Europe-AmericaPolitics

തുര്‍ക്കിക്ക് ഉര്‍ദുഗാനെ വേണം

പാര്‍ലമെന്റിലെ മറ്റു പാര്‍ട്ടികളുമായി ചേര്‍ന്ന് ഒരു കൂട്ടുമന്ത്രിസഭ രൂപീകരിക്കാന്‍ തുര്‍ക്കിയിലെ ഭരണ പാര്‍ട്ടിയായ എ.കെ പാര്‍ട്ടിക്ക് സാധിക്കാതെ വന്നതിനെ തുടര്‍ന്ന്, തന്റെ ഭരണഘടനാപരമായ അധികാരം ഉപയോഗിച്ച് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ തെരഞ്ഞെടുപ്പ് നേരത്തെ നടത്താന്‍ ആഹ്വാനം ചെയ്തിരിക്കുകയാണ്. നവംബറിലാണ് തെരഞ്ഞെടുപ്പുകള്‍ നടക്കുക. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ നാലാമത്തെ തവണയാണ് തുര്‍ക്കിയിലെ വോട്ടര്‍മാര്‍ പോളിംങ് ബൂത്തില്‍ കയറാന്‍ പോകുന്നത്. ജൂണ്‍ മാസത്തിന് ശേഷം രണ്ടാം തവണയും.

പുതുതായി രൂപീകരിച്ച ഇടക്കാല സര്‍ക്കാറാണ് ഇക്കാലയളവില്‍ രാജ്യത്തിന്റെ അധികാരം കൈയ്യാളുക. കൂട്ടുമന്ത്രിസഭ രൂപീകരിക്കുന്നതില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ പരാജയപ്പെട്ട കാരണത്താല്‍ ആദ്യമായാണ് ഒരു ഇടക്കാല സര്‍ക്കാറിന് രൂപംകൊടുക്കുന്നത്. തെരഞ്ഞെടുപ്പ് എത്രയും പെട്ടെന്ന് നടത്താനുള്ള ഉര്‍ദുഗാന്റെ ഉത്തരവ് പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്നും വിമര്‍ശനങ്ങള്‍ ക്ഷണിച്ചു വരുത്തിയിരുന്നു. ഈ പാര്‍ട്ടികളാണ് എ.കെ പാര്‍ട്ടി നേതൃത്വം നല്‍കിയ സര്‍ക്കാറിനെ താഴെ വീഴ്ത്താന്‍ ശ്രമിച്ചത്. പക്ഷെ, സ്വന്തം നിലക്ക് സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് ആവശ്യമായ സീറ്റുകള്‍ പാര്‍ലമെന്റില്‍ ഉണ്ടായിരുന്നിട്ടും, ഒരുമിച്ച് നിന്ന് ഒരു സര്‍ക്കാറിന് രൂപം നല്‍കാന്‍ പോലും അവര്‍ക്ക് സാധിച്ചില്ല. പാര്‍ലമെന്റ് സ്പീക്കറുടെ സ്ഥാനത്തേക്കുള്ള സ്ഥാനാര്‍ത്ഥിയുടെ വിഷയത്തില്‍ പോലും ഒന്നിക്കാന്‍ മൂന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ക്കും കഴിഞ്ഞില്ല.

പ്രതിപക്ഷ പാര്‍ട്ടികള്‍ തികഞ്ഞ പരാജയം തന്നെയായിരുന്നെങ്കിലും, കൂട്ടുമന്ത്രിസഭാ രൂപീകരണ പ്രക്രിയയെ തകര്‍ത്തത് ഉര്‍ദുഗാനാണെന്ന ആരോപണം ഉയര്‍ന്നിരുന്നു. തന്റെ ഭരണഘടനാപരമായ അധികാരങ്ങളെയും, അത് പൂര്‍ണ്ണമായി നടപ്പാക്കാനുള്ള തന്റെ ഉദ്ദേശത്തെയും കുറിച്ച് ഉര്‍ദുഗാന്‍ നടത്തിയ പ്രസ്താവന കഴിഞ്ഞ ആഴ്ച്ചകളില്‍ പ്രതിപക്ഷം നിരന്തരമായി ഉദ്ദരിച്ചിരുന്നു. ഉര്‍ദുഗാന്റെ നീക്കത്തെ ‘സിവിലിയന്‍ അട്ടിമറി’ എന്ന വിളിക്കുന്നിടത്തേക്ക് വരെ അവര്‍ എത്തിയിട്ടുണ്ട്.

