Middle EastPolitics

ഗസ്സ സന്ദര്‍ശനം എന്റെ ഈമാന്‍ വര്‍ധിപ്പിച്ചു

(ഗസ്സ സന്ദര്‍ശന വേളയില്‍ ഡോ. യൂസുഫുല്‍ ഖറദാവി 2013 മെയ് 10-ന് ഗസ്സയില്‍ നടത്തിയ ജുമുഅ ഖുതുബ)
ഗസ്സയിലെ പ്രിയ സഹോദരങ്ങളേ, ഗസ്സ സന്ദര്‍ശിക്കാനുള്ള അദമ്യമായ എന്റെ മോഹം നീണ്ട ഒരിടവേളക്ക് ശേഷം സാക്ഷാല്‍കരിക്കപ്പെട്ടിരിക്കുന്നു.  1958 ല്‍ ഏറ്റവും അവസാനം ഞാന്‍ ഈ മണ്ണില്‍ കാലുകുത്തിയ ശേഷം ഒരുപാട് സഹോദരങ്ങള്‍ ഗസ്സയിലേക്ക് ക്ഷണിച്ചുവെങ്കിലും ദൈവാനുഗ്രഹത്താല്‍ ഇപ്പോഴാണ് അതിന് അവസരം ലഭിച്ചത്. ഞാന്‍ അനുഗ്രഹീതനായിരിക്കുന്നു.. ഈ മണ്ണിന്റെ ഗന്ധം ഞാന്‍ ആസ്വദിക്കുകയാണ്. ഇവിടുത്തെ മണ്ണും വിണ്ണും ആസ്വദിക്കാനും പുരുഷന്‍മാരെയും സ്ത്രീകളയും കൊച്ചുകുട്ടികളും കാണാനും സൗഭാഗ്യം നല്‍കിയ ദൈവത്തിന് സ്തുതി.  ഗസ്സ സന്ദര്‍ശനം എന്റെ ഈമാന്‍ വര്‍ധിപ്പിച്ചിരിക്കുന്നു. കാരണം ഒരിക്കലും മരണമില്ലാത്ത സമൂഹമാണിത്. ഇസ്‌ലാമിക സമൂഹത്തിന് ലോകാവസാനം വരെ മരണമുണ്ടാവരുത്. അവസാനത്തെ സമൂഹമായ മുഹമ്മദ് നബിയുടെ സമൂഹം എന്നും സജീവമായിരിക്കണം.  ‘ഇനി ഇക്കൂട്ടര്‍ അവയെല്ലാം നിഷേധിക്കുകയാണെങ്കില്‍, അവയില്‍ അവിശ്വസിക്കാത്ത ഒരു വിഭാഗത്തെ നാമത് ഭരമേല്‍പ്പിച്ചിട്ടുണ്ട് ‘ (അല്‍ മാഇദ : 89) എന്ന് അല്ലാഹു പറഞ്ഞ കൂട്ടര്‍ മറ്റാരുമല്ല. എന്റെ മുന്നിലിരിക്കുന്ന ഗസ്സാ നിവാസികളേ നിങ്ങളാണ്, ലോകത്തുള്ള സകല മുസ്‌ലിംകളുമാണ്.

