീനികളുടെ കയ്യില്‍ നിന്ന് നഷ്ടപ്പെടുന്നതില്‍ നമുക്കും ഒരു പങ്കില്ലേ. നൂറ് കണക്കിന് ഫലസ്തീനികളെ കൂട്ടക്കുരിതിക്ക് വിട്ടുകൊടുത്തതിന് ആര്‍ക്ക് മാപ്പ്‌കൊടുക്കാന്‍ സാധിക്കും!. മിസൈലുകളും റോക്കറ്റുകളും മാത്രം കൊണ്ട് വിശപ്പടക്കിയ ഫലസ്തീന്‍ കുരുന്നുകള്‍ക്ക് ലോകത്തിന്റെ നാനാ ഭാഗത്തുളള നിസ്വാര്‍ഥരായ മനുഷ്യര്‍ ഭക്ഷണവും മരുന്നും കൊടുത്തയച്ച കപ്പല്‍ തകര്‍ത്തതും ഇവര്‍ തന്നെയല്ലേ! ഇവര്‍ക്ക് മാപ്പ് നല്‍കാനുള്ള അവകാശം ആര്‍ക്കാണുള്ളത്!

അധിനിവേശ കാലത്ത് ബ്രിട്ടീഷ് സൈന്യത്തോട് ഈജിപ്തുകാര്‍ ശക്തമായി പോരാടുകയും പ്രതികരിക്കുകയും ചെയ്തിരുന്നു. നമ്മുടെ രാഷ്ട്രത്തിന്റെ സമ്പത്ത് മോഷ്ടിക്കുകയും ജനങ്ങളെ അടിമകളാക്കുകയും ചെയ്ത കൃത്യത്തെ നിസ്സാരമാക്കുകയല്ല. മറിച്ച് ഈജിപ്ഷ്യന്‍ ജനതയോടും രാഷ്ട്രത്തോടും ബ്രിട്ടീഷുകാരും അധിനിവേശസൈന്യവും ചെയ്തത് ഒന്നുതന്നെയല്ലേ!.. രാഷ്ട്രത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി നിലകൊള്ളുകയും അധികാരികളുടെ കൊള്ളരുതായ്മകളെ ചോദ്യം ചെയ്യുകയും ചെയ്ത എത്ര ഇഖവാനികളെയാണ് അവര്‍ നിഷ്ഠൂരമായി വധിക്കുകയും തൂക്കിലേറ്റുകയും ചെയ്തത്. എത്ര മാതാക്കളുടെ അരുമ മക്കളെയാണ് അവര്‍ വെടിവെച്ചുകൊന്നത്! എത്ര സ്ത്രീകളെയാണ് അവര്‍ വിധവകളാക്കിയത്! എത്ര കുട്ടികളെയാണ് ചെറു പ്രായത്തില്‍ തന്നെ അനാഥത്വത്തിന്റെ തീരാ ദുഖത്തിലേക്ക് അവര്‍ തള്ളിവിട്ടത്. എത്രയെത്ര ഇസ്‌ലാമിക പണ്ഡിതന്മാരെയാണ് കഴുമരത്തിലേക്ക് തള്ളിവിട്ടത്! ചരിത്രത്തിനും കാലത്തിനും മാപ്പ് നല്‍കാനാകുന്നതാണോ ഈ ക്രൂരതകള്‍!

വിവ. അബ്ദുല്‍ ബാരി കടിയങ്ങാട്‌

Facebook Comments
Related Articles
Close
Close