തെരഞ്ഞെടുപ്പാനന്തര കൂട്ടുമന്ത്രിസഭയെ കുറിച്ചുള്ള വര്‍ത്തമാനങ്ങളില്‍ നിന്നും വിട്ട് എന്തു കൊണ്ടാണ് ചര്‍ച്ച ഉര്‍ദുഗാനിലും അദ്ദേഹത്തിന്റെ പ്രസിഡന്റ് പദവിയിലും കേന്ദ്രീകരിച്ചത് എന്നതിന് ഒരുപാട് കാരണങ്ങളുണ്ട്.

പ്രാഥമികമായി, കഴിഞ്ഞ തെരഞ്ഞെടുപ്പില്‍, കുര്‍ദുകളുടെ പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി (എച്ച്.ഡി.പി) അവരുടെ തെരഞ്ഞെടുപ്പ് കാമ്പയിന്‍ മുഖ്യമായും കേന്ദ്രീകരിച്ചത് ഉര്‍ദുഗാന് എതിരെയായിരുന്നു. ‘ഞങ്ങള്‍ നിങ്ങളെ പ്രസിഡന്റാവാന്‍ അനുവദിക്കില്ല’ എന്ന അവരുടെ മുദ്രാവാക്യമാണ് തെരഞ്ഞെടുപ്പില്‍ 10 ശതമാനത്തിലധികം വോട്ടുകള്‍ നേടാന്‍ അവരെ സഹായിച്ചതെന്ന് ചില നിരീക്ഷകര്‍ അഭിപ്രായപ്പെട്ടിരുന്നു. ഈ തന്ത്രം കുര്‍ദിഷ് പാര്‍ട്ടിയുടെ കാര്യത്തില്‍ നടപ്പിലായത് പോലെയാണ് കാണപ്പെടുന്നത്. അതുകൊണ്ടു തന്നെ വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ പാര്‍ട്ടികളെല്ലാം തന്നെ പ്രസ്തുത സന്ദേശം ആവര്‍ത്തിക്കുമെന്ന് ഏതാണ്ട് ഉറപ്പായി കഴിഞ്ഞു.

രണ്ടാമത്തെ കാര്യം, ഉര്‍ദുഗാനെതിരെ കുഴിയൊരുക്കുന്നതില്‍ മാത്രം കേന്ദ്രീകരിച്ചുള്ള തെരഞ്ഞെടുപ്പ് തന്ത്രം ചതിപ്രയോഗമല്ലാതെ മറ്റൊന്നുമല്ല. പ്രതിപക്ഷപാര്‍ട്ടികളുടെ പരാജയങ്ങളില്‍ നിന്നും വോട്ടര്‍മാരുടെ ശ്രദ്ധ തിരിച്ചുവിടാന്‍ വേണ്ടിയാണിത്.

ജൂണ്‍ 7-ലെ തെരഞ്ഞെടുപ്പ് കഴിഞ്ഞ ഉടനെ തന്നെ, നാഷണലിസ്റ്റ് ആക്ഷന്‍ പാര്‍ട്ടി (എം.എച്ച്.പി), കുര്‍ദുകളുടെ പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടിയുമായും, മുഖ്യ പ്രതിപക്ഷമായ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുമായും തങ്ങള്‍ക്ക് സഹകരിക്കാന്‍ കഴിയില്ലെന്ന് തുറന്ന് പ്രഖ്യാപിച്ചു. പാര്‍ലമെന്റ് സപീക്കറുടെ തെരഞ്ഞെടുപ്പിന് ശേഷം പരസ്പരം ആരോപണ-പ്രത്യാരോപണങ്ങള്‍ നടത്തി ചെളിവാരിയെറിഞ്ഞ പ്രതിപക്ഷ പാര്‍ട്ടികളുടെ ചെയ്തി അവര്‍ക്കിടയിലെ സഹകരണമില്ലായ്മയെ തുറന്ന് കാട്ടുന്നതായിരുന്നു.