ദൈവം അനുഗ്രഹിച്ച ഈ ആബാലവൃദ്ധം ജനങ്ങളെക്കാണുമ്പോള്‍ സത്യത്തില്‍ എന്റെ മനസില്‍ സമാധാനം നിറഞ്ഞൊഴുകുന്നു. ഒരൊറ്റമനസുമായി പ്രവൃത്തിക്കുന്ന ഒരു സമൂഹമായിട്ടാണ് ഞാന്‍ നിങ്ങളെ മനസിലാക്കുന്നത്. ദൈവത്തിന് സ്തുതി. ജിഹാദിന്റെ ഭൂമികയില്‍ ഭിന്നിപ്പിന് സ്ഥാനം നല്‍കാതെ തോളോടുതോള്‍ ചേര്‍ന്ന് പ്രവൃത്തിക്കുന്ന, ജിഹാദിന് വിളി വരുന്നതും കാതോര്‍ത്ത് അടരാടാന്‍ സന്നദ്ധരായിരിക്കുന്ന, വലുപ്പച്ചെറുപ്പ സീമകള്‍ക്കപ്പുറം ജീവിക്കുന്നവരാണ് നിങ്ങള്‍. ആയുധം കൈയ്യിലോ, ഒരുവേള മനസിലോ ഇല്ലാത്തവര്‍ നിങ്ങള്‍ക്കിടയിലില്ല. ശൈഖ് അഹ് മദ് യാസീന്റെയും അബ്ദുല്‍ അസീസ് റന്‍തീസിയുടെയും വഴിയെ രക്തസാക്ഷിത്തം കൊതിക്കുന്ന മനസ്സിനുടമകളായ പ്രിയ ഗസ്സാനിവാസികളെ….. കണ്ണാലും മനസാലും നിങ്ങള്‍  നമ്മളെ ഊഷ്മളമായി സ്വാഗതം ചെയ്തു.  സ്‌നേഹം നിറഞ്ഞ കണ്ണുകളും  പ്രാര്‍ത്ഥനാ നിര്‍ഭരമായ നാവുകളും പുഞ്ചിരി തുളുമ്പുന്ന ചുണ്ടുകളും  തന്ന് നിങ്ങള്‍ നമ്മെ സ്വീകരിക്കുമ്പോള്‍  സത്യത്തില്‍ നമ്മുടെ മനസ് ആനന്ദത്താല്‍ തുടിക്കുകയാണ്. ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നുമുള്ള പണ്ഡിത സംഘത്തെ മാന്യമായി സ്വീകരിച്ചിരിക്കുന്നു നിങ്ങള്‍. ഗസ്സയുടെ സന്തതികളെ കണ്ടുമുട്ടിയതില്‍ ഞാന്‍ സന്തോഷവാനാണ്. നിങ്ങളുടെ നിശ്ചയദാര്‍ഢ്യവും ആത്മവിശ്വാസവും എന്നെ കോരിത്തരിപ്പിക്കുന്നു.  ദൈവമാര്‍ഗത്തില്‍ സധൈര്യം സമരം നടത്താന്‍ ചങ്കുറപ്പുള്ള, നട്ടെല്ലുറപ്പുള്ള,ക്ഷമയുടെയും സഹനത്തിന്റെയും പര്യായങ്ങളായ നിങ്ങളുടെ മുഖങ്ങള്‍ എനിക്കാനന്ദം പകരുന്നു. ഇസ്രായേലിന്റെയും അവര്‍ക്കൊപ്പമുളളവരുടെയും ആയുധങ്ങള്‍ക്കു മുമ്പില്‍ വിരിമാറ് കാണിച്ചു വിജയിച്ചവര്‍.  ദൈവത്തിന്റെ സഹായത്താല്‍ വിജയം ആഗതമാവുന്നതുവരെ നിങ്ങളുടെ പരിശ്രമങ്ങള്‍ തുടരുക. അസത്യത്തിനെതിരെയുള്ള സത്യത്തിന്റെ വിജയം, അക്രമത്തിനെതിരെയുള്ള നീതിയുടെ വിജയം. അതാണ് നിങ്ങളുടെ ലക്ഷ്യം. ഗസ്സയുടെ പൊന്നുമക്കളായ നിങ്ങളെ അഭിനന്ദിക്കുന്നതോടെപ്പം നിങ്ങള്‍ക്ക് കൂടുതല്‍ കരുത്തും ക്ഷമയും നല്‍കാന്‍ കരുണാവാരിധിയായ ദൈവത്തോട് പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു.