ഇനി, കൂട്ടുമന്ത്രിസഭ രൂപീകരിക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികളോട് ഉത്തരവിട്ടാലും, പരസ്പരസഹകരണത്തോടെ അവര്‍ ഒരുമിച്ച് നില്‍ക്കാന്‍ യാതൊരു സാധ്യതയുമില്ല. നവംബറില്‍ മറ്റൊരു തെരഞ്ഞെടുപ്പ് നടന്നാലും ഏ.കെ പാര്‍ട്ടി തന്നെയാണ് വിജയിക്കുക എന്ന കാര്യത്തില്‍ പ്രതിപക്ഷത്തിന് യാതൊരു സംശയവുമില്ല. എങ്കിലും, ഏത്ര സീറ്റുകള്‍ ഏ.കെ പാര്‍ട്ടിക്ക് ലഭിക്കും എന്ന കാര്യത്തില്‍ വ്യത്യസ്ത അഭിപ്രായങ്ങളാണുള്ളത്. അഭിപ്രായ വോട്ടെടുപ്പുകള്‍ പ്രകാരം വലിയ മാര്‍ജിനില്‍ തന്നെ ഏ.കെ പാര്‍ട്ടി വിജയിക്കും, മുഖ്യ പ്രതിപക്ഷമായ റിപ്പബ്ലിക്കന്‍ പീപ്പിള്‍സ് പാര്‍ട്ടി (സി.എച്ച്.പി) രണ്ടാം സ്ഥാനം കരസ്ഥമാക്കും.

ഈ സാഹചര്യത്തില്‍, ഏ.കെ പാര്‍ട്ടിക്കെതിരെ ഗൗരവപൂര്‍വ്വമായ കാമ്പയിന്‍ യുദ്ധം നടത്തുന്നതിന് പകരം, ഉര്‍ദുഗാന്റെ വ്യക്തിത്വത്തെയും, അദ്ദേഹത്തിന്റെ പ്രസിഡന്റ് പദവിയെയും ആക്രമിക്കുക എന്നതായിരിക്കും പ്രതിപക്ഷ പാര്‍ട്ടികളുടെ മുഖ്യലക്ഷ്യം. അഥവാ പ്രതിപക്ഷത്തിന്റെ ആക്രമണങ്ങളോട് ഉര്‍ദുഗാന്‍ പ്രതികരിക്കുകയാണെങ്കില്‍, ഭരണഘടനാപരമായ നിഷ്പക്ഷത ഉര്‍ദുഗാന്‍ ലംഘിച്ചതായി പ്രതിപക്ഷം ആരോപണം ഉന്നയിക്കുക തന്നെ ചെയ്യും.

എല്ലാ കാര്യങ്ങളും പരിഗണിക്കുമ്പോള്‍, തുര്‍ക്കിയിലെ രാഷ്ട്രീയ സാഹചര്യം സുഭദ്രമാക്കാന്‍ സഹായിക്കുന്ന കാര്യത്തില്‍ എന്ത് പങ്കാണ് ഉര്‍ദുഗാന് വഹിക്കാന്‍ കഴിയുക? അത്തരം ശ്രമങ്ങളുടെ അനന്തരഫലം എന്തായിരിക്കും?

2007-ലെ ഭരണഘടനാ ഭേദഗതി, തുര്‍ക്കിഷ് പൗരന്‍മാര്‍ക്ക് തങ്ങളുടെ പ്രസിഡന്റിനെ തെരഞ്ഞെടുപ്പിലൂടെ നേരിട്ട് തെരഞ്ഞെടുക്കാന്‍ അനുവാദം നല്‍കി. ഇത് പരമ്പരാഗതമായി അത്യാഢംബര പൂര്‍ണ്ണവും, അതിശക്തവുമായ പ്രസിഡന്റ് പദവിയുടെ പ്രകൃതത്തെ അര്‍ത്ഥപൂര്‍ണ്ണമായ മാറ്റത്തിന് വിധേയമാക്കി. പാര്‍ലമെന്ററി ജനാധിപത്യ വ്യവസ്ഥ നിലനില്‍ക്കുന്ന മറ്റിടങ്ങളിലെ പ്രസിഡന്റ് പദവിയുമായി താരതമ്യം ചെയ്യുമ്പോള്‍, തുര്‍ക്കി പ്രസിഡന്റിനും മഹത്തായ അധികാരങ്ങള്‍ നല്‍കപെട്ടിട്ടുണ്ടെങ്കിലും, തെരഞ്ഞെടുപ്പിലൂടെ പൊതുജനങ്ങളാല്‍ നേരിട്ട് തെരഞ്ഞെടുക്കപ്പെട്ട തുര്‍ക്കി പ്രസിഡന്റ് ജനാധിപത്യ വ്യവസ്ഥയില്‍ തുല്ല്യതയില്ലാത്ത അതിമഹത്തായ പദവി കരസ്ഥമാക്കി.

52 ശതമാനം വോട്ടുകള്‍ നേടിയ, ആദ്യഘട്ട തെരഞ്ഞെടുപ്പില്‍ തന്നെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഒരു പ്രസിഡന്റ് കേവലം ‘പ്രതീകാത്മക പങ്ക്’ മാത്രമേ വഹിക്കൂ എന്ന് കരുതുന്നത് യഥാര്‍ത്ഥ്യത്തിന് നിരക്കാത്തതാണ്. പ്രസിഡന്റ് തെരഞ്ഞെടുപ്പ് കാമ്പയിന്‍ നടക്കുന്ന സയമത്ത് പോലും, താന്‍ പഠിച്ച സംഗതി സ്വഭാവമാക്കുന്ന ആളാണെന്നും, ഭരണഘടന തനിക്ക് നല്‍കിയ അധികാരവും ശക്തിയും പൂര്‍ണ്ണമായും ഉപയോഗിക്കുമെന്നുമുള്ള സൂചന നല്‍കിയിരുന്നു.

ഒരു കാര്യം കൂടി മനസ്സിലാക്കുന്നത് വളരെ പ്രധാനമാണ്. ഒരു ഏകകക്ഷി സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് ആവശ്യമായ സീറ്റുകള്‍ ഏ.കെ പാര്‍ട്ടിക്ക് ലഭിക്കുകയാണെങ്കില്‍ പോലും, ‘പ്രതീകാത്മക പങ്ക്’ വഹിക്കുന്ന ഒരാളായി പ്രസിഡന്റ് ഉര്‍ദുഗാന്‍ മാറുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ നീങ്ങുകയില്ലെന്ന് ഉറപ്പാണ്.

ഒന്നല്ലെങ്കില്‍ മറ്റൊരു കാരണത്താല്‍ ഒരു കൂട്ടുമന്ത്രിസഭ രൂപീകരിക്കുന്നതില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ പരാജയപ്പെട്ട ഒരു സാഹചര്യത്തില്‍, രാഷ്ട്രത്തിന്റെ ചരിത്രത്തില്‍ ആദ്യമായി ജനങ്ങള്‍ തങ്ങളുടെ സമ്മതിദാനാവകാശം ഉപയോഗിച്ച് തെരഞ്ഞെടുത്ത പ്രസിഡന്റിന് രാഷ്ട്രത്തിന്റെ കാര്യങ്ങളില്‍ കൂടുതല്‍ കാര്യക്ഷമമായ പങ്ക് വഹിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നത് തികച്ചും സ്വാഭാവികമാണ്. പ്രത്യേകിച്ച്, കുര്‍ദിസ്ഥാന്‍ വര്‍ക്കേഴ്‌സ് പാര്‍ട്ടി (പി.കെ.കെ), ഐസിസ് എന്നീ ഭീകരസംഘങ്ങള്‍ക്കെതിരെ തുര്‍ക്കി ഒരേസമയം പോരാട്ടത്തിലേര്‍പ്പെട്ടിരിക്കുന്ന ഈ നിര്‍ണ്ണായക സമയത്ത്, ഭരണത്തിലേറേണ്ടത് ഉര്‍ദുഗാനെ സംബന്ധിച്ചിടത്തോളം അനിവാര്യമായി തീരും.