നിങ്ങളില്‍ നിന്ന് അന്യായമായി പിടിച്ചടക്കിയ പ്രദേശങ്ങള്‍ ഒന്നൊന്നായി തിരച്ചുപിടിക്കണം. ഒരിഞ്ച് പോലും നഷ്ടപ്പെട്ടു പോകാതെ നോക്കുക. അല്‍പകാലത്തേക്ക് മറ്റുള്ളവരുടെ കരങ്ങളില്‍ കിടക്കുന്ന നിങ്ങളുടെ അവകാശമായ പുണ്യമായ ഭൂമിയാണവ. അവസാനത്തെ ഫലസ്തീനിയും സ്വന്തം അവകാശപ്പെട്ട ഭൂമി തിരിച്ചു കിട്ടുന്നത് വരെ നിങ്ങള്‍ സമരം തുടരുക. ഗസ്സയുടെ മക്കളോടുള്ള എന്റെ എളിയ ഉപദേശം ഇതാണ്. നിങ്ങളുടെ രാജ്യം കെട്ടിപ്പടുക്കാനുള്ള ശ്രമങ്ങള്‍ തുടരുക. പ്രതിരോധപ്രവൃത്തനങ്ങള്‍ പൂര്‍വ്വാധികം ശക്തമാക്കുക. നമ്മള്‍ കീഴടങ്ങുമെന്ന പ്രതീക്ഷയിലാണ് ഇസ്രായില്‍. ഒരിക്കലും അവരുടെ ആ മോഹം പൂവണിയരുത്. സര്‍വ്വായുധവിഭൂഷിതരായി അവരെ എതിര്‍ക്കുക. അവരോട് കിടപിടിക്കുന്ന അത്യാധുനിക ആയുധങ്ങളടക്കം ഗസ്സ യുവാക്കള്‍ വികസിപ്പിച്ചിട്ടുണ്ടെന്നറിഞ്ഞതില്‍ സന്തോഷമുണ്ട്. അതിനേക്കാള്‍ മികച്ചത് നിങ്ങള്‍ക്ക സാധിക്കും. ദൈവസഹായം നിങ്ങള്‍ക്ക് വിജയം നല്‍കും. തീര്‍ച്ച. അതിനാല്‍ ആയുധം കൈവിടാതെ മുറുകെപ്പിടിക്കുക. ഒരേ ലക്ഷ്യവും ഒരേ പ്രയത്‌നവും ഒരേ ശത്രുവുമാണ് മുന്നിലെന്നിരിക്കെ നമ്മള്‍ രണ്ടായിത്തീരാതെ ഒരുമിച്ച് ഒരൊറ്റരാജ്യത്തിനായി തോളോടുതോള്‍ ചേര്‍ന്നു പ്രവൃത്തിക്കാന്‍ സന്നദ്ധരാവുക.
എന്തിന് നാം രണ്ടാവണം. ‘നിങ്ങള്‍ ഭിന്നിച്ചാല്‍ നിങ്ങളുടെ ശക്തി ശയിക്കുമെന്ന’ ഖുര്‍ആനിക വാക്യം മുറുകെപ്പിടിക്കുക. ‘ഭിന്നിപ്പാണ് മുന്‍ കഴിഞ്ഞ സമൂഹങ്ങളെ നശിപ്പിച്ചതെന്ന’ നബിവചനം നെഞ്ചേറ്റുക.  എല്ലാ പ്രതിബന്ധങ്ങളെയും നീക്കി സദുദ്ദേശത്തോടെ ഐക്യത്തോടെ അണിചേരുക. അക്രമികള്‍ക്കെതിരെ പോരാടുന്നവരെ സഹായിക്കല്‍ ദൈവ ബാധ്യതയാകുന്നു. ഫലസ്തീനിലെയും സിറിയയിലെയും പോരാളികള്‍ക്ക് ദൈവസഹായം ലഭ്യമാകട്ടെ. അല്ലാഹുകൂടെയുണ്ടെന്ന അടിയുറച്ച വിശ്വാസമുണ്ടെങ്കില്‍ ഒരു ശക്തിക്കും നിങ്ങളെ തകര്‍ക്കാനാവില്ല. അവന്‍ ഭൂമിയില്‍ ഒരിക്കലും നിങ്ങളെ നിന്ദ്യരാക്കുകയില്ല. ലോകത്തിന്റെ വിവിധ പ്രദേശങ്ങളില്‍ പോരാടിക്കൊണ്ടിരിക്കുന്ന മുസ്‌ലിം സഹോദരങ്ങളെ അല്ലാഹു സഹായിക്കുമാറാകട്ടെ. നമ്മുടെ എല്ലാ സല്‍ക്കര്‍മ്മങ്ങളും സ്വീകരച്ച്, അവന്‍ നമ്മെ അനുഗ്രഹിക്കുമാറാകട്ടെ.

വിവ: ഇസ്മാഈല്‍ അഫാഫ്

Facebook Comments
Related Articles
Show More

ഡോ. യൂസുഫുല്‍ ഖറദാവി

യൂസുഫ് അബ്ദുല്ല അല്‍ ഖറദാവി 1926 സെപ്റ്റംബര്‍ 9 ഈജിപ്തിലെ അല്‍ഗര്‍ബിയ്യ ജില്ലയിലെ സിഫ്ത തുറാബ് ഗ്രാമത്തില്‍ ജനനം. ചെറുപ്പത്തില്‍ തന്നെ പഠനകാര്യങ്ങളില്‍ വൈഭവം കാട്ടിയ ഒമ്പതാം വയസ്സില്‍ ഖുര്‍ആന്‍ ഹൃദിസ്ഥമാക്കി. അല്‍അസ്ഹര്‍ സര്‍വകലാശാലയിലെ ഉപരിപഠനത്തിന് ചേര്‍ന്ന യൂസുഫ് 1953 ല്‍ ഒന്നാം റാങ്കോടെ പാസായി. 1954ല്‍ അറബി ഭാഷാ കോളജില്‍ നിന്നും ഒന്നാം റാങ്കോടെ തന്നെ പുറത്തിറങ്ങി. 1958 ല്‍ അറബി സാഹിത്യത്തില്‍ ഡിപ്ലോമയും 1960 ല്‍ ഖുര്‍ആനിലും നബിചര്യയിലും മാസ്റ്റര്‍ ബിരുദവും 1973 ല്‍ സാമൂഹിക പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ സകാത്തിന്റെ പങ്ക് എന്ന തീസിസില്‍ ഫസ്റ്റ് ക്ലാസോടെ ഡോക്ടറേറ്റും നേടി. 2004ല്‍ ഇസ്‌ലാമിക വൈജ്ഞാനിക മേഖലയിലെ സംഭാവനകള്‍ക്ക് കിംഗ് ഫൈസല്‍ ഇന്റര്‍നാഷണല്‍ അവാര്‍ഡ് ലഭിച്ച അദ്ദേഹം ധാരാളം ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്.
Close
Close