പ്രതിപക്ഷം വിമര്‍ശനം തുടരുന്നുണ്ടെങ്കിലും, അസ്ഥിരതയെയും, രാജ്യത്ത് രാഷ്ട്രീയ ശൂന്യമായ ഇടങ്ങള്‍ ഉടലെടുക്കുന്നതിനെതിരെയും പ്രസിഡന്റിന്റെ ഓഫീസ് ക്രിയാത്മകമായി രംഗത്തുണ്ട്. രാഷ്ട്രീയ ശൂന്യമായ ഇടങ്ങള്‍ തുര്‍ക്കിഷ് മിലിറ്ററി പോലെയുള്ള ഘടകങ്ങള്‍ ഉപയോഗിച്ച് ചിലപ്പോള്‍ നികത്തപ്പെട്ടേക്കാം. ആഭ്യന്തര യുദ്ധവും, ഭീകരവാദ ശൃംഖലയും, സാമ്പത്തിക തകര്‍ച്ചയും അരങ്ങുവാഴുന്ന അയല്‍രാജ്യങ്ങളുള്ള തുര്‍ക്കിയെ പോലൊരു രാഷ്ട്രത്തില്‍ ഉര്‍ദുഗാന്‍ വഹിക്കുന്ന പങ്ക് വളരെ നിര്‍ണായകം തന്നെയാണ്.

പാര്‍ലമെന്റിലെ സീറ്റ് വിഭജനം എങ്ങനെ ആയിത്തീര്‍ന്നാലും ശരി, വരാനിരിക്കുന്ന നവംബറിലെ തെരഞ്ഞെടുപ്പുകള്‍ക്ക് ശേഷം, സര്‍ക്കാറിന്റെ വ്യത്യസ്ത ശാഖകള്‍ക്കിടയില്‍ പ്രായോഗിക ഏകോപനം സാധ്യമാക്കാന്‍ ഭരണഘടനാ ഭേദഗതി കൊണ്ടുവരണമെന്ന് നിലവിലെ സാഹചര്യം അനിവാര്യമായി തേടുന്നുണ്ട്.

ഏ.കെ പാര്‍ട്ടിയുമായി അര്‍ത്ഥവത്തായ സംഭാഷണങ്ങളും, സംവാദങ്ങളും നടത്താതെ, ഉര്‍ദുഗാനെ മാത്രം ലക്ഷ്യം വെച്ച പ്രതിപക്ഷ പാര്‍ട്ടികളുടെ തെരഞ്ഞെടുപ്പ് തന്ത്രം ജൂണില്‍ നടന്ന തെരഞ്ഞെടുപ്പില്‍ അവര്‍ക്ക് ചുരുക്കും ചില വോട്ടുകള്‍ നേടി കൊടുത്തിരിക്കാം. അന്ന് മുതല്‍ക്ക് രാജ്യത്തിന് സംഭവിച്ച സാമ്പത്തിക അസന്തുലിതത്വവും, തുര്‍ക്കിഷ് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കെതിരെ അരങ്ങേറുന്ന വര്‍ദ്ധിച്ച തോതിലുള്ള ഭീകരാക്രമണങ്ങളും തുര്‍ക്കിഷ് വോട്ടര്‍മാര്‍ക്കിടയില്‍ അരക്ഷിതബോധം സൃഷ്ടിക്കുന്നതിന് ഇടയാക്കിയിട്ടുണ്ട്.

ഉര്‍ദുഗാന്റെ വ്യക്തിത്വത്തെയും, പ്രസിഡന്റ് പദവിയെയും മാത്രം ലക്ഷ്യം വെച്ചു കൊണ്ടുള്ള പ്രതിപക്ഷത്തിന്റെ തെരഞ്ഞെടുപ്പ് കാമ്പയിനുകള്‍ അവരെ തന്നെ ഗുരുതരമായി തിരിച്ചടിക്കാനും, തെരഞ്ഞെടുപ്പിന് ശേഷം ഈ പാര്‍ട്ടികളെ അത്യന്തം വിഷമകരമായ ഒരവസ്ഥയില്‍ എത്തിക്കാനും സാധ്യതയുണ്ട്.

വിവ: ഇര്‍ഷാദ് കാളാച്ചാല്‍

Facebook Comments
Related Articles
Show More
Close
